Faizal Edasseri

Faizal Edasseri

Member, Malappuram District Panchayath

15/06/2022

എസ്.എസ്.എൽ .സി .പരീക്ഷയിൽ മലപ്പുറം ജില്ലക്ക് വീണ്ടും ചരിത്ര വിജയം.

മലപ്പുറം ജില്ലയിൽ ഈ വർഷം 99.32 ശതമാനം പേർ ഉപരിപഠന യോഗ്യത നേടി
കഴിഞ്ഞ വർഷം 99.39 ശതമാനമായിരുന്നു വിജയം.
78224 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 77 691 പേർ ഉപരിപഠന യോഗ്യത നേടി.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എല്ലാ വിഷയത്തിലും A+ ലഭിച്ച വിദ്യാർത്ഥികളും മലപ്പുറത്താണ് ; 7230 പേർ . കഴിഞ്ഞ വർഷം 18970 പേർക്കായിരുന്നു എല്ലാവിഷയത്തിലും എപ്ളസ് ലഭിച്ചത്.
ജില്ലയിൽ 188 സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി

2001 വരെ SSLC റിസൾട്ടിൽ സംസ്ഥാനത്ത് ഏറ്റവും പുറകിലുള്ള ജില്ലയായിരുന്നു മലപ്പുറം. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്ന ജില്ല, ഏറ്റവും കൂടുതൽ ഗവ.സ്കൂളുകളുള്ള ജില്ല, ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത, തിങ്ങിനിറഞ്ഞ ക്ലാസ് റൂമുകൾ, വിദ്യാഭ്യാസ രംഗത്ത് ഏറെ പുറകിലായിരുന്ന മുൻ തലമുറ, ഇത്തരം നിരവധി പ്രശ്നങ്ങളെ അതിജീവിച്ചാണ് മലപ്പുറം ജില്ല മുന്നോട്ടു കുതിച്ചത്. 2001 - 02 അധ്യായന വർഷം മുതൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ജില്ലയുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ചു നടപ്പിലാക്കിയ "വിജയഭേരി" പദ്ധതിയിലൂടെയാണ് ജില്ലയുടെ SSLC വിജയ ശതമാനം മുന്നോട്ട് കുതിച്ചത്. ഇന്ന് സംസ്ഥാനത്ത് മികച്ച വിജയം കൈവരിക്കുന്ന ജില്ലകളിലൊന്നാണ് മലപ്പുറം.

കോവിഡ് മഹാമാരി മൂലം എട്ട് ,ഒൻപത് ക്ലാസ്സുകളിൽ കൃത്യമായ ക്ലാസുകൾ ലഭിക്കാതെയാണ് കഴിഞ്ഞ വർഷത്തെ കുട്ടികൾ പത്താം ക്ലാസിലേക്ക് എത്തിയത്. അതുകൊണ്ടുതന്നെ അധ്യാപകർ വളരെ പ്രയാസപ്പെട്ടാണ് വിദ്യാർഥികളെ പരീക്ഷയ്ക്ക് തയ്യാറാക്കിയത്. ഇക്കഴിഞ്ഞ വർഷവും പൂർണമായ അധ്യയന ദിനങ്ങൾ വിദ്യാർഥികൾക്ക് ലഭിച്ചിരുന്നില്ല. എങ്കിലും ലഭ്യമായ ദിവസങ്ങളിൽ അദ്ധ്യാപകർ കൃത്യമായ പ്ലാനിംഗ് നടത്തി പരിശീലനങ്ങൾ നൽകിയതിലൂടെയാണ് വിദ്യാർഥികൾക്ക് ഈ വിജയം കരഗതമായത്.

മുൻവർഷങ്ങളിലേതുപോലെ ഇക്കഴിഞ്ഞ വർഷവും എസ്.എസ്.എൽ.സി റിസൽട്ട് വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ വിജയഭേരി പദ്ധതിയുടെ ഭാഗമായി അധ്യയനവർഷത്തിന്റെ തുടക്കത്തിൽ തന്നെ സ്കൂളുകളിൽ ആരംഭിച്ചിരുന്നു. പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി പ്രത്യേക പരിശീലനങ്ങൾ, എ പ്ലസ് ക്ലബ് രൂപീകരിച്ചു വിവിധ പ്രവർത്തനങ്ങൾ, വിജയഭേരി കോഡിനേറ്റർമാർക്ക് പ്രത്യേക പരിശീലനങ്ങൾ, രക്ഷാകർതൃ പരിശീലനങ്ങൾ, മോട്ടിവേഷൻ ക്ലാസുകൾ, പ്രത്യേക യൂണിറ്റ് ടെസ്റ്റുകൾ, ഗൃഹസന്ദർശനം, പരീക്ഷയ്ക്ക് മുൻപ് പ്രത്യേക പഠനക്യാമ്പുകൾ തുടങ്ങിയവ വിജയഭേരി പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ നടത്തിയിരുന്നു.

കോവിഡ് മഹാമാരിക്കിടയിലും അധ്യാപകരും വിദ്യാർത്ഥികളും നടത്തിയ കഠിനാധ്വാനമാണ് ഈ മികച്ച വിജയത്തിനു പിന്നിൽ.

മികച്ച വിജയം നേടി തിളങ്ങിയ മുഴുവൻ കൂട്ടുകാരെയും പ്രത്യേകം അഭിനന്ദിക്കുന്നു. എല്ലാവർക്കും ഉയർന്ന കരിയർ ആശംസിക്കുന്നു.
സ്നേഹപൂർവ്വം,
ഫൈസൽ എടശ്ശേരി

21/08/2021

ജീവിതം താളം തെറ്റുന്ന കോവിഡ് കാലത്ത് നിറ സമൃദ്ധിയുടെ പ്രതീക്ഷകൾ ഓളം തല്ലുന്ന ഗൃഹാതുരസന്തോഷത്തിന്റെ പൂവിളികളുമായി ഒരു പൊന്നോണം കൂടി വന്നെത്തിയിരിക്കുന്നു.. മാനവ സ്നേഹത്തിന്റെയും സമത്വ ബോധത്തിന്റെയും നന്മകൾ നൃത്തം വെച്ചിരുന്ന മഹാ ബലിക്കാലത്തിന്റെ പുതിയൊരു പുനർജനിക്കായി പ്രാർത്ഥിച്ചു കൊണ്ട് എല്ലാവർക്കും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഓണാശംസകൾ നേരുന്നു.
സ്നേഹപൂർവ്വം,
ഫൈസൽ എടശ്ശേരി
മെമ്പർ, മലപ്പുറം ജില്ലാ പഞ്ചായത്ത്

15/08/2021

പിറന്ന മണ്ണിന് സ്വാതന്ത്ര്യം കിട്ടിയിട്ട് 75 തികയുന്നു...
ഒരു നൂറ്റാണ്ടിന്റെ ചുളിവുകൾ അമ്മനാടിന്റെ മുഖത്ത് എന്നേ ദൃശ്യസാധ്യമായിരുന്നെങ്കിലും..., മാതൃ മണ്ണിന്റെ സാംസ്‌കാരിക സൗരഭ്യത്തെ വർദ്ധക്യത്തിന് വിട്ടു കൊടുക്കാൻ മനസ്സില്ലാത്തൊരു ദർശനത്തിന്റെ ശക്തിയും തേജസ്സും ഖൽബകങ്ങളിൽ സൂക്ഷിച്ചവരാണ് നമ്മൾ.
പൂർവ്വ പിതാക്കൾ പകർന്നു നൽകിയ മാനവ സ്നേഹത്തിന്റെ പാഠവും പൈതൃകവും ജീവ വായു പോലെയാണ് നാം പ്രാണനിൽ ചേർത്തു വെച്ചത്. അത് കൊണ്ട് തന്നെയായിരുന്നു നെഞ്ചു പിളർത്താൻ ശ്രമിച്ച ദോഷൈക ദൃക്കുകൾക്ക് മുന്നിൽ നെഞ്ചുറപ്പോടെ മാതൃ സ്നേഹം വിളമ്പാൻ പിന്നെയും ഭാരതാംബ വെമ്പൽ കൊണ്ടത്.
ചോരയും ജീവനും നൽകി മുൻഗാമികൾ നേടിയെടുത്ത നമ്മുടെ നാട് പാരതന്ത്ര്യത്തിന്റെ പഴയ കാലത്തേക്കിനി തിരിച്ചു പോകാൻ പാടില്ല. ജന്മ നാടിന്റെ സ്നേഹവും, സൗഹൃദവും, ആദരവും ആർദ്രതയും, ബഹുമാനവും ബഹുസ്വരതയുമെല്ലാം ഇനിയും അഭംഗുരം തുടരണം.
അന്തരംഗങ്ങളിൽ അഭിമാനത്തിന്റെ തിരയിളക്കം തീർക്കുന്ന സ്വാതന്ത്ര്യ ദിനമെന്ന മധുരാനുഭൂതി ഇനിയും നമുക്കാസ്വദിക്കണം. 75 ന്റെ നിറവിലും നിറം മങ്ങാത്ത സൗഹൃദത്തിന്റെയും മേനി ചുളിയാത്ത മനുഷ്യ സ്നേഹത്തിന്റെയും കാവലാളുകളായി നമുക്ക് സംരക്ഷിക്കാം..; നമ്മുടെ ഇന്ത്യയെ...
ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ
സ്നേഹ പൂർവ്വം,
ഫൈസൽ എടശ്ശേരി

28/07/2021
20/07/2021

കോവിഡ് പ്രതിസന്ധി വന്നതിന് ശേഷമുള്ള രണ്ടാമത്തെ ബലി പെരുന്നാൾ...പ്രവാചകൻ ഇബ്രാഹിം നബി(അ. സ്സ) തന്റെ മകൻ ഇസ്മായിലിനെ ദൈവകല്പന പ്രകാരം ബലി നൽകാൻ തയ്യാറായ ത്യാഗസ്മരണ പുതുക്കുകയാണ് വിശ്വാസി ലോകം. ആകാശത്ത് നിന്ന് മനുഷ്യത്വത്തിന്റെ സന്ദേശം തക്ബീർ ധ്വനികളായ് പെയ്തിറങ്ങിയ ചരിത്ര നിമിഷത്തിന്റെ ഓർമ്മ..! പക്ഷെ മഹാമാരിയുടെ പരിമിതികൾ നമ്മുടെ ആഘോഷങ്ങൾക്ക് പ്രഹരമേൽപ്പിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ പ്രാർത്ഥനകൾ കൊണ്ട് ധന്യമാക്കാൻ കഴിയുന്നതാവണം ഈ പെരുന്നാൾ ആഘോഷം. അല്പം ഇളവുകൾ ലഭിച്ചാലും ആഘോഷം അമിതമാക്കുന്നവരാണ് നമ്മൾ. പക്ഷെ ജാഗ്രത കൈവിടരുത്.. ഇത് നമ്മുടെയും വരും തലമുറയുടെയും ജീവന്റെ ജാഗ്രതയാണ്. എല്ലാവർക്കും എന്റെ പെരുന്നാൾ ആശംസകൾ.. 🌹
സ്നേഹപൂർവ്വം,
ഫൈസൽ എടശ്ശേരി
മെമ്പർ, മലപ്പുറം ജില്ലാ പഞ്ചായത്ത്

14/07/2021

കോവിഡ് പ്രതിസന്ധികൾക്കിടയിലും മഹാമാരിയെ തോൽപിച്ച് മഹാ വിജയം നേടിയിരിക്കുന്നു മലപ്പുറത്തെ കുട്ടികൾ. മുഴുവൻ വിജയികൾക്കും അഭിനന്ദനങ്ങൾ നേരുന്നു.
2020-21 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മലപ്പുറം ജില്ല 99.39 ശതമാനം വിജയമെന്ന അഭിമാനകരമായ റെക്കോര്‍ഡാണ് കരസ്തമാക്കിയിരിക്കുന്നത് .
ഒരു കാലത്ത് വിജയ ശതമാനത്തിൽ ഏറെ പിന്നിലായിരുന്ന മലപ്പുറത്തെ മുന്നിലെത്തിക്കാൻ ജില്ലാ പഞ്ചായത്ത്‌ തുടങ്ങി വെച്ച ദീർഘവീക്ഷണത്തോടെയുള്ള പദ്ധതിയായിരുന്നു 'വിജയഭേരി'. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ അക്ഷരാർത്ഥത്തിൽ ഇന്ന് വിജയഭേരി മുഴക്കുകയാണ് മലപ്പുറത്തിന്റെ ഇളം തലമുറ.
സംസ്ഥാനത്ത് എല്ലാ വിഷയത്തിലും ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയവരും ഏറവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതും മലപ്പുറം ജില്ലയിലാണ്. 18,970 വിദ്യാര്‍ഥികളാണ് ജില്ലയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി ചരിത്ര വിജയം സൃഷ്ടിച്ചിട്ടുള്ളത്. ഇതില്‍ 13,160 പെണ്‍കുട്ടികളും 5,810 ആണ്‍കുട്ടികളുമാണ്. ജില്ലയില്‍ പരീക്ഷയെഴുതിയ 76,014 വിദ്യാര്‍ഥികളില്‍ 75,554 വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഉപരി പഠന യോഗ്യത നേടിയത്. അതില്‍ 38,274 ആണ്‍കുട്ടികളും 37,280 പെണ്‍കുട്ടികളുമാണ്. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 99.87 ശതമാനവും തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 98.56 ശതമാനവും വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 99.18 ശതമാനവുമാണ് വിജയം. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 26,513 വിദ്യാര്‍ഥികളില്‍ 26,478 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. തിരൂരില്‍ 15,754 വിദ്യാര്‍ഥികളില്‍ 15,527 വിദ്യാര്‍ഥികളും വണ്ടൂരില്‍ 15,055 വിദ്യാര്‍ഥികളില്‍ 14,931 വിദ്യാര്‍ഥികളുമാണ് യോഗ്യത നേടിയിട്ടുള്ളത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 7,838 വിദ്യാര്‍ഥികളും തിരൂരില്‍ 3,177 വിദ്യാര്‍ഥികളും വണ്ടൂരില്‍ 3,856 തിരൂരങ്ങാടിയില്‍ 4099 വിദ്യാര്‍ഥികളുമാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിട്ടുള്ളത്.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഒരിക്കൽ കൂടി മുക്തകണ്ഠം പ്രശംസിക്കുന്നു.

ഫൈസൽ എടശ്ശേരി
മെമ്പർ, ജില്ലാ പഞ്ചായത്ത്‌
മലപ്പുറം

Photos from Faizal Edasseri's post 10/07/2021

ജില്ലാ ആശുപത്രിയിൽ അര കോടിയുടെ നിർമ്മിത അവയവങ്ങൾ വിതരണം ചെയ്തു.
🔸🔸🔸🔸🔸🔸🔸🔸🔸
തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവർത്തനം പുനരാരംഭിച്ച നിർമ്മിത അവയവ നിർമ്മാണ കേന്ദ്രത്തിൽ നിർമ്മിച്ച കൃത്രിമ അവയവങ്ങൾ ഇന്നലെ തിരൂർ ലയൺസ് ക്ലബ്ബ് ഹാളിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്ന ചടങ്ങിൽ തിരൂരിന്റെ ജനകീയനായ എം.എൽ.എ കുറുക്കോളി മൊയ്‌തീൻ സാഹിബ്‌ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ. റഫീഖ അധ്യക്ഷത വഹിച്ചു.

50 ലക്ഷം രൂപയോളം വില വരുന്ന നിർമ്മിത അവയവങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള 25 പേർക്ക് ഇന്നലെ നടന്ന ചടങ്ങിൽ വെച്ച് സൗജന്യ നിരക്കിൽ ലഭ്യമാക്കിയത്. ഈ നല്ല പ്രവർത്തനങ്ങളുടെ ഭാഗമായി നിൽക്കാനും ചടങ്ങിൽ സംബന്ധിക്കാനും കഴിഞ്ഞതിലുള്ള ചരിതാർഥ്യം നിങ്ങളുമായി പങ്കു വെക്കുന്നു.

പൊതു വിപണിയിൽ ഏകദേശം 2 ലക്ഷം രൂപയോളം വില വരുന്ന അവയവങ്ങൾ കേവലം 4000 രൂപക്ക് ലഭിക്കുന്നത് അംഗ പരിമിതർക്കും അവയവ നഷ്ടം സംഭവിച്ചവർക്കും നൽകുന്ന ആശ്വാസവും ആത്മ വിശ്വാസവും ചെറുതല്ല.

ഒന്നര വർഷം മുൻപ് സി. മമ്മുട്ടി എം.എൽ.എ പ്രത്യേകം താല്പര്യമെടുത്ത് തുടക്കം കുറിച്ച ആർട്ടിഫിഷ്യൽ ലിമ്പ് സെന്റർ കോവിഡ് മൂലം പ്രവർത്തനം നിർത്തി വെച്ചതായിരുന്നു. എന്നാൽ ഭിന്നശേഷിക്കാരുടെ നിരന്തരമുള്ള ആവശ്യം പരിഗണിച്ച് ജില്ലാ പഞ്ചായത്ത്‌ ഇവിടേക്ക് പുതിയ സ്റ്റാഫിനെയും പരിശീലനാർത്ഥികളെയും നിയമിക്കുകയും അവയവ നിർമാണം വീണ്ടും ആരംഭിക്കുകയും ചെയ്തു.

ജില്ലാ ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിലെ ഡോ. ജാവേദ്അനീസിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ കൈ കാലുകളുടെയും , പാദങ്ങളിലെ തളർച്ചയും ഭിന്നശേഷിക്കാരിലെ ചലന പ്രശ്നങ്ങളും പരിഹരിക്കുന്നതിനും നട്ടെല്ലിന്റെ വളവ് നികത്തുന്നതിനുള്ള വിവിധ സഹയോപകരണങ്ങളുടെയും നിർമ്മാണം തുടങ്ങിയിട്ടുണ്ട്.

ഇതോടെ കേരളത്തിൽ ഏറ്റവും കൂടുതൽ കൃത്രിമ അവയവങ്ങൾ നിർമ്മിച്ച് നൽകുന്ന കേന്ദ്രമായി മാറുകയാണ് തിരൂർ ജില്ലാ ആശുപത്രി.

ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഇസ്മായിൽ മൂത്തേടം, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീബ മയ്യേരി, മെമ്പർമാരായ വി. കെ. എം ഷാഫി, മൂർക്കത്ത് ഹംസ മാസ്റ്റർ, എ. പി. സബാഹ്, എച്ച്. എം. സി അംഗം പിമ്പുറത്ത് ശ്രീനിവാസൻ, ലയൺസ് ക്ലബ്ബ്‌ സെക്രട്ടറി കൈനിക്കര ഷാഫി ഹാജി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. യോഗത്തിൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ബേബിലക്ഷ്മി ഉൾപ്പെടെ ഇത്തരം പ്രവർത്തനങ്ങളിൽ മികച്ച രീതിയിൽ ഇടപെട്ട ഹോസ്പിറ്റൽ ജീവനക്കാരെ തിരൂർ ലയൺസ് ക്ലബ്ബ്‌ മൊമെന്റോ നൽകി ആദരിച്ചത് ഏറെ ശ്രദ്ധേയമായി.

ജില്ലയിലെ ആരോഗ്യ മേഖലയിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തി മുന്നോട്ട് പോകുന്ന മലപ്പുറം ജില്ലാ പഞ്ചായത്ത്‌ തിരൂർ ജില്ലാ ആശുപത്രിയിലെ അവയവ നിർമ്മാണം കൂടുതൽ വിപുലപ്പെടുത്തുന്നതിനാവശ്യമായ തുക ഈ വർഷത്തെ പദ്ധതിയിൽ നീക്കി വെച്ചിട്ടുള്ള വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

നിർമിത അവയവങ്ങൾ ആവശ്യമുള്ളവർക്ക് #9846522396 എന്ന മൊബൈൽ നമ്പറിൽ വിളിച്ച ശേഷം ഹോസ്പിറ്റലിൽ എത്താവുന്നതാണ്.

സ്നേഹപൂർവ്വം,
ഫൈസൽ എടശ്ശേരി
മെമ്പർ, ജില്ലാ പഞ്ചായത്ത്‌ മലപ്പുറം

06/07/2021

മലപ്പുറം ജില്ലാ ആസൂത്രണ സമിതിയിലേക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ വിനീതനായ ഞാനും തെരെഞ്ഞെടുക്കപ്പെട്ട വിവരം സന്തോഷ പൂർവ്വം അറിയിക്കുന്നു. തിരുനാവായ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ടായിരിക്കെ, പദ്ധതികൾക്ക് അംഗീകാരം വാങ്ങുന്നതിനും വാർഷിക പദ്ധതികളുമായി ബന്ധപ്പെട്ട സാങ്കേതികത്വങ്ങളുടെ കുരുക്കഴിക്കുന്നതിനുമൊക്കെ നിരവധി തവണ DPC യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഈയൊരു സമിതിയിൽ ഔദ്യോഗിക അംഗമായി പ്രവർത്തിക്കാൻ അവസരമുണ്ടാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ഇന്ന് രാവിലെ DPC യിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ അധ്യക്ഷൻ ബഹു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നിർദ്ദേശ പ്രകാരം ഈ സമിതിയിൽ അംഗമാവാൻ കഴിഞ്ഞതിലുള്ള സന്തോഷവും ചരിതാർഥ്യവും നിങ്ങളുമായി പങ്കു വെക്കുന്നു.
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾ പരിശോധിച്ച് അംഗീകാരം നൽകുന്നതും ത്രിതല പഞ്ചായത്തുകളുടെ വികസന പദ്ധതികളുടെ സംയോജനവും ഏകോപനപും നിർവഹിക്കുന്നതും, ജില്ലയുടെ മൊത്തത്തിലുള്ള വികസന പരിപ്രേക്ഷ്യം രൂപപ്പെടുത്തുന്നതുമായ വിദഗ്ധ സമിതിയാണിത്. വരും കാലങ്ങളിൽ ജില്ലയുടെ വികസന നയ രൂപീകരണത്തിൽ സമഗ്രവും ക്രിയാത്മകവുമായ ഇടപെടലുകൾ നടത്തുന്നതിന് എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനകളും ആഗ്രഹിക്കുന്നു.
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെയർമാനും, ജില്ലാ കളക്ടർ സെക്രട്ടറിയുമായിട്ടുള്ള കമ്മിറ്റിയിൽ ജന പ്രതിനിധികളായി ജില്ലാ പഞ്ചായത്ത് മെമ്പർമാരിൽ നിന്ന് 10 പേരും മുനിസിപ്പൽ കൗൺസിലർമാരിൽ നിന്ന് 2 പേരും ഉൾപ്പെടെ 12 പേരാണ് തെരെഞ്ഞെടുക്കപ്പെടേണ്ടത്. ഇതിൽ ജനറൽ വിഭാഗത്തിൽ നിന്ന് മുസ്ലിം ലീഗ് നേതാക്കളായ ഇസ്മായിൽ മൂത്തേടം, അഡ്വ. പി. വി. മനാഫ്, കോൺഗ്രസിലെ കെ. ടി. അജ്മൽ എന്നിവരും വനിതാ വിഭാഗത്തിൽ മുസ്ലിം ലീഗിലെ സമീറ പുളിക്കൽ, റൈഹാനത്ത് കുറുമാടൻ, കോൺഗ്രസിലെ പി. ഷഹർബാൻ, സുഭദ്ര ശിവദാസൻ, എസ്. സി. വിഭാഗത്തിൽ മുസ്ലിം ലീഗിലെ മുൻ പ്രസിഡന്റ്‌ എ. പി. ഉണ്ണികൃഷ്ണൻ, ശ്രീദേവി പ്രാക്കുന്ന് എന്നിവരോടൊപ്പമാണ് ഞാനും DPC യിൽ അംഗമായിട്ടുള്ളത്.
ഈ ഉത്തരവാദിത്തമേൽപ്പിച്ചു തരുന്നതിന് എന്നിൽ വിശ്വാസമർപ്പിച്ച മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയോടും, എപ്പോഴും സഹായിക്കുകയും ആത്മ വിശ്വാസം പകർന്ന് നൽകുകയും ചെയ്ത ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ. റഫീഖ, വൈസ് പ്രസിഡന്റ്‌ ഇസ്മായിൽ മൂത്തേടം ഉൾപ്പെടെ മുഴുവൻ ഭരണ സമിതി അംഗങ്ങളോടും, പാർട്ടിയിലെ നല്ലവരായ സഹപ്രവർത്തകരോടും, ഡിവിഷനിലെ മുഴുവൻ വോട്ടർമാരോടും, അഭ്യുദയകാംക്ഷകളോടുമുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു...
സ്നേഹപൂർവ്വം,
ഫൈസൽ എടശ്ശേരി

25/06/2021

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഉദര കരള്‍ രോഗ വിദഗ്ധൻ ചാര്‍ജെടുത്തു

ഡോ. മുരളികൃഷ്ണന്‍. എം
[MBBS, MD, DM-Gastro Enterology]

സൂപ്പർ സ്പെഷ്യാലിറ്റി പദവിയുടെ ഭാഗമായി ജൂണ്‍ 28 മുതല്‍ ആഴ്ചയില്‍ തിങ്കള്‍, വെളളി ദിവസങ്ങളില്‍ ഉദര രോഗ ഒ.പിയും എല്ലാ ബുധനാഴ്ചകളിലും കരള്‍ രോഗ ഒ.പി യും ആരംഭിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു

21/06/2021

പ്രിയമുള്ളവരേ..,
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രഖ്യാപിച്ച 'ബ്രീത്ത് ഈസി' ചാലഞ്ച് ജില്ലയിലെ ജനങ്ങൾ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി തിരുനാവായ ഗ്രാമ പഞ്ചായത്തിലേക്കുള്ള കോവിഡ് പ്രതിരോധ കിറ്റുകൾ ഇന്ന് വിതരണം ചെയ്യുകയാണ്.
ജില്ലയിൽ തന്നെ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലുണ്ടായിരുന്നതും 'ഡി' സോണിൽ ഉള്ളതുമായ ഏക പഞ്ചായത്താണ് തിരുനാവായ. ഇക്കാരണത്താൽ തന്നെ കഴിഞ്ഞ വെള്ളിയാഴ്ച ഈ വിനീതൻ താല്പര്യമെടുത്ത് വിളിച്ചു ചേർത്ത പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും കോവിഡ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും തിരൂർ, കൽപകഞ്ചേരി പോലീസ് മേധാവികളുടെയും യോഗത്തിൽ പഞ്ചായത്തിലെ കോവിഡ് ഫ്രണ്ട് ലൈൻ പ്രവർത്തകർക്കുള്ള പ്രതിരോധ കിറ്റ് ജില്ലാ പഞ്ചായത്ത്‌ ഉടൻ തന്നെ നൽകാമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്.
യോഗത്തിലെ തീരുമാനപ്രകാരം പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊട്ടാരത്ത് സുഹറാബി, വൈസ് പ്രസിഡന്റ്‌ കുന്നത്ത് മുസ്തഫ എന്നിവരുടെ നേതൃത്വത്തിൽ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ മുഴുവൻ ജനപ്രതിനിധികളും, മെഡിക്കൽ ഓഫീസർ ഡോ. സലീം ഇസ്മായിലിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരുമൊക്കെ അതീവ ജാഗ്രതയോടെ പൊതു ജനങ്ങളുടെയും വ്യാപാരികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണം ഉറപ്പ് വരുത്തിക്കൊണ്ട് കൃത്യമായ ആസൂത്രണത്തിൽ കാര്യങ്ങളെ നേരിട്ടത്തോടെ കഴിഞ്ഞ ദിവസങ്ങളിൽ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 10 ന് താഴേക്ക് കൊണ്ട് വരാൻ സാധിച്ചിട്ടുണ്ട്.
ജില്ലയിൽ തിരുനാവായ പഞ്ചായത്തിൽ മാത്രം നില നിൽക്കുന്ന ട്രിപ്പിൾ ലോക്ക് ഡൗൺ എത്രയും വേഗത്തിൽ ഒഴിവാക്കണമെങ്കിൽ പൊതു ജനങ്ങളും സന്നദ്ധ പ്രവർത്തകരും ഏറെ ജാഗ്രത പുലർത്തേണ്ടതുണ്ട്
അത് കൊണ്ട് തന്നെ ഈ പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ മെഡിക്കൽ ടീമിനും ആശാ പ്രവർത്തകർക്കും, പരിരക്ഷാ ഹോം കെയർ നഴ്സുമാർക്കും ആർ.ആർ.ടി കൾക്കും, പോലീസ് സേനക്കുമുള്ള കോവിഡ് പ്രതിരോധ കിറ്റ് ഇന്ന് ഉച്ചക്ക് 2 മണിക്ക് പട്ടർനടക്കാവ് ഫാമിലി ഹെൽത്ത്‌ സെന്ററിൽ വെച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് വിതരണം ചെയ്യുന്ന വിവരം സന്തോഷപൂർവ്വം എല്ലാവരെയും അറിയിക്കുന്നു. ഡിവിഷനിലെ മറ്റ് പഞ്ചായത്തുകളിൽ നാളെ ബ്ലോക്ക് തല ഉദ്ഘാടനത്തിന് ശേഷമാണ് പ്രതിരോധ കിറ്റുകളുടെ വിതരണം.
മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ഏറ്റെടുത്ത ഈ മാതൃകാ ദൗത്യത്തിലേക്ക് സഹായിച്ച മുഴുവൻ അഭ്യൂദയകാംക്ഷികളോടും പ്രത്യേകിച്ച് നവമുകുന്ദാ HSS തിരുനാവായ, MET HSS വൈരങ്കോട്, KHM HSS ആലത്തിയൂർ, ഐഡിയൽ എഡ്യൂക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ട് കടകശ്ശേരി, KMGVHSS തവനൂർ തുടങ്ങിയ സ്ഥാപനങ്ങളോടുമുള്ള നന്ദിയും കടപ്പാടും ഒരിക്കൽ കൂടി അറിയിക്കുന്നു.
സ്നേഹപൂർവ്വം
ഫൈസൽ എടശ്ശേരി

Photos from Faizal Edasseri's post 19/06/2021

ഇന്ന് വായനാ ദിനം: വേണം മലപ്പുറത്തിനും ഒരു ഇന്റർ നാഷണൽ ലൈബ്രറി
▫️▫️▫️▫️▫️▫️▫️▫️▫️
"അക്ഷരങ്ങളിൽ ഒളിപ്പിച്ച വിസ്മയങ്ങളെ മനക്കണ്ണാൽ തൊട്ടറിയാൻ കഴിയുന്ന മനോഹരമായ അനുഭവമാണ് വായന"

ജില്ലയുടെ പൊൻ പിറവിക്ക് 52 വയസ്സ് പിന്നിടുന്ന സന്ദർഭത്തിൽ ഒരു വായനാ ദിനം കൂടി വന്നെത്തിയിരിക്കുന്നു. മലപ്പുറത്തിനൊരു രാജ്യാന്തര നിലവാരത്തിലുള്ള വിവിധോന്മുഖ ലൈബ്രറി കൂടി വേണമെന്ന ചിന്തയിലാണ് ഈ വായനാ ദിനത്തിൽ ജില്ലാ പഞ്ചായത്ത്‌.
ഇതിനായി മലപ്പുറം സിവിൽ സ്റ്റേഷൻ വളപ്പിലെ ഭൂമി വിട്ടു കിട്ടുന്നതിന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. എം. കെ. റഫീഖ കഴിഞ്ഞ ദിവസം ബഹു. ജില്ലാ കളക്ടറെ കണ്ട് കത്ത് നൽകിയിരിക്കുന്നു. ഈ ശുഭോദ്യമത്തിന് സാക്ഷിയാവാനും കൂടെ ചേരാനും വൈസ് പ്രസിഡന്റ്‌ ഇസ്മായിൽ മൂത്തേടം, സ്റ്റാ. കമ്മിറ്റി ചെയർപേഴ്സൺ സറീന ഹസീബ് എന്നിവർക്കൊപ്പം എനിക്കും അവസരമുണ്ടായി.
ജില്ലക്കകത്തും പുറത്തുമുള്ള വിദ്യാർത്ഥികൾക്കും ഗവേഷകർക്കും, തൊഴിലന്വേഷകർക്കും, നവ എഴുത്തുകാർക്കും ചരിത്ര കുതുകികൾക്കും ഉപകാരപ്രദമാവുന്ന മൾട്ടി ഫങ്ക്ഷൻ ഡിജിറ്റൽ ലൈബ്രറിയാണ് ലക്ഷ്യമിടുന്നത്.

_ഏവർക്കും വായനാ ദിനാശംസകൾ_

സ്നേഹപൂർവ്വം,
ഫൈസൽ എടശ്ശേരി
മെമ്പർ , ജില്ലാ പഞ്ചായത്ത്‌ മലപ്പുറം

17/06/2021

ഉയരങ്ങൾ കീഴടക്കാൻ പട്ടിക ജാതിക്കാർക്കും ഉയർന്ന സ്കോളർഷിപ്
🔸🔸🔸🔸🔸🔸🔸

ഉയരങ്ങൾ കീഴടക്കാൻ പട്ടിക ജാതി വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്നതിനായി മലപ്പുറം ജില്ലാ പഞ്ചായത്ത്‌ മെറിട്ടോറിയസ് സ്കോളർഷിപ്പ് നൽകുന്നതിന് രണ്ട് കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുള്ള വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.
കഴിഞ്ഞ കാലങ്ങളിലും ഇത്തരം പദ്ധതികൾ ഉണ്ടായിരുന്നെങ്കിലും ഇത് സംബന്ധിച്ചു പഞ്ചായത്ത്‌ തലങ്ങളിൽ വേണ്ടത്ര വിവരമോ വേണ്ടത്ര പ്രചാരണങ്ങളോ ഇല്ലാത്തതിനാൽ പല ഉന്നത തല വിദ്യാർത്ഥികൾക്കും അനുകൂല്യം ലഭിക്കാത്തതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ ജില്ലയിലെ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾ, മെഡിക്കൽ, എഞ്ചിനീയറിംഗ്, ഡിപ്ലോമ തുടങ്ങി വിവിധ ടെക്നിക്കൽ കോഴ്‌സുകൾക്ക് അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്ന മുഴുവൻ പട്ടിക ജാതി വിദ്യാർത്ഥികളെയും ഈ അനുകൂല്യത്തിന്റെ പരിധിയിൽ കൊണ്ടു വരുന്നതിനും ഉയർന്ന സ്കോളർഷിപ് തുക നൽകുന്നതിനും വലിയ ഓൺലൈൻ ക്യാമ്പയിൻ തന്നെയാണ് ജില്ലാ പഞ്ചായത്ത്‌ ലക്ഷ്യമിടുന്നത്. ഈ അനുകൂല്യത്തിനായി +2 വിന് ശേഷം ഉയർന്ന കോഴ്‌സുകൾക്ക് പഠിക്കുന്ന എല്ലാ SC വിദ്യാർത്ഥികളും അവരവരുടെ ഗ്രാമ പഞ്ചായത്തുകളിൽ നിന്നും വ്യക്തിഗത ആനുകൂല്യങ്ങൾക്ക് പ്രിന്റ് ചെയ്തു തരുന്ന ഫോറത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത് .ഈ അപേക്ഷകൾ വാർഡ് തലത്തിൽ നടക്കുന്ന ഗ്രാമസഭകളിൽ ചർച്ച ചെയ്തു ഒരു SC വിദ്യാർത്ഥി പോലും വിട്ടു പോയിട്ടില്ലെന്ന് ഉറപ്പ് വരുത്തിയാണ് ഗ്രാമ പഞ്ചായത്തുകൾ ജില്ലാ പഞ്ചായത്തിന് അന്തിമ ഗുണഭോക്തൃ ലിസ്റ്റ് കൈമാറേണ്ടത്. സാമൂഹ്യ പിന്നോക്കാവസ്ഥ അനുഭവിക്കുന്ന പട്ടിക ജാതി വിഭാഗത്തെ മുഖ്യധാരയിലെത്തിക്കുന്നതിനും ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്നതിനുമുള്ള ഈ യജ്ഞത്തിൽ എല്ലാവരുടെയും പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം
എം. കെ. റഫീഖ പ്രസിഡന്റ്‌, ജില്ലാ പഞ്ചായത്ത്‌ മലപ്പുറം

13/06/2021

ബ്രീത്ത് ഈസി ചലഞ്ച്: കോവിഡ് പ്രതിരോധ കിറ്റ് വിതരണം നാളെ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️
സംസ്ഥാനത്ത് തന്നെ മികച്ച മാതൃകയായിക്കൊണ്ട് മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രഖ്യാപിച്ച ബ്രീത്ത് ഈസി ചലഞ്ചിന്റെ ഭാഗമായി
ജില്ലയിലെ 94 പഞ്ചായത്തുകളിലേക്കുമുള്ള മെഡിക്കൽ കിറ്റ് വിതരണത്തിന് നാളെ(ജൂൺ 14)തുടക്കം കുറിക്കുകയാണ്. പദ്ധതിയുടെ ഔപചാരികമായ ഉത്ഘാടനം രാവിലെ 10 മണിക്ക് പൂക്കോട്ടൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് ബഹു. എം.എൽ. എ ശ്രീ പി. കെ. കുഞ്ഞാലികുട്ടി സാഹിബ്‌ നിർവഹിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.
കോവിഡ് മഹാ മാരിയുടെ രണ്ടാം തരംഗത്തിന് മുന്നിൽ പ്രതിരോധത്തിന്റെ വൻ മതിൽ തീർക്കാൻ നമ്മൾ കാണിച്ച ജാഗ്രതക്ക് ജീവന്റെ വില മാത്രമായിരുന്നില്ല.., ഉറവ വറ്റാത്ത നന്മ മനസ്സുകളുടെ കലവറയില്ലാത്ത കാരുണ്യത്തിന്റെ കരുത്തുമുണ്ടായിരുന്നു.
ആതുരാലയങ്ങളിൽ പോലും അഭയമില്ലാതെ പ്രണവായുവിനായി അലഞ്ഞവരും.., ജീവ വായുവിനായി കേണവർക്ക് വേണ്ടി ജീവൻ പണയപ്പെടുത്തി കാവലിരുന്ന് മഹാമാരിയോട് മല്ലടിച്ചവരും.. ഒരു ദേശത്തിന്റെ തന്നെ പരിച്ഛേദമായി മാറിയപ്പോൾ.., ഉത്തരവാദിത്ത ബോധമുള്ള ഒരു ഭരണ കൂടത്തിനും അടങ്ങിയിരിക്കാൻ കഴിയുമായിരുന്നില്ല. അവിടെയാണ് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ പ്രഗത്ഭയായ പ്രസിഡന്റ്‌ ശ്രീമതി. എം. കെ. റഫീഖയും വൈസ് പ്രസിഡന്റ്‌ ശ്രീ.ഇസ്മായിൽ മൂത്തേടവും പ്രത്യേകം താല്പര്യമെടുത്ത് 'മനസ്സലിവുള്ള മലപ്പുറം' എന്ന ക്യാമ്പ‍യിൻ തീരുമാനിക്കുകയും അനുബന്ധമായി മലപ്പുറം ജില്ലാ പഞ്ചായത്ത്‌ 'ബ്രീത്ത് ഈസി' ചലഞ്ച് പ്രഖ്യാപിക്കുകയും ചെയ്തത്.
കോവിഡ് ബാധിതരായ പതിനായിരങ്ങൾക്കും പ്രതിരോധരംഗത്ത് നിലയുറപ്പിച്ച മുന്നണിപ്പോരാളികൾക്കും ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളുമൊരുക്കുന്നതിനുള്ള ഈ മഹാ യജ്ഞത്തിൽ പങ്കാളികളായത് ജില്ലയിലെ പൊതു സമൂഹം മുഴുവനുമാണ്. വിദ്യാലയങ്ങളും ദേവാലയങ്ങളും.., വ്യാപാരികളും സഹകാരികളും.. അദ്ധ്യാപക സംഘടനകളും സന്നദ്ധ സംഘടനകളും.. അദ്ധ്യാപക സംഘടനകളും സന്നദ്ധ സംഘടനകളും..ജീവനക്കാരും ,തുല്യതാ പഠിതാക്കളും ,ജനപ്രതിനിധികളുമെല്ലാം
സഹായ ഹസ്തവുമായി കൂടെ ചേർന്നു.
ചലഞ്ചിലേക്ക് ലഭിച്ച ആദ്യത്തെ സംഭാവനയായ കാൽ ലക്ഷം രൂപ ചെമ്മലശ്ശേരി കിളിക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ നിന്നായിരുന്നു എന്നത് കേവല യാദൃശ്ചികതക്കപ്പുറം ഒരു ദേശത്തിന്റെ തന്നെ മതേതര പൈതൃകത്തിന്റെ മുജ്ജന്മ സുകൃതവും സൗഭാഗ്യവുമായി നമുക്ക് അഭിമാനിക്കാം.
50 ലക്ഷം രൂപയോളം ചെലവഴിച്ചു കൊണ്ടാണ് ജില്ലയിലെ 94 ഗ്രാമ പഞ്ചായത്തുകളിലേക്കുമുള്ള കോവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്യുന്നത്. ജില്ലയിലെ 3225 ആശാ പ്രവർത്തകർ, 94 പഞ്ചായത്തുകളിലെയും പരിരക്ഷാ ഹോം കെയർ നാഴ്‌സുമാർ, നിയമ പാലകർ, മാധ്യമ പ്രവർത്തകർ തുടങ്ങി മുഴുവൻ മുൻ നിര ആരോഗ്യ പ്രവർത്തകർക്കുമുള്ള പ്രതിരോധ സാമഗ്രികൾ ആയ മാസ്കുകളും പി.പി.ഇ കിറ്റുകളും സാനിറ്റൈസറും , ഗ്ലൗവ്സും , പൾസ് ഓക്സി മീറ്ററുകളും വേപ്പറൈസറും വിതരണസജ്ജമായിക്കഴിഞ്ഞു. അതോടൊപ്പം തന്നെ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള നിലമ്പൂർ ജില്ലാ ഹോസ്പിറ്റലിൽ ഓക്സിജൻ ജനറേറ്ററിന്റെയും, തിരൂർ, പെരിന്തൽമണ്ണ ജില്ലാ ഹോസ്പിറ്റലുകളിൽ കേന്ദ്ര സർക്കാർ സഹായത്തോടെ മിനിറ്റിൽ 1000 ലിറ്റർ ഓക്സിജൻ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഓക്സിജൻ പ്ലാന്റിന്റെയും നിർമ്മാണം മൂന്നാഴ്ചക്കക്കം പൂർത്തിയാകാനിരിക്കുകയാണ്.
ജില്ലയിലെ പൊതു സമൂഹത്തിന്റെ സഹകരണം തേടിയ ഈ ജില്ലാ പഞ്ചായത്ത്‌ ഭരണസമിതിയുടെ ആദ്യത്തെ ഉദ്യമം തന്നെ വൻ വിജയമാക്കുന്നതിന് ഏറ്റവും വലിയ സഹായം എത്തിച്ചത് തിരുനാവായ ഡിവിഷനിലെ വിദ്യാലയങ്ങളായിരുന്നു എന്ന കാര്യം ഇവിടെ സൂചിപ്പിക്കുന്നതിൽ ഡിവിഷൻ മെമ്പറെന്ന നിലയിൽ എനിക്കേറെ ചാരിതാർഥ്യമുണ്ട്. KHMHSS ആലത്തിയൂർ (2 ലക്ഷം) ഐഡിയൽ സ്കൂൾ കടകശ്ശേരി (ഒന്നേകാൽ ലക്ഷം) MET സ്കൂൾ വൈരങ്കോട് (20000+മെമ്പറുടെ പൾസ് ഓക്സി മീറ്റർ ഫണ്ടിലേക്ക് 17000), നാവാമുകുന്ദ HSS (20000), കേളപ്പജി GVHSS തവനൂർ (20000) എന്നീ സ്കൂളുകളിലെ എൻ. സി. സി., എൻ. എസ്. എസ്., സ്കൗട്ട് ആൻഡ് ഗൈഡ് സേനകൾ,അധ്യാപകർ, മറ്റ് ജീവനക്കാർ, മാനേജ്മെന്റ് തുടങ്ങി എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും വാക്കുകളിൽ ഒതുക്കാവുന്നതല്ല.
മഹാമാരികൾക്കും ദുരന്തങ്ങൾക്കുമെതിരായ പോരാട്ടത്തിൽ കാരുണ്യവും കരളുറപ്പും കൈമുതലായുള്ള മലപ്പുറത്തിന്റെ മണ്ണിൽ വരും നാളുകളിലും നിറഞ്ഞ സഹകരണവും പിന്തുണയും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തുന്ന നാളത്തെ ചടങ്ങിന് അകലെ നിന്നാണെങ്കിലും പ്രാർത്ഥനകൾ കൊണ്ട് നിങ്ങളുടെ സാന്നിധ്യം ഉറപ്പ് വരുത്തണമെന്ന് വിനയപുരസ്സരം എല്ലാവരോടും അഭ്യർത്ഥിക്കുന്നു..
ഫൈസൽ എടശ്ശേരി

11/06/2021

*സൈഡ് വീലോട് കൂടിയ സ്കൂട്ടർ*
🔸🔸🔸🔸🔸🔸🔸🔸🔸
*ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കൊപ്പം മലപ്പുറം ജില്ലാപഞ്ചായത്ത്‌*

💚💚💚💚💚💚💚💚💚

അതിജീവനത്തിന്റെയും മനക്കരുത്തിന്റെയും പ്രതീകങ്ങളായി പരിമിതികളെ അതിജയിച്ച്‌ ജീവിതം കരുപ്പിടിപ്പിക്കുന്ന ഭിന്നശേഷിക്കാർക്ക് വേണ്ടി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മറ്റൊരു കൈത്താങ്ങ്...

അംഗ പരിമിതികൾ കൊണ്ട് പ്രയാസമാനുഭവിക്കുമ്പോഴും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ വൈകല്യത്തെ കൈവല്യമാക്കി കഠിനാധ്വാനം ചെയ്യുന്നവർക്കായി സൈഡ് വീലോട് കൂടിയ സ്കൂട്ടർ വാങ്ങി നൽകുന്ന പദ്ധതിക്ക് ജില്ലാ പഞ്ചായത്ത്‌ ഒരു കോടി രൂപ വകയിരുത്തിക്കഴിഞ്ഞു.
നാളെയുടെ പ്രഭാതത്തിൽ ഉയരങ്ങൾ കീഴടക്കാൻ അംഗപരിമിതിയൊരു പ്രശ്നമേയല്ലെന്ന് പറയാൻ ജില്ലാ പഞ്ചായത്ത്‌ ഇനി അവരെയും ചേർത്തു പിടിക്കുകയാണ്.

ടു വീലർ ലൈസൻസുള്ള ജില്ലയിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും 3 വർഷത്തിനകം സ്കൂട്ടർ വാങ്ങി നൽകുന്നതിനാണ് തീരുമാനം. ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഈ പദ്ധതിയിലേക്ക് ഗുണഭോക്താക്കൾ അതാതു പഞ്ചായത്തുകൾ മുഖേനയാണ് അപേക്ഷ നൽകേണ്ടത്. പഞ്ചായത്തുകൾ ഈ മാസം മുതൽ അപേക്ഷാ ഫോറം വിതരണം തുടങ്ങും. 55 വയസ്സിൽ താഴെയുള്ള 40% ത്തിലധികം വൈകല്യമുള്ള ടു വീലർ ലൈസൻസോ ലേണേഴ്സ് ലൈസൻസോ ഉള്ളവരും കഴിഞ്ഞ 8 വർഷത്തിനിടയിൽ ഇത്തരം അനുകൂല്യം കൈപ്പറ്റാത്തവരുമായ മുൻഗണനാ വിഭാഗത്തിലുള്ളവരെയാണ് ഇതിനായി പരിഗണിക്കുന്നത്. ആദ്യ ഘട്ടത്തിൽ ജില്ലയിൽ 100 പേർക്കാണ് സ്കൂട്ടർ നൽകുന്നത്. പഞ്ചായത്ത്‌ ഭരണ സമിതികൾ അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റ് ജില്ലാ പഞ്ചായത്തിലേക്ക് ലഭിക്കുന്ന മുറക്ക് സ്കൂട്ടറുകൾ വിതരണം ചെയ്യും.
നിരവധി ജനോപകാരപ്രദവും നൂതനവുമായ പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത്. ഭിന്ന ശേഷിക്കാരെയും നിരാലംബാരെയും ചേർത്തു പിടിച്ചു കൊണ്ടുള്ള ജില്ലാ പഞ്ചായത്തിന്റെ പദ്ധതികൾ യഥാർത്ഥ ഗുണഭോക്താക്കളിലെത്തിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു..
ഫൈസൽ എടശ്ശേരി

Photos from Faizal Edasseri's post 10/06/2021

മലപ്പുറം ജില്ലക്ക് അഭിമാനമായി ഐ. എസ്. ആർ. ഒ യിൽ സയന്റിസ്റ്റ് എഞ്ചിനീയർ തസ്തികയിൽ ഒന്നാം റാങ്കോടെ നിയമനം നേടിയ മോങ്ങത്തെ എം. പി. ഷെഹീനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും സഹ പ്രവർത്തകർക്കുമൊപ്പം ഇന്ന് വീട്ടിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റെ സ്നേഹോപഹാരം പ്രസിഡന്റ്‌ എം. കെ. റഫീഖ സമർപ്പിച്ചു. വൈസ് പ്രസിഡന്റ്‌ ഇസ്മായിൽ മൂത്തേടം,സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സറീന ഹസീബ് ഡിവിഷൻ മെമ്പർ അഡ്വ. പി. വി. മനാഫ് , എന്നിവരോടൊത്താണ് മോങ്ങത്തെ ഷെഹീന്റെ വീട്ടിലെത്തിയത്. ഷെഹീന്റെ പിതാവും മാതാവും ചേർന്ന് ഞങ്ങളെ സ്നേഹോഷ്മളമായി സ്വീകരിച്ചു.
മലപ്പുറം ജില്ലയുടെ ദശാഭിമാനത്തെ ചോദ്യം ചെയ്തവർക്ക് മുന്നിൽ..., കോപ്പിയടിച്ചാണ് മലപ്പുറത്തെ കുട്ടികൾ വിജയിക്കുന്നതെന്ന് കളിയാക്കിയവർക്ക് മുന്നിൽ.... ഒരു ദേശത്തിന്റെ തന്നെ പ്രതികാരം അതി മനോഹരമായി അടയാളപ്പെടുത്തിയിരിക്കുന്നു ഷെഹീൻ എന്ന മലപ്പുറത്തിന്റെ യൗവന സൗകുമാര്യം.
ഒരു ജനതയുടെ ദശാഭിമാനം ദേശത്തോളം ഉയർത്തിയാണ് 'ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ' എന്ന ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങളുടെ 'ഭ്രമണ പദ'ത്തിലേക്ക് ഒന്നാം റാങ്കുമായി ഷെഹീൻ കുതിച്ചുയർന്നിട്ടുള്ളത്. രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക പരീക്ഷണങ്ങളുടെ ചുക്കാൻ പിടിക്കാൻ ഇനി എ. പി. ജെ അബ്ദുൽ കലാമിന്റെ പിൻഗാമിയായി ബഹിരാകാശ നേട്ടങ്ങളുടെ ഗിരി ശ്ര്ംഗങ്ങളിൽ ജ്വലിച്ചുയരുന്നതാവട്ടെ ഷെഹീൻ എന്ന മലപ്പുറത്തുകാരന്റെ നാമം.
അഭിനന്ദനങ്ങൾ ഷെഹീൻ... 🌹
ഫൈസൽ എടശ്ശേരി

07/06/2021

പ്രിയമുള്ളവരേ....,
സ്കൂളിൽ ഓൺലൈൻ ക്ലാസ്സ്‌ തുടങ്ങി. നമ്മുടെ മക്കൾക്കൊക്കെ സ്മാർട്ട്‌ ഫോൺ സൗകര്യം ഉണ്ട്.
പക്ഷെ ചില വീടുകളിലെങ്കിലും ഒരു സ്മാർട്ട്‌ ഫോൺ പോലും ഇല്ലാത്തതായിട്ടുണ്ട്. അവരിൽ അനാഥകളും അഗതികളുമൊക്കെയുണ്ട്. പാവം മക്കൾ...... കൂട്ടുകാരന്റെ കയ്യിലുള്ളത് തനിക്ക് കിട്ടാതാവുമ്പോ.., ദൈന്യതയാർന്ന കണ്ണുകളുമായി നിഷ്കളങ്കമായ സങ്കടക്കടൽ ഉള്ളിലൊതുക്കി നിരാശയോടെ നോക്കുന്ന പിഞ്ചു ബാല്യങ്ങളുടെ മുഖം മനസ്സിലൊന്ന് സങ്കല്പിച്ചു നോക്കൂ.. ജീവിതത്തിൽ അത്തരം നിമിഷങ്ങൾക്ക് എപ്പോഴൊക്കെയോ നാമും സാക്ഷിയായിട്ടില്ലേ...?
കൂട്ടുകാരായ കുട്ടികൾ മനോഹരമായ സ്മാർട്ട്‌ ഫോണിൽ നോക്കി പഠിക്കുമ്പോൾ.., ഈ മക്കളുടെ കണ്ണിലും കരളിലും.... കണ്ണീരും കദനവുമാണ്... അവരുടെ പിഞ്ചു ഹൃദയങ്ങളിൽ നിരാശയുടെ കനലെരിയുന്നുണ്ട്..തിരുനാവായ ഡിവിഷനിൽ അത്തരം കുട്ടികളെ തിരൂർ BRC കൃത്യമായി കണ്ടെത്തിക്കഴിഞ്ഞു.
അവർക്കും പടിക്കേണ്ടേ..?വില കുറഞ്ഞ ഒരു സ്മാർട്ട്‌ ഫോണെങ്കിലും ആ പാവം മക്കൾക്ക് നമ്മുടെ വകയായി നൽകാമോ..? അവരും പഠിക്കട്ടെ..6900 രൂപ വരും ഒരു ഫോണിന് ഹോൾസെയിൽ വില. ഒന്നോ അതിലധികമോ സംഭാവന ചെയ്യാൻ കഴിയാവുന്നവരുണ്ടാകും. ദയവായി എന്നെ അറിയിക്കുക. കൂട്ടി വെക്കപ്പെട്ട നോട്ടു കെട്ടുകളും എട്ടക്കം മറി കടന്ന ബാങ്ക് ബാലൻസും കേവലം നീർക്കുമിളകൾ മാത്രമാണെന്ന് മഹാമാരി നമ്മെ പഠിപ്പിച്ചു. പ്രിയ സഹോദരങ്ങളേ..., ഒരു കാര്യം തീർച്ചയാണ് : ഈ ദാനം ഒരിക്കലും വെറുതെയാവില്ല കെട്ടോ....
പ്രതീക്ഷയോടെ..
ഫൈസൽ എടശ്ശേരി
ജില്ലാ പഞ്ചായത്ത്‌ മെമ്പർ
തിരുനാവായ ഡിവിഷൻ
ഫോൺ : 9072750401

Photos from Faizal Edasseri's post 05/06/2021

ലോക പരിസ്ഥിതി ദിനാചരണത്തിൽ രാവിലെ തന്നെ സ്വന്തം വീട്ടു വളപ്പിൽ തൈ മാവ് നട്ടു കൊണ്ട് ഞാനും പങ്കാളിയായി. കുട്ടികളും വെവ്വേറെ തൈകൾ നട്ടു പരിസ്ഥിതി സംരക്ഷണത്തിൽ പങ്കു ചേർന്നു. ശേഷം തിരുനാവായ ഗ്രാമ പഞ്ചായത്തിൽ വെച്ച് നടന്ന തിരൂർ ബ്ലോക്ക് തല പരിപാടിയിൽ തിരൂർ എം. എൽ. എ കുറുക്കോളി മൊയ്‌തീൻ സാഹിബിനൊപ്പം പങ്കെടുത്തു. തിരുനാവായ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പുഴ സംരക്ഷണത്തിന്റെ ഭാഗമായി നടന്ന തൈ നടൽ ഭാരതപ്പുഴയോരത്ത് ബന്തർ കടവിൽ ഉത്ഘാടനം ചെയ്തു. നമ്മുടെ പിതാമഹാന്മാർ തലമുറ കൈമാറി നമുക്ക് ഭരമേൽപ്പിച്ചു തന്ന പ്രകൃതിയും പച്ചപ്പും വരും തലമുറയുടെയും അവകാശമാണ്. ചൂഷണങ്ങൾക്കിരയായിക്കൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥകളും കയ്യേറ്റങ്ങൾക്കിരയായിക്കൊണ്ടിരിക്കുന്ന ജൈവ വൈവിദ്യങ്ങളും തിരിച്ചു പിടിച്ചു പുനരുജ്ജീവിപ്പിക്കേണ്ടത് മനുഷ്യരാശിയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. കലി തുള്ളുന്ന കാലാവസ്ഥയും പ്രളയങ്ങൾ കൊണ്ട് പ്രതികാരം തീർക്കുന്ന പ്രകൃതിയും നമ്മുടെ കണ്ണു തുറപ്പിക്കണം. നമുക്കും വരും തലമുറക്കും അതിജീവിക്കണമെങ്കിൽ കീറിമുറിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഭൂമിമാതാവിന്റെ പൂമേനിക്ക് പച്ചപ്പിന്റെ പ്രതിരോധമൊരുക്കണം. അതിനായി പരിസ്ഥിതിയുടെ പുനസ്ഥാപന പ്രക്രിയയിൽ ആത്മാർത്ഥമായി നമുക്ക് കൈ കോർക്കാം....
ഫൈസൽ എടശ്ശേരി

Photos from Faizal Edasseri's post 04/06/2021

കരൾ മാറ്റിവെച്ചവർക്കും കാൻസർ രോഗികൾക്കും ഇനി മുതൽ സൗജന്യ മരുന്ന് നൽകാൻ ജില്ലാ പഞ്ചായത്ത്‌
💚♥💚♥💚♥💚♥💚♥💚♥💚♥
കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയരായ സഹോദരങ്ങളുടെ അഭ്യർത്ഥന മലപ്പുറം ജില്ലാ പഞ്ചായത്ത്‌ സ്നേഹപൂർവ്വം സ്വീകരിച്ചിരിക്കുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപാണ് ലിവർ മാറ്റി വെച്ചവരുടെ സംഘടനയായ ലിവർ ഫൌണ്ടേഷൻ ഓഫ് കേരള (LIFOK) മലപ്പുറം ജില്ലാ കമ്മിറ്റി അവരുടെ അധ്യക്ഷൻ കെ. എൻ ഗോപികൃഷ്ണന്റെയും സെക്രട്ടറിയും എന്റെ സുഹൃത്തുമായ എ. വി. റഫീഖിന്റെയും നേതൃത്വത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. എം.കെ. റഫീഖയെ കണ്ട് നിവേദനം നൽകിയത്. ഉടൻ തന്നെ ഇക്കാര്യത്തിൽ പ്രസിഡന്റ്‌ അനുകൂല നിലപാട് അറിയിക്കുകയും ഫണ്ട്‌ വകയിരുത്തുന്നതിന് ആവശ്യമായ നീക്കങ്ങൾ നടത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ പഞ്ചായത്ത്‌ യോഗത്തിൽ വൈസ് പ്രസിഡന്റ്‌ ശ്രീ. ഇസ്മായിൽ മൂത്തേടം പദ്ധതിയുടെ രൂപ രേഖ അവതരിപ്പിക്കുകയും ഭരണ സമിതി അന്തിമ അംഗീകാരം നൽകുകയും ചെയ്തു. ഇനി മുതൽ കരൾ രോഗികൾക്കും കാൻസർ രോഗികൾക്കും അവർ സ്ഥിരമായി കഴിക്കുന്ന അതേ ബ്രാൻഡ് മരുന്നുകൾ തന്നെ ജില്ലാ പഞ്ചായത്ത്‌ നേരിട്ട് വാങ്ങി നൽകും. അടുത്ത മാസം മുതൽ തന്നെ നിർവഹണം തുടങ്ങാൻ കഴിയുന്ന വിധത്തിൽ പദ്ധതി തയ്യാറായിക്കഴിഞ്ഞ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.
ഫൈസൽ എടശ്ശേരി

01/06/2021

ഇന്നലെ രാവിലെയാണ് കാരത്തൂരിനടുത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ പത്താം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടി എന്നെ വിളിച്ചു കൊണ്ട് ഓൺലൈൻ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യുന്നതിന് വീട്ടിൽ ഒരു സ്മാർട്ട്‌ ഫോൺ പോലും ഇല്ലെന്ന് സങ്കടത്തോടെ പറഞ്ഞത്. അവളുടെ താഴെ വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന വേറെയും കുട്ടികൾ ഉണ്ട്. ഫോണില്ലാത്തതിനാൽ ആർക്കും ഓൺലൈൻ ക്ലാസ്സ്‌ ലഭിക്കുന്നില്ല. ഉടൻ തന്നെ "മലയാളം ചാരിറ്റി" വാട്സാപ്പ് ഗ്രൂപ്പിൽ സഹായം അഭ്യർത്ഥിച്ചു കൊണ്ട് ഞാൻ ഒരു കുറിപ്പ് വിട്ടു. ഗ്രൂപ്പ്‌ അഡ്മിനും സുഹൃത്തുമായ സൂപ്പിക്കുട്ടി ഇക്കാര്യത്തിൽ സഹായം ആവശ്യപ്പെട്ടു കൊണ്ടുള്ള ശബ്ദ സന്ദേശവും നൽകി. കുറച്ചു കഴിഞ്ഞപ്പോഴേക്ക് ഒരു നല്ല മനുഷ്യൻ എന്നെ വിളിച്ചു. 'ആ കുട്ടിക്ക് ഞാൻ ഫോൺ വാങ്ങി കൊടുക്കാം. ഇനി മറ്റാരിൽ നിന്നും അക്കാര്യം ഏൽക്കേണ്ടതില്ല'. ഞാൻ പറഞ്ഞു ഒരു പഴയ ഫോൺ ആയാലും മതി. അദ്ദേഹം പറഞ്ഞു, വേണ്ട പുതിയത് തന്നെ ആവട്ടെ.. എന്റെ വേണ്ടപ്പെട്ട ഒരാൾ ഇതിനവശ്യമായ പണം ഓഫർ ചെയ്തിട്ടുണ്ട്..... വൈകുന്നേരം ആയപ്പോഴേക്കും അദ്ദേഹത്തിന്റെ രണ്ടാമത്തെ കാൾ വന്നു. ഫോൺ വാങ്ങിയിട്ടുണ്ട്, എപ്പോഴാ വരേണ്ടത്..? ഞാൻ പറഞ്ഞു ഇപ്പൊ തന്നെ വരിക. ഞാൻ കാരത്തൂരിൽ കാത്തു നിൽക്കാം. അദ്ദേഹം 15 മിനിറ്റിനകം തന്നെ എത്തി. അദ്ദേഹത്തെ കൂട്ടി ഞാനും കൈനിക്കരയിലെ വാർഡ് മെമ്പർ എം. കെ. കുഞ്ഞിപ്പയും കാരത്തൂരിലെ പൊതു പ്രവർത്തകൻ എം. പി. സൈനുദ്ധീനും കൂടി പോയി കുട്ടിക്ക് ഫോൺ എത്തിച്ചു കൊടുത്തു. അവിടെ ചെന്നപ്പോ വീട്ടിലെ പ്രയാസം കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. ചെറുപ്പക്കാരനായ ഉപ്പ ആക്‌സിഡന്റിനെ തുടർന്ന് കാലിന് പരിക്ക് പറ്റി വിശ്രമത്തിലാണ്. ജോലിക്ക് പോകാൻ കഴിയുന്നില്ല. ഉമ്മയുടെ കയ്യിലുണ്ടായിരുന്ന സ്മാർട്ട്‌ ഫോൺ വിറ്റാണ് ഉപ്പയെ ആസ്പത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ പണം കണ്ടെത്തിയത്. നിത്യ ജീവിതം തന്നെ പ്രയാസത്തിൽ... ഏതായാലും കുട്ടികൾക്കും കുടുംബത്തിനും വലിയ സന്തോഷമായി. ഈ കുടുംബത്തിന്റെയും പാവപ്പെട്ട അവരുടെ കുട്ടികളുടെയും മനോവേദനക്ക് പരിഹാരവുമായി കടന്നു വന്ന ആ മനുഷ്യ സ്നേഹിയാണ് എന്റെ കൂടെയുള്ള ഫോട്ടോയിൽ. മേടിപ്പാറ സ്വദേശി കളപ്പാട്ടിൽ അബ്ദുൽ ഖാദർ സാഹിബ്‌... പടച്ച തമ്പുരാൻ അദ്ദേഹത്തിന്റെ ഈ വലിയ മനസ്സിന് ഇഹലോകത്തും പരലോകത്തും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. ഇനിയും ഇത്തരം നന്മകൾ ചെയ്യാൻ അദ്ദേഹത്തിന് സർവ്വ ഐശ്വര്യങ്ങളും ദൈവം നൽകുമാറാവട്ടെ എന്നും പ്രാർത്ഥിക്കുന്നു.
സന്തോഷ പൂർവ്വം,
ഫൈസൽ എടശ്ശേരി

01/06/2021

പുതിയൊരു അദ്ധ്യയന വർഷത്തിന് കൂടി തുടക്കമാവുന്നു.. മഹാമാരിയോട് പൊരുതുന്ന ലോകത്തിനൊപ്പം അതിജീവനത്തിന്റെ പുതിയ പാഠഭാഗങ്ങൾ അഭ്യസിക്കാൻ നമ്മുടെ കുട്ടികളും പ്രാപ്തരാവുകയാണ്. നിറമുള്ള സ്വപ്നങ്ങളുമായി പുതിയ അറിവാരവങ്ങളിലേക്ക് വെർച്വൽ പ്രവേശനോത്സവത്തിന്റെ നാവ്യാനുഭവം നുകരുന്ന എല്ലാ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്കും എന്റെ പ്രാർത്ഥനാ നിർഭരമായ സ്നേഹാശംസകൾ...
ഫൈസൽ എടശ്ശേരി

Photos from Faizal Edasseri's post 31/05/2021

തിരുനാവായ - തവനൂർ മേൽപ്പാലം ഉടൻ യാഥാർഥ്യമാകുമെന്ന് പ്രതീക്ഷ
🔸🔸🔸🔸🔸🔸🔸🔸🔸
നിർദ്ധിഷ്ട തിരുനാവായ - തവനൂർ മേൽപ്പാലത്തിന് ഭൂമി വിട്ടു നൽകിയവർക്ക് ഉടൻ തുക നൽകുമെന്ന് ബഹു. മലപ്പുറം ജില്ലാ കളക്ടർ ശ്രീ കെ. ഗോപാലകൃഷ്ണൻ IAS പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ തിരുനാവായ ഡിവിഷൻ മെമ്പറെന്ന നിലയിൽ ഇത് സംബന്ധിച്ച് ഇന്ന് കളക്ടറുടെ ചേമ്പറിലെത്തി കത്ത് നൽകിയപ്പോഴാണ് ഇക്കാര്യം ഉറപ്പ് നൽകിയത്. ഭൂവുടമകൾക്ക് എത്രയും വേഗം തുക ലഭ്യമാക്കണമെന്നും ടെൻഡർ നടപടികൾ ത്വരിതപ്പെടുത്തുന്നതിനുള്ള അടിയന്തിര ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഇന്ന് ബഹു. കളക്ടർക്ക് കത്ത് നൽകിയത്. ഉടൻ തന്നെ കളക്ടർ ഈ കത്തിന്മേൽ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ലാൻഡ് അക്ക്വിസിഷൻ ഡെപ്യൂട്ടി കളക്ടർക്ക് നിർദേശം നൽകി.ഭൂവുടമകൾക്ക് നൽകാനുള്ള തുക ആർ.ബി.ഡി.സി ജില്ലാ കളക്ടറുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിട്ടുണ്ട്. ആക്വസിഷൻ നടപടികളുമായി ബന്ധപ്പെട്ട തുക വിതരണം പൂർത്തിയായാൽ ഉടൻ തന്നെ പ്രവർത്തി ടെൻഡർ ചെയ്യാനാകും. 10 വർഷം മുൻപ് ഭരണാനുമതിയായ ഈ പാലത്തിനു സി. മമ്മുട്ടി എം. എൽ. എ യുടെ ഇടപെടലിനെ തുടർന്ന് ഉമ്മൻ ചാണ്ടി സർക്കാർ 2014 ൽ 49 കോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നെങ്കിലും തവനൂർ ഭാഗത്ത് സ്ഥലമെടുപ്പ് പൂർത്തിയാവാത്തതിനാൽ നീണ്ടു പോയി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 50 കോടി രൂപ കിഫ്‌ബി മുഖേന വകയിരുത്തിയിട്ടുണ്ട്. തിരൂർ, തവനൂർ MLA മാരുടെ പ്രത്യേക ശ്രദ്ധ ഉണ്ടായാൽ ഈ പാലം ഉടൻ യഥാർഥ്യമാവുക തന്നെ ചെയ്യും.
# ഫൈസൽ എടശ്ശേരി #

Telephone

Website