Dr Sandhya GI

Dr Sandhya GI

I am Dr Sandhya GI, a Public Health Specialist. This is a platform for discussing health and social

10/04/2023

ഫേസ്ബുക്കില് ഞാൻ സ്ഥിരമായിനോക്കുന്ന പ്രൊഫൈലാണ് മുതുകാട് സാറിന്റെത്. ആശംസകൾ പ്രിയപ്പെട്ട Gopinath Muthukad

59 വർഷങ്ങൾക്ക് മുമ്പ് എന്നെ ചേർത്തുപിടിച്ച അമ്മയുടെ കൈകൾ ഇന്ന് രാവിലെ 10.10 ന് TIMESWORLD (പ്രിയപ്പെട്ട ടോമിയും ഷൈലയും) സമ്മാനിക്കുന്ന പുതിയ website (www.muthukad.com) switch on ചെയ്യുന്നു. നിറഞ്ഞ സന്തോഷം...

06/04/2023

രാവിലെ കഴിക്കാൻ ഓട്ട്സും കോൺഫ്ലേക്ക്സുമൊക്കെ ഭയങ്കരസംഭവമാണെന്ന് കരുതുന്ന ഒരു പാട് പേരുണ്ട്... പല വീടുകളിലും കോൺഫ്ലേക്ക് സ്ആണ് പിള്ളേരുടെ മൂന്ന് നേരത്തേയും ആഹാരം..

വിവരമില്ലായ്മയും പണവും ഒരുമിച്ച് ചേർന്നാലുണ്ടാകുന്ന ദുരന്തങ്ങളുണ്ട്. അതിലൊന്നാണ് breakfast ദുരന്തം..

കോൺഫ്ലേക്ക്സിനെക്കാൾ ഭേദം ഓട്സാണ്. 100 gm രണ്ടും എടുത്താല് കോൺഫ്ലേക്ക്സിനെക്കാളും പ്രോട്ടീൻ ഓട്ട്സിലുണ്ട്.

നല്ല കിടിലം പ്രഭാത ഭക്ഷണത്തിന് പേര്കേട്ടനാടാണ് കേരളം ..ഗുണസമ്പുഷ്ടമാണ് അവയൊക്കെ ...അവയിൽ ചിലത്

പുട്ടും കടലക്കറിയും...
ഇഡലിയുംസാമ്പാറും
അപ്പവുംമുട്ടക്കറിയും
ഇടിയപ്പംമുട്ടക്കറി
ചപ്പാത്തി ചിക്കൻ
പുട്ടുംപയറും
ദോശയും സാമ്പാറും

(മുറ്റത്തെ മുല്ലക്ക്മണമില്ല എന്നാരാണ്ട് പറഞ്ഞിട്ടുണ്ട്)

ഇതിൻ്റെയൊന്നും അടുത്ത് വരില്ല ഓട്സും കോൺഫ്ലേക്ക്സുമൊന്നും-ഗുണത്തിലും രുചിയിലും..

Breakfast പോലെ കച്ചവടസാധ്യതയുള്ള ഒന്ന് വേറെയില്ല.ആളുകളെ പറഞ്ഞ് പറ്റിച്ച് വിലയേറിയ പാക്കറ്റ്ഫുഡ് വാങ്ങിതീറ്റിക്കുന്നതും കച്ചവടമാണ്..

ഇതെല്ലാം വായിച്ച് ഓട്സ്...കോൺഫ്ലേക്ക് സ് മുതലാളിമാര് പിണങ്ങരുത്. ഓട്സും കോൺഫ്ലേക്ക്സുമൊക്കെ മോശംഎന്നല്ല.. സാമ്പത്തികമായി മുന്നോട്ട്നിൽക്കാത്തമലയാളികള് ഓട്സ് വാങ്ങി കഷ്ടപ്പെടണ്ട എന്നോർത്ത് എഴുതിയതാണ്..മുതലാളിമാര് ക്ഷമിക്കണം

ഓട്സിനും കോൺഫ്ലേക്ക്സുമൊക്കെ നമ്മുടെ അടുക്കള ജോലിഭാരം കുറക്കും എന്നത് സത്യമാണ്.ജോലിക്ക് പോകുന്നവർക്ക് ഇതെല്ലാം സൗകര്യപ്രദമാണ്.അതുകൊണ്ട് ഓട്സ് നിർബന്ധമാണെങ്കിൽ കൂടെ കുറച്ച് കടലയോ പയറോ മുട്ടയോ കപ്പലണ്ടിയോഒക്കെ ചേർത്ത്കഴിക്കുക.

(ദിവസവും അഞ്ചംഗകുടുംബത്തിൻ്റെ പ്രഭാതഭക്ഷണം ഓട്സ് പുട്ടുംഏത്തപ്പഴവും ആണെന്ന് സന്തോഷത്തോടെ പറഞ്ഞ ദാരിദ്ര്യദുഖം സ്ഥിരമായി അനുഭവിക്കുന്ന പ്രിയപ്പെട്ട സുഹൃത്തിന് പോസ്റ്റ് സമർപ്പിക്കുന്നു...)

29/03/2023

വളരെ വിഷമം തോന്നിയ മരണമാണ് കഴിഞ്ഞദിവസം 23 വയസ് പ്രായമുള്ള യുവാവ് ചിക്കൻ പോക്സ് വന്ന് മരിച്ചത്..

ചിക്കൻപോക്സ് രോഗം ഉണ്ടാകുന്നത് വൈറസ് കാരണമാണ്.. അതിന് ഫല പ്രദമായ ചികിത്സ മോഡേൺ മെഡിസിനിൽ ഉണ്ട്..

ചിലസമയത്ത് ചിക്കൻപോക്സ് അപകടകരമാകാം.. അത്കൊണ്ട്തന്നെ നിസാരമെന്ന് കരുതി വീട്ടിൽവച്ചുകൊണ്ടിരിക്കരുത്.

27/03/2023

കഷ്ടമാണ് ...വളരെ കഷ്ടമാണ്.

കേരളത്തില് ഹൃദയരോഗികൾ ഒരുപാടുണ്ട്.. പലരും മരുന്ന് കഴിച്ച് ജീവിക്കുകയാണ്.. പലരുടേയും രോഗം കണ്ടുപിടിച്ചിട്ടു പോലുമില്ല..

ഒരു പാട് അധികാരമുള്ള ജോലിയാണ് പോലീസിൻ്റേത്... മനുഷ്യ ജീവനുകൾക്ക് ഒരു പാട് സഹായംചെയ്യാനും അതേസമയം അധികാരം ദുരുപയോഗം ചെയ്താൽ ജനജീവിതം ദുരിതത്തിലാക്കാനും പോലീസിന് കഴിയും...

നിങ്ങൾ മനുഷ്യരോട് ഇടപെഴകുമ്പോൾ അറിയേണ്ടത് അതിൽ പലരും രോഗികളാകാം... ഒന്ന് ഭയപ്പെടുത്തിയാൽ പോലും മാനസിക സമ്മർദ്ദത്തിൽപ്പെട്ട് അമിതമായ രക്തസമ്മർദ്ദംഉണ്ടാകാം ഹൃദയാഘാതം ഉണ്ടാകാം.. അടഞ്ഞ മുറികൾ പോലും പലരിലും അമിതമാനസിക സമ്മർദ്ദങ്ങൾ ഉണ്ടാകാം..

മനുഷ്യരോട് മര്യാദക്ക് പെരുമാറാൻ എല്ലാതൊഴിലാളികളും അറിഞ്ഞിരിക്കണം..
അത് പോലീസായാലും ഡോക്ടറായാലും ആരായാലും...
അനാഥമായ ആ കുടുംബത്തെയോർത്ത് ദുഖം തോന്നുന്നു...

26/03/2023

ഇന്ന് ഞായറാഴ്ച വ്യത്യസ്തമായ വിഷയം എഴുതാം..

സോഷ്യൽ മീഡിയയിൽ ശ്രദ്ധിച്ചാൽ അറിയാം..വെറുപ്പ് വാരിവിതറുന്ന ഒരു പാട്പേരുണ്ട്..

സത്യത്തിൽ ഈ ചെറിയജീവിതത്തിൽ മറ്റുള്ളവരോട് വെറുപ്പ് കൊണ്ട് നടക്കേണ്ട ആവശ്യം ഉണ്ടോ?

ജീവിതത്തിൽ നമുക്ക് യോജിക്കാത്തവരോട് അകന്ന് നിൽക്കാം..

പക്ഷെ വെറുക്കേണ്ട ആവശ്യം ഇല്ല....
കാരണംമറ്റൊരാളോടുള്ള വെറുപ്പ് നമ്മുടെ ഉള്ളിൽ സൃഷ്ടിക്കുന്നത് മാനസിക സമ്മർദ്ദമാണ്... നഷ്ടം നമുക്കാണ്.

അതുകൊണ്ട് വെറുതെ നമ്മളെന്തിന് നമ്മുടെ സന്തോഷം നശിപ്പിക്കുന്നു...

നമ്മളെ പിരിഞ്ഞുപോയവർ..
ചതിച്ചവർ....മറന്നു പോയവർ പോകട്ടെ.

പ്രാകിയിട്ടും കരഞ്ഞിട്ടും ആത്മഹത്യചെയ്തിട്ടും ആർക്ക് ഉപയോഗം...

വാശിയും വൈരാഗ്യവും നാശമുണ്ടാക്കുന്നത് നമുക്ക് തന്നെ....

മറ്റുള്ളവരെ വെറുതേവിടൂ...

എത്ര തളർന്നാലും കരകയറാനുള്ള വഴികൾ നോക്കൂ...അങ്ങനെയുള്ളവർക്ക് വേണ്ടിയുള്ളതാണ് ജീവിതം.

25/03/2023

എന്തെഴുതണം എന്ന് ആലോചിക്കുമ്പോൾ മുന്നിൽകിടക്കണത് കടല് പോലെ വിഷയങ്ങളാണ്..

1.skin- അല്ലേല് നമ്മുടെ ത്വക്ക് ഇനിയും മനസ്സിലായില്ലേല് തൊലി...

ഇതുപോലെ പറ്റിക്കപ്പെടണ വേറെ വിഷയം ഇല്ല എന്ന് തന്നെ പറയാൻ. വെളുക്കാൻ...തിളങ്ങാൻ..ചുളിവ് മാറാൻ ... എന്നൊക്കെപറഞ്ഞ് നടക്കുന്ന കച്ചവടങ്ങൾ ....

2.മുടി...
മുടി പോലെ ബിസിനസിന് പറ്റിയ വേറെ ഒന്നുണ്ടോ ..എനിക്കറിയില്ല....

കാച്ചിയ എണ്ണ... കാച്ചാത്ത എണ്ണ...സിറം...

പത്തുമാസത്തെശമ്പളം കിട്ടിയാലും ഇതൊന്നുംവാങ്ങാനുള്ള കാശ് തികയില്ല...

3.കരള് ....

സർക്കാരിന് വരുമാനം കൂട്ടാൻ ഇത്രയും ത്യാഗം സഹിക്കുന്ന വേറൊരു അവയവം ഉണ്ടോ?

അതിന് കഴിയുന്നത്രദുരിതം സമ്മാനിച്ചിട്ട്
കരള് സംരക്ഷണം എന്നുംപറഞ്ഞ് എന്തൊക്കെ സംഭവങ്ങളാണ് ഗുളികരൂപത്തിലും മരുന്ന് രൂപത്തിലും അകത്താക്കുന്നത്.. !

4.ഇനി പാവം കിഡ്നി..അതിൻ്റെ കാര്യം കഷ്ടമാണ്... മനുഷ്യൻ്റെ വിവരമില്ലായ്മയുടെ ഫലം മുഴുവൻ അവിടെയാണ്...

എന്തെഴുതണം... എവിടെന്ന് തുടങ്ങണം..

എന്നാല് നിങ്ങൾതന്നെ പറഞ്ഞേ....എന്തെഴുതണം... ??

24/03/2023

രോഗം വരാതിരിക്കാൻ കഴിയുമോ?

എനിക്ക് കിട്ടിയ ഒരു ചോദ്യമാണ്.

രോഗങ്ങൾ വരാതിരിക്കണമെങ്കിൽ രോഗം എന്തുകൊണ്ട് വരുന്നു എന്ന് അറിയണം..
രോഗം വരുത്തുന്നതിന് കാരണമായ ഘടകങ്ങൾ അഥവാ റിസ്ക് ഫാക്ടേഴ്സ് എല്ലാ രോഗങ്ങൾക്കുമുണ്ട്.

മോഡേൺമെഡിസിൻ രോഗത്തിന് കാരണക്കാരായ ഘടകങ്ങളെകണ്ടുപിടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്..

ഒരുപരിധിവരെ വിജയിച്ചു എന്നുതന്നെപറയാം..

നമുക്ക് വ്യക്തമായും ഇന്നറിയാം... എന്തുകൊണ്ട് രോഗങ്ങൾ വരുന്നുഎന്ന്?

എന്ത്കൊണ്ടുരോഗങ്ങൾവരുന്നു എന്ന്അറിഞ്ഞ് കഴിയുമ്പോൾ എങ്ങനെരോഗങ്ങൾ തടുക്കാൻ കഴിയാം എന്ന് മനസ്സിലാകും..

ആരോഗ്യകരമായ ജീവിതത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവ...

പലരുടേയും വിചാരം മോഡേൺ മെഡിസിനിലെ ഡോക്ടർമാരുടെ ജോലി രോഗം വന്നാൽ ചികിത്സിക്കുക എന്നതുമാത്രമാണ് എന്നാണ്.
വാസ്തവത്തിൽ രോഗം വരാതെനോക്കുകയും മോഡേൺ മെഡിസിൻ്റെ ഭാഗമാണ്.

23/03/2023

പേജ് ഫോളോ ചെയ്യുന്നവരുടെ എണ്ണം വളരെ പെട്ടെന്നാണ് കൂടുന്നത്. എഴുത്ത് കൂടുതൽ കൂടുതൽ ആളുകളിലെത്തുന്നതിൽ സന്തോഷമേ ഉള്ളൂ....

എല്ലാ ഫോളോവേഴ്സിനും നന്ദി...

22/03/2023

ഒരാൾക്ക് എത്ര പ്രോട്ടീൻ വേണം..

1. ഒരാൾക്ക് ദിവസവും 0.8-1gm/kgbodywt പ്രോട്ടീൻ വേണം .ലളിതമായി പറഞ്ഞാല് നിങ്ങൾക്ക് എത്ര കിലോ ശരീരഭാരം ഉണ്ട് അത്രയും ഗ്രാം പ്രോട്ടീൻ ഒരു ദിവസം വേണം..
അതായത് 75 കിലോ ഉള്ള ആൾക്ക് ഏകദേശം 60-75gm വരെ.. ദിവസവും വേണം..

2. നല്ല വ്യായാമം ചെയ്യുന്ന ആൾക്ക് 1.1-1.3gm/kgbodywt വരെ ആകാം..അതായത് 75 കിലോ തൂക്കമുള്ള ആൾക്ക് 97gm പ്രോട്ടീനൊക്കെ ദിവസം കഴിക്കാം

3. ഇനി നിങ്ങൾ മസിലൊക്കെ പെരുപ്പിക്കാനായി ഭീകരമായി വ്യായാമം ചെയ്യുകയാണേല് 1.7gm/ kgbodywt ഒക്കെ ആകാം.. എത്രയെന്നത് അറിയാൻ നിങ്ങളുടെ ശരീരഭാരത്തിനെ 1.7gm വച്ച് ഗുണിച്ചുനോക്കുക.

ഇനി പറയുന്നത് അമിത പ്രോട്ടീൻ എന്നതിനെ കുറിച്ചാണ്.

4. നിങ്ങൾ ഒരു ദിവസം2gm/kgwt
ൽ കൂടുതലാണേല് പ്രോട്ടീൻ കഴിക്കുന്നതെങ്കിൽ അമിതമാണ്...അതായത് 75 കിലോ ശരീരഭാരമുള്ള ഒരാൾ ഒരു ദിവസം 150gmൽ കൂടുതലാണ് കഴിക്കുന്നതെങ്കിൽ പ്രോട്ടിൻ്റെ അളവ് കൂടുതലാണ്...

ജിം ട്രെയ്നേഴ്സ് 1.7gm/kgbodywt ൽ കൂടുതൽ പ്രോട്ടീൻ കഴിക്കാൻ ഉപദേശിക്കരുത് എന്നാണ് എന്റെ അഭിപ്രായം.

അമിതപ്രോട്ടീൻ പല പ്രശ്നങ്ങളും ഉണ്ടാക്കും..അവയിൽ ചിലത് പറയാം..

1.അളവിൽ കൂടുതൽ പ്രോട്ടീൻ ഫാറ്റായിമാറി വണ്ണം വയ്ക്കാൻ കാരണമാകും....

2.മൂത്രത്തിലൂടെ കാൽസ്യം കൂടുതൽ പോകുന്നുഎന്ന് പഠനങ്ങൾഉണ്ട്.. (protein induced hypercalciuria)

3. എല്ലുകൾക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നു.അതായത് എല്ലുകളുടെ ശക്തി കുറയുന്നതിന് കാരണമാകുന്നു.. (osteoporosis)

4.അമിത പ്രോട്ടിൻ മലബന്ധത്തിന് കാരണമാകുന്നു..

5. കിഡ്നിക്ക് പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്.. കിഡ്നിയില് കല്ല് ഉണ്ടാകുന്നുണ്ട്.പ്രത്യേകിച്ചും ആരോഗ്യമുള്ള കിഡ്നി അല്ലെങ്കിൽ...

6. അനിമൽ പ്രോട്ടിൻ അതായത് ഇറച്ചി കൂടുതൽ കഴിക്കുമ്പോൾ യൂറിക്കാസിഡ് രക്തത്തില് കൂടുന്നുണ്ട്..

ഇതെല്ലാം എല്ലാവരിലും ഒരേപോലെ ആകണമെന്നില്ല.. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം..പ്രായം ഇതെല്ലാം ഘടകങ്ങളാണ്..

ഇഷ്ടം പോലെ പ്രോട്ടീൻ പൗഡറും പ്രോട്ടീൻബിസ്കറ്റും പ്രോട്ടീൻബാറും കഴിക്കുന്നവർ ശ്രദ്ധിക്കാനാണ് എഴുതിയത്. ഇതെല്ലാം അളന്ന് കഴിക്കുക..

പ്രോട്ടീൻ എല്ലാ ദിവസവും ആവശ്യത്തിന് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഞായറാഴ്ച ഒരാഴ്ചത്തേക്കുള്ള പ്രോട്ടീൻ കഴിക്കാമെന്നൊന്നും ആരും വിചാരിക്കരുത്..പ്രോട്ടീൻ ശരീരം സൂക്ഷിച്ച് വയ്ക്കില്ല... അതുകൊണ്ട് എല്ലാ ദിവസവും ഭക്ഷണം ശ്രദ്ധിക്കുക..

20/03/2023

നമ്മുടെ ശരീരത്തിനെ ഒരു ഫാക്ടറിയായി സങ്കൽപ്പിച്ചാൽ കരളും വൃക്കയും ഹൃദയവും മാത്രമല്ല എല്ലാ അവയവങ്ങളും അതിലെ തൊഴിലാളികൾ തന്നെയാണ്.പറഞ്ഞുവന്നത് വേറൊന്നുമല്ല എല്ലുമുറിയെ പണിയെടുത്തിട്ടാണ് കിഡ്നിയായാലും കരളായാലും ഹൃദയമായാലും ശ്വാസകോശമായാലും തലച്ചോറായാലും ജീവിക്കുന്നത്...

വിശക്കുന്നേ...വിശക്കുന്നേ എന്നുംപറഞ്ഞ് നിങ്ങള് കയ്യിൽ കിട്ടുന്നതൊക്കെ വയറിലേക്ക് എറിഞ്ഞുകൊടുത്താല് കഷ്ടപ്പാട് പാവം കരളിനും വൃക്കക്കുമൊക്കെതന്നെയാണ് ... ജോലിഭാരം കൂടിയാല് തൊഴിലാളികള് പണിമുടക്കും....ഫാക്ടറി അടച്ചുപൂടും..

പ്രോട്ടീൻ അമിതമായാൽ കുഴപ്പമാണോ എന്ന് ചോദിക്കുന്നവരോട് അമിതമായാൽ പ്രോട്ടീൻമാത്രമല്ല സകലതും കുഴപ്പമാണ്.. കേട്ടിട്ടില്ലേ അമിതമായാൽ അമൃതും വിഷമാണെന്ന് ..

19/03/2023

പ്രോട്ടീനിനെ കുറിച്ച് കൂടുതൽ എഴുതാം എന്ന് പറഞ്ഞിട്ട് മുങ്ങിയ ആളാണ് ഞാൻ ... ഏതായാലും ഇന്ന് എഴുതാം..

1. ഏറ്റവും നല്ല പ്രോട്ടീനാണ് മുട്ടയിലുള്ളത്.. അതുകൊണ്ട്.. ദിവസം ഒന്നോ രണ്ടോ മുട്ട കഴിക്കാം..മുട്ടവെള്ള കൂടുതൽ കഴിക്കാം..വെജിറ്റേറിയൻസ് മുട്ട കഴിയുമെങ്കിൽ കഴിക്കുന്നത് നല്ലതാണ്.

2. മാംസാഹാരത്തിൽ നിന്നും സസ്യആഹാരത്തിൽ നിന്നും പ്രോട്ടീൻ കിട്ടും.. മികച്ച പ്രോട്ടീനുകൾ മാംസാഹാരത്തിലാണ്.

3.പയറ്,കടല,ഉഴുന്ന് തുടങ്ങിയവയിലൊക്കെ പ്രോട്ടീനുണ്ട്.പക്ഷെ ചില അമിനോആസിഡുകൾ ഇല്ല...

4. ആവശ്യത്തിന് പ്രോട്ടീൻ കിട്ടാൻ മീനും ചിക്കനും മുട്ടയും പാലും ഭക്ഷണത്തില് ഉപയോഗിച്ചാൽ മതി..

5. ചിക്കൻ കഴിക്കാത്തവർക്ക് മീൻ മാത്രം മതിയാകും.. ഇതൊന്നും കഴിക്കാത്തവർ പയറുപരിപ്പ് കടല മുട്ടപാല്...ഇങ്ങനെയുള്ളവ കഴിക്കാം..

7. എല്ലാ ദിവസവും പ്രോട്ടീൻ അടങ്ങിയഭക്ഷണം കഴിക്കണം.. ഇന്നത്തെപ്രോട്ടീൻ ശരീരത്തിൽ ഭാവിയിലത്തേക്ക് സൂക്ഷിച്ച് വയ്ക്കാറില്ല.

8. ഭക്ഷണത്തിൽ മാസാഹാരത്തിൽ നിന്നും സസ്യാഹാരത്തിൽ നിന്നുമുള്ള പ്രോട്ടീൻ ഉൾപ്പെടുത്തുന്നതാണ് നല്ലത്...

6. പ്രോട്ടീൻആവശ്യത്തിൽ കൂടുന്നതും അപകടകരമാണ്...

24/02/2023

കഴിഞ്ഞ ദിവസത്തെ പോസ്റ്റ് വായിച്ചപ്പോൾ പലരും ചോദിച്ചു.
എന്താണ് പ്രോട്ടീൻ എന്ന് ..

സത്യത്തിൽ എനിക്ക് സന്തോഷമായി.. ഇത്തരം ചോദ്യങ്ങളാണ് എഴുതാനുള്ള എൻ്റെ ഊർജ്ജം

പ്രോട്ടീൻ അറിഞ്ഞിരിക്കേണ്ടത് ....

1. നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു പോഷക വസ്തുവാണ് പ്രോട്ടീൻ

2.പ്രധാനമായും
ശരീര നിർമ്മാണം അതായത് -body building ആണ് അതിൻ്റെ തൊഴിൽ

3. പ്രോട്ടീൻ ശരീരത്തിൻ്റെ കോശങ്ങളെ ശരിയായ വിധത്തിൽ സംരക്ഷിക്കുന്നു.

4. നമ്മുടെ ശരീരത്തിൻ്റെ ഇമ്മ്യൂണിറ്റിക്ക് ആവശ്യമായ ആൻ്റിബോഡി,എൻസൈമുകൾ ഹോർമോണുകൾ ഇവ നിർമ്മിക്കാൻ പ്രോട്ടീൻ ആവശ്യമാണ്.

5. അമിനോ ആസിഡാണ് പ്രോട്ടിന്റെ ഘടകങ്ങൾ.അതായത് കുറെ അമിനോ ആസിഡ് ചേരുന്നതാണ് പ്രോട്ടീൻ
നമ്മുടെ ശരീരകോശങ്ങൾ ഉണ്ടാക്കാൻ ഈ അമിനോ ആസിഡുകൾ ആവശ്യമാണ്.
അമിനോ ആസിഡുകൾ പ്രധാനമായും രണ്ടുതരമാണ്. എസെൻഷ്യൽ അമിനോ ആസിഡും നോൺ എസെൻഷ്യൽ അമിനോആസിഡും

എസൻഷ്യൽഅവിനോ ആസിഡ് ഭക്ഷണത്തിലൂടെ തന്നെ കിട്ടണം..
നോൺ എസൻഷ്യൽ അമിനോ ആസിഡ് ശരീരം ഉണ്ടാക്കുന്നു...

ഏത് തരം പ്രോട്ടിനാണ് നമ്മുടെ ശരീരത്തിന് നല്ലത് , അത് കിട്ടുന്ന ഭക്ഷണം ഏതൊക്കെയാണ് എന്ന് നാളെഎഴുതാം.

22/02/2023

പുട്ടും പഴവും...

സത്യം പറഞ്ഞാൽ എനിക്ക് ഇത്രയും ഇഷ്ടമുള്ള ഒരു ഭക്ഷണം വേറെയില്ല... ഒരുപക്ഷെ മൂന്ന്നേരം പുട്ടും പഴവും തന്നാലും ഞാൻകഴിക്കും..

ചെറിയ കുട്ടിയായിരുന്നപ്പോൾ എൻ്റെ അമ്മ രാവിലെ ഉണ്ടാക്കാൻ എളുപ്പമായതിനാലാകും എല്ലാദിവസവും എനിക്ക് പുട്ടും പഴവും തന്നിരുന്നത്... പലദിവസങ്ങളിലും ഉച്ചക്ക് ചോറുപാത്രത്തിലും പുട്ടുംപഴവുമായിരുന്നു... എനിക്കും ഭയങ്കര സന്തോഷം..

മെഡിക്കൽ കോളേജിൽ പഠിക്കുന്നനാളുകളിലാണ് കഴിക്കുന്ന ഭക്ഷണത്തിൽ എന്താണ് എന്നുള്ളതിനെ കുറിച്ച് ആലോചിക്കാൻ തുടങ്ങിയത്. പുട്ട് അരി ആയാലും ഗോതമ്പ് ആയാലും ആകെ ഉള്ളത് അന്നജം അഥവാ കാർബോഹൈഡ്രേറ്റ് ആണ്.. പഴത്തിലും ഉള്ളത് കാർബോഹൈഡ്രേറ്റ് ആണ്..

ഇതേ അവസ്ഥ തന്നെയാണ് ഉപ്പുമാവും പഴവും.. ഉപ്പ്മാവിൽ ക്യാരറ്റും ബീൻസും കപ്പലണ്ടിയും ഉഴുന്നുപരിപ്പും ഒക്കെ ഇടുമ്പോൾ പ്രോട്ടീൻ കിട്ടുന്നുണ്ട്...അല്ലെങ്കിൽ ഉപ്പുമാവിലും അന്നജം മാത്രം.. ഇതുപോലെ തന്നെയാണ് അപ്പവും ഉരുളകിഴങ്ങുകറിയും.... നിറച്ചും കാർബോഹൈഡ്രേറ്റ് ആണ്..

ഇനി പുട്ടിൻ്റെകൂടെ കടലയോ പയറോ ചിക്കനോ ബീഫോ മീൻ കറിയോ ആണെങ്കിൽ അത് ഒരു സമീകൃത ആഹാരമായി...

നമ്മുടെ ശരീരത്തിൻ്റെ വളർച്ചക്ക് കാർബോഹൈഡ്രേറ്റിൻ്റെ കൂടെ പ്രോട്ടീനും വേണം... ഭക്ഷണം പാചകംചെയ്യുന്നവർ രുചിയോടൊപ്പം ഗുണവും ശ്രദ്ധിക്കണം..

ചൊട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ... പുട്ടും കടലക്കറിയും മുന്നിലിരുന്നാലും പഴം കണ്ടാൽ ഞാൻ പുട്ടും പഴവുമേ കഴിക്കൂ.. ഇപ്പോൾ ഞാൻ വേറൊരു വഴികണ്ടു പിടിച്ചു.. കുറച്ച് കടല വേവിച്ച് അത് മാത്രം കഴിക്കും.. പിന്നീട് പുട്ടും പഴവും..എനിക്ക് പ്രോട്ടീനും കിട്ടി...സന്തോഷവും കിട്ടി..

കുഞ്ഞുങ്ങളെ ആരോഗ്യകരമായ ആഹാരശീലം ഉണ്ടാക്കിയെടുക്കേണ്ടതിൻ്റെ ആവശ്യകത മനസ്സിലാക്കാനാണ് ഞാനെൻ്റെ പുട്ടും പഴവും പ്രേമത്തെ കുറിച്ച് എഴുതിയത്.. വളരെ അനാരോഗ്യകരമായ ആഹാരശൈലി ആയിരുന്നു എന്റേത് എന്നത് വളർന്നതിന് ശേഷമാണ് ഞാൻ മനസ്സിലാക്കിയത്. ആരോഗ്യമുള്ള ഒരു തലമുറ വാർത്തെടുക്കുന്നതിൽ ആഹാരത്തിന് വലിയ പങ്ക് ഉണ്ട്..

21/02/2023

പുട്ടും പഴവും സാധാരണ പല വീടുകളിലും കുഞ്ഞുങ്ങൾക്ക് പ്രഭാത ഭക്ഷണമായി കൊടുക്കാറുണ്ട്.

ഈ ഭക്ഷണത്തിൻ്റെ പോഷകമൂല്യത്തിനെ കുറിച്ച് എന്താണ് അഭിപ്രായം?

19/02/2023

മോഡേൺ മെഡിസിനിലെ ഡോക്ടറെ കാണാൻ പോകുന്ന രോഗി ചോദിക്കുന്ന ഒരു ചോദ്യം ..

ഡോക്ടറെ.. ഞാൻ മുട്ടുവേദനയ്ക്ക് കഷായം കുടിക്കുന്നു. എനിക്ക് അതിൻ്റെകൂടെ പ്രഷറിൻ്റെ ഗുളിക കഴിക്കാമോ?

ഇവിടെ രോഗി പ്രതീക്ഷിക്കുന്നത് ഡോക്ടറിൽ നിന്ന് Yes or No മറുപടിയാണ്.. പക്ഷെ ഒരു നല്ല ഡോക്ടർക്ക് ഈ രണ്ടു മറുപടിയും പറയാൻ കഴിയില്ല.. അറിയില്ല... എന്ന മറുപടി മാത്രമേ പറയാൻ കഴിയൂ...കാരണം രോഗി കഴിക്കുന്ന ആയുർവേദമരുന്നിൽ എന്താണ് അടങ്ങിയിട്ടുള്ളതെന്ന് മോഡേൺ മെഡിസിനിലെ ഡോക്ടർക്കറിയില്ല ...

18/02/2023

Post reach കുറഞ്ഞു engagement കുറഞ്ഞു എന്നൊക്കെ പറഞ്ഞ് സുക്കറ് മുതലാളി എൻ്റെ FB പേജില് ചുറ്റി കറങ്ങണത് ഈയിടയായിട്ട് കൂടിയിട്ടുണ്ട്.ചില്ലറ വല്ലതും കൊടുത്താല് മുതലാളി വേണ്ട പോലെ പരിഗണിച്ച് എല്ലാ കുറവും നികത്തി എന്നെ അനുഗ്രഹിക്കാമെന്ന്..

മൊതലാളിയോട് നേരിട്ട് പറയാൻ പറ്റാത്തത് കൊണ്ട് പേജില് എഴുതാമെന്ന് കരുതി.

നാലഞ്ചുകൊല്ലംമുമ്പ് FB അക്കൗണ്ട് തുടങ്ങി അതിൽ എഴുതിതുടങ്ങിയപ്പോൾ വായനക്കാർ ഒന്നോ രണ്ടോ ആയിരുന്നു. ഇന്ന് ആ പ്രൊഫൈലിൽ എഴുതിയാൽ ഒട്ടുമിക്ക പോസ്റ്റുകൾക്കും ഒരു 400 ലൈക്കിൽ കുറയാതെ കിട്ടും..ഇതുവരെ ചാഞ്ഞും ചരിഞ്ഞും എഴുതിയിട്ടില്ല.. പറയേണ്ട കാര്യം നേരെചൊവ്വേ പറഞ്ഞിട്ടുണ്ട്.അത് സാമൂഹ്യവിഷയങ്ങൾ ആയാലും തൊഴിൽ മേഖലയായാലും.

പേജ് തുടങ്ങിയിട്ട് അധികം നാളായിട്ടില്ല... നാട്ടുകാര് പതുക്കെ പതുക്കെ അവർക്ക് താൽപര്യം ഉണ്ടെങ്കിൽ വായിച്ചോളും... അത് സുക്കറിന് കാശ് കൊടുത്തിട്ട് വേണ്ട...

16/02/2023

1. നമുക്ക് ചുറ്റുമുള്ള രോഗങ്ങളുടെ 50 % മെങ്കിലും അൽപമൊന്ന് ശ്രദ്ധിച്ചാൽ വരാതെ നോക്കാം..രോഗത്തിന് കാരണമായ risk factors എന്തെല്ലാമാണെന്ന് വ്യക്തമായ ധാരണയുണ്ട്.പല രോഗങ്ങളും തടയാൻ വാക്സിനേഷനും ഉണ്ട്..

2. ഇനി രോഗം പിടിപെട്ടാൽ ഏകദേശം 80% മെങ്കിലും നമുക്ക് ആരംഭത്തിലേ കണ്ടുപിടിക്കാവുന്നവയാണ്.

3. ആരംഭത്തിലേ കണ്ടുപിടിക്കാൻ കഴിയുന്നരോഗങ്ങളിൽ ഏകദേശം 80% പൂർണ്ണമായും ചികിത്സിച്ച് ഭേദപ്പെടുത്താൻ കഴിയുന്നതാണ്..

4. ചികിത്സിച്ച് മാറ്റാൻ കഴിയാത്ത രോഗങ്ങളിൽ ഏകദേശം 80% ത്തോളം രോഗത്തിൻ്റെ അവസ്ഥ ഗുരുതരമാകാതെ നോക്കാൻ കഴിയുന്ന മരുന്നുകൾ മോഡേൺ മെഡിസിനിൽ ഉണ്ട്.

5. ചികിത്സ കൊണ്ട് സുഖപ്പെടുത്താൻ കഴിയാത്ത രോഗങ്ങളുടെ വേദനയും കഷ്ടപ്പാടും കുറയ്ക്കുവാൻ പാലിയേറ്റീവ് ചികിത്സകൾ ഉണ്ട്...

15/02/2023

എല്ലാ രോഗങ്ങൾക്കും രോഗലക്ഷണം കാണണമെന്ന് നിർബന്ധമില്ല. മറ്റ് ചിലപ്പോൾ രോഗലക്ഷണങ്ങൾ വളരെ ചെറുതായിരിക്കാം..

പെട്ടെന്ന് കുഴഞ്ഞ് വീണ് മരിക്കുന്നതിൻ്റെ ഒരു പ്രധാന കാരണം ഹൃദയത്തിന് രക്തം നൽകുന്ന രക്തക്കുഴലിൻ്റെ ബ്ലോക്ക് ആണ്..

ഈ ബ്ലോക്ക് എന്നതിന് കാരണം.. രക്തകുഴലിൻ്റെ അകത്ത് കൊളസ്ട്രോളും മറ്റ് ചില സാധനങ്ങളും അടിഞ്ഞ് കൂടുന്നതാണ്.. ഇതിൻ്റെയെല്ലാം ഫലമായി ഹൃദയത്തിന് രക്തം കിട്ടുന്നില്ല.. മരണവും സംഭവിക്കുന്നു...

ഇവിടെ ബ്ലോക്ക് ചെറുതാണെങ്കിൽ വലിയ ലക്ഷണമുണ്ടാക്കുന്നില്ല... പക്ഷെ കാലം കഴിയുന്തോറും സ്റ്റെപ്പ് കയറുമ്പോൾ നെഞ്ച് വേദന ശ്വാസം മുടൽ.. തുടങ്ങിചെറിയ ചെറിയ ലക്ഷണങ്ങൾ കാണിച്ചിരിക്കാം..

ഇനി അമിത രക്തസമ്മർദ്ദം അഥവാ highBP , പ്രമേഹം ഈ അസുഖങ്ങളൊക്കെ പലപ്പോഴും ലക്ഷണങ്ങൾ കാണിക്കാറില്ല...
പക്ഷെ ഇവയെ അവഗണിച്ചാൽ ഇവയെല്ലാം ഹൃദയരോഗത്തിന് കാരണമാകുന്നു..

നമ്മൾ ഇന്ത്യക്കാർക്ക് ഹൃദയരോഗ സാധ്യത കൂടുതലാണ്.

പെട്ടന്ന് കുഴഞ്ഞ് വീണ് മരണം സംഭവിക്കുന്നത് ഒരു പരിധിവരെ തടയാൻ 35 വയസ് കഴിയുമ്പോൾ ചില പരിശോധനകൾ നല്ലതായിരിക്കും. ഹൃദയത്തിൻ്റെ കാര്യത്തിൽ ഒരു എക്കോയും
TMTയുമൊക്കെ രോഗമില്ലെങ്കിലും ചെയ്യാം..ചെറിയ പ്രശ്നങ്ങൾ തുടക്കത്തിലേ ചികിത്സിച്ച് മാറ്റാം..

മോഡേൺമെഡിസിനിൽ ഹൃദയരോഗങ്ങളുടെ ചികിത്സ രീതികൾ വളരെയധീകം പുരോഗമിച്ച് കഴിഞ്ഞു. ആൻജിയോ പ്ലാസ്റ്റിയും ബൈപാസ് സർജറിയുമൊക്കെ എത്ര ജീവനുകളെ ആണ് രക്ഷിച്ചിരിക്കുന്നത്.. 86 വയസുള്ള എൻ്റെ അച്ഛൻ ഇന്ന് സുഖമായി ജീവിക്കുന്നത് 13 വർഷം മുമ്പ് ബൈപാസ് സർജറി ചെയ്തത് കൊണ്ടുമാത്രമാണ്.

ആധുനിക ലോകത്ത് നമ്മൾ രോഗം വാതിൽക്കൽ വന്ന് തട്ടിവിളിക്കുന്നതും കാത്ത് നിൽക്കരുത്.. ശരീരത്തിനുള്ളിൽ ഒളിഞ്ഞ് കിടക്കുന്ന രോഗത്തെ അങ്ങോട്ട് അന്വേഷിച്ച് പോകണം.. ആധിപത്യം സ്ഥാപിച്ച് കഴിഞ്ഞാൽ പലപ്പോഴും ചില രോഗങ്ങൾ നമ്മെ വിട്ട് മാറില്ല ... അത്കൊണ്ട് ലക്ഷണങ്ങൾക്ക് കാത്ത് നിൽക്കാതെ എത്രയും നേരത്തേ രോഗത്തെ കണ്ടുപിടിക്കുക.

14/02/2023

ഈ പ്രണയദിനത്തിൽ പ്രണയത്തെപറ്റി പോസ്റ്റിട്ടില്ലെങ്കിലെന്നെകുറിച്ച് നിങ്ങൾ എന്ത് കരുതും...

ഏത് പ്രായത്തിലാണ് പ്രണയം തോന്നിതുടങ്ങുന്നത്? ഏത് പ്രായത്തിലാണ് പ്രണയം ആളികത്തുന്നത്? ഏത് പ്രായത്തിലാണ് പ്രണയം അവസാനിക്കുന്നത്?...

ഈ പ്രണയദിനത്തില് വേറിട്ട കുറെ ചിന്തകൾ എഴുതാം..

ലോകത്ത് ഏറ്റവും സുന്ദരമായ വികാരവും ലോകത്ത് ഏറ്റവും ദുരന്തം വിതക്കാൻ കഴിവുള്ള വികാരവും പ്രണയം തന്നെ..

എന്തുകൊണ്ട് സുന്ദരം..

പ്രണയം നമുക്ക് നൽകുന്ന സന്തോഷത്തിന് കണക്കില്ല.. പ്രണയിക്കുന്നവരെ ശ്രദ്ധിച്ചാലറിയാം... മായാലോകത്താണ് അവരിൽ മിക്കവരും.. ജീവിതത്തിൻ്റെ ഏറ്റവും സുന്ദര നിമിഷം തന്നെയാണത്.

ഇനി മറുവശം നോക്കാം 

മദ്യവും മയക്കുമരുന്നുമെല്ലാം സൃഷ്ടിക്കുന്ന നാശത്തേക്കാളേറെ നാശം പ്രണയത്തിന് വിതയ്ക്കാൻ കഴിയുമെന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല.. ചതിയുടെ ആദ്യ നോവറിയുന്നതും പക്വതയില്ലാത്ത പ്രണയം ജീവിതകാലം മുഴുവൻ സമ്മാനിക്കുന്ന ബന്ധനവുമെല്ലാം കെട്ടുകഥയല്ല..

ആത്മഹത്യ ചെയ്യുന്നവരും പ്രാകിയും കരഞ്ഞും ജീവിതം തള്ളി നീക്കുന്നവരും പ്രണയത്തിൻ്റെ ഇരകളാണ്. കൊല്ലുന്നവനും കൊല്ലപ്പെടുന്നവരും പ്രണയത്തിൻ്റെ ഇരകളാണ്..പ്രണയം മൂലം കാഴ്ചനഷ്ടപ്പെട്ടവരും കേൾവിനഷ്ടപ്പെട്ടവരും ചിന്താശക്തി നഷ്ടപ്പെടുന്നവരും നമുക്ക് ചുറ്റുമുണ്ട്..

ജീവിതത്തെ എല്ലാമേഖലയിലും പോലെ ബുദ്ധിയില്ലാത്തവരുടെയും ജീവിക്കാനറിയാത്തവരുടെയും കയ്യിൽ പ്രണയം ഒരുകൊലക്കയറാണ്. വികാരജീവിയുടെ കയ്യിൽ പ്രണയം എത്തപ്പെട്ടാൽ അതൊരു സ്ഫോടക വസ്തുവാണ് . സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്തവരുടെ കയ്യിൽ പ്രണയം വറ്റിയ കിണറുപോലെയാണ്..

പ്രണയത്തിൽ സാങ്കൽപിക ലോകത്ത് ജീവിക്കുന്നത് കൂടുതലും സ്ത്രീകളാണ്...സ്ത്രീ പുരോഗനം ഇല്ലാതിരുന്നകാലത്ത് പ്രണയത്തിൽ തേപ്പുപരിപാടി പുരുഷൻമാരുടെ കുലത്തൊഴിലായിരുന്നെങ്കിലും ഇപ്പോൾ സ്ത്രീകൾക്ക് തേപ്പ് വിഷയത്തിൽ കാര്യമായ പുരോഗതിയുണ്ട്..

ഏതായാലും ഈ പ്രണയദിനത്തിൽ പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ പോകുന്നവർക്കും പ്രണയദിന ആശംസകൾ

14/02/2023

സ്ഥിരമായി നമ്മൾ കേൾക്കുന്നത് പെട്ടെന്ന് കുഴഞ്ഞ് മരിക്കുന്നതിനെ കുറിച്ചാണ്..
യാതൊരുരോഗവുമില്ലാത്ത ആളുകൾ കുഴഞ്ഞ് മരിച്ചു... . ഇതാണ് പലപ്പോഴും ചർച്ചചെയ്യുന്നത്...

യാതൊരു രോഗവുമില്ല.. എന്ന് നമുക്ക് എങ്ങനെ പറയാൻ പറ്റും.. ഇല്ലാത്തത് രോഗ ലക്ഷണമാണ്.. പല രോഗങ്ങൾക്കും രോഗ ലക്ഷണങ്ങൾ ഇല്ല... അതുകൊണ്ട് രോഗം ഇല്ല എന്ന് നമ്മൾ ഉറപ്പിക്കുന്നു.. അവിടെയാണ് നമ്മുടെ കണക്ക് കൂട്ടൽ തെറ്റുന്നത്.

രോഗലക്ഷണം ഇല്ലാതെ രോഗം കാണുമോ?

നാളെ എഴുതാം…

11/02/2023

കഴിഞ്ഞ ദിവസത്തെ പോസ്റ്റ് കണ്ട് മുപ്പതോളം പേർ പേജ് ഫോളോ ചെയ്യാൻ തുടങ്ങി ...എല്ലാവർക്കും നന്ദി...

2023 ല് ഞാൻ ഫേസ്ബുക്കില് ഒരു ചുവട് മുന്നോട്ട് വച്ചു എന്ന് തന്നെ പറയാം.. സുഹൃത്തുക്കൾക്ക് മാത്രം കമൻ്റ് ചെയ്യാൻ കഴിഞ്ഞിരുന്ന FB പ്രൊഫൈലിൽ എഴുതണത് കുറച്ചിട്ട് FB പേജിലെഴുതാൻ തുടങ്ങി .. പേജില് ആർക്ക് വേണമെങ്കിലും കമൻ്റ് ചെയ്യാം..

തികച്ചും അപരിചിതരുടെ മുന്നിലാണ് നമ്മൾ പോസ്റ്റ് എഴുതുന്നത്.. അത് വായിക്കുന്നതും വായിക്കാതിരിക്കുന്നതും വായനക്കാരുടെ ഇഷ്ടം.. കമൻ്റുകൾക്ക് ഞാൻ കഴിയുന്നത്ര മറുപടി എഴുതാൻ ശ്രമിക്കാറുണ്ട്..

മെസഞ്ചറിൽ എനിക്ക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി മിക്കപ്പോഴും പറയാൻ കഴിയില്ല.. ഇടക്ക് വല്ലപ്പോഴും വളരെ അത്യാവശ്യം എന്ന് തോന്നുന്ന മെസേജുകൾക്ക് മറുപടി അയക്കും.. അതല്ലാതെ നിങ്ങളോരോരുത്തരും സ്നേഹത്തോടെ മെസഞ്ചറിൽ നൽകുന്ന പ്രോത്സാഹനത്തിന് മറുപടിഎഴുതാൻ കഴിയില്ല.. ഈ പോസ്റ്റ്എഴുതാൻ കാരണം ഇന്ന് കണ്ട മെസേജുകൾ ആണ്..ഇത് എല്ലാമെസേജുകൾക്കുമുള്ള മറുപടിയാണ്..

09/02/2023

പോസ്റ്റുകൾ ലൈക്ക് ചെയ്യുന്ന കൂട്ടത്തിൽ പേജും ഒന്ന് follow ചെയ്തേക്കണേ...

07/02/2023

ഒരാൾക്ക് അതി രക്തസമ്മർദ്ദം അഥവാ കൂടിയ BP ഉണ്ടോഎന്നറിയാൻ വിലകൂടിയ ടെസ്റ്റ് ഒന്നും വേണ്ട.. ഇടക്ക് ഒന്ന് ചെക്ക് ചെയ്താൽ മതി...

വല്ലപ്പോഴും BP ചെക്ക് ചെയ്യാറുണ്ടോ?

ഞാൻ എഴുതാൻകാരണം നമ്മുടെ ഹൃദയത്തിൻ്റെ ഏറ്റവും വലിയ ശത്രു BP കൂടുന്നതാണ്.. അതായത് കൂടിയ BP മരുന്ന് കഴിച്ച് കുറക്കാത്തപക്ഷം നിങ്ങൾക്ക് വരാൻപോകുന്നത് ഹൃദയരോഗങ്ങളാണ്..

BP ഒരു തുടക്കക്കാരനാണ്.. അതിന് പുറകിലൂടെ വരിവരിയായി രോഗങ്ങൾ വരുന്നുണ്ട്..

അതുകൊണ്ട് ഒരു 25 വയസ് കഴിഞ്ഞാല് വല്ലപ്പോഴും ഒന്ന് BP ചെക്ക് ചെയ്ത് നോക്കൂ..

06/02/2023

പൊതുവേ ഞാനെന്തെങ്കിലും ആരോഗ്യത്തെക്കുറിച്ചുള്ള പോസ്റ്റുകൾ എഴുതുമ്പോൾ സാധാരണ കാണാറുള്ള ചില കമൻ്റുകൾ ഇങ്ങനെയൊക്കെയാണ്..
"ഡോക്ടർമാർ കൈക്കൂലി വാങ്ങുന്നതിനെ പറ്റി താങ്കളുടെ അഭിപ്രായം എന്താണ്."
"ആരോഗ്യമേഖലയിലെ ചൂഷണത്തെപറ്റി താങ്കളുടെ അഭിപ്രായം എന്താണ്?"

"ആരോഗ്യരംഗത്തെ കച്ചവടവൽക്കരണത്തെപറ്റി താങ്കളുടെ അഭിപ്രായം എന്താണ്?"

ഇതിനെല്ലാംകൂടി ഒരുമിച്ച് മറുപടിപറയാം..

കൈക്കൂലി അത് ഡോക്ടറ് വാങ്ങിച്ചാലും പോലീസുകാര് വാങ്ങിയാലും പഞ്ചായത്താഫീസിലെ ക്ലർക്ക് വാങ്ങിയാലും തെറ്റാണ്.. ഏത് മേഖലയിലും ഇത്തരം ആളുകൾ കാണും.. അല്ലാതെ ഡോക്ടറുടെ കൈക്കൂലി ശരിയും പോലീസുകാരൻ്റെ കൈക്കൂലി തെറ്റും എന്ന് കരുതുന്നില്ല.. ക്രിമിനലുകൾ എല്ലാ മേഖലയിലുമുണ്ട്..

ഇനി കച്ചവടവൽക്കരണം.. എല്ലാ മേഖലയും കച്ചവടവൽക്കരണമുണ്ട്.

സ്വകാര്യആരോഗ്യമേഖലകൾ സ്ഥിരമായി നിലനിൽക്കണമെങ്കിൽ ലാഭം വേണം . ലാഭം തെറ്റായ ചിന്താഗതി അല്ല... ലാഭത്തിന് വേണ്ടി രോഗികളെ പിഴിയുകയാണെങ്കിൽ അത് തെറ്റാണ്.. രോഗികളെ ആവശ്യത്തിലധികം മരുന്നെഴുതികൊടുക്കുന്നതും ലാബ് പരിശോധനകൾ ആവശ്യത്തിൽ കൂടുതൽ നടത്തുകയുമാണെങ്കിൽ അത് തടയേണ്ടതാണ്..

ആരോഗ്യരംഗത്തെ കുറ്റവും കുറവുകളും ചർച്ചചെയ്തുകൊണ്ടിരിക്കാനല്ല ഞാൻ പോസ്റ്റിടുന്നത്. എൻ്റെ പോസ്റ്റിലൂടെ സാധാരണക്കാരായ ജനങ്ങൾക്ക് ആരോഗ്യത്തെ ക്കുറിച്ചുള്ള ശരിയായ അറിവുകൾ പകർന്നുനൽകാൻ വേണ്ടിമാത്രമാണ്. എഴുത്തുകളിൽ ഞാൻശ്രദ്ധകേന്ദ്രീകരിക്കുന്നത് ഉപയോഗകരമായ മാറ്റംകൊണ്ടുവരാൻ മാത്രമാണ്.

05/02/2023

ആരോഗ്യകരമായ ജീവിതം നയിക്കുന്നതിൻ്റെ ഏറ്റവും വലിയ ഗുണം ആയുസ് കൂടുന്നു എന്നല്ല.. ജീവിച്ചിരിക്കുന്ന നാൾ വലിയ അല്ലലില്ലാതെ ജീവിക്കാം എന്നതാണ്...

പ്ലാൻ ചെയ്ത് ജീവിക്കേണ്ട ഒന്നാണ് ജീവിതം. എത്ര പ്ലാൻ ചെയ്താലും നമ്മൾ വരച്ച വരയിലൂടെ ജീവിതം മുന്നോട്ട് നീങ്ങില്ല. ..പക്ഷെ പ്ലാൻ ചെയ്താലുള്ള ഗുണം ബുദ്ധിമുട്ടുകൾ വരുമ്പോൾ പുറത്തു കടക്കാൻ എളുപ്പമാണ്...

നമ്മുടെ ജീവിതം പ്ലാൻ ചെയ്യുമ്പോൾ ഒഴിവാക്കാൻ വയ്യാത്ത ഘടകമാണ് ആരോഗ്യം.. രോഗം വരാതെ കഴിയുന്നത്ര ജീവിക്കാനും പ്ലാൻ ചെയ്യണം.. രോഗം വന്നാൽ ചികിത്സിക്കുന്നതിനും പ്ലാൻ ചെയ്യണം.

എൻ്റെ ആരോഗ്യം ഞാനെങ്ങനെയാണ് ശ്രദ്ധിക്കൂന്നതിനെ പറ്റി നാളെ എഴുതാം...

നിങ്ങൾ നിങ്ങളുടെ ആരോഗ്യകാരങ്ങളിൽ എത്ര മാത്രം ശ്രദ്ധിക്കുന്നു?

04/02/2023

നമ്മളെല്ലാം ആഗ്രഹിക്കുന്നത് രോഗമില്ലാതെ ജീവിക്കാനാണ്.. അത് എപ്പോഴും സാധ്യമാകും എന്നില്ല..പക്ഷെ ശരിയായ ജീവിത ശൈലിയുടെ രോഗം വരുന്നത് നീട്ടികൊണ്ട് പോകാൻ കഴിയും...നമ്മൾ ഒന്ന് ശ്രമിച്ചാൽ 40 വയസിൽ വരാനിരിക്കുന്ന രോഗം ചിലപ്പോൾ 70 ലേ പിടിപെടുള്ളൂ... ചില സമയത്ത് എത്ര ശ്രദ്ധിച്ചാലും രോഗം വരാം... അപ്പോൾ നമുക്ക് ചെയ്യാൻ കഴിയുന്നത് കഴിയുന്നത്രയും നേരത്തേ രോഗത്തെ കണ്ടുപിടിക്കുകയും ശരിയായ ചികിത്സ നൽകുകയും ചെയ്യുക .

ഈ മാസം എല്ലാ ദിവസവും ആരോഗ്യത്തെക്കുറിച്ച് ചെറിയ ചെറിയ പോസ്റ്റുകൾ എഴുതാമെന്ന് കരുതുന്നു.. എല്ലാവരും വായിക്കുമല്ലോ...

30/01/2023

ഒരു 70 വയസുകഴിഞ്ഞ സ്ത്രീയേയും പുരുഷനേയും ശ്രദ്ധിച്ചിട്ടുണ്ടോ അവരിൽ മിക്കവരും വളരെ നല്ല സ്വഭാവം ആയിരിക്കും... വാശിയില്ല... വൈരാഗ്യം ഇല്ല ..

ഇനി 80 വയസിന് മുകളിൽ പ്രായമായരെ നോക്കിയാൽ നമുക്ക് അതിശയം തോന്നും എത്ര നല്ല മനുഷ്യരാണവർ. ലോകത്തെവിടെയും അതാണ് വാർദ്ധക്യം .. എഴുപതോ എൺപതോ വയസായ ദമ്പതികൾ തമ്മിൽ അധികം വഴക്കടിക്കാറില്ല.. കാരണം രണ്ടുപേരും പരസ്പരം ആശ്രയിക്കുന്നു...

ഞാനിതെഴുതിയതിൽ നിന്നും വ്യത്യസ്തമായിട്ടുള്ളത് രാഷ്ട്രീയക്കാരാണ്. എഴുപതിലും എൺപതിലും തൊണ്ണൂറിലും അവർക്ക് വലിയ മാറ്റമൊന്നുമില്ല.... കാരണം ലളിതമാണ്.. വാർദ്ധക്യത്തിലും യൗവ്വനത്തിൻ്റെ ഒട്ടുമിക്ക സൗഭാഗ്യങ്ങളും അനുഭവിക്കുന്ന ഒരേ ഒരുവിഭാഗം അധികാരമുള്ള രാഷ്ട്രീയക്കാരനാണ്. സാധാരണ ഗതിയിൽ ഒട്ടുമിക്ക മനുഷ്യനും ജീവിതമാകുന്ന വണ്ടി വലിച്ച് വലിച്ച് 80ലാകുമ്പോൾ ഇഴയാൻ തുടങ്ങും..

നല്ലപ്രായത്തിൽ ആളുകളെ അധികം വെറുപ്പിക്കാതെ ജീവിക്കുക എന്നതാണ് മനുഷ്യര് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം.. നിസാര കാര്യങ്ങൾക്ക് പോലും വഴക്കടിച്ച് വെറുപ്പിൻ്റെ ഭാഷയിൽ അങ്ങോട്ടും ഇങ്ങോട്ടും മുറുവേൽപ്പിച്ച് ജീവിച്ചിട്ടെന്തുനേടാൻ..

15/01/2023

വിവാഹത്തിലെയും പ്രണയത്തിലേയും ടോക്സിക് ബന്ധങ്ങളെകുറിച്ച് നമ്മൾ പറയാറുണ്ട്.. പക്ഷെ അച്ഛനമ്മമാർ ടോക്സിക് ആകാറുണ്ടോ?

ഞാനെങ്ങനെ ടോക്സിക് ആകും എനിക്ക് മക്കളോട് ഭയങ്കര സ്നേഹമാണല്ലോ എന്ന് ഒരമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. എല്ലാംതികഞ്ഞ ടോക്സിക് റിലേഷൻഷിപ്പായിരുന്നു ആ അമ്മയും മകളും തമ്മിൽ. സ്നേഹവും ടോക്സിസിറ്റിയും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നു തന്നെ പറയാം..

Toxic parenting - രക്ഷകർത്താക്കളും കുട്ടികളും തമ്മിലുള്ള ബന്ധം വിഷം നിറഞ്ഞതാകുമ്പോൾ വീട് മാത്രമല്ല നാടുംനശിക്കും.മാനസികാരോഗ്യമില്ലാത്ത ,ലഹരിക്കടിമയാകുന്ന കുട്ടികളെ സൃഷ്ടിക്കുന്നത് ഒരു പരിധിവരെ toxic parenting ആണ്.

11/01/2023

എങ്ങനെയാണ് ടോക്സിക്കായുള്ള മനുഷ്യരെ തിരിച്ചറിയുന്നതെന്ന ചോദ്യം കണ്ടു..

ആരോട് സംസാരിക്കുമ്പോഴാണ് നിങ്ങൾക്ക് സ്ഥിരമായി ജീവിതത്തിൽ മടുപ്പ്തോന്നുന്നത് അല്ലെങ്കിൽ നിങ്ങളൊന്നിനും കൊള്ളില്ലാത്ത ഒന്നാണ് എന്ന് തോന്നുന്നത് അല്ലെങ്കിൽ ആരാണോ നിങ്ങളുടെ സന്തോഷങ്ങളെ കെടുത്തുന്നത് അല്ലെങ്കിൽ ആരുടെ സാന്നിധ്യമാണോ നിങ്ങളെ അസ്വസ്ഥമാക്കുന്നത് ആ വ്യക്തിയുമായുള്ള ബന്ധത്തിനെ ടോക്സിക് റിലേഷൻഷിപ്പ് എന്ന് പറയാം.. ഈ പറഞ്ഞ നെഗറ്റീവ് ഫീലിങ്സ് വല്ലപ്പോഴും അല്ല ഒട്ടുമിക്കപ്പോഴും ആകണം. എത്ര സ്നേഹമുള്ള ബന്ധങ്ങളും വല്ലപ്പോഴും മടുപ്പ് തോന്നും.അതിനെ ടോക്സിക്ക് എന്ന് വിളിക്കാൻ പറ്റില്ല..

മാനസികമായി പൂർണ്ണവളർച്ചഎത്തുന്ന പ്രായത്തിലേ നമുക്ക് ടോക്സിക്ക് റിലേഷൻഷിപ്പ് തിരിച്ചറിയാൻ കഴിയൂ...അതുകൊണ്ടാണ് കൗമാരപ്രായത്തിൽ അത് തിരിച്ചറിയാൻ കഴിയാതെ പോകുന്നത്.

ടോക്സിക് റിലേഷൻഷിപ്പ് തിരിച്ചറിയുമ്പോഴേക്കും ആ ബന്ധം ഒഴിവാക്കാൻ കഴിയാത്തവിധം പടർന്ന് പന്തലിച്ചു കഴിയും. എല്ലാ ടോക്സിക്ക് ബന്ധങ്ങളും ഒഴിവാക്കുക എളുപ്പമല്ല...

സുഹൃദ്ബന്ധത്തിൽ ടോക്സിക്ക് റിലേഷൻസ് കൊണ്ട് നടക്കേണ്ട കാര്യമില്ല.ഒഴിവാക്കാനും എളുപ്പമാണ്..

അടുത്ത ബന്ധങ്ങൾ ടോക്സിക്ക് ആകുമ്പോഴാണ് നമ്മൾ തകർന്ന്പോകുന്നത്. അതുകൊണ്ടാണ് ബന്ധങ്ങൾ വളരെ ശ്രദ്ധിച്ച് തുടങ്ങണമെന്ന് പറയുന്നത്.

10/01/2023

ആരോഗ്യത്തെ പറ്റി ധാരാളം പോസ്റ്റുകൾ യൂട്യൂബ് വീഡിയോകൾ വരാറുണ്ട്. പലതും കണ്ടപ്പോൾ സങ്കടം തോന്നി. എത്ര മാത്രം തെറ്റിദ്ധാരണയുണ്ടാക്കുന്ന കാര്യങ്ങൾ പറയുന്നു. ഏത് വിഷയത്തിലാണേലും സ്ഥിതി ഇതു തന്നെ

സ്വന്തം ശരീരത്തിൻ്റെ ഉത്തരവാദിത്വം നമുക്ക് തന്നെയാണ്. ഏതെങ്കിലും you tube വീഡിയോകണ്ട് സ്വയം ചികിത്സചെയ്യരുത്. ഇത് ചെയ്താൽ രോഗംമാറും എന്നൊക്കെ ആരെങ്കിലും പറയുന്നത്കേട്ട് സ്വന്തം ശരീരത്തിൽ പരീക്ഷണം നടത്തിയാൽ അനുഭവിക്കുന്നത് നമ്മൾ തന്നെ..

ശരിയായ ചികിത്സ തിരഞ്ഞെടുക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും കഴിവുണ്ടെങ്കിൽ ഒരു പരിധിവരെ പറ്റിക്കപ്പെടാതിരിക്കാം...

Videos (show all)

ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ  ശ്രദ്ധിക്കുക..

Website