Dock Marine Aquatic Services

Dock Marine Aquatic Services

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dock Marine Aquatic Services, Cargo and freight company, .

17/12/2021

*വിഴിഞ്ഞം തുറമുഖ പദ്ധതി നിശ്ചയിച്ച തിയതിയിൽ ഉദ്ഘാടനം ചെയ്യും മന്ത്രി അഹമ്മദ് ദേവർ കോവിൽ*
***ഇലക്ട്രിക് സബ്സ്റ്റേഷന്റെയും ഗേറ്റ് കോംപ്ലക്സിന്റെയും ഉദ്ഘാടനം ജനുവരിയിൽ

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പുരോഗമിക്കുന്നുണ്ടെന്നും നിശ്ചയിച്ച തിയതിയിൽ തന്നെ പണി പൂർത്തിയാക്കി ഉദ്ഘാടനം നടത്താൻ കഴിയുമെന്നും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പ്രവർത്തന പുരോഗതിയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ട്രിക് സബ്സ്റ്റേഷൻ, ഗേറ്റ് കോംപ്ലക്സ് എന്നിവയുടെ ഉദ്ഘാടനം സർക്കാരിന്റെ ഒന്നാംവാർഷിക പരിപാടിയിൽ ഉൾപ്പെടുത്തി ജനുവരിയിൽ തന്നെ നിർവ്വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിലവിൽ പുലിമുട്ട് നിർമ്മാണം 1050 മീറ്റർ പൂർത്തീകരിച്ചിട്ടുണ്ട്. പുലിമുട്ട് നിർമ്മാണത്തിനുള്ള കല്ല് നിക്ഷേപം പ്രതിദിനം 13,000 ടൺ ആക്കി ഉയർത്താൻ സാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ അത് 15,000 ടൺ ആക്കി വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അഞ്ച് ബാർജുകൾ പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 10 ബാർജുകളുണ്ട്. അടുത്തയാഴ്ച നാല് ബാർജുകൾ കൂടി എത്തുമെന്ന്് മന്ത്രി കൂട്ടിച്ചേർത്തു.

തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നിന്നു വരുന്ന ലോറികളെ നിരീക്ഷിക്കുന്നതിനായി പുതിയ സംവിധാനം നടപ്പാക്കാൻ ആലോചിക്കുന്നതായി മന്ത്രി വ്യക്തമാക്കി. പദ്ധതിക്കാവശ്യമായ നിർമാണവസ്തുക്കൾ കയറ്റുന്ന സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ചെക്ക് പോയിന്റുകൾ തിരിച്ചറിയാൻ കഴിയും. നിശ്ചിത ലോഡ് കൃത്യമായി ഇറക്കിയിട്ടുണ്ടെയെന്ന് പരിശോധിക്കുന്നതിനായി ഹോളോഗ്രാമും ഓട്ടോമാറ്റിക് ട്രാക്കിംഗ് സിസ്റ്റവും ഏർപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

തുറമുഖത്തിന്റെ പണിക്കാവശ്യമായ പാറകൾ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിലവിൽ പരിഹരിച്ചിട്ടുണ്ട്. പദ്ധതി പൂർത്തീകരണത്തിനാവശ്യമായ പാറകൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ.ജയകുമാറിനെയും ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. മത്സ്യബന്ധന ബോട്ടുകൾക്കുള്ള മണ്ണെണ്ണ വിതരണം പുനരാരംഭിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

റെയിൽവേയുമായി നിലനിൽക്കുന്ന തർക്കവിഷയങ്ങളിൽ പരിഹാരം കാണുന്നതിന് കേന്ദ്ര റെയിൽവേ മന്ത്രിയുടെ ഓഫീസുമായി നിരന്തര ചർച്ചകൾ നടക്കുന്നുണ്ട്. പദ്ധതി പ്രദേശത്തെ മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ജനുവരിയിൽ വിപുലമായ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. അവലോകനയോഗത്തിന് ശേഷം തുറമുഖ പദ്ധതി പ്രദേശവും മന്ത്രി സന്ദർശിച്ചു.

യോഗത്തിൽ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ എം.ഡിയും സി.ഇ.ഒയുമായ രാജേഷ് ഝാ, കോർപ്പറേറ്റ് അഫയേഴ്സ് തലവൻ സുശീൽ നായർ, വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് സി.ഇ.ഒ ഡോ.ജയകുമാർ, ജനറൽ മാനേജർ (ടെക്നിക്കൽ) ഡോ. സന്തോഷ് സത്യപാൽ എന്നിീവരും വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെയും വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡിന്റെയും വിവിധ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Website