DR.Jaseela's Dental Tips

DR.Jaseela's Dental Tips

ദന്ത ചികിത്സാ രംഗത്തെ എന്റെ അനുഭവങ്ങ

17/07/2020

ആറാം വയസ്സിലെ അണപ്പല്ലുകൾ-അറിയേണ്ടതെല്ലാം....

https://www.facebook.com/104054771357696/posts/129858102110696/

ആറാം വയസ്സിലെ അണപ്പല്ലുകൾ - ഇത്രയേറെ പ്രാധാന്യമുണ്ടോ ???
-------------------------
'എന്തായാലും പറിഞ്ഞു പോവേണ്ടതല്ലേ ??
അതങ്ങു പറിച്ചു കളഞ്ഞേക്കു !
പുതിയ പല്ലുകൾ ഇനി വന്നോളും '

ആദ്യത്തെ സ്ഥിരം അണപ്പല്ലിൽ (first permanent molar )വേദനയുമായി വരുന്ന മിക്ക കുട്ടികളുടെയും രക്ഷിതാക്കളുടെ പ്രതികരണം ഇങ്ങനെയാണ് . ആറാം വയസിൽ വരുന്ന പല്ലായത് കൊണ്ട് പാൽ പല്ലാണെന്നാണ് ബഹു ഭൂരിപക്ഷം ആളുകളുടെയും ധാരണ . ഇത്‌ സ്ഥിരം പല്ലാണെന്നും പറിച്ചു കളയാൻ പറ്റില്ല എന്നും അറിയുമ്പോൾ രക്ഷിതാക്കളുടെ മുഖത്തു ആശങ്ക ....

കുട്ടികളുടെ എല്ലാ പല്ലുകളും പറിഞ്ഞു പോവാനുള്ളതാണെന്ന മിഥ്യാ ധാരണ കൊണ്ട് കുട്ടികളുടെ ബ്രഷിങ് ആരും വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല . ആറാം വയസിൽ മേൽത്താടിയിലും കീഴ്താടിയിലും രണ്ടു വീതം വരുന്ന ആദ്യത്തെ അണപ്പല്ലുകൾ (വായുടെ മധ്യത്തിൽ നിന്ന് ) കൃത്യമായി വൃത്തിയാക്കാത്തതു മൂലം 8-10 വയസാവുമ്പോഴേക്കും പൂർണമായും കേടാവുന്നു . പറിഞ്ഞു പോവേണ്ടതാണെന്ന തെറ്റായ ധാരണ കാരണം വേദന ഉണ്ടെങ്കിൽ പോലും ദന്ത ഡോക്ടറെ കാണാൻ വൈകുകയും ചികിത്സ ബുദ്ധിമുട്ടാവുകയും ചെയ്യുന്നു . സാധാരണ ഗതിയിൽ സ്ഥിരം അണപ്പല്ലുകളിൽ ആഴമുള്ള കേടുകൾ വന്നാൽ റൂട്ട് കനാൽ ചെയ്യുകയാണ് പതിവ് . പക്ഷെ കുട്ടികളുടെ ആദ്യത്തെ അണപ്പല്ലുകളിലെ ചികിത്സ ചിലവേറിയതും ബുദ്ധിമുട്ടുള്ളതുമാകുന്നു .

ആദ്യത്തെ അണപ്പല്ലുകളുടെ പ്രാധാന്യം
------------------------------------
1. ഒരു വ്യക്തിയുടെ വായിൽ ആദ്യമായി വരുന്ന സ്ഥിരം പല്ലുകളാണ് first permanent molar (ആറാം വയസ്സിലെ അണപ്പല്ല് ) . ഏറ്റവും പ്രാധാന്യമർഹിക്കുന്ന പല്ലും ഇതു തന്നെ

2 . മേൽത്താടിയുടെയും കീഴ്താടിയുടെയും വളർച്ചാ രൂപീകരണത്തിലും പൂർത്തീകരണത്തിലും പങ്കു വഹിക്കുന്നു .

3 . വലിയ പല്ലുകൾ ആയതിനാൽ ഭക്ഷണം ചവച്ചരച്ചു കഴിക്കാൻ സഹായിക്കുന്നു .

4 . മറ്റു സ്ഥിരം പല്ലുകളുടെ സ്ഥാന നിർണയത്തിലും ക്രമീകരണത്തിലും പങ്കു വഹിക്കുന്നു .

5. സംസാര ശൈലി , മുഖത്തിന്റെ രൂപം എന്നിവയെ സ്വാധീനിക്കുന്നു .

6. മറ്റു പല്ലുകളെ അപേക്ഷിച്ചു ഏറ്റവും കട്ടിയുള്ള വേരുകൾ ആയതിനാൽ ദന്ത ക്രമീകരണ ചികിത്സയിൽ മറ്റു പല്ലുകളെ വലിച്ചു കെട്ടുന്നതിനായി ഉപയോഗിക്കുന്നു .
ഈ പല്ലുകൾ പറിച്ചു കളഞ്ഞവരിൽ ദന്ത ക്രമീകരണ ചികിത്സ ബുദ്ധിമുട്ടുള്ളതാവുന്നു.

7.ഏതെങ്കിലും സാഹചര്യത്തിൽ ആദ്യത്തെ അണപ്പല്ലുകൾ പറിച്ചു കളയേണ്ട സാഹചര്യം ഉണ്ടായാൽ ഉറപ്പിച്ചു നിർത്താവുന്ന പല്ലുകൾ ഘടിപ്പിക്കുന്നതിനു തൊട്ടടുത്തുള്ള പല്ലുകളുടെ വളർച്ച പൂർത്തിയാവുന്നത് വരെ കാത്തിരിക്കേണ്ടി വരും . അല്ലെങ്കിൽ തൊട്ടടുത്ത് വരുന്ന അണപ്പല്ലിനെ തല്സ്ഥാനത്തേക്ക് ദന്ത ക്രമീകരണ ചികിത്സയിലൂടെ കൊണ്ട് വരേണ്ടി വരും .


ഇത്രയേറെ പ്രാധാന്യമുള്ള ആദ്യത്തെ അണപ്പല്ലുകളുടെ ചികിത്സ ബുദ്ധിമുട്ടേറിയതാണെങ്കിലും സമയ ബന്ധിതമായി പൂർത്തിയാക്കേണ്ടതാണ്

എന്ത് കൊണ്ട് ചെറു പ്രായത്തിൽ ആദ്യത്തെ അണപ്പല്ലുകളിലെ റൂട്ട് കനാൽ ചികിത്സ ബുദ്ധിമുട്ടുള്ളതാവുന്നു
-----------------------------------------
ആറാം വയസിൽ ആദ്യത്തെ അണപ്പല്ലുകൾ വായിൽ മുളച്ചു വരുമെങ്കിലും അവയുടെ വേരുകളുടെ വളർച്ച പൂർത്തിയാവുന്നത് 9- 10 വയസിൽ ആണ് .

വേരുകളുടെ വളർച്ച പൂർത്തിയാവുന്നതിന് മുൻപ് കേടാവുന്ന അണപ്പല്ലുകളിൽ ഒന്നോ രണ്ടോ തവണ കൊണ്ട് റൂട്ട് കനാൽ ചികിത്സ പൂർത്തിയാക്കാനാവില്ല . അത്തരം സന്ദർഭങ്ങളിൽ വേരുകളുടെ വളർച്ച പൂര്ത്തിയാവുന്നത് വരെയോ അല്ലെങ്കിൽ ശാസ്ത്രീയ മാർഗങ്ങളിലൂടെ വേരുകളുടെ അഗ്ര ഭാഗം അടക്കുന്നതു വരെയോ റൂട്ട് കനാൽ ചികിത്സ നീണ്ടു പോവും . സാധാരണ റൂട്ട് കനാൽ ചികിത്സകളെക്കാൾ കൂടുതൽ തവണ ഡോക്ടറുടെ സേവനം ആവശ്യമായി വരികയും ചികിത്സാ ചിലവു കൂടുകയും ചെയ്യുന്നു .
പല്ലുകളുടെ പ്രധാന ഭാഗങ്ങൾ കേടു വന്നു ദ്രവിച്ചു പോവുന്ന സാഹചര്യമുണ്ടായാൽ പല്ലുകൾക്ക് ബലത്തിനായി ക്യാപ് ഇടുന്നതിനു മുൻപ് പല്ലിനെ ബലപ്പെടുത്തേണ്ടി വരും .(post & core treatment ) . ഇത്തരം സാഹചര്യങ്ങളിൽ ചികിത്സാ ചിലവ് വീണ്ടും കൂടാനിടയുണ്ട് .

ഇത്രയേറെ പ്രാധാന്യമുള്ള ആദ്യത്തെ അണപ്പല്ലുകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിലൂടെ ഒരുപാട് ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും ഒപ്പം വലിയ ചികിത്സാ ചിലവുകളെയും നമുക്ക് ഒഴിവാക്കാം .

ഇനിയെങ്കിലും പറിഞ്ഞു പോവുന്ന പല്ലുകളാണെന്ന മുടന്തൻ ന്യായം ഒഴിവാക്കി കുട്ടികളുടെ പല്ലുകൾ വൃത്തിയാക്കാൻ രക്ഷിതാക്കൾ ശ്രദ്ധ നൽകണം .

എഴുത്ത് :-
ഡോ. മുഹമ്മദ്‌ സാജിദ്
ആരോഗ്യ പോളിക്ലിനിക്

21/06/2020

പല്ലുകളുടെ പ്രാധാന്യം:
നമ്മുടെ താടിയെല്ലിൽ ഉറപ്പിച്ചിരിക്കുന്ന ബലമേറിയ ശരീരഭാഗങ്ങളാണ് പല്ലുകൾ.
നമ്മുടെ ആരോഗ്യം നില നിർത്തുന്നതിൽ പല്ലുകളുടെ പ്രാധാന്യം വളരെ വലുതാണ്.
ദഹന പ്രക്രിയയുടെ തുടക്കത്തിലേ പ്രധാന കണ്ണിയാണ് പല്ലുകൾ.
അവ മുഖത്തിനു ആകൃതിയും സൗന്ദര്യവും നൽകുന്നു. ശബ്ദ ഉച്ചാരണത്തിനു വ്യക്തത നൽകുന്നതിൽ പല്ലുകൾക്ക് ചെറുതല്ലാത്ത പങ്കുണ്ട്.
കുട്ടികളിൽ 6 മാസത്തിനും 4 വയസ്സിനുമിടക്ക് *പ്രാഥമിക ദന്തങ്ങൾ അഥവാ പാൽപല്ലുകൾ* മുളക്കുന്നു. ഇവ 20 എണ്ണമാണ്.
6 വയസ്സ് മുതൽ സ്ഥിര ദന്തങ്ങൾ മുളക്കാനും അതോടെ പാൽ പല്ലുകൾ ഇളകാനും തുടങ്ങുന്നു....
സ്ഥിര ദന്തങ്ങളുടെ എണ്ണം 32 ആണ്. 20 വയസ്സോടെ സ്ഥിരദന്തങ്ങൾ പൂർണ്ണമാകുമെങ്കിലും ചിലരിൽ നാലറ്റത്തുമുള്ള അവസാനത്തെ അണപ്പല്ല് കൂടുതൽ വൈകി വരാനോ അല്ലെങ്കിൽ തീരെ പുറത്തു വരാതിരിക്കാനോ സാധ്യത ഉണ്ട്...ഈ 4 പല്ലുകൾ *wisdom teeth* എന്നറിയപ്പെടുന്നു.
ആരോഗ്യ പരിപാലനത്തിൽ എല്ലാ പല്ലുകളുടെയും സംരക്ഷണം പ്രധാനമാണ്.
പാൽപല്ലുകൾ ചുരുങ്ങിയ കാലത്തിനുള്ളിൽ ഇളകിപ്പോക്കാനുള്ളതാണെന്ന ധാരണയിൽ അവയ്ക്ക് കാര്യമായ പ്രാധാന്യം നല്കാതിരുന്നാൽ പിന്നീട് വരുന്ന സ്ഥിര ദന്തങ്ങളുടെ ക്രമീകരണത്തെ ബാധിക്കും.

Website