Magic Ink by Rejani Gopal , a Clinical Psychologist

Magic Ink by Rejani Gopal ,  a Clinical Psychologist

This page is for my creative writings, opinions and mental health related issues.Also people can con

03/12/2023

ഇലക്ഷൻ റിസൾട്ട് മുന്നോട്ടു വയ്ക്കുന്ന ചിത്രം ഒന്നേയുള്ളു, ബിജെപി തേരോട്ടം തുടരുകതന്നെ ചെയ്യുമെന്ന്. രാജസ്ഥാനിലെ ഇലക്ഷൻ റിസൾട്ട് അനലൈസ് ചെയ്താൽ രാജസ്ഥാനിൽ ബിജെപി വരുമെന്ന സൂചന നേരത്തെ നിലവിൽ ഉണ്ടായിരുന്നുവെന്നതാണ് , അഴിമതിയിൽ കുളിച്ച കോൺഗ്രസ് ഭരണത്തെ അത്രമേൽ ജനങ്ങൾ വെറുത്തിട്ടുണ്ടായിരുന്നു. മാത്രവുമല്ല കോൺഗ്രെസ്സിന്റെ ന്യുനപക്ഷ പ്രീണനം സാധാരണ ജനജീവിതത്തെ ബാധിച്ചു തുടങ്ങിയിരുന്നു. ഹിന്ദു ഭൂരിപക്ഷമുള്ള സംസ്ഥാനമായിട്ടും തങ്ങളുടെ ആചാരങ്ങളും അനുഷ്ടാനകളും തുടരുന്നതിൽ കടുത്ത വെല്ലുവിളികളും പ്രതിഷേധങ്ങളും ഹിന്ദുക്കൾ നിരന്തരം നേരിട്ടു, കോൺഗ്രസിനോട് അനുഭവമുള്ളവർ പോലും മാറിചിന്തിക്കാൻ തുടങ്ങി. ഇങ്ങനെ പോയാൽ ഞങ്ങളുടെ മക്കൾ എങ്ങനെ സ്വസ്ഥയോടു കൂടി ഇവിടെ ജീവിക്കും എന്ന ചിന്ത സാധാരണക്കാരിൽ ഉടലെടുത്തു തുടങ്ങി. കോൺഗ്രസിലെ തമ്മിലടികളും സച്ചിൻ പൈലറ്റിന് ഗെഹ്ലോട്ടിനെ മറികടുക്കുവാനുള്ള നേത്രത്വശേഷി ഇനിയും ആർജ്ജിക്കേണ്ടതിനാലും വിജയം അപ്രാപ്യമായി. വസുന്ധര രാജിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയില്ല എന്നതും ബിജെപിയുടെ ചാണിക്യ തന്ത്രമായിരുന്നു.കേന്ദ്രം ബിജെപി ഭരിക്കുമ്പോൾ സംസ്ഥാനവും ബിജെപി ഭരിച്ചാൽ വികസന സാധ്യത കൂടുതൽ കൈവരിക്കാമെന്ന് ജനങ്ങളുടെ ഇടയിൽ ഒരു വിശ്വാസം ഉണ്ടായിരുന്നു.
ഉത്തരേന്ത്യയിൽ ബിജെപി മേധാവിത്വം തന്നെയാണുള്ളത് , അടുത്ത് നടക്കാൻ പോകുന്ന ലോകസഭയിലും അതുതന്നെയാണ് പ്രതിഫലിക്കുക, ഭരണത്തിൽ കയറുവാൻ അത് ധാരാളം. ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ നേതാവായി മാറിക്കൊണ്ടിരിക്കുന്ന മോദിജി തന്നെ ഇന്ത്യ ഭരിക്കണം എന്ന ചിന്താഗതി ജനങ്ങളിൽ ശക്തമായി കൊണ്ടിരിക്കുന്നുവന്നത് അവഗണിക്കാൻ കഴിയില്ല.
Dr.Rejani Gopal

27/11/2023

സ്വവർഗാനുരാഗം അടിസ്ഥാനമാക്കിയെടുത്ത കാതൽ എന്ന സിനിമയെകുറിച്ചു ഏറെ വാർത്തകൾ വരുന്നുണ്ട്, ഞാൻ ഇതു വരെയും സിനിമ കണ്ടട്ടില്ല, കാണാത്തതു കൊണ്ട് അഭിപ്രായവും പറയുന്നില്ല. പക്ഷെ സ്വവർഗ്ഗരതിക്കാരെ അറിയാതെ കല്യാണം കഴിച്ചു ജീവിതം നരകിച്ച ഒരുപാടു സ്ത്രീകളുടെ കണ്ണുനീർ കണ്ടിട്ടുണ്ട് , വിവാഹം കഴിച്ചു കുട്ടിയുണ്ടായതിനു ശേഷവും ആണുങ്ങളെ അന്വേഷിച്ചു പോകുന്നത് കണ്ട് ജീവിതം തന്നെ മടുത്തുപോയവർ. അതുകൊണ്ടു യുവതല മുറയോട് ഞാൻ പറയാറുണ്ട് കല്യാണം കഴിക്കുന്നതിനു മുൻപേ പരസ്പരം sexual orientation ഏതാണെന്നു ചോദിക്കണമെന്ന്. വെറുതെ ഒരാളുടെ ജീവിതം നശിപ്പിക്കുന്നതെന്തിന് , അത് ആണായാലും പെണ്ണായാലും.
Dr Rejani Gopal

15/11/2023

ഇന്നലെയാണ് ഒരു ബാലികയെ ലൈംഗിക മായി പീഡിപ്പിച്ചു കൊന്നതിന് പ്രതിക്ക്‌ വധശിക്ഷ വിധിച്ചത്, ഏറ്റവും ഉചിതമായ വിധി , അത് എത്രയും പെട്ടെന്ന് നടപ്പിലാക്കട്ടെ.

ഇന്ന് , മാധ്യമ പ്രവർത്തകക്കു നേരെ പീഡനമല്ല, ലൈംഗിക സ്പർശം പോലും നടന്നിട്ടില്ലെന്ന് ആ വീഡിയോ കാണുന്ന ആർക്കും മനസിലാവും, എന്നിട്ടും കേസിൽ കുടുക്കി ജയിലിൽ പിടിച്ചിടുവാൻ നോക്കുന്ന, നിയമത്തെ കോമാളിയാക്കി മാറ്റുന്ന ഈ നടപടിയെ ആർക്കാണ് സപ്പോർട്ട് ചെയ്യുവാൻ കഴിയുക?
സുരേഷ് ഗോപിക്കൊപ്പം.......

05/11/2023

ISRO ചെയര്മാന്റെ ആത്മകഥ " നിലാവ് കുടിച്ച സിംഹങ്ങൾ ' പിൻവലിച്ചെന്ന് കേട്ടു. ഉന്നതങ്ങളിൽ എത്തും തോറും ഒരാൾ അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധികളെ കുറിച്ചാണ് പുസ്തകത്തിൽ പരാമർശിച്ചതെന്നു പറയപെടുന്നു. ഇത് കേട്ട ഒരാൾ എന്നോട് ചോദിച്ചു, രാഷ്ട്രീയത്തിൽ മാത്രമല്ല ഇവിടെയും പ്രശ്നങ്ങൾ ഉണ്ടോയെന്ന്? എവിടെയും പ്രശ്ങ്ങൾ ഉണ്ട്. ഓഫീസ് പൊളിറ്റിക്സ് ഏതു മേഖലയിലാണ് ഇല്ലാത്തത് ? കുതികാൽ വെട്ട് , ആരോപണങ്ങൾ, വ്യക്തിഹത്യ എല്ലാം ഇതിന്റെ മസാലക്കൂട്ടുകളാണ് . അതിനെയെല്ലാം തരണം ചെയ്തു മുന്നേറി വിജയിച്ചവരെ ആ സ്ഥാനത്തെത്തിയ വ്യക്തി എന്ന രീതിയിൽ മാത്രമേ ആളുകൾ കാണൂ. പക്ഷെ ആ പദവിയിലെത്തുവാൻ അയ്യാൾ അനുഭവിക്കേണ്ടി വന്ന യാതനകൾ, തിരസ്കാരങ്ങൾ, കഴിവുണ്ടെങ്കിലും മാറ്റി നിർത്തപ്പെട്ട സാഹചര്യങ്ങൾ, കഴിവുണ്ടെന്ന് തോന്നിയാൽ അയ്യാളെ വളരുവാൻ അനുവദിക്കാതിരിക്കൽ, വളരുവാനുള്ള എല്ലാ വാതിലുകളും അയാൾക്ക്‌ നേരെ കൊട്ടിയടക്കും.... അങ്ങനെ എത്രയെത്ര പ്രതിസന്ധികൾ... പക്ഷെ അതൊന്നും പുറത്തു പറയാൻ പോലും പലർക്കും അനുവാദമില്ല. അതെല്ലാം അനുഭവിച്ചവർക്കേ അതിന്റെ വേദന മനസിലാകൂ. അതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നതും. ഞാൻ ഒരിക്കൽ വായിച്ചിട്ടുണ്ട് എത്ര ഉന്നതങ്ങളിലേക്കു പോകുന്നുവോ അത്രയും ഒറ്റക്കായിരിക്കും അയ്യാൾ, വേദനകളും പ്രതിസന്ധികളും ആരോടും വിശ്വസ്തതയോടെ പങ്കു വെക്കുവാൻ പോലും കഴിയില്ല. അത് തീർത്തും ശരിയാണ്. അത് അംഗീകരികരിച്ചുകൊണ്ട് മാത്രമേ മുന്നോട്ട് പോകുവാൻ കഴിയുകയുള്ളൂ . പ്രതേകിച്ചും ഒരു വ്യക്തി സത്യസന്ധനും അഴിമതിക്കു കൂട്ടു നിൽക്കാത്തവനും ആണെങ്കിൽ അയ്യാൾ കടന്നു പോകേണ്ടി വരുന്ന പ്രതിസന്ധികൾ സമാനതകൾ ഇല്ലാത്തതായിരിക്കും. പക്ഷെ മുന്നോട്ടു പോയെ പറ്റൂ , അതാണല്ലോ ജീവിതം.
Prof.Dr.Rejani Gopal

03/11/2023

ലെന എന്ന അഭിനയേത്രി ക്ലിനിക്കൽ സൈക്കോളജിസ്റ് എന്ന രീതിയിൽ നടത്തിയ ചില തെറ്റായ പരാമർശങ്ങളെ കുറിച്ച് എന്റെ അഭിപ്രായം പലരും ആവശ്യപ്പെട്ടിരുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളെ പരിശീലിപ്പിക്കുന്ന ഡിപ്പാർട്മെന്റുകളും സ്ഥാപനങ്ങളും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും തുടങ്ങിയ എന്ന വ്യക്തി എന്ന നിലയിലും അത്തരമൊരു സ്ഥാപനത്തിന്റെ Dean പദവിയിലും ഇരിക്കുന്ന ആളെന്ന നിലയിലും ഞാൻ ചില കാര്യങ്ങൾ കുറിക്കട്ടെ.
ലെനയ്ക്ക് വ്യക്തി എന്ന നിലയിൽ അഭിപ്രായങ്ങൾ പറയാം, പക്ഷെ ക്ലിനിക്കൽ സൈക്കോളജിസ്റ് ആണെന്ന് തെറ്റിധരിപ്പിച്ചു നടത്തിയ പരാമർശങ്ങൾ തെറ്റ് തന്നെയാണ്. പറഞ്ഞ പലകാര്യങ്ങളും വാസ്തവ വിരുദ്ധവുമാണ്. മനോരോഗ ചികിത്സയിൽ മരുന്നും തെറാപ്പി പോലുള്ള മനശാത്ര ചികിത്സയും ആവശ്യമാണ്, ചില രോഗാവസ്ഥയിൽ മരുന്ന് നിർബന്ധവുമാണ്. എന്റെ ഓര്മ ശരിയാണെങ്കിൽ ഈ നടി പത്തുവർഷങ്ങൾക്കു മുന്പ് കൊടുത്ത ഒരു ഇന്റർവ്യൂയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ് എന്ന നിലയിലുള്ള പ്രാക്ടീസ് അവസാനിപ്പിച്ചതിന് കാരണമായി പറഞ്ഞത് രാവിലെ മുതൽ രാത്രി വരെ രോഗികളുടെ ദുഖങ്ങളും പ്രശ്നങ്ങളും കേട്ട് മനസ്സ് മടുത്തിട്ടാണെന്നാണ് . പരിശീലനം നേടിയ ഒരു പ്രൊഫഷണൽ ഒരിക്കലും അങ്ങനെ പറയില്ല. അതുകൊണ്ടു തന്നെയാണ് ആത്മഹത്യ പ്രവണത ബുൾഷിറ്റ് എന്ന് പറഞ്ഞത്. ആതമഹത്യാ പ്രവണതയുള്ള ഒരാളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നത് എത്ര പ്രയത്നിച്ചിട്ടാണെന്ന് മനോരോഗ ചികിത്സാ രംഗത്തുള്ളവർക്കറിയാം.
സൈക്കോളജി പഠിച്ചത് കൊണ്ട് ആരും മനശാത്രജ്ഞരാകുന്നില്ല, RCI യുടെ കീഴിലുള്ള എംഫിൽ പഠിക്കണം, നീണ്ട ഏഴുവര്ഷങ്ങളുടെ പഠനത്തിന് ശേഷമാണ് ഒരാൾ ക്ലിനിക്കൽ സൈക്കോളജിസ്റ് ആവുന്നത്, ലൈസൻസ് ലഭിക്കുന്നത്, സ്പെഷ്യലിസഷൻ ഉണ്ടാവണമെങ്കിൽ വീണ്ടും മൂന്നു വർഷം വേണ്ടിവരും. ഇതൊന്നും ഇല്ലാതെ ഓൺലൈൻ കോഴ്സ് ആയും സൈക്കോളജി പഠിച്ചു ക്ലിനിക്കൽ സൈക്കോളജിസ്റ് ആയി പലരും സമൂഹത്തിൽ വിലസുന്നുണ്ട്. ശക്തമായ നിയമ നടപടികൾ ഉണ്ടെങ്കിൽ മാത്രമെ ഇതൊക്കെ നിയന്ത്രിക്കാൻ കഴിയൂ.
ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ കേരള ഘടകം അവർ ക്ലിനിക്കൽ സൈക്കോളജിസ്റ് അല്ല എന്ന വിശദീകരണം കൊടുത്തിട്ടുണ്ട് .
Prof.Rejani Gopal

29/08/2023

Feeling nostalgic....Happy ONAM my friends...

20/08/2023

Happy Sunday...

04/08/2023

ഒരു ഹിന്ദു മതവിശ്വാസിക്ക് ദൈവത്തിൽ വിശ്വസിക്കാനോ, വിശ്വസിക്കാതിരിക്കുവാനോ സ്വാതന്ത്ര്യമുണ്ട്‌ , അതുപോലെ തന്നെ പുരാണങ്ങളിലും മറ്റും കേൾക്കുന്ന കഥകളുടെ സത്താണ് മനസിലാക്കേണ്ടതെന്നും ചെറുപ്പത്തിലേ മാതാപിതാക്കൾ പറഞ്ഞുകൊണ്ടുക്കാറുണ്ട്. വേറൊരുതരത്തിൽ പറഞ്ഞാൽ ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം ലഭിച്ചു തന്നെയാണ് ഓരോ ഹിന്ദു വിശ്വാസിയും വളർന്നു വരുന്നത്. ഉപനിഷിത്തുകൾ പലതും എഴുതിയിരിക്കുന്നതു തന്നെ ഗുരുവിനോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമാണ് . പറഞ്ഞുവന്നതെന്നാൽ ഹിന്ദു മതത്തിലെ ദൈവങ്ങളെകുറിച്ചുള്ള വിമര്ശനങ്ങളെ തള്ളിക്കളയുവാനുള്ള മാനസികാവസ്ഥയിൽ തന്നെയാണ് ഓരോ ഹിന്ദുമത വിശ്വാസിയും രൂപപ്പെടുന്നത്. അപ്പോൾ പിന്നെ എന്തുകൊണ്ട് ഗണപതിയെ കുറിച്ചുള്ള ആരോപണം ഹിന്ദുക്കൾക്കിടയിൽ ആളിക്കത്തുന്നത് ? കഴിഞ്ഞ കുറെ വര്ഷങ്ങളായി, പ്രേത്യേകിച്ചും ശബരിമല പ്രശ്നങ്ങൾ തുടങ്ങി ഹിന്ദുവിനെ അധിക്ഷേപ്പിച്ചാൽ പത്തു കൈയ്യടി കൂടുതൽ കിട്ടുമെന്ന ഒരുധാരണ രൂപപ്പെട്ടു, അതിന് ഒത്താശനൽകാൻ രാഷ്ട്രീയക്കാരും കൂടെനിന്നു.ഈ അടുത്തകാലത്ത് കൂടുതലായും കാണുന്ന തീവ്രവാദം, വിവാദങ്ങൾ, ഹിന്ദുമതത്തിനെ അധിക്ഷേപിക്കൽ എല്ലാം ഇസ്ലാമിക സ്റ്റേറ്റ് ഉണ്ടാക്കുവാനുള്ള സ്റ്റെപ്പുകൾ ആണെന്ന ഒരു പൊതുധാരണ രൂപപ്പെട്ടു വരുന്നുണ്ട്. അതുകൊണ്ടാണ് മറുനാടന്റെ പ്രശ്നത്തിലും മിത്തിന്റെ പ്രശ്നത്തിലുമെല്ലാം സമൂഹത്തിന്റെ എല്ലാതട്ടിൽ നിന്നുമുള്ള പ്രതിരോധം ഉടലെടുക്കുന്നത്.

29/07/2023

ലൈംഗികാതിക്രമം ആർക്കെതിരെ നടന്നാലും തെറ്റാണ്, പ്രത്യേകിച്ചും കുട്ടികൾക്ക് നേരെ നടന്നാൽ കഠിനമായ ശിക്ഷ എത്രയും പെട്ടെന്ന് ഉറപ്പാക്കണം. പക്ഷെ ഇങ്ങിനെയുള്ള സംഭവങ്ങൾ എന്തുകൊണ്ട് നടക്കുന്നുവെന്ന് മനസിലാക്കേണ്ടതും അത്യന്താപേക്ഷിതമാണ്. കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികൾ കൂടുതലായും വന്നു തുടങ്ങിയപ്പോൾ പലരും ഉന്നയിച്ച ഒരു സന്ദേഹമാണ് കുറ്റകൃത്യങ്ങളുടെ വർദ്ധനവിനെ കുറിച്ച്. പല ക്രിമിനലുകളുടെയും ഒളിത്താവളമായി മാറി കേരളമെന്നത് ആശങ്കാജനമാണ്. കഴിഞ്ഞ ഒരു പത്തു വർഷത്തിനിടെ കുറ്റകൃത്യങ്ങളുടെ തോത് മലയാളികൾക്കിടയിൽ കൂടുതലായി, അതിന്റെ കൂടെ പുറമെ നിന്നുള്ളവരുടെ കുറ്റകൃത്യങ്ങൾ കൂടിയാവുമ്പോൾ കേരളത്തിലെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളു. പഴുതില്ലാത്ത നിയമവാഴ്ച ആവശ്യമാണ് , സമൂഹവും നിയമപാലകർക്കൊപ്പം കൈകോർത്താൽ കേരളത്തെ വിനാശത്തിൽ നിന്ന് ഒരു പരിധിവരെ സംരക്ഷിക്കാൻ പറ്റും .
Dr.Rejani Gopal

21/07/2023

കഴിഞ്ഞ ദിവസങ്ങളിലെ ആൾക്കൂട്ടം ഒരുപാടു കാര്യങ്ങൾ നമ്മളോട് വിളിച്ചു പറയുന്നുണ്ട്. വൈകാരിതയോടെ ഒത്തുകൂടിയ ആൾകൂട്ടമാണ് അത്, അതുകൊണ്ടു തന്നെ വൈകാരികമായി സമൂഹത്തോട് ഏറെ സംവേദിക്കുന്നുണ്ട് . തന്റെ ആകുലതകളിൽ, പ്രശ്നങ്ങളിൽ കൂടെ നിന്ന, ആശ്വസിപ്പിച്ച ആളുകളെ പൊതുവെ മനുഷ്യർ മറക്കാറില്ല. ജനങ്ങളുടെ ഇടയിൽ ജീവിച്ച ഉമ്മൻ ചാണ്ടി സർ മരിക്കുമ്പോൾ ജനം അവർക്കു നൽകിയ സഹായങ്ങൾ , കരുതൽ തീർച്ചയായും ഓർക്കും, നന്ദിയുള്ളവരാകും. ഒരു പൊതുപ്രവർത്തകന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരവും അതുതന്നെയാണ്. അവിടെ കൂടിയവർ എല്ലാവരും സഹായം സ്വീകരിച്ചവർ അല്ല. മറ്റു പലകാരണങ്ങളും ഉണ്ടാവും. തെറ്റ് ചെയ്യാത്ത ഒരു മനുഷ്യനെ നാണം കെടുത്തി, ക്രൂശിച്ചപ്പോൾ, മാധ്യമങ്ങൾ ആവർത്തിച്ചാവർത്തിച്ചു ചില കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നപ്പോൾ ചിലപ്പോൾ അത് ശരിയാകാമെന്നു വിചാരിച്ചു പോയതിന്റെ പ്രായശ്ചിത്തവും ആ ആൾക്കൂട്ടത്തിന്റെ കണ്ണീരിലുണ്ട് . രാഷ്ട്രീയ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ നിഷ്പക്ഷതയോടെ വരും കാലങ്ങളിൽ പ്രവർത്തിക്കണം എന്ന താക്കീതും ആ ആൾക്കൂട്ടം പറയാതെ പറയുന്നുണ്ട്.
ഉമ്മൻ ചാണ്ടി സാറിന്റെ മകൻ ജനകൂട്ടത്തെ മാന്യതയോടെ സ്വീകരിച്ച രീതിയും ബഹുമാനം അർഹിക്കുന്നു.
Dr.Rejani Gopal

07/07/2023

ആധാർ കാർഡ് വരുവാൻ പോകുന്നുവെന്ന് പറഞ്ഞപ്പോൾ എത്ര എതിർപ്പുകളാണ് വന്നത്, പക്ഷെ വന്നു കഴിഞ്ഞപ്പോൾ ആധാർകാർഡ് ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്നായി, പ്രതേകിച്ചും കോവിഡ് കാലയളവിൽ ആണ് അത് ഏറ്റവും പ്രയോജനപ്പെട്ടതും. വിദേശങ്ങളിൽ എല്ലാവര്ക്കും ഇതുപോലെയൊരു കാർഡ് അല്ലെങ്കിൽ നമ്പർ അവരുടെ പൗരന്മാർക്ക് തിരിച്ചറിയലിനു വേണ്ടി കൊടുക്കാറുണ്ട്. അതുപോലെ തന്നെയാണ് എല്ലാ പൗരന്മാർക്കും ഒരേ നിയമങ്ങളും. അതല്ലെങ്കിൽ ഒരേ കാര്യത്തിന് ജനങ്ങൾ വ്യത്യസ്ത രീതിയിലുള്ള നിയമങ്ങൾക്കു വിധേയമാകേണ്ടി വരും. ഉദാഹരണത്തിന്, ഒരേ തസ്‌തകയിലുള്ളർവർക്കു കമ്പിനി പല തരത്തിൽ ശമ്പളം കൊടുക്കുന്നത് പോലെ. ഒരു രാജ്യം, ഒരൊറ്റ ജനത, ഒരൊറ്റ നിയമം അത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്, ഏകികൃത കോഡ് വരിക തന്നെ വേണം.

17/06/2023

ലൈംഗിക ബന്ധത്തിന് നിയമപരമായ പ്രായ പരിധി പതിനാറ് ആക്കി കുറയ്ക്കാനുള്ള പരിഗണനയിൽ നിയമ കമ്മീഷൻ അഭിപ്രായം തേടുന്നു എന്ന വാർത്ത വായിച്ചു. എന്റെ അഭിപ്രായം പ്രായ പരിധി കുറക്കേണ്ട എന്നാണ്. സെക്സ്നെ കുറിച്ചും അതിന്റെ വൈകാരികതയും സങ്കീര്ണതയെ കുറിച്ചും മനസിലാക്കാനും ഉൾകൊള്ളുവാനുമുള്ള വികസനം ആ പ്രായത്തിൽ തലച്ചോർ കൈവരിച്ചിട്ടില്ല എന്ന ശാസ്ത്രീയ അറിവ് തന്നെയാണതിനു അടിസ്ഥാനം. സെക്സിനെ കുറിച്ച് പുതിയ തലമുറയ്ക്ക് ഏറെക്കുറെ മികച്ച രീതിയിലുള്ള അറിവുണ്ടെങ്കിലും അതിന്റെ വൈകാരികതയെ കൈകാര്യം ചെയ്യുവാൻ പാകത നേടിയെന്ന് പറയുവാൻ കഴിയില്ല. ചെറിയ പ്രായത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നുവെങ്കിൽ സെക്സിനോട് അതീവ താല്പര്യവും, ഒരുപാടു പങ്കാളികൾ ഉണ്ടാകുവാനുള്ള സാധ്യത ഏറെയാണ്. പലപ്പോഴും മനസ് സെക്സിൽ വ്യാപൃതമാകുന്നതിനാൽ പഠനത്തിലോ മറ്റുപ്രവർത്തികളിലോ ഏർപ്പെടുമ്പോൾ ശ്രദ്ധ കുറവും സംഭവിക്കും. കുറ്റബോധം, anxiety മുതലായ വൈകാരിക പ്രശ്നങ്ങൾക്കും സാധ്യത കൂടുതലാണ്. ദിവസവും എത്രയോ ആളുകളെ ഈ ഒരു പ്രശ്നത്തിനു ചികിൽസിക്കുന്നു, പുതു തലമുറയുടെ ഒരു പ്രധാന പ്രശ്‍നം കൂടിയാണിത്. മറ്റു രാജ്യങ്ങളിൽ പ്രായപരിധി കുറച്ചതുകൊണ്ട് ഇവിടെയും അങ്ങനെ ആകണമെന്നില്ല. സെക്സ് ഒരു ശാരീരിക പ്രവർത്തി മാത്രമല്ല, അതിൽ മാനസികവും, സാമൂഹിക തലങ്ങളും, മൂല്യ ബോധവും cultural factors സും അടങ്ങിയിട്ടുണ്ട്.
Dr Rejani Gopal

05/06/2023

വേട്ടക്കാരനെ പൂമാലയിട്ടു സ്വീകരിക്കുകയും ഇരയെ കല്ലെറിയുകയും സാഹചര്യം പരിതാപകരമാണ് . ഇരയുടെ വേഷവിധാനങ്ങൾക്കു നേരെയുള്ള അധിക്ഷേപങ്ങൾ, ജെട്ടിയും ബ്രായുമിട്ട് ഇൻസ്റ്റാഗ്രാമിൽ നിൽക്കുന്നവൾ , അതുകൊണ്ടു കൈയേറ്റശ്രമം ന്യായീകരിക്കപെടേണ്ടാതാണെന്നും സ്ത്രീകൾ അടക്കം പറഞ്ഞു. സണ്ണി ലിയോൺ adult ഫിലിമിൽ അഭിനിയിച്ചതുകൊണ്ട് അവരെ ആർക്കും കേറിപിടിക്കാമെന്ന് പറയുന്ന ന്യായീകരണം പോലെയാണിത്. ഒരാളുടെ വികാരങ്ങൾക്കു മേലെയുള്ള നിയത്രണം അത് കാമമായാലും കോപമായാലും സ്വന്തം ഉത്തരവാദിത്തമാണ്, അതിനു വസ്ത്രത്തിനെയും മറ്റുള്ളവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കുറച്ചു വര്ഷങ്ങള്ക്കു മുൻപ് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നേരെയുള്ള അധിക്രമങ്ങളെയും ന്യായീകരിക്കുവാൻ കുറച്ചാളുകൾ ഇറങ്ങിയിട്ടുണ്ടായിരുന്നു, ഇതും അതുപോലെ തന്നെ. ന്യായീകരിക്കുന്നവരുടെ മനോനിലയും പരിശോധിക്കപ്പെടണം.

Dr Rejani Gopal

02/06/2023

ഇന്നലെ ഞാൻ എഴുതിയ പോസ്റ്റ് പ്രധാനമായും ചൂണ്ടി കാണിക്കുന്നത് രണ്ട് കാര്യങ്ങളാണ്, ഒന്ന് വർഷങ്ങൾ കഴിഞ്ഞു ആരോപിക്കപ്പെടുന്ന ലൈംഗികാരോപണങ്ങൾ തെളിയിക്കുവാനായി നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ( ലോകത്തിൽ ഉടനീളം ഈ പ്രതിസന്ധികൾ എങ്ങിനെ തരണം ചെയ്യാമെന്നതിനെ കുറിച്ച് റിസർച്ച് നടക്കുന്നുണ്ട്), രണ്ട് ഈ കേസിലെ loopholes . പലപ്പോഴും വൈകാരികമായും, പൊളിറ്റിക്കൽ മൈൻഡൻസ് നോട് കൂടിയും പോസ്റ്റുകൾ വായിക്കുമ്പോൾ എനിക്ക് സംഘി പട്ടം ചാർത്തി തരാൻ പലരും വെമ്പൽ കൊള്ളുന്നു, അത് എനിക്ക് മാത്രമല്ല, എഴുത്തിൽ ഒരു വലതുപക്ഷ ചായ്‌വ് തോന്നിയാൽ, അവർ മുൻപേ എന്തെഴുതി എന്ന് നോക്കാതെ സംഘി പട്ടം ചാർത്തുകയും, സൈബർ അറ്റാക്ക് നടത്തുകയും ചെയ്യുന്നതിപ്പോൾ സാധാരണമാണ് .

ഇനി, ഞാൻ എന്നെ കുറിച്ച് പറയട്ടെ. എനിക്ക് പൂർണ ബോധ്യമുള്ളതും അറിവുള്ളതുമായ വിഷയങ്ങളെ കുറിച്ച് മാത്രമേ എഴുതാറുള്ളു, ആ വിഷയങ്ങളിൽ, പ്രതേകിച്ചും r**e മുതലായ വിഷയങ്ങളെ കുറിച്ച് എഴുതുന്നത് ദീർഘകാലത്തെ പ്രവർത്തി പരിചയവും അക്കാഡമിക് ബാക് ഗ്രൗണ്ടും ഉള്ളത് കൊണ്ടാണ്. Sexual abuse മുതലായ വിഷയങ്ങളെ കുറിച്ചും ഫോറൻസിക് ഫീൽഡിനെക്കുറിച്ചും ഞാനെഴുതിയ ബുക്കുകൾ British ലൈബ്രറി അടക്കം USA , Australia മുതലായ മിക്കവാറും ലോകത്തിലെ അക്കാഡമിക് ലൈബ്രറികളിൽ സ്ഥാനം പിടിക്കുകയും major reference വേണ്ടി ഉപയോഗിക്കുന്നവയുമാണ് . ലോകത്തിലെ നമ്പർ ആയി കരുതുന്ന Springer പബ്ലിഷേഴ്സ് പോലുള്ളവർക്ക്‌ ബുക്ക് എഴുതുന്ന ആളാണ് ഞാൻ. Forensic victimology ഫീൽഡിൽ ലോകം അംഗീകരിക്കുന്ന ഒരു expert, കഴിഞ്ഞ വര്ഷം Revictimization എന്ന വിഷയത്തിൽ പുതിയ തിയറിയും ഞാൻ സംഭാവന ചെയ്തു,ലോകത്തിലെ മികച്ച സയന്റിഫിക് ജേര്ണലുകളിലേക്കു ആർട്ടിക്കിൾ എഴുതി കൊടുക്കുവാൻ invitation ഒട്ടുമിക്ക ദിവസങ്ങളിലും ലഭിക്കുന്ന ആളാണ്. ഇതൊക്കെ ലഭിച്ചത് വർഷങ്ങൾ നീണ്ട കഠിന പ്രയത്നങ്ങൾ മൂലമാണ്. ഇന്നേവരെ കൈക്കൂലി മേടിച്ചിട്ടില്ല, അഴിമതിക്ക് കൂട്ടുനിൽക്കില്ലെന്ന ഉറച്ച നിലപടുള്ളത് കൊണ്ട് കിട്ടാവുന്ന പല ഉയർന്ന സ്ഥാനങ്ങളും ലഭിക്കാതെയും പോയിട്ടുണ്ട്, അതിലെനിക്ക് ഒരു നിരാശാബോധവും ഇല്ല. വിമര്ശനങ്ങളെ ഭയപെടാറുമി ല്ല, തല ഉയർത്തി പിടിച്ചു കൊണ്ട് തന്നെ ഇനിയും ജീവിക്കും, എഴുത്തു ഇനിയും തുടരും.
Dr.Rejani Gopal

01/06/2023

ലൈംഗിക ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ തെളിവുകൾ പ്രധാനമാണ്, പ്രത്യേകിച്ചുംവർഷങ്ങൾക്കു മുന്നേ നടന്നതാകുമ്പോൾ. പലപ്പോഴും ഒരാളെ താഴ്ത്തികെട്ടുവാൻ, ദ്രോഹിക്കുവാനൊക്കെ ലൈംഗികാരോപണങ്ങൾ ഉന്നയിക്കുന്നത് കൂടിക്കൊണ്ടിരിക്കുമ്പോൾ കോടതികളും വളരെ ജാഗരൂകരാണ്‌. പൊതുവെ വർഷങ്ങൾക്കു മുൻപേ നടന്ന ലൈംഗികാരോപണങ്ങളുടെ അന്വേഷണങ്ങൾ പലവിധ ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്, തെളിവുകൾ കണ്ടെത്തുന്നതിനും ഏറെ പരിശ്രമം ആവശ്യമാണ്. കായികതാരങ്ങൾ നടത്തുന്ന സമരവും വർഷങ്ങൾക്കു മുൻപ് നടന്ന പീഡനത്തെകുറിച്ചാണ്. ഡൽഹി പോലീസ് റിപ്പോർട്ട് നൽകുവാൻ താമസമുണ്ടെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമല്ലോ എന്തിനാണ് സമരം നടത്തുന്നത്? അങ്ങനെയെങ്കിൽ ഇന്ത്യയിലുടനീളം എത്രയോ ആളുകൾ നീതി താമസിക്കുവെന്നു പറഞ്ഞു സമരപന്തലുകൾ ഉയർത്തിയേനേ ? നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്, മെഡലുകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും. രജ്യത്തിനു വേണ്ടി മെഡലുകൾ വാങ്ങിയതു കൊണ്ട് അവരാഗ്രഹിക്കുന്ന രീതിയിൽ നിയമസംവിധാനങ്ങൾ പെരുമാറണമെന്നും നിർബന്ധം പിടിക്കരുത്. പീഡനം സംഭവിച്ചുവെന്ന് പറയുന്ന സ്ഥലങ്ങൾക്ക് പോലും കൃത്യതയില്ല, മാത്രവുമല്ല ഇരയുടെ പീഢകനുമായുള്ള പെരുമാറ്റങ്ങൾ സംശയങ്ങൾ ജനിപ്പിക്കുന്നു. ഒരാൾ ബലാത്സംഗം ചെയ്യപ്പെട്ടാൽ പീഢകനോട് സൗഹാർദത്തോടെ പെരുമാറാനും എന്റെ അച്ഛനെ പോലെ പ്രിയപെട്ടയാളാണ് പറയുവാനും ഒരു ഇരയും മുതിരില്ല. ഇത്തരത്തിലുള്ള ഒരു നിരീക്ഷണം കേരളത്തിൽ നടന്ന വൈദികനും കന്യാസ്ത്രീയും തമ്മിലുള്ള കേസിൽ കോടതി നടത്തിയിട്ടുണ്ട്. പീഡകനും ഇരയും തമ്മിലുള്ള ബന്ധങ്ങൾ അന്വേഷണങ്ങൾക്കു വിധേയമാകാറുണ്ട്. ഇവർ സമരം നടത്താൻ തിരെഞ്ഞെടുത്ത ദിവസങ്ങളും രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലുകളും കേസിൽ സംശയങ്ങൾ ജനിപ്പിക്കുന്നു. ഗുസ്തി താരമായിട്ടുപോലും ഒരാൾ ബലാൽക്കാരം ചെയ്യാ ശ്രമിച്ചപ്പോൾ എന്തുകൊണ്ട് പ്രതിരോധിച്ചില്ല എന്നതും പരിശോധിക്കേണ്ടതുണ്ട്. ഒരുപക്ഷെ പരസ്പര സമ്മതത്തോടെ നടന്നതും പിന്നീട് പീഡനമാണെന്ന് പറയുന്നതും ആകാം. എന്തായാലും അന്വേഷണം നടക്കട്ടെ.
Dr.രജനി ഗോപാൽ

29/05/2023

അരികൊമ്പൻ വീണ്ടും വാർത്തകളിൽ നിറയുന്നു. ആനയെ അതിന്റെ ആവാസവ്യവസ്ഥയിൽ നിന്ന് മാറ്റിയപ്പോൾ എന്തൊക്കെ വീരവാദങ്ങൾ ആയിരുന്നു, പുല്ലും വെള്ളവും കണ്ടു മതിമറന്ന അരികൊമ്പൻ പുതിയ ഇണയെയും കണ്ടെത്തും, അതുവഴി പുതിയൊരു BREED പോലും ഉടലെടുക്കും... പക്ഷെ സംഭവിക്കുന്നത് എന്താണ്? ചൂട് താങ്ങാതെ, ഉണങ്ങാത്ത വ്രണവുമായി, മെലിഞ്ഞു അതിന്റെ ഉറ്റവരെ തേടി തെക്കു വടക്കു അലയുന്നു... ആ ജീവിയെ ആരുടെയൊക്കെയോ വ്യക്തിഗത താൽപര്യങ്ങൾക്കു വേണ്ടി ബലിയാടാക്കുന്നു, സഹതാപം തോന്നുന്നു. ഈ ലോകം എല്ലാവർക്കും കൂടിയുള്ളതാണ്, മൃഗങ്ങൾക്ക് മൗലികാവകാശങ്ങൾ ഇല്ലായിരിക്കാം പക്ഷെ അവർക്കും ചില അവകാശങ്ങൾ ഉണ്ടെന്നു മറക്കരുത്.

27/05/2023

കേരളത്തിലെ പുതിയ തലമുറയിൽ കുറ്റകൃത്യങ്ങൾ ഏറി വരുന്നു , കഴിഞ്ഞ രണ്ടു വർഷത്തെ കാണിക്കു നോക്കിയാൽ കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടുതലാണ്, ക്രൈം ചെയ്യുന്ന പെൺകുട്ടികളുടെ നിരക്കും കൂടുതലാണ്. ഒരാളെ കൊല്ലുവാനും വെട്ടിനുറുക്കാനുമുള്ള മാനസികാവസ്ഥയിലേക്ക് പോയി കഴിഞ്ഞിരിക്കുന്നു. ഹോസ്റ്റലിൽ തന്റെ റൂംമേറ്റിനെ പെൺകുട്ടി ദേഹോദ്രപം ഏൽപ്പിച്ചെന്നും പൊള്ളലേൽപിച്ചെന്നും വാർത്ത വരുന്നു. മദ്യവും മയക്കു മരുന്നും മൂല്യച്യുതിയും നമ്മുടെ യുവതലമുറയെ ഏറെ മോശമായി ബാധിച്ചിരിക്കുന്നു. ഓരോ ദിവസങ്ങളും കടന്നു പോകുന്നത് എത്ര ഭയാനകമായ വാർത്തകൾ കേട്ടിട്ടാണ് ....
Dr Rejani Gopal

25/05/2023

ഇന്നലെ ഓൺലൈനിലൂടെ എന്റെ ക്ലാസ്സ്‌മേറ്റിന്റെ മകന്റെ ഫ്യൂണറൽ അറ്റൻഡ് ചെയ്തു , അകാലത്തിൽ മക്കളെ മരണത്തിലൂടെ നഷ്ടപ്പെടുന്നത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം. അടുത്തിടെ മക്കളെ ഉപേക്ഷിച്ചു അമ്മമാർ കാമുകന്റെ കൂടെ പോകുന്ന കാഴ്ച്ചകൾ കൂടി വരുന്നു. അവിടെയും ഉപേക്ഷിക്കപെടുന്നത് കുട്ടികളാണ്, എനിക്ക് കുട്ടിയെ വേണ്ടായെന്ന് കുട്ടിയുടെ മുന്നിൽ വച്ച് പറയുകയും ഉപേക്ഷിക്കുകയും ചെയ്യുന്നത് ആ കുട്ടികളിൽ എത്ര മനസികാഘാതം ഉണ്ടാക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇന്ന് വേറൊരു വാർത്ത കണ്ടു, കാമുകനുമായി ചേർന്ന് മൂന്നു കുട്ടികളെയും കൊന്നു അമ്മയും കാമുകനും ആത്മഹത്യ ചെയ്തുവെന്ന്. നമ്മുടെ സമൂഹത്തിനു എന്ത് പറ്റി? അക്രമവാസനയും , ക്രിമിനൽ ആക്ടിവിറ്റീസും സ്വാർത്ഥതയും ഏറി വരുന്നു. സമൂഹത്തെ ബാധിച്ചിരിക്കുന്ന രോഗാതുരമായ അവസ്ഥയാണ് ഇത് പ്രതിധാനം ചെയ്യുന്നത്.

Dr Rejani Gopal

22/05/2023

ബസ്സിലെ ലൈംഗികാതിക്രമത്തോട് ശക്തമായി പ്രതികരിച്ച പെൺകുട്ടിയുടെ ചരിത്രവും ഫോട്ടോസും പുറത്തുവിട്ട് ഇരയെ അധിക്ഷേപിക്കുന്നതായി കണ്ടു. ലൈംഗികാതിക്രമങ്ങൾക്ക് ഇരയായാൽ അവരുടെ ഭാഗത്തുനിന്നും എന്തെകിലും കാരണം കൊണ്ടാണ് അത് സംഭവച്ചിതെന്നുള്ള വിധത്തിൽ ഇരയുടെ ചരിത്രമന്വേഷിക്കുന്നതു നൂറ്റാണ്ടുകൾ പഴക്കമുള്ള രീതിയാണ്. പക്ഷെ നിയമത്തിനു മുൻപിൽ ഒരാളുടെ മേൽ ലൈംഗികാതിക്രമം നടന്നാൽ, ഇരയുടെ ചിത്രങ്ങൾക്കോ background നോ ഒരു പ്രാധാന്യവുമില്ല , അതിക്രമം നടത്തിയവർക്കെതിരെ കേസ് നിലനിൽക്കുകയും ചെയ്യും.
മിക്കവാറും സ്ത്രീകൾ യാത്രകൾക്കിടയിലും മറ്റും അതിക്രമങ്ങൾ നേരിടുന്നുണ്ട് പക്ഷെ ആരും കാര്യമായി പ്രതികരിക്കാറില്ല, പ്രതികരിച്ചാലും മറ്റുള്ളവർ സപ്പോർട്ടും ചെയ്യണമെന്നില്ല . ശക്തമായി പ്രതികരിച്ച ആ പെൺകുട്ടിക്കും സപ്പോർട്ട് ചെയ്ത കണ്ടക്ടർക്കും എന്റെ അഭിവാദ്യങ്ങൾ.
Dr.Rejani Gopal

10/05/2023

ഇന്ന് വേറൊരു ദുരന്തവും കൂടി സംഭവിച്ചിരിക്കുന്നു. ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങൾ വിശദീകരിക്കേണ്ടിയിരിക്കുന്നു. ഒന്ന് , മയക്കുമരുന്നിന്റെ വ്യാപക ഉപയോഗം. കേരളത്തിലെ കുട്ടികൾ മുതൽ മുതിർന്നവർ വരെ മയക്കുമരുന്നിന് കീഴ്‌പെട്ടുകൊണ്ടിരിക്കുന്നുവെന്നത് ഒരു യാഥാർഥ്യമാണ്. എന്റെ കേരളം അങ്ങനെ അല്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഈ കേസിലെ പ്രതി കുട്ടികളെ നേർവഴിക്കു നയിക്കേണ്ട അധ്യാപകനാണ്.
രണ്ടാമത്തെ കാര്യം, മയക്കു മരുന്ന് ഉപയോഗിക്കുന്നവരെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന്, പ്രത്യേകിച്ചും അക്രമാസക്തരാവുമ്പോൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പൊതുജനങ്ങൾക്കോ, നിയമപാലകർക്കോ, ഹോസ്പിറ്റൽ ജീവനക്കാർക്കോ ശരിയായ അറിവില്ല, കാരണം നാം ഇപ്പോഴും മയക്കുമരുന്നുപയോഗത്തെ വേറെ ആരുടെയോ പ്രശ്നമെന്ന രീതിയിലാണ് നോക്കികാണുന്നത് , ഓരോരോ കുടുംബത്തിൽ സംഭവിക്കാൻ പോകുന്ന വിപത്താണിതെന്ന ഉൾകാഴ്ച ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. മദ്യപാനം മൂലം ഉണ്ടാക്കുന്ന അക്രമാസക്തിയേക്കാളും അധികയിരിക്കും മയക്കുമരുന്ന് ഉപയോഗിച്ചുണ്ടാകുന്നത്, പെരുമാറ്റങ്ങൾ മാറിമറിഞ്ഞുകൊണ്ടിരിക്കും. ആ അറിവില്ലായ്മയാണ് പ്രതിയെ കൈയാമം വെക്കാതെ, സുരക്ഷാ മുന്നൊരുക്കങ്ങൾ ഇല്ലാതെ ഹോസ്പിറ്റലിൽ കൊണ്ടുവരാൻ കാരണമായത്.

മൂന്നാമത്തെ കാര്യം ആശുപത്രി ജീവനക്കാർക്ക് നേരെയുള്ള, പ്രത്യേകിച്ചും ഡോക്ടര്സിനു നേരെയുള്ള ആക്രമണം. ദേഷ്യം വന്നാൽ തിരിച്ചു ഉപദ്രവിക്കാൻ കഴിവില്ലാത്തവരെ , സാധ്യതയില്ലാത്തവരെയാണ് ഉപദ്രവിക്കുന്നവർ ലക്ഷ്യം വയ്ക്കുക, നിർഭാഗ്യവശാൽ ഡോക്ടർസ് ആക്രമണങ്ങൾക്കു മുൻപിൽ നിസ്സയഹരാണ്‌ എന്ന പൊതുബോധം തന്നെയാണ് വീണ്ടും വീണ്ടും അവർ ആക്രമണത്തിന് ഇരയാവുന്നത്. എങ്ങനെ രോഗിയെ ചികിൽസിക്കാം എന്നാലോചിച്ചു നിൽക്കുന്ന ഡോക്ടർക്ക് പെട്ടന്നുള്ള ആക്രമണത്തെ നേരിടാൻ കഴിയാതെ പോകുന്നു ( അല്ലെങ്കിലും രോഗി തന്നെ ആക്രമിക്കാനാണ് വരുന്നെതെന്ന് ഒരു ഡോക്ടറും ചിന്തിക്കില്ലല്ലോ), ഡോക്ടർസ് ഒരു soft target ആയി മാറികൊണ്ടിരിക്കുന്നുവെന്നത് ഭീതി പെടുത്തുന്നു. ഈ കേസിൽ ഹോസ്പിറ്റലിൽ വരുന്നതിന് മുൻപ്‌ പ്രതി അക്രമാസക്തനായിരുന്നു , ആയാൽ തന്നെയാണ് പോലീസിനെ വിളിച്ചു വരുത്തിയെന്നതുകൊണ്ട് മയക്കുമരുന്ന് അയാളിൽ ഉണ്ടാക്കിയ മൃഗീയത കുറക്കുന്നില്ല. അയ്യാളുടെ മുറിവുകൾ തുന്നികെട്ടുന്നതിനിടയിലാണ് ആ ഡോക്ടറെ ആക്രമിച്ചതെന്ന് കേട്ടു. ശക്തമായ നിയമ നടപടികൾ ഉണ്ടാകണം.

10/05/2023

ഓരോ ദുരന്തവും നമ്മുടെ സിസ്റ്റത്തിലെ പോര്യ്മകളെ ഓര്മ പെടുത്തുന്നു, താനൂരിലെ ബോട്ടപകടവും വിരൽ ചൂണ്ടുന്നതും അതുപോലുള്ള കാര്യങ്ങളിലേക്കാണ്. പലപ്പോഴും ഇതുപോലുള്ള അപകടങ്ങൾ സംഭവിക്കുമ്പോൾ മാത്രം അരങ്ങേറുന്ന ചെക്കിങ്ങുകൾ വീണ്ടും വിസ്‌മൃതിയിലാകുന്നു അടുത്ത അപകടം ഉണ്ടാകുന്നത് വരെ. വിമാനത്താവളത്തിൽ മാത്രമാണ് നിയമങ്ങൾ കർശനമായി പാലിക്കുന്നത്, ആളുകൾ അതിനോട് സഹകരിക്കുന്നതും സ്വയരക്ഷയെ കരുതിയും കൂടിയാണ്. റോഡ് മാർഗവും ജലമാർഗവുമെല്ലാം സഞ്ചരിക്കുമ്പോൾ സ്വയ രക്ഷാ മാർഗങ്ങൾ, life jacket തുടങ്ങിയവ ഉറപ്പുവരുത്തണം, ഗോവർമെണ്ടും ജനങ്ങളും കൈകോർത്തു പ്രവർത്തിക്കുമ്പോൾ, നിയമങ്ങൾ കർശനമായി പാലിക്കുമ്പോൾ മാത്രമേ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കുകയുള്ളു. ബോട്ട് അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്കെന്റെ ആദരാഞ്ജലികൾ.

03/05/2023

ഇപ്പോൾ എല്ലാ ദിവസവും അരികൊമ്പൻ ചിന്നക്കനാലിൽ തിരിച്ചെത്തുമോ എന്നൊരു ആകാംഷ എനിക്കുണ്ട്. താമസിച്ചിരുന്ന വനവും കൂട്ടുകാരെയുമൊക്കെ വിട്ടു പരിചിതമല്ലാത്ത വേറൊരു സ്ഥലത്തു നിർബന്ധിതമായി ജീവിക്കേണ്ടി വരുന്ന ആ ആനയെ കുറിച്ചോർത്തു മനസ് വേദനിക്കുന്നു.
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പോരാട്ടമാണിത്, നിയമങ്ങൾ മനുഷ്യരുടെ ജീവനാണ് പ്രാധ്യാന്യം കൊടുക്കുന്നത്. കാടു മൃഗങ്ങളുടേതാണ്, അത് മനുഷ്യർ കയ്യേറുമ്പോൾ ഭക്ഷ്യ ലഭ്യതക്കുറവ് മൂലം മൃഗങ്ങൾ നാട്ടിലേക്കിറങ്ങും. ഒരു ആനയെ മാറ്റിയത് കൊണ്ട് ഈ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല, കാട്ടിൽ ഭക്ഷ്യലഭ്യത ഉറപ്പുവരുത്തുവാനുള്ള നടപടികളാണ് വേണ്ടത്. അരികൊമ്പനിൽ നിന്നും സിഗ്നൽ കിട്ടുന്നില്ലായെന്നറിഞ്ഞു , എവിടെയായാലും ജീവനോടെ ഇരിക്കട്ടെ.

26/04/2023

മോദിജിയുടെ കേരള സന്ദർശനത്തിൽ നിന്നും മനസിലാക്കുന്നത് ഇതാണ് ജനങ്ങൾക്ക് അവരുടെ നെഞ്ചത്തേക്ക് കയറാത്ത വികസനങ്ങൾ വേണം, അതേതു രാഷ്ട്രീയ പാർട്ടിയാണെങ്കിലും ജനങ്ങൾ അംഗീകരിക്കും. പിന്നെ കേരളത്തിലെ ജനങ്ങളെ കുറിച്ച് നല്ല വാക്കുകൾ മോദിജി പറഞ്ഞത് വെറുതെയല്ല, അത് സത്യസന്ധമായിട്ടു പറഞ്ഞതാണ്. ഏറെ പിന്നോക്കം നിന്ന ഗുജറാത്തിനെ മുന്നോട്ടു നയിച്ചതിൽ കേരളീയരായ ഒരുപാടു ഉദ്യോഗസ്ഥരുടെ പ്രയത്നം ഉണ്ടായിരുന്നു, ഗുജറാത്ത്‌ ജനതയും ആ നന്ദി കേരളീയരോട് കാണിക്കാറുണ്ട്, അവർക്ക് കേരളീയരോട് വലിയ സ്നേഹവും ബഹുമാനവുമാണ്.ഇപ്പോഴും മോദിജിയുടെ വലം കയ്യായി ഗുജറാത്തിൽ പ്രവർത്തിക്കുന്നത് കേരളീയനാണ്. ഇത്രയും എഴുതിയത് കൊണ്ട് ഞാൻ സങ്കിയാണെന്ന് പറഞ്ഞു എന്നെ ട്രോളിയാലും എനിക്ക് കുഴപ്പമില്ല.

20/04/2023

ഓജസ് എന്ന ചെറുപ്പക്കാരൻ തന്റെ പേരിന്റെ കൂടെ ജാതിപ്പേർ ചേർത്തതിനെ വളരെ വിപ്ലവകരമായി പുകുഴ്ത്തുന്നത് കണ്ടു. ആ ചെറുപ്പക്കാരൻ പേര് സ്വന്തമായി മാറ്റിയതാണ്, ഒരർത്ഥത്തിൽ നോക്കിയാൽ അത് വിപ്ലവകരവുമാണ് . പക്ഷെ ജാതിപ്പേർ പേരിനൊപ്പമുള്ളതു അപമാനമായി കരുതുകയും അതിൽ വിഷമത്തോടെ ജീവിക്കുന്ന ഒരുപാടു പേര് ഇന്ത്യയിൽ ഉണ്ടെന്ന് ഞാൻ ഓര്മപെടുത്തട്ടെ. ഗുജറാത്തിലും രാജസ്ഥാനിലും മറ്റും പേരിന്റെ കൂടെ ജാതിപ്പേര് ചേർക്കണമെന്ന് നിർബന്ധമാണ്. പലരും പേര് ചോദിക്കുന്നത് തന്നെ ജാതി തിരിച്ചറിയാനാണ്. സ്വന്തം പേര് പറഞ്ഞാലും surname ചോദിക്കും, പരസ്പരം ആളുകൾ അഭിസംബോധന ചെയ്യുന്നതും ജാതിപ്പേരിൽ തന്നെയാണ്, അതുകൊണ്ടു മിക്കവാറും എല്ലാവരും ശർമ്മാജിയും മീനാജിയും ആണ്, പലർക്കും മറ്റുള്ളവരുടെ പേരുപോലും ശരിക്കു അറിയണമെന്നില്ല. ഈ ജാതിപ്പേര് തന്നെയാണ് ഫ്രണ്ട്ഷിപ് ഉണ്ടാക്കുന്നതിനുപോലും മാനദണ്ഡമാകുന്നത്, മാറ്റി നിർത്തുവാൻ കാരണമാകുന്നത്. സൗത്ത് ഇന്ത്യയിൽ സ്ഥിതി കുറച്ചും കൂടി മെച്ചമാണ്, ഭൂരിഭാഗം പേരിനൊപ്പം പിതാവിന്റെ പേരാണ് വക്കുന്നത്, അതാണ് ശരിയെന്നും ഞാൻ വിശ്വസിക്കുന്നു. ജാതിക്കും മതത്തിനും അതീതമായി മനുഷ്യനായി ഒരാളെ കാണുകയും അടയാളപ്പെടുത്തുകയും ചെയ്യുന്നതാണ് യഥാർത്ഥ വിപ്ലവം, വീണ്ടും പിന്നിലേക്ക് നടക്കുന്നതിൽ എന്ത് കാര്യം?

15/04/2023

Happy Vishu....

29/03/2023

ഒരു സൈനികൻ ട്രെയിനിൽ വച്ച് യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തിനുമേൽ അന്വേഷണം നടക്കുകയാണല്ലോ, പീഡനം നടന്നിട്ടില്ലെന്ന മെഡിക്കൽ റിപ്പോർട്ടും വന്നു. തുടക്കം മുതലേ ഈ കേസിനെ കുറച്ചും കൂടി ജാഗ്രതയോടുകൂടി അന്വേഷിക്കണമായിരുന്നു. ഒന്നാമത് യാത്രക്കാരുള്ള ട്രെയിനിൽ , പകൽ സമയത്തു് പീഡനം നടുന്നുവെന്നു പറയുന്നതിൽ പൊരുത്തക്കേടുണ്ട്. അപരിചിതരുടെ അടുത്തുനിന്നും ഭക്ഷണം കഴിക്കുവാൻ മടിക്കുന്ന ഇക്കാലത്തു സൈനികൻറെ അടുത്തുനിന്നും മദ്യം കുടിച്ചു ( ട്രെയിനിൽ വച്ച് സൈനികൻ മദ്യം കഴിച്ചത് തെറ്റാണ്, അതൊഴിവാക്കാമായിരുന്നു) , അയ്യാളുടെ ഫോട്ടോയും എടുത്തു. ആ ഫോട്ടോകൾ നിരീക്ഷിച്ചാൽ മനസിലാകും അതിൽ വലിയ അസ്വഭാ വികതയില്ലെന്നു , മാത്രവുമല്ല പീഡിപ്പിക്കുവാൻ സാധ്യത തോന്നിയാൽ ഒരു സ്ത്രീയും സൗഹാർദ്ദത്തിൽ പെരുമാറില്ല. അവർ ഡിപ്രഷന് മരുന്ന് കഴിക്കുന്നുണ്ട് എങ്കിൽ ആദ്യമേ ഒരു സൈക്കിയാട്രിസ്റ്റിസ്റ് ന്റെയോ ക്ലിനിക്കൽ സൈക്കോളജിസ്റ്റന്റയോ അഭിപ്രായം തേടണമായിരുന്നു. Psychotic features ഉണ്ടെങ്കിൽ പീഡിപ്പിച്ചു എന്ന തോന്നലൊക്കെ ഉണ്ടാവാം. മെഡിക്കൽ റിപ്പോർട്ട് വരുന്നതിനുമുന്പേ, കുറ്റം തെളിയുന്നതിനു മുൻപേ ആ സൈനികന്റെ ഫോട്ടോയുംവിവരങ്ങളും മാധ്യമങ്ങളിൽ വന്നത് തെറ്റാണ്. അതയ്യാളുടെ ജോലിയെ, കുടുംബത്തെയൊക്കെ ബാധിക്കും, അവർ കടന്നുപോകുന്ന മാനസിക വ്യഥക്കു ആരുത്തരം പറയും. പീഡനം പോലുള്ള കേസുകളിൽ പോലീസും മാധ്യമങ്ങളും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട് .

16/03/2023

ചില ജീവിത സത്യങ്ങൾ...

വിജയങ്ങളുടെ പടികൾ മുന്നേറുമ്പോൾ നാം കൂടുതൽ ഒറ്റക്കാണ് , ശത്രുക്കൾ കൂടുകയും ചെയ്യും. എങ്കിലും പൊരുതുക തന്നെ വേണം.. മുന്നോട്ടു തന്നെ...

23/02/2023

Google gave me this title

15/02/2023

ഒരു ആദിവാസി യുവാവും കൂടി ആൾക്കൂട്ട മർദ്ദനം മൂലം മരണപെട്ടു , ഇനിയത് ആത്മഹത്യയാണെങ്കിൽ പോലും വേറൊരു അർത്ഥത്തിൽ അതൊരു കൊലപാതകം തന്നെയാണ് . പക്ഷെ ഇതിന്റെ പേരിൽ വലിയ ആരവങ്ങൾ ഒന്നും കേൾക്കുന്നില്ല, അതെന്നെ അത്ഭുതപ്പെടുത്തി. അവരെ കള്ളനെന്ന് മുദ്രകുത്താമെന്നും മർദിക്കാമെന്നും കൊന്നാലും വലിയ പ്രശ്നമൊന്നമില്ലെന്ന മാനസികാവസ്ഥയിലേക്ക് സമൂഹം മാറിയോ ? ഞാൻ ആലോചിക്കുകയായിരുന്നു ,വർഷങ്ങൾ അഴിഞ്ഞിട്ടും ആദിവാസി സമുദായത്തിന്റെ പിന്നോക്ക അവസ്ഥക്ക് എന്ത് കൊണ്ട് മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല എന്ന് . കുറച്ചു വർഷങ്ങൾ മുൻപ് കേരളത്തിൽ നിന്ന് സിവിൽ സർവീസിൽ കയറിയതിന്റെ പേരിൽ ആ വിഭാഗത്തിലെ ഒരു പെൺകുട്ടിയെ വലിയ തോതിൽ അഭിനന്ദിച്ചു കൊണ്ട് പത്ര മാധ്യമങ്ങൾ മുന്നോട്ടു വന്നിരുന്നു. പക്ഷെ രാജസ്ഥാനിലും മറ്റും ഈ വിഭാഗത്തിലെ എത്രയോ ആളുകൾ സിവിൽ സർവീസിലും മറ്റ് ഉന്നത സ്ഥാനങ്ങളിലും ജോലി ചെയ്യുന്നു. അവർ എല്ലാ മേഖലകളിലും പ്രാഗൽഭ്യം തെളിയിച്ചിരിക്കുന്നു, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വന്നിരിക്കുന്നു. എന്ത് കൊണ്ട് കേരളത്തിൽ ഇങ്ങിനൊയൊന്നും സംഭവിക്കുന്നില്ലെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
Rejani Gopal

12/02/2023

മയക്കു മരുന്ന് നമ്മുടെ യുവതലമുറയെ കീഴടക്കി തുടങ്ങിയെന്നു വേദനയോടെ പറയട്ടെ. കുറച്ചു വർഷങ്ങൾക്കു മുൻപ് മദ്യപാനം മൂലമുള്ള ബുദ്ധിമുട്ടുകൾക്കാണ് കൂടുതലും ചികിത്സ തേടിയതെങ്കിൽ ഇപ്പോൾ മയക്കുമരുന്നിന്റ ഉപയോഗം കൊണ്ടുള്ള പ്രശ്നങ്ങൾക്കാണ് കൂടുതലും ചികിത്സ തേടുന്നത്. മദ്യവും മയക്കുമരുന്നും അല്ലെങ്കിൽ പലവിധത്തിലുള്ള മയക്കുമരുന്നിന്റെ ഉപയോഗങ്ങൾ സാധാരണമായിരിക്കുന്നു. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കിടയിലും ഇതു കൂടി വരുന്നു, പ്രത്യേകിച്ചും കുട്ടികൾക്കിടയിൽ. സ്കൂളുകളിലും കോളേജുകളിലും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയാണ്, സ്ഥാപനത്തിന് പേരുദോഷം വരുമെന്നതുകൊണ്ട് അധികാരികൾ പലപ്പോഴും ഇതിനു നേരെ കണ്ണടക്കുന്നു. മയക്കുമരുന്നിന്റെ ലഭ്യത തന്നെയാണ് ഉപയോഗം കൂടുവാനുള്ള കാരണം. വലിയ മാഫിയകൾ ഇതിനു പിന്നിലുള്ളത് കൊണ്ട് നിലവിലുള്ള സംവിധാനങ്ങൾ എത്രകണ്ടിതിനെ നേരിടുമെന്നതിനെ കുറിച്ച് ഉറപ്പില്ല . നമ്മുടെ കുട്ടികളെ നമ്മൾ തന്നെയാണ് സൂക്ഷിക്കേണ്ടത്. അവരെ ചേർത്തുനിർത്തുക, പെരുമാറ്റത്തിൽ ഏതെങ്കിലും അപാകത കണ്ടാൽ കാരണം അന്വേഷിക്കുക, ചികിത്സ ലഭ്യമാക്കുക. ഒരു തലമുറയുടെ മാനസിക നില താറുമാറാക്കുന്ന, ഒന്നിനും കൊള്ളാത്തവരാക്കുന്ന മയക്കുമരുന്നിന്റെ പിടിയിൽ നിന്നും രക്ഷിക്കാൻ ഓരോ മാതാപിതാക്കളും ഉത്തരവാദിത്വം ഏറ്റെടുക്കണം, കൂട്ടത്തിൽ നമ്മുടെ കുട്ടികളെ കൂടുതൽ ജാഗരൂകരായിരിക്കുവാൻ പഠിപ്പിക്കേണ്ടിയിരിക്കുന്നു.

11/02/2023

സ്ത്രീകൾ രാഷ്ട്രീയത്തിൽ കൂടുതൽ വന്നാൽ അഴിമതിയും മറ്റും കുറയുമെന്നൊരു പൊതുജനാഭിപ്രായം ഏകദേശം പത്തുവർഷം മുൻപുണ്ടായിരുന്ന ഒരു survey യിൽ ഉയർന്നുവന്നിരുന്നു . ഇന്നിപ്പോൾ സ്ത്രീകൾ ഉൾപ്പെടുന്ന അഴിമതികൾ ഓരോന്നായി പുറത്തുവരുമ്പോൾ ആ പ്രതീക്ഷകളും വിഫലമാകുന്നു ....

07/02/2023

കേരളത്തിലെ യുവത്വം വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാൻ മത്സരിക്കുന്നുവെന്ന് വലിയൊരു ആശങ്കയോടെ പലരും പറയുന്നു. ഒരർത്ഥത്തിൽ ഇന്ത്യക്ക് കിട്ടേണ്ട ഹ്യൂമൻ റിസോഴ്സ് ആണ് നഷ്ടപ്പെടുന്നത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? ജോലിതേടി മറ്റുസംസ്ഥാനങ്ങളിലും വിദേശങ്ങളിലും പോകുന്നത് മലയാളിയെ സംബന്ധിച്ചു് പുതുമയുള്ള കാര്യമല്ല, മാത്രവുമല്ല മക്കൾ പുറത്തു പഠിക്കുന്നത്, ജോലി ചെയ്യുന്നത് വളരെ അന്തസ്സായി കാണുന്ന സമൂഹമാണ് നമ്മുടേത്. തൊഴിലവസരങ്ങളും ജീവിത സാഹചര്യങ്ങളും മറ്റു രാജ്യങ്ങളിൽ കിട്ടുമ്പോൾ , മാത്രവുമല്ല അവിടെത്തന്നെ ജീവിക്കാനുള്ള നിയമപരമായ അവകാശങ്ങളും കൂടി കിട്ടുമ്പോൾ പുതിയ തലമുറ അതിലേക്കു കൂടുതൽ ആകര്ഷിക്കപെടുന്നു. ഇങ്ങിനെയാണ്‌ കേരളത്തിൽ എങ്കിൽ ഉത്തരേന്ത്യയിൽ പ്രത്യേകിച്ചും ഗുജറാത്തിലുമൊക്കെ യുവ തലമുറ അവസരങ്ങൾ ഉണ്ടായിട്ടും വിദേശത്തു പോകാതെ ഇന്ത്യയിൽ ജീവിക്കാൻ, ജോലിചെയ്യാൻ താത്പര്യപ്പെടുന്നു. എന്ത് കൊണ്ട്? വിദേശത്തു ലഭിക്കുന്നതിനേക്കാൾ അവസരങ്ങളും വേതനവും അവിടെ ലഭിക്കുന്നതുകൊണ്ട്. വേറൊരു രാജ്യത്തുപോയി രണ്ടാംകിട പൗരൻമാരായി ജീവിക്കാൻ താല്പര്യമില്ലാത്തതും ഒരു കാരണമാണ്. മാത്രവുമല്ല ഒരുപാട് വികസനകളും ഇവിടെ നടക്കുന്നുണ്ട്, എത്രയെത്ര യൂണിവേഴ്സിറ്റികൾ , മെഡിക്കൽ കോളേജുകൾ, ഹോസ്പിറ്റലുകൾ ഓരോവർഷവും ഇവിടെ തുടങ്ങുന്നു. ഉദാഹരണത്തിന് ഒരു നൂറുദിവസത്തെ പദ്ധതിക്ക് ഉൽഘാടനം നടന്നാൽ അതെ ദിവസം തന്നെ അവർ പ്രഖ്യാപനം നടത്തും എന്ന് തുടങ്ങി ആ സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നുവെന്ന്, പ്രഖ്യാപിച്ച ദിവസം തന്നെ അത് പ്രവർത്തനം ആരംഭിച്ചിരിക്കും. ഇതെൻറെ അനുഭവത്തിൽ നിന്നാണ് പറയുന്നത്. വെറുതെ കേരളം നമ്പർ വൺ ആണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം, അത് നിലനിർത്തി കൊണ്ട് പോകുവാൻ ദീർഘ വീക്ഷണത്തോടെ എന്ത് വികസനമാണ് നടക്കുന്നത് ?ഇത്തരത്തിൽ പോകുകയാണെങ്കിൽ കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ കേരളം ഏറെ പിറകിലോട്ടു പോകും. മാനവ വിഭവശേഷി നന്നായി ഉപയോഗപ്പെടുത്താത്ത സംസ്ഥാനമെന്ന പഴിയും കേൾക്കേണ്ടിവരും.
Rejani Gopal

29/01/2023

എന്റെ ചില പോസ്റ്റുകൾ വായിച്ചിട്ട് പലരും ഞാൻ ബിജെപിയാണോ, സംഘ്പരിവാറാണോ RRS ആണോ എന്ന് ചോദിക്കുന്നു. ഞാൻ ഒരു ഹിന്ദു മത വിശ്വാസിയാണ്, ക്രിസ്ത്യൻ ദേവാലയങ്ങളിലും മുസ്ലിം പള്ളികളിലും പോയിട്ടുണ്ട് . തത്വമസിയിൽ വിശ്വസിക്കുന്നതുകൊണ്ട് ദേവാലയങ്ങളിലും മനുഷ്യരിലും ഭേദഭാവങ്ങൾ കാണാറില്ല. എനിക്ക് എന്നും എന്റെ നിലപാടുകൾ ഉണ്ടായിരുന്നു.തീരെ ചെറുപ്പം മുതലേയുള്ള വായന ശീലം, യാത്രകൾ, പല രാജ്യക്കാരുമായുള്ള സൗഹൃര്ദങ്ങള്, കാര്യങ്ങളെ കുറിച്ച് വസ്തുനിഷ്ഠമായി മനസിലാക്കാനുള്ള താല്പര്യം എല്ലാമാണ് എന്റെ എഴുത്തിന്റെ അടിത്തറ. ശരിയെന്ന് തോന്നുന്നത് ഞാൻ എഴുതുന്നു , പല വസ്തുതകളും ഞാനെഴുതുന്നത് ആ സ്ഥലങ്ങളിൽ ജീവിച്ചതുകൊണ്ടോ, അവിടെയുള്ള ആളുകളുമായി അടുത്ത് ബന്ധമുള്ളതുകൊണ്ടോ ആണ്, എനിക്ക് സത്യമെന്ന് തോന്നിയത് മാത്രമേ എഴുതിയിട്ടുള്ളു. നിങ്ങൾക്ക് അനുകൂലിക്കുകയും വിയോജിക്കുകയും ചെയ്യാം.
ഞാൻ ഇന്ന് ജയ്‌പ്പൂരിൽ pathan മൂവി കാണുവാൻ പോയി. സിനിമ തുടങ്ങുന്നതിന് മുൻപായി എന്നെത്തെയുംപോലെ ദേശീയഗാനം മുഴങ്ങി. അതിന്റെ അവസാനം ഭാരത് മാത കി ജയ് എന്ന വിളികൾ തീയറ്ററിൽ മുഴങ്ങി. വര്ഷങ്ങള്ക്കു മുൻപ് കേരളത്തിൽ ഒരു തീയേറ്ററിൽ ഞാൻ സിനിമ കാണുവാൻ പോയി, ദേശീയഗാനം മുഴങ്ങി, ഞാനടക്കം ആകെ മൂന്നുപേരാണ് ആ തീയറ്ററിൽ എഴുന്നേറ്റുനിന്നത്. അവിടെ എഴുന്നേൽക്കാൻ മടിക്കുന്ന പലരും വിദേശങ്ങളിൽ പോയി അവിടുത്തെ നിയമങ്ങൾ വള്ളിപുള്ളി വിടാതെ പാലിക്കും , അവിടുത്തെ ദേശീയ ഗാനത്തെ ആദരിക്കുകയും ചെയ്യും . വിദേശത്തുള്ളവർ എത്ര വൈകാരിതയോടുകൂടിയാണ് അവരുടെ ദേശീയ ഗാനം ഏറ്റുപാടുന്നത്. ജനിച്ച നാടിനെ സ്നേഹിക്കുന്നത് പ്രസവിച്ച അമ്മയെ സ്നേഹിക്കുന്നത് പോലെയാണെന്ന് ഞാൻ വിശ്വസിക്കുന്നു , ദേശസ്നേഹം കൊണ്ട് ഞാനെഴുതുന്നതു കൊണ്ട് എന്നെ എന്തൊക്കെ അലങ്കാരങ്ങൾ കൊണ്ട് വിളിച്ചാലും ഞാനത് സന്തോഷത്തോടെ സ്വീകരിക്കും.
Rejani Gopal

26/01/2023

ജീവിതം നായനക്കിയത്‌ പോലെയെന്ന് നാല്പതുവയസിനടുത്തവർ, നാല്പതുവയസ്സു കഴിഞ്ഞവർ ചിന്തിക്കുന്നെതെന്തു കൊണ്ട് ? കൗമാരത്തിൽ നാം ഒരുപാട് സ്വപ്നങ്ങൾ കാണും, ജീവിതം സ്വർഗ്ഗം ആയിരിക്കും എന്നൊക്കെ പക്ഷെ ജീവിതം മുന്നോട്ടു നീങ്ങുമ്പോൾ മനസ്സിലാകും യാഥാർഥ്യങ്ങൾ കഠിനമാണെന്നു, ആഗ്രഹിച്ചത് കുറച്ചൊക്കെ ലഭിക്കും കുറേയേറെ നഷ്ട്ടങ്ങളും. ഓടിയോടി നാല്പതിനടുത്തെത്തുമ്പോൾ നാം ഒന്ന് പിൻതിരിഞ്ഞു നോക്കും, സ്വപ്നങ്ങൾക്കും യാഥാർഥ്യങ്ങൾക്കും നടുവിൽ നിസ്സഹരായി നിൽക്കുമ്പോൾ ഭൂരിപക്ഷം ആളുകൾക്കും തോന്നും ജീവിതം നായ നക്കിയതുപോലെയെന്ന്. അല്ലെങ്കിലും ആഗ്രഹിച്ചത് എല്ലാം നേടിയത് ആരാണ്? ജീവിതം ലാഭനഷ്ടങ്ങളുടേതാണ്, അതിൽ നിരാശ തോന്നേണ്ട കാര്യമില്ല. എന്തെങ്കിലും നേടിയവർക്കും കാണും ഒരുപാട് വിയർപ്പിന്റെയും കണ്ണീരിന്റെയും കഥകൾ, ആർക്കും ഒന്നും വെറുതെ കിട്ടില്ല അതുകൊണ്ട് ജീവിതം വീണ്ടും പോകുക തന്നെ വേണം , വീണ്ടും സ്വപനങ്ങൾ കണ്ടുകൊണ്ട് , ജീവിതത്തിന് അർഥം കണ്ടെത്താനായി...
HAPPY REPUBLIC DAY ....
Rejani Gopal

Want your business to be the top-listed Health & Beauty Business in Jaipur?
Click here to claim your Sponsored Listing.

Category

Website

Address


Jaipur
Jaipur