Stroller Trails
എത്ര നുകർന്നാലും മതിവരാത്ത ഒരു ലഹരിയ
#സഹ്യാദ്രിയുടെ_സ്വർഗം
#അന്ധർബൻ_ട്രെക്കിംഗ്
അന്ധർബൻ, അഥവാ 'ഇരുണ്ട നിബിഡ വനം' മഴക്കാലത്ത്, സഹ്യാദ്രിയിലെ ഏറ്റവും മനോഹരമായ ട്രെക്കിങ്ങുകളിൽ ഒന്നാണിത്. താമിനി ഘട്ടിനെ പ്രശസ്തമായ കൊങ്കൺ മേഘലയുമായി ബന്ധിപ്പിക്കുന്ന സഹ്യാദ്രി പർവതനിരകളിലെ ഏറ്റവും മനോഹരമായ ട്രെക്കിങ് ആരംഭിക്കുന്നത്
പിംപ്രി ഡാമിനോട് ചേർന്നാണ്. പിംപ്രി ഡാമിനടുത് ടെന്റ് ചെയ്തു രാവിലെ 8 മണിക്ക് ഏകദേശം 16 കിലോമീറ്റർ നീണ്ടു നിൽക്കുന്ന അന്ധർബൻ കാടുകളിലൂടെയുള്ള ട്രെക്കിങ് ആരംഭിച്ചു.
അഗാധമായ കിടങ്ങുകൾ.....
സൂര്യ രശ്മികൾ കടന്നു വരാൻ മടിക്കുന്ന കാടുകൾ.....
പാറക്കെട്ടുകൾക്ക് മുകളിലൂടെ ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ.....
പച്ചപ്പ് നിറഞ്ഞ പുൽമേഡുകൾ......
മൂടൽമഞ്ഞ് മൂടിയ കാട്ടിട വഴികൾ.... താമിനി ഘട്ടിലെ വിവിധ പർവതനിരകളുടെ കാഴ്ചകൾ..... കുണ്ഡലിക താഴ്‌വാരം...
ഹിരടിയും ഭിരാ വില്ലേജും...
ആദ്യത്തെ 6-7 കിലോമീറ്റർ ഇടതൂർന്ന ഇരുണ്ട വനത്തിലൂടെ കുണ്ഡലിക താഴ്‌വരയുടെ അരികിലൂടെയും വലതുവശത്തുള്ള പർവത നിരകളിലൂടെയുമുള്ള ട്രെക്കിങ്ങിൽ മനോഹരമായ നിരവധി വെള്ളച്ചാട്ടങ്ങൾ കാണാം.
ഏകദേശം 2100 അടി ഉയരത്തിൽ നിന്ന് ആരംഭിക്കുന്ന ട്രെക്കിങ്ങിന് ഇടക്ക് 3 പ്രധാന നദികൾ ഒഴുകുന്ന ഇടങ്ങളിൽ മഴയുടെ ഒഴുക്ക് കനത്താൽ മുറിച്ചു കടക്കാനായി നിർമിച്ച റോപും കയറുകളും മൻസൂണിൽ ആവശ്യമായി വന്നേക്കാം.
അന്ധർബൻ ട്രെക്കിൽ ഉടനീളം കണ്ടുമുട്ടുന്ന ഒരേയൊരു ഗ്രാമമാണ് ഹിരടി വില്ലേജ്, ഹിരടി വില്ലേജ് വരെ നീണ്ടു കിടക്കുന്ന അന്ധർബൻ കഴിഞ്ഞാൽ പിന്നീട് പുൽമേഡ് നിറഞ്ഞ സമതലങ്ങളാണ്. ഹിരടിയിൽ നിന്ന് 4-5 കിലോമീറ്റർ കൂടി ട്രക്ക് ചെയ്‌താൽ
ഭിര താഴ്വരയിലെത്താം.
മൺസൂൺ കാലത്താണ് അന്ധർബൻ ട്രെക്കിംഗ് മനോഹരമായ കാഴ്ച്ചകൾ നൽകുക.
ഓരോ യാത്രയും പുതിയ കാഴ്ച്ചകളും അനുഭവങ്ങളുമാണ് സമ്മാനിക്കുന്നത്. അത്തരത്തിലുള്ള ഒരു യാത്രയാണ് ദക്ഷിണ കന്നഡ ദേശം തേടിയുള്ള ഈ യാത്ര.
ആൾക്കൂട്ടം ഇതുവരെ അധികമൊന്നും ഇരച്ചെത്തിയിട്ടില്ലാത്ത സുന്ദരമായ ഇടങ്ങളാണ് " ", " ". " ", " ". തൊട്ടുകൂടാത്ത സൗന്ദര്യത്തിന്റെയും പ്രകൃതി ദൃശ്യങ്ങളുടെയുമൊക്കെ പറുദീസയാണ് ഇതെല്ലാം.
ഒറ്റദിവസത്തെ ട്രെക്കിങ് കൊണ്ട് ഈ നാല് സ്ഥലങ്ങളും കവർ ചെയ്യാണ് ഞങ്ങളുടെ ഉദ്ദേശം.
പ്ലാനിങ്ങും ഡെസ്റ്റിനേഷൻ ഫൈൻഡൗട്ടിങ്ങും സഹയാത്രികൻ ഡോക്ടർ സജാസിന്റെതായിരുന്നു. കർണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന കാസർഗോഡിന്റെ അടൂരിലേക്കാണ് എനിക്കിനി യാത്ര ആരംഭിക്കേണ്ടത്. തിരൂരിൽ നിന്ന് മംഗള എക്സ്പ്രസ്സിൽ കാസർഗോഡ് സ്റ്റേഷനിലേക്ക് 100 രൂപയ്ക്ക് ഒരു സെക്കന്റ് ക്ലാസ്സ് ടിക്കറ്റിലാണ് ട്രെയിൻ യാത്ര.
കാസർഗോഡ് ചെന്നിറങ്ങിയപ്പഴേക്കും രാത്രി എട്ടേമുക്കാൽ കഴിഞ്ഞിരുന്നു. സ്റ്റേഷനിൽ നിന്ന് കെ എസ് ആർ ടിസി സ്റ്റാന്റിലേക്ക് 30 രൂപയ്ക്ക് ഓട്ടോയിൽ സ്റ്റാന്റിലെത്തി. 8:45 ന് സുള്ള്യ വഴി പോകുന്ന ലാസ്റ്റ് ബസ് ഇതിനോടകം എനിക്ക് മിസ്സായിട്ടുണ്ടായിരുന്നു. 9:5 ന് സുള്ള്യ വഴി ബാംഗ്ലൂർ പോകുന്ന കർണ്ണാടക കെ എസ് ആർ ടിസി സ്ലീപ്പർ ബസ്സിൽ ഒരുവിധത്തിൽ 140 രൂപയ്ക്ക് ഒരു ടിക്കറ്റ് തരപ്പെടുത്തിയെടുത്തു. 45 മിനുട്ട് യാത്രക്ക് ശേഷം മുള്യേരി വഴി എനിക്കിറങ്ങേണ്ട കൊട്ടിയാടി സ്റ്റോപ്പിൽ ബസ് ചെന്നിറങ്ങി. ഇവിടുന്ന് ഒരു മൂന്നു കിലോമീറ്റർ അകലെയാണ് സഹയാത്രികന്റെ ജോലിസ്ഥലം. അന്ന് രാത്രി അവന്റെ റൂമിൽ നിന്ന് ഫുഡ് ഒക്കെ അടിച്ചു. അന്നവിടെ തങ്ങി. അടുത്ത ദിവസം പുലർച്ചെ 2 മണിക്ക് അവന്റെ ബൈക്കിൽ ഞങ്ങൾ രണ്ടുപേരും ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തിരിച്ചു.
ആദ്യം പ്ലാൻ ചെയ്തു വെച്ചിരുന്ന റാണി ജാരി വ്യൂ പോയിന്റിലെ സൂര്യോദയം കാണാൻ 4 മണിക്കൂർ യാത്രയും ഏകദേശം 160 കിലോമീറ്റർ ദൂരെയുള്ള സ്ഥലത്തേക്ക് വെളുപ്പിനെ ഞങ്ങൾ ഇറങ്ങിതിരിച്ചത്.
ചെറിയ തണുപ്പും ഇരുട്ടിനെ കൂട്ടുണർത്തുർത്തുന്ന ചാറ്റൽ മഴയുടെ അകമ്പടിയും ഏറ്റുകൊണ്ട് #ചാർമാടി ചുരം കയറാൻ തുടങ്ങി....
ചുരത്തിലെ ആകാശങ്ങൾക്കുമീതെ മിന്നി തിളങ്ങുന്ന നക്ഷത്ര കാഴ്ചകളും കണ്ടുകൊണ്ട് കാപ്പി തോട്ടങ്ങളും വനങ്ങളും കടന്നു കിഴക്കുണരുന്ന സൂര്യ പ്രഭാവർണ്ണ കാഴ്ചകൾ കാണാൻ കുറച്ചു ഓഫ് റോഡ് ഒക്കെ ഓടിച്ചു റാണി ജാരി വ്യൂ പോയിന്റിൽ എത്തി ചേർന്നപ്പഴേക്കും കിഴക്ക് ഉണർന്നു കഴിഞ്ഞിരുന്നു.
റാണി ജാരി വ്യൂ പോയിന്റിൽ നിന്നും അടുത്ത ട്രെക്കിങ് സ്പോട്ട് ആയ ബന്ദജെ ഫാൾസിലേക്ക് ട്രക്ക് ചെയ്യാനായി ബേസ് ക്യാമ്പിൽ വണ്ടി ഒതുക്കി നിറുത്തി 7 മണിയോട് കൂടി ട്രെക്കിങ് ആരംഭിച്ചു.
ബന്ദജെ ഫാൾസും ബല്ലാലരായണ ദുർഗ കോട്ടയും ഒരേ പാതയിൽ ഒത്തിരി ദൂരം സഞ്ചരിച്ചു വേണം രണ്ടിടത്തേക്കും വ്യത്യസ്തമായ രണ്ടു പാതകളിലായിട്ടാണ് ഇനി ട്രെക്കിങ് ചെയ്യേണ്ടത്.
ആദ്യം ബന്ദജെ അറബി ഫാൾസിലേക്കാണ് ഞങ്ങൾ ട്രെക്കിങ് തിരിച്ചത്.
🔹 #ബന്ദജെ_വെള്ളച്ചാട്ടം
ഇടതൂർന്ന നിത്യഹരിത വനത്തിലൂടെ പത്തു കിലോമീറ്റർ ദൂരം അരുവിയും വനങ്ങളും താണ്ടി പുൽമേടുകളിലൂടെയുള്ള ട്രെക്കിങ് മനോഹരമായിരുന്നു. പുല്മേട്ടിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപാത ചെന്നവസാനിക്കുന്നത് ബന്ദജെ വെള്ളച്ചാട്ടത്തിലേക്കും.
ഏകദേശം 400 അടി ഉയരത്തിൽ നിന്ന് പതിക്കുന്ന കാടിനകത്തെ മനോഹരമായൊരു വെള്ളച്ചാട്ടമാണ് ബന്ദജെ വെള്ളച്ചാട്ടം. നേത്രാവതി നദിയുടെ ഒരു കൈവഴിയായിട്ടാണ് ബന്ദജെ വെള്ളച്ചാട്ടം രൂപപ്പെടുന്നത്.
മഴയൊക്കെ ഒന്ന് ഒതുങ്ങിയ സമയമായതിനാൽ വെള്ളച്ചാട്ടത്തിന്റെ നീരോഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും അപകടം കുറഞ്ഞ സമയം ഇതായിരുന്നതിനാൽ വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്തേക്ക് എത്താൻ കഴിഞ്ഞു.
ആ ദിവസം ട്രക്ക് ചെയ്തെത്തിയ ആദ്യത്തെ സംഘം ഞങ്ങളായിരുന്നു... വെള്ളച്ചാട്ടത്തിന് അരികെ വിശ്രമിച്ചിരിക്കുമ്പോഴാണ് ബാംഗ്ലൂരിൽ നിന്നെത്തിയ എട്ടുപേരുടെ അടുത്ത സംഘം എത്തിച്ചേരുന്നത്. 4000 രൂപയുടെ പാക്കേജ് എടുത്തു വന്നവരായിരുന്നു അവരെല്ലാം.
300 രൂപയുടെ ട്രെക്കിങ് ഫീസും വണ്ടിക്കൂലിയും ഉണ്ടെങ്കിൽ എത്തിചേരാവുന്ന ഇടത്തേക്കാണ് യുവാക്കളായ ഈ സംഘം എത്തിയത് എന്നറിഞ്ഞപ്പോൾ ഞങ്ങൾക്ക് ആശ്ചര്യം തോന്നി !. അവന്മാരുടെ കാശും വാങ്ങി അവന്മാരെ നടത്തിക്കുന്ന ഇത്തരം പാക്കേജുകൾക്ക് വരെ ആളുണ്ടെന്നറിയുമ്പോൾ ഒരർത്ഥത്തിൽ ചിരിയാണ് വരുന്നത്.
ആ,
അതെന്തോ ആവട്ടെ.
സ്വല്പം റിസ്ക് എടുക്കാൻ തയ്യാറുള്ളവർക്ക് വളരെ ഈസിയായി ചെറിയ കാശിനു എത്തിപ്പെടാവുന്ന ഇടങ്ങൾ മാത്രമാണ് ഇതെല്ലാം.
വെള്ളച്ചാട്ടത്തിലെ കാഴ്ചകളും വിശ്രമവും ഒക്കെ കഴിഞ്ഞു തൊട്ടടുത്ത ട്രെക്കിങ് സ്പോട്ടിലേക്ക് യാത്ര തിരിച്ചു.
🔹 #ബല്ലാലരായണ_ദുർഗ_കോട്ട.
കോട്ടകൾക്ക് എല്ലായ്‌പ്പോഴും ഒരു പ്രത്യേകതയും മനോഹാരിതയുമുണ്ടാവും.
ഒട്ടുമിക്ക കോട്ടകളും
മലമുകളിലോ ഉയർന്ന പ്രദേശങ്ങളിലോ ആയിരിക്കും നിർമിച്ചിട്ടുണ്ടാവുക . അത്തരത്തിൽ ഒരു കോട്ടയാണ്
ദക്ഷിണ കന്നഡ ജില്ലയിലെ അധികമാരും എത്തിപെടാത്ത ഈയൊരു കോട്ടയും .
ചിക്കമംഗളൂരിലെ കോട്ടെഗെഹരയ്ക്കും കലസയ്ക്കും ഇടയിലുള്ള ബേട്ടബാലിഗെ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കുന്നിൻ കോട്ടയാണ് ബല്ലാലരായണ ദുർഗ.
1509 മീറ്റർ ഉയരത്തിൽ പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ബല്ലാലരായണ ദുർഗ കോട്ടയിലേക്ക് മലനിരകളിലെ ഇടതൂർന്ന വനങ്ങൾക്കിടയിലൂടെയുള്ള ട്രെക്കിംഗ് വഴി മാത്രമേ ഇവിടെയെത്താൻ കഴിയൂ....
ഏകദേശം രണ്ടര മണിക്കൂർ സമയം വനത്തിലുള്ളിലൂടെ മഴക്കാടുകളും അരുവികളും കടന്ന് ട്രെക്കിങ് ചെയ്തു ഞങ്ങൾ കോട്ടയുടെ അടുത്തെത്തി.
ചുറ്റിലും പച്ചപ്പണിഞ്ഞ മലനിരകളിൽ ഒന്നിന്റെ മുകളിയായിട്ടാണ് ഹൊയ്‌സാല രാജവംശത്തിലെ വീര ബല്ലാല ഒന്നാമന്റെ ഭാര്യ നിർമ്മിച്ച ബല്ലാലരായണ കോട്ടയുള്ളത്.
പന്ത്രണ്ടാം നൂറ്റാണ്ടിൽ കർണാടക ദ്രാവിഡ വാസ്തുവിദ്യയിലാണ് ഈ കോട്ട നിർമ്മിച്ചിട്ടുള്ളത് പറയപ്പെടുന്നു. എന്നിരുന്നാലും, ഇപ്പോൾ കോട്ട സന്ദർശിക്കുന്നവർക്ക് തകർന്ന കോട്ടയുടെ അവശിഷ്ടങ്ങളും
തകർന്ന മതിലുകലും, കുറച്ച് കമാനങ്ങളും ഒരു നിലവറയും മാത്രമേ ഇന്നിവിടെ കാണാനാവൂ. സമ്പന്നമായ ചരിത്രവും സാംസ്കാരിക പ്രാധാന്യവും ഈ കോട്ട വിളിച്ചോതുന്നുണ്ടെങ്കിലും ആ അവശിഷ്ട്ടങ്ങൾക്കിടയിലും കിലോമീറ്ററുകൾ ദൂരത്തിൽ കുന്നിൻ മുകളിലായി പരന്നു കിടക്കുന്ന കോട്ട മതിലും പച്ചക്കുന്നുകളും കാഴ്ചക്കാരെ ഒരിക്കലും നിരാശരാക്കില്ല.
പ്രസിദ്ധമായ ചാർമാടി ഘട്ട് കുന്നിന്റെയും ഖുദ്രേമുഖ് നാഷണൽ പാർക്കിന്റെയും റാണി ജാരി പോയിന്റിന്റെയുമൊക്കെ
കാഴ്ചകൾ ആസ്വദിച്ച് നല്ല ഇളം തണുപ്പ് കാറ്റും കൊണ്ട് കുറച്ച് സമയം ഈ കോട്ടയ്ക്ക് അകത്തു ചെലവഴിച്ചു .
തുലാവർഷത്തിൽ വൈകിട്ടോടെ ഇടി മിന്നലും മഴയും കനക്കുന്നതിനാൽ അതി രാവിലെ ട്രെക്കിങ് ആരംഭിച്ച ഞങ്ങൾ ഉച്ചയോടു കൂടെ തിരികെ കുന്നിറങ്ങാൻ തുടങ്ങി. ഇനിയൊരു വെള്ളച്ചാട്ടവും കൂടി കണ്ടു തീർക്കാനുണ്ട്
🔹 #കൊടെഗി_വെള്ളച്ചാട്ടം
ബന്ദജെ വെള്ളച്ചാട്ടത്തിലേക്കുള്ള ബേസ് ക്യാമ്പിൽ നിന്ന് ഒരു എട്ടു കിലോമീറ്റർ ഊടു വഴികളിലൂടെ സഞ്ചരിച്ചു വെള്ളച്ചതിലെത്താം. പ്രൈവറ്റ് പ്രോപ്പർട്ടിൽ ഉള്ള കൊടെഗി വെള്ളച്ചാട്ടത്തിലേക്ക് പ്രവേശിക്കാൻ 30 രൂപ ടിക്കറ്റ് എടുക്കേണ്ടതുണ്ട് കൂടാതെ വാഹനം പാർക്ക് ചെന്നു കാശ് വേറെയും.
കൊടെഗി വെള്ളച്ചാട്ടം വരെ പോയി അതിലേക്കിറങ്ങാതെ അവിടുന്ന് യാത്ര തിരിച്ചു.
മേഘങ്ങൾ നിഴൽ വിരിക്കുന്ന കുന്നുകൾക്ക് ചെരുവിൽ കാടൊളിപ്പിച്ച വനങ്ങളും ആകാശങ്ങളിൽ മായം തീർക്കുന്ന മേഘങ്ങളും തണുപ്പും വെയിലും കാറ്റും സസ്യങ്ങളും പൂക്കളും വെള്ളച്ചാട്ടങ്ങളും കണ്ട് കൊണ്ട്
മനോഹരമായ ഒരനുഭവമാണ് ഈ യാത്ര സമ്മാനിച്ചത്.
കാടൊളൊപ്പിച്ചു വെക്കുന്ന കാണാ കാഴ്ചകളുടെ യാത്രകളൊന്നും ഇവിടം കൊണ്ട് അവസാനിക്കുന്നില്ല.
🔹Travel Note
ബന്ദജെ വെള്ളച്ചാട്ടം സന്ദർശിക്കാൻ വ്യത്യസ്ത റൂട്ടുകളുണ്ട്.
1.മംഗലാപുരം - ഉജിരെ വഴി. 135 km.
2. കാസർഗോഡ് - പുട്ടൂർ - ദർമസ്ഥല - കൊട്ടിഗേഹര വഴി 170 km.
3. ചിക്കമംഗ്ളൂർ വഴി 78 km.
വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്തു ( മുകളിൽ ) എത്താൻ
കദിരുദ്യവരയിൽ നിന്ന് ഏകദേശം പത്തോളം കിലോമീറ്റർ കാട്ടിലൂടെ ട്രെക്കിങ് ചെയ്തു " അർബി ' അഥവാ തുളു ഭാഷയിൽ പറഞ്ഞാൽ "വെള്ളച്ചാട്ടം' ത്തിന്റെ അടുത്തെത്താം.
Nb : ഫോറെസ്റ്റ് പെർമിഷൻ എടുത്തു യാത്ര ചെയ്യുക. 300 രൂപ.
കർണ്ണാടക ഇക്കോ ടൂറിസം സൈറ്റിൽ കേറിൽ ടികെറ്റ് എടുക്കാം
നിലവിൽ അവിടുത്തെ ലോക്കൽസ് ടിക്കറ്റ് വേണ്ട എന്നു പറയുമെങ്കിലും ഓൺലൈൻ ആയിട്ട് ടികെറ്റ് എടുത്തു സുരക്ഷിതത്വം ഉറപ്പു വരുത്തുക.
✍️ അബു വി കെ.
#ഹഡാസിന്റെ_നാട്ടിലേക്കൊരു_യാത്ര
ജലവാർ, ബാരൻ, ബുണ്ടി, കോട്ട എന്നിവ ഉൾപ്പെടുന്ന തെക്ക്-കിഴക്കൻ ദേശം അഥവാ ഹദോതി നിരവധി നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രത്തിന്റെ ദേശമാണ്.
ഘഡ്ക നാദങ്ങളും രണഭേരികളും രാജപുത്ര വീരേതിഹാസ കഥകളും മുഴങ്ങിക്കേട്ട രജപുത്ര നാട് പലപ്പോഴും സന്ദർശിക്കണമെന്നത് ഒരാഗ്രഹമായിരുന്നു......അങ്ങിനെയാണ് ഈയൊരു നാടും എന്റെ ലിസ്റ്റിലേക്ക് എത്തിപ്പെടുന്നത്.
" ഹദാവോലി അല്ലെങ്കിൽ ഹഡാസിന്റെ നാടായ കോട്ട എന്ന സ്ഥലത്തേക്കാണ് ഈ യാത്ര ". രജപുത്ര നാടായ ബാഡ്മേറും ജൈസാൽമേറും ജോദ്പൂരുമൊക്കെ സന്ദർശിച്ചു ഒരിടവേളക്കു ശേഷം സഹയാത്രികനായ അസ്ലമിനെയും കൂട്ടി വീണ്ടും ഊരുതെണ്ടാൻ ഇറങ്ങിയതാണ്
അജ്മീർ വരെ പോകുന്ന മരു സാഗർ എക്സ്പ്രസിൽ തത്കാല് സ്ലീപ്പർ ടിക്കറ്റും എടുത്തു തിരൂരിൽ നിന്ന് യാത്ര തിരിച്ചു, ഭാഗ്യമെന്നോണം സ്ലീപ്പർ ടിക്കറ്റ് തേർഡ് എ സിലേക്ക് അപ്പ് ഗ്രേഡ് ആയി കിട്ടി. രണ്ടു ദിവസത്തെ യാത്രക്ക് ശേഷം രാവിലെ ഒൻപതു മണിയോട് കൂടി കോട്ട ജംഗ്ഷനിൽ ഞങ്ങൾ ട്രെയിൻ ചെന്നിറങ്ങി.
രാജസ്ഥാനിലെ ചമ്പൽ നദിയുടെ കിഴക്കൻ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കോട്ട എന്നത് .
318 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കോട്ട പട്ടണം ജയ്പൂരിനും ജോധ്പൂരിനും ശേഷം ജനസംഖ്യയുടെ കാര്യത്തിൽ രാജസ്ഥാനിലെ മൂന്നാമത്തെ വലിയ പട്ടണമാണമായിട്ട് വരും.
കോട്ടകൾ, ചരിത്രാതീത കാലത്തെ ഗുഹകൾ, പെയിന്റിംഗുകൾ, ചമ്പൽ നദി,
സ്മാരകങ്ങൾ, പ്രസിദ്ധമായ കോട്ട സ്റ്റോണുകൾ, ഹവേലികൾ, വലിയ വ്യാവസായിക ശാലകൾ, വിദ്യഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവക്ക് കൂടി പേരുകേട്ട സ്ഥലമാണ്.
രാജസ്ഥാനിൽ പൊതുവെ കാഴ്ചകൾ കുറവുള്ള ഒരു സ്ഥലമാണ് കോട്ട എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്.
ഓരോ നാട്ടിലും ഒരോ വിത്യസ്ത കാഴ്ചകൾ ഒളിഞ്ഞു കിടപ്പുണ്ടെന്ന് വിശ്വാസിക്കാനാണെനിക്കിഷ്ട്ടം. അത്തരത്തിലൊരു ദേശം തന്നെയാണ് കോട്ടയും.
പതിനേഴാം നൂറ്റാണ്ടിൽ കോട്ട എന്ന സ്ഥലം ഒരു പ്രത്യേക സംസ്ഥാനമായി സ്ഥാപിക്കപ്പെടുന്നതിനും
നൂറ്റാണ്ടുകൾക്ക് മുൻപ് കോട്ട ദേശം ഭരിച്ചിരുന്നത് ഹഡ സമുദായത്തിൽപ്പെട്ട റാവു ദേവ എന്ന തലവനായിരുന്നു.
ധീരനും, വിജയിയും, സേനാപതിയും ആണെന്ന് കഴിവ് തെളിയിച്ച റാവു മധോ സിംഗ് എന്ന യുവ രാജകുമാരൻ ബുണ്ടിയിലെ അന്നത്തെ ഭരണാധികാരി ഒരു കോട്ട സമ്മാനമായി പണിതു കൊടുത്തു. ശേഷം തുടർന്നുള്ള വർഷങ്ങളിൽ കോട്ട പ്രദേശം ഭിൽ വംശ ഭരണത്തിൻ കീഴിലായി....
അവിടെയുള്ള ഭരണാധികാരികൾ പിന്നീട് മുഗൾ ചക്രവർത്തിമാർക്ക് വേണ്ടി പോരാടുകയും... ഒരു യുദ്ധത്തിൽ റാവു മധോ സിങ്ങിന്റെ അഞ്ച് പുത്രന്മാർക്ക് യുദ്ധക്കളത്തിൽ ജീവൻ നഷ്ടപ്പെടുകയും ചെയ്തു.
നൂറ്റാണ്ടുകളായി വിവിധ മുഗൾ ചക്രവർത്തിമാരുടെയും ശേഷം മേവാറിലെയും ജയ്പൂരിലെയും ഭരണാധികാരികളുടെയുമെല്ലാം ആക്രമണങ്ങളെ കോട്ടക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.
കൂടാതെ മറാത്ത പടത്തലവന്മാരും
ചില സമയങ്ങളിൽ കോട്ടയുടെയും ബുണ്ടിയുടെയുമെല്ലാം നിലനിൽപ്പിന് പോലും ഭീഷണിയായി മാറുകയും...ആ അപകടം മണത്തറിഞ്ഞ അന്നത്തെ
അനുഭവസമ്പത്തുള്ള കോട്ടയിലെ ഭരണാധികാരികൾ ആഴത്തിലുള്ള നയതന്ത്രബോധം വളർത്തിയെടുത്തു
അപകടം ഒഴിവാക്കുകയാണുണ്ടായത് .
കോട്ട പഴയ കാലഘട്ടത്തിലെ സ്വാധീനമുള്ള നിരവധി രാജവംശങ്ങൾക്ക് കീഴിലായിരുന്നു എന്നതിനാൽ, നഗരത്തിന്റെ സാംസ്കാരിക പൈതൃകവും സാമൂഹിക സജ്ജീകരണവും അക്കാലത്തെ സമ്പന്നമായ ഒന്നായി നിലനിർത്തി പോന്നു . ഇന്ന് കോട്ട സന്ദർശിക്കുന്നവർക്ക്
കൊട്ടാരങ്ങൾ, ജലപാതകൾ,വാസ്തുവിദ്യ
ചരിത്ര നിധികളുടെ ശേഖരണമെല്ലാം ഇവിടെ കാണാനാകും.
ഏഷ്യയിലെ ഏറ്റവും വലിയ വളം പ്ലാന്റ്. പ്രിസിഷൻ യൂണിറ്റ്, ആറ്റോമിക് പവർ സ്റ്റേഷൻ എന്നിവയും ഇവിടെയുണ്ട്
വ്യത്യസ്‌ത നിറങ്ങളിൽ ലഭിക്കുന്ന കോട്ട സ്റ്റോൺ ലോകമെമ്പാടും പ്രശസ്തമാണ്
മസൂറിയ മൽമാൽ" എന്നറിയപ്പെടുന്ന
കോട്ട ഡോറിയ ( സാരി ) യും. കച്ചോറിസ് ലഘുഭക്ഷണവും പ്രസിദ്ധമാണ്.
എഞ്ചിനീയറിംഗ്, മെഡിക്കൽ പ്രവേശന പരീക്ഷകൾക്ക് പരിശീലനം നൽകുന്ന വിവിധ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പേരിലും ഈ അടുത്ത് കോട്ട ശ്രദ്ധിക്കപ്പെടുന്നുണ്ട്.
കോട്ട ജങ്ക്ഷൻ റെയിൽവേ സ്റ്റേഷന് മുമ്പിൽ നിന്നും നയാപുരയിലേക്ക് ബസ്സിൽ കയറി പത്തുരൂപ ടിക്കെറ്റ് എടുത്തു നയാപുര സർക്കിൾ ചെന്നിറങ്ങി. ഒരു കിലോമീറ്റർ ദൂരത്തോളം നടന്നു പോകാനുണ്ട് ഓൺലൈനിൽ ബുക്ക് ചെയ്തിരുന്ന ബൈക്ക് റെന്റൽ ഷോപ്പിലേക്.....
നയാപുര ബ്രിഡ്ജ് കടന്നു പോകുമ്പോൾ ചമ്പൽ റിവർ ഫ്രണ്ട്ന്റെ പണി തകർതിയായി നടക്കുകയാണ്.... റോഡ് പണിയും നദിയെ ടൂറിസത്തിനായി ഉപയോഗപ്പെടുത്തുന്ന പണികളെല്ലാം നടക്കുന്നത് കൊണ്ട് മൊത്തത്തിൽ പൊടിപിടിച്ച ഒരു അന്തരീക്ഷമാണ് ഈ പട്ടണത്തിനുള്ളത് . നടന്നു നടന്നു ബാപ്പു നഗറിലെത്തി. എച് പി പെട്രോൾ പാമ്പിനു മുന്നിൽ കാത്തു നിന്നു. ഒരു ബൈക്കുമായി റെന്റുകാരൻ വന്നു അവന്റെ ഓഫീസിലേക്ക് ഞങ്ങളെ കൂട്ടി കൊണ്ടുപോയി. അവിടുന്ന് ബൈക്ക് എടുത്തു യാത്ര തുടങ്ങി....
ലിസ്റ്റ് ചെയ്തിരുന്ന ആദ്യ സ്ഥലം ഗരാടിയാർ മഹാദേവ് ആയിരുന്നു ആയിരുന്നു.
⭕️ #ഗരാടിയാർ_മഹാദേവ്
Garadiya mahadev
( )
ബാപ്പു നഗറിൽ നിന്ന് 23 കിലോമീറ്റർ ദൂരെയാണ് ഗരാടിയാർ മഹാദേവ് നിലകൊള്ളുന്നത്.
കരടികൾ ഒക്കെ ഉള്ള ചെറിയൊരു കാട്ടിലൂടെ വേണം ഇതിനകത്തേക്ക് പ്രവേശിക്കാൻ. ഫോറെസ്റ്റ് ചെക്ക് പോസ്റ്റ്ൽ നിന്ന് വാഹനത്തിനും ആൾക്കും ടിക്കറ്റ് എടുത്തു അകത്തേക്ക് പ്രവേശിച്ചു. കഷ്ടിച്ചു ഒന്നര കിലോമീറ്റർ കൂടി സഞ്ചരിച്ചു കഴിഞ്ഞപ്പോൾ ഗരാടിയാർ മഹാദേവ് പോയിന്റിലെത്തി. ഇടതൂർന്ന വനമല്ലെങ്കിലും വന്യമൃഗങ്ങളൊക്കെ ഇവിടെയുണ്ടെന്നാണ് പറയപ്പെടുന്നത്..നല്ല രീതിയിൽ വാനരപ്പടയുണ്ടിവിടെ.
ചമ്പൽ നദിയുടെ തീരത്തിൽ സ്ഥിതി ചെയ്യുന്ന ഗരാടിയാർ മഹാദേവ് ക്ഷേത്രമാണ് ഇവിടുത്തെ പ്രസിദ്ധമായ ക്ഷേത്രം. അവിടേക്ക് ആണ് ആളുകൾ കൂടുതലായി വന്നെതുന്നത്, അതിനോട് ചേർന്നു നിൽക്കുന്ന ഒരു വ്യൂ പോയിന്റ് ആണ് ഗരാടിയാർ മഹാദേവ് " റ " ഷേപിൽ ഉള്ള ചമ്പൽ നദിയുടെ മനോഹരമായ കാഴ്ച ഇവിടെനിന്നും കാണാനാകും. ഗ്രാൻഡ് ക്യാൻയോൺ ഓഫ് ഇന്ത്യ എന്നും ഇതറിയപ്പെടുന്നുണ്ട്. ആൻഡ്രയിലെ ഗണ്ടി കോട്ട പോലെയുള്ള ഒരു സ്ഥലം ഏകദേശം രണ്ടിനും ഒരേ സാമ്യം ഉണ്ടെങ്കിലും മഴക്കാലത്തു മുകളിലൂടെ വന്നു ചമ്പൽ നദിയിലേക്ക് ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ ഒട്ടനവധിയുണ്ട് ഇതിനു മുകളിൽ.
ഗരാടിയാർ മഹാദേവ് കാഴ്ച്ചകളൊക്കെ കണ്ടു തീർത്തു തിരികെ കോട്ട പട്ടണത്തിലേക്ക് തിരിച്ചു.
റോജ്ടി എന്ന സ്ഥലത്തു വന്നു, കൊട്ടിയ ഭീൽ കോട്ട ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി...
⭕️ #കൊട്ടിയ_ഭീൽ_കോട്ട.
പന്ത്രണ്ടാം നൂറ്റാണ്ടിൽ കോട്ട ദേശത്ത് ശക്തമായ ഒരു ഭീൽ വംശം താമസിക്കുകയും അവരായിരുന്നു അക്കാലത്തു ഈ പ്രദേശത്ത് ഭരിച്ചിരുന്നതും. മഹാദേവ് ക്ഷേത്രം സന്ദർശിച്ചു വരുന്ന വഴിയാണ് ഇവരുടെ കോട്ടയെ കുറിച്ച് അറിയാൻ കഴിഞ്ഞത്.
ലോക്കൽസിനോട് പലരോടും അങ്ങോട്ടുള്ള വഴി തിരക്കി, അവർക്കാർക്കും ആ കോട്ട കുറിച്ച് കൂടുതൽ ഒന്നും അറിയില്ലെന്ന് തോന്നുന്നു....
ചമ്പൽ നദിയുടെ തീരത്തിലൂടെ വണ്ടിയോടിച്ചു തെല്ലു ദൂരം ചെന്നപ്പോൾ ചെറിയൊരു ഗ്രാമത്തിലെത്തി ഇനിയങ്ങോട്ട് മുൾകാടുകളും ചെറിയ മൺ പാതയും മാത്രമാണ് കൂട്ടിനു. ദൂരെ ശാന്തമായി ചമ്പൽ നദിയൊഴുകുന്നത് കാണാനാകുന്നുണ്ട്. നദിയുടെ ഓരത്തിലൂടെ ഏകദേശം രണ്ടു കിലോമീറ്റർ യാത്ര ചെയ്തു ബൈക്ക് ഒരു മരച്ചുവട്ടിൽ സൈഡാക്കി വെച്ചു കോട്ട ലക്ഷ്യമാക്കി ഞങ്ങൾ നടന്നു.....
കുറേ ദൂരം നടന്നു കഴിഞ്ഞപ്പോൾ ചമ്പൽ നദിയിലേക്ക് വെള്ളം ഒഴുകി വരുന്ന വലിയൊരു കിടങ് കണ്ടു. ഈ കിടങ്ങിൽ മഴക്കാലത്തു സജീവമാകുന്ന ചെറിയൊരു വെള്ളച്ചാട്ടവും കാണാനാകും. ഭൻവാർകുഞ് വെള്ളച്ചാട്ടം. ചെറിയൊരു നീരോഴുക്ക് മാത്രമുള്ളത് കൊണ്ട് വല്യ ബുദ്ധിമുട്ടില്ലാതെ ആ കിടങ് മുറിച്ചു കടന്നു.
നടന്നു നടന്നു അവസാനം കോട്ടയുടെ ചുറ്റുമതിലെത്തി. ചെറിയൊരു കവാടം
അധികം ആളുകൾ കടന്നു വരാത്ത ഒരു കോട്ടയാണെന്ന് തോന്നുന്നു.
ഈ ചെറിയ കോട്ടയിലിരുന്നാണ് ഭീൽ തലവൻ കോട്ടയും സമീപ പ്രദേശങ്ങളും ഭരിച്ചിരുന്നത്. തകർന്നു തരിപ്പണമായി കിടക്കുന്ന കോട്ടയിലേക്ക് എത്തിപ്പെടാൻ കുറച്ചു കഷ്ട്ടപെട്ടെങ്കിലും മനോഹരമായ ചമ്പൽ നദിയുടെ തീരത്ത് ഇങ്ങിനെ ഒരു കോട്ട പണിതിൽ ആർക്കും അത്ഭുതം തോന്നിപോകും...!
രാജസ്ഥാനിലെ പ്രധാന പുരാതന ഗോത്രമാണ് ഭീൽ ഗോത്രം. വടക്ക് തെക്കൻ രാജസ്ഥാനിൽ രജപുത്രരുടെ ഉദയത്തിനും മുബെ ഹദോതി മേഖലയിലും ഭീൽമാരുടെ നിരവധി ചെറിയ സാമ്രാജ്യങ്ങൾ ഉണ്ടായിരുന്നു.
അമ്പും വില്ലും ഉപയോഗിച്ച് വേട്ടയാടുന്ന ഒരു പ്രത്യേക വിഭാഗത്തിന് പുരാതന സംസ്കാര സാഹിത്യത്തിൽ ഭീൽ എന്ന നാമം ഉപയോഗിച്ചിരുന്നത്. പിൽക്കാല സാഹിത്യത്തിൽ ഈ സാഹചര്യം ഏറെക്കുറെ നിലനിർത്തി.
മേവാർ ബഗഡ്, ഗോവാദ് മേഖലകളിൽ മീന, ബീൽ, ദാമോർ, ഗരാസിയ എന്നീ നാല് വ്യത്യസ്ത ഗോത്രങ്ങൾ വസിച്ചിരുന്നത്. എന്നാൽ പിന്നീട് പത്രപ്രവർത്തകരും എഴുത്തുകാരും ഈ നാല് ഗോത്രത്തിനും ഭീൽ എന്ന നാമം മാത്രമാണ് ഉപയോഗിച്ചു പോന്നത്. ഇന്നും, മേൽപ്പറഞ്ഞ ഇടങ്ങളിൽ ഭീൽ ഗോത്രക്കാർ മാത്രമേ താമസിക്കുന്നുള്ളൂവെന്ന് ആളുകൾ പൊതുവെ വിശ്വസിക്കുന്നു.
പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, വില്ല് എന്നർത്ഥം വരുന്ന 'ഭീൽ' എന്ന ദ്രാവിഡ പദത്തിൽ നിന്നാണ് ഭീൽ എന്ന വാക്ക് ഉത്ഭവിച്ചത്. വില്ലും അമ്പും തന്നെ ആയിരുന്നു ഭീൽമാരുടെ പ്രധാന ആയുധം, അതിനാൽ ആ ആളുകളെ ഭീൽസ് എന്ന് വിളിക്കാൻ തുടങ്ങി. മറ്റൊരു അഭിപ്രായമനുസരിച്ച്, ഇന്ത്യയിലെ ഏറ്റവും പഴയ ഗോത്രമാണ് ഭീൽസ് എന്നും പറയപ്പെടുന്നുണ്ട്. പുരാതന കാലത്ത് രാജവംശങ്ങൾക്കിടയിൽ ഇവർ വിഹിൽ എന്നറിയപ്പെട്ടിരുന്നത്. ഈ രാജവംശം മലയോര പ്രദേശങ്ങളിൽ കോട്ടകൾ കെട്ടി ഭരിച്ചു. ഇന്നും ത്തരം ആളുകൾ പ്രധാനമായും മലയോര പ്രദേശങ്ങളിലാണ് താമസിക്കുന്നത്. ഇന്ദ്രരാജാ, രാജാവ്, ഭീൽരാജ എന്നിങ്ങനെ മൂന്ന് രാജാക്കന്മാർ മാത്രമേ ലോകത്ത് ഇവർക്കിടയിൽ പ്രസിദ്ധരായിട്ടുള്ളൂ.
മേവാർ സ്ഥാപിതമായതു മുതൽ മേവാറിലെ മഹാറകൾക്ക് ഭീൽ ഗോത്രങ്ങളിൽ നിന്ന് നല്ല പിന്തുണ ലഭിച്ചുകൊണ്ടിരുന്നു....
മഹാറാണാ പ്രതാപ് സിങ് വർഷങ്ങളോളം മുഗൾ സൈന്യവുമായി യുദ്ധം ചെയ്തത് ബീൽ ഗോത്രക്കാരുടെ സഹായത്തോടെയായിരുന്നെന്ന് പറയുമ്പോൾ. ആ വംശത്തിന്റെ വേരോട്ടം എത്രത്തോളമായിരിക്കും?.
പിന്നീട് മഹാറാണ ഒളിവിൽ കഴിഞ്ഞ ആരവല്ലി മലനിരകളിൽ പോലും ഭീൽ ഗോത്രങ്ങളുടെ സഹായമെത്തിയിരുന്നു.
അവരുടെ സേവനങ്ങളുടെ ബഹുമാനാർത്ഥം മേവാറിന്റെ സംസ്ഥാന ചിഹ്നം ഒരു വശത്ത് രജപുത്രന്മാരെയും മറുവശത്ത് ബീൽമാരെയും കാണിച്ചിരുന്നത്.
അമേറിലെ കച്ചാവ രാജാക്കന്മാരെപ്പോലെ, മേവാറിലെ മഹാറാണയും തന്റെ കിരീടധാരണം നടത്തിയത് ബീൽമാരുടെ പെരുവിരലിന്റെ രക്തം കൊണ്ടായിരുന്നു
രാജസ്ഥാനിലെ മിക്ക ജില്ലകളിലും ഇന്ന് ബീൽ ഗോത്രങ്ങളുണ്ട്. രാജസ്ഥാൻ കൂടാതെ മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഭീൽ ഗോത്രം കാണപ്പെടുന്നു. രജപുത്രരുടെ ഉദയത്തിനുമുമ്പ് രാജസ്ഥാൻ പ്രദേശങ്ങളിൽ ബീൽ സാമ്രാജ്യങ്ങൾ നിലനിന്നിരുന്നു. എന്നാൽ രജപുത്ര നിർമിതിക്കിടയിൽ അവയെല്ലാം പതിയെ നാമാവശേഷമാവുകയാണുണ്ടായത്. ചിലതൊക്കെ ഇന്നും സംരക്ഷിക്കപ്പെടാതെ കിടക്കുകയാണ്.
700-800 ലധികം വർഷങ്ങൾക്ക് മുമ്പ് ഒരു കോട്ട സ്ഥാപിച്ചതിന് തെളിവെന്നോണം കോട്ടയുടെ അടിത്തറകൾ മാത്രമാണ് ഇന്നിവിടെ കാണാനാകുക. ബാക്കിയെല്ലാം നിലം പൊത്തിയിട്ടുണ്ട്,
കോട്ടയുടെ ചുറ്റുമതിലിന് മാത്രം വലിയ കെടുപാടുകൾ കൂടാതെ ഇന്നും നിലനിക്കുന്നുണ്ട്. ഒരു കോട്ട ഇവിടെ നില നിന്നിരുന്നെന്നതിന് ആകെയുള്ള ഒരു തെളിവ് നീണ്ടുകിടക്കുന്ന കോട്ടയുടെ ചുറ്റുമതിൽ മാത്രമാണ്.
പതിമൂന്നാം നൂറ്റാണ്ടിൽ ബുണ്ടി രാജ്യവും ഭീലുകൾ ഭരിച്ചിരുന്ന ഹഡാസും തമ്മിൽ നിരവധി യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു യുദ്ധത്തിൽ ബുണ്ടിയിലെ ജെയ്ത് സിംഗ് കൊട്ടിയ ഭീലിനെ പരാജയപ്പെടുത്തുകയും അകെൽഗഡ് കോട്ട ( കൊട്ടിയ ഭീൽ കോട്ട ) പിടിച്ചടക്കിയ ശേഷം കോട്ടയിൽ ഹഡ വംശത്തിന്റെ അടിത്തറ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.
ചരിത്രകാരന്മാർക്ക് ഇടയിൽ കോട്ടയ്ക്ക് കോട്ട എന്ന പേര് വരാനിടയായ കാരണം പലതാണെങ്കിലും അതൊക്കെ ഒരു തർക്ക വിഷയമായത് കൊണ്ട് അതിലേക്കൊന്നും നടക്കുന്നില്ല. എങ്കിലും ഈ പ്രദേശത്തു വളരെ പഴക്കമുള്ള ഒരു വംശത്തിന്റെ കോട്ടയായ കൊട്ടിയ ഭീൽ കോട്ടയും സന്ദർശിച്ചു തിരികെ ഞങ്ങൾ കുന്നിറങ്ങി.....മാപ്പിൽ ബൈക്ക് നിറുത്തിയിരുന്ന സ്ഥലം സേവ് ചെയ്തു വെച്ചിരുന്നതിനാലും വരുന്ന വഴി, വഴി തെറ്റാതിരിക്കാൻ ചില പൊടിക്കൈകൾ ചെയ്തു വെച്ചിരുന്നതിനാൽ വഴി തെറ്റാതെ ബൈക്കിന് അടുത്തെത്താൻ കഴിഞ്ഞു. വണ്ടി എടുത്തു വീണ്ടും യാത്ര തുടർന്നു...
⭕️ #സെവൻ_വണ്ടർലസ്_പാർക്ക്
#കിഷോർ_സാഗർ_ലേക്ക്
#ജഗ്മന്ദിർ_പാലസ്
കോട്ടയിലെ മറ്റൊരു പ്രധാന ആകർഷണമാണ് seven wonderles park
കിഷോർ സാഗർ ലേക്കിനോടും അതിനോട് ചേർന്നു കിടക്കുന്ന ജഗ്മന്ദിർ പാലസിനോടും അഭിമുഖമായി നിൽക്കുന്ന ലോകാത്ഭുതങ്ങളിൽ പെട്ട ഏഴണ്ണത്തിന്റെയും ചെറിയൊരു മിനിയേച്ചർ പതിപ്പ് ഇവിടെ പണിതു വെച്ചിട്ടുണ്ട്.
വെകുന്നേരമായിരിക്കും ഈ പാർക്കിൽ ചിലവഴിക്കാൻ പറ്റിയ സമയമെന്ന് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു.
നേരം ഇരുട്ടി തുടങ്ങിയപ്പോൾ പത്തു രൂപ ടിക്കറ്റ് എടുത്തു അകത്തേക്ക് പ്രവേശിച്ചു.
കുറച്ചു സമയം കാഴ്ചകളൊക്കെ കണ്ടു അവിടെ ചിലവഴിച്ചു. രാത്രിയിൽ പ്രകാശിതമാകുന്ന പാർക്കും കിഷോർ സാഗറുമെല്ലാം പുതിയൊരു അനുഭവമായിരുന്നു.
ഓരോ പട്ടണത്തിന്റെയും തുടിപ്പറിയണമെങ്കിൽ രാത്രിയിലെ മാർക്കറ്റിലേക്ക് ഇറങ്ങിചെല്ലൽ ഞാനെന്റെ ഓരോ യാത്രയിലും പതിവാക്കിയിട്ടുണ്ട് . അവിടുത്തെ കാഴ്ചകളും കച്ചവടങ്ങളും ആൾ തിരക്കും ബഹളവുമൊക്കെ അനുഭവിച്ചറിഞ്ഞു ആ രാത്രി ഭക്ഷണവുമൊക്ക കഴിച്ചു ബൈക്ക് തിരികെ ഏൽപ്പിച്ചു.... നയാപുരയിൽ നിന്ന് കോട്ട ജങ്ക്ഷൻ റാൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങി.
🔹Travel tips
▪️Best Season
സെപ്റ്റംബർ - ഒക്ടോബർ
ഡിസംബർ - ജനുവരി- ഫെബ്രുവരി പകുതി വരെ.
▪️ By Train
കേരളത്തിൽ നിന്ന് നേരിട്ട് kota jn വഴി പോകുന്ന ഏതാനും ട്രെയിൻ ലിസ്റ്റ് താഴെ ചേർക്കാം.
മരുസാഗർ എക്സ്പ്രസ്സ് - ഞായർ
രാജധാനി - ചൊവ്വ, വ്യാഴം, വെള്ളി
കൊച്ചുവേളി ഇർഷികേശ് - വെള്ളി
സബർകാന്തി തിങ്കൾ - ശനി
എറണാകുളം നിസാമുദ്ധീൻ
എക്സ്പ്രസ്സ് - ബുധൻ
തിരുവന്തപുരം നിസാമുദ്ധീൻ
ദുരന്തോ - ബുധൻ
കൊച്ചുവേളി അമൃതസർ -ബുധൻ
എറണാകുളം നിസാമുദ്ധീൻ sf - ബുധൻ
▪️ Travel spot
കോട്ട അത്ര ജനപ്രിയമല്ലെങ്കിലും ഈ പട്ടണം സന്ദർശിക്കുന്നവർക്ക് പട്ടണത്തിൻ അകത്തും 30km ചുറ്റളവിലുമായി ഒത്തിരി കാഴ്ചകൾ കാണാനുണ്ട്
ചമ്പൽ താഴ്‌വരയുടെ അതിമനോഹരമായ കാഴ്ചകൾ ഉള്ള
ഗരാഡിയ മഹാദേവ്,
സെവൻ വണ്ടർലെസ് പാർക്ക്, ജഗ് മന്ദിർ പാലസ്, കിഷോർ സാഗർ ലേക്, #കോട്ട_ബാരേജ്, #ചമ്പൽ_ഹാങ്ങിങ്_ബ്രിഡ്ജ്, #ഉമേദ്_ഭവൻ_പാലസ്, #കോട്ട്_പാലസ്. #റാവോ_മദോസിങ്_മ്യൂസിയം....... #മുകുന്ദ്ര_കടുവ_സങ്കേതം തുടങ്ങിയവ.
✍️ അബു വി കെ
#സുവർണ_നഗരം
#ജൈസൽമീർ
രണഭേരികളും ഖഡ്ക നാദങ്ങളും മുഴങ്ങി കേൾക്കുന്ന രജപുത്താന വീഥികളിലൂടെ ഒരു യാത്ര.
ഗുജറാത്തിന്റെ അതിർത്തി ഗ്രാമമായ സുയിഗത്തിൽ നിന്ന് നാല്പതു കിലോമീറ്റർ ദൂരയുള്ള തരാഡിലേക്ക് യാത്ര തിരിച്ചു. തരാഡ് ബസ്റ്റാൻഡിൽ നിന്ന് പതിനൊന്നര മണിക്ക് ബാഡ്മേർ പോകുന്ന ബസ്സ് ലഭിച്ചു. കടുക് പാടങ്ങൾ പൂത്തു നിൽക്കുന്ന കാഴ്ചകൾ വഴിയോരങ്ങളിൽ മങ്ങിതുടങ്ങുന്നുണ്ട്, പതിയെ തരിശുഭൂമിയിലേക്ക് യാത്ര നീളുകയാണ്, നാല് മണിക്കൂർ യാത്രക്കൊടുവിൽ രാജസ്ഥാനിലെ ബാഡ്മേർ പട്ടണത്തിലെത്തി. ബാഡ്മേർ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം സഞ്ചാരിയും എഴുത്തുകാരനുമായ രഞ്ജിത്ത് ഫിലിപ്പിന്റെ ഒരു ആർട്ടിക്കിൾ ആയിരുന്നു, ബഡ്മേർ മുതൽ പാക്കിസ്ഥാൻ അതിർത്തി ഗ്രാമമായ മുനബാവ് വരെ പോകുന്ന താർ മരുഭൂമിയിലെ പാസഞ്ചർ ട്രെയിൻ ആയിരുന്നു. ആ ഒരു പാസഞ്ചർ ട്രെയിൻ യാത്ര എന്റെ രാജസ്ഥാൻ യാത്രയിൽ ഉൾപെടുത്തണമെന്നുണ്ടായിരുന്നു ആ ഒരു ഉദ്ദേശം വെച്ചു കൊണ്ടാണ് ബാഡ്മേറിലേക്ക് ബസ്സ് കയറിയത്.
കുറച്ചു സമയം സിറ്റിയിലൊക്കെ ചിലവഴിച്ചതിനു ശേഷം ബാഡ്മർ മുനബാവ് ട്രെയിനിനെ കുറിച്ചു അന്വേഷിച്ചു. കൊറോണക്ക് ശേഷം ട്രെയിൻ ഓടിതുടങ്ങിയിട്ടുണ്ട്. പക്ഷെ സന്ദർശകരായിട്ട് വരുന്നവർക്ക് ട്രെയിൻ ടിക്കറ്റ് ലഭിക്കില്ല. ഒന്നുകിൽ ജോലി പരമായിട്ട് പോകുന്നവർക്കും അതല്ലെങ്കിൽ അതത് ഗ്രാമ വാസികൾക്കും മാത്രമാണ് യാത്ര ചെയ്യാനാവുക, അതിർത്തിയോട് ചേർന്നു കിടക്കുന്ന സ്ഥലം ആയതിനാൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. ചുമ്മാ ചുറ്റിത്തിരിയാൻ അനുവദിക്കില്ലെന്നാണ് ഒരു ആർമിക്കാരനോട് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞത്. മുൻപ് പലരും ഈ വഴി ട്രെയിനിൽ യാത്ര ചെയ്തിരുന്നു... ഇപ്പോൾ ട്രെയ്നിനകത്തു തന്നെ പരിശോധന ഉണ്ടെന്നും.. പിടിക്കപ്പെട്ടാൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. ഒരു പക്ഷെ കൊറോണയും കുറച്ചു മാസങ്ങളും കടന്നുപോയാൽ ഈ ട്രെയിൻ യാത്ര പഴയപടി എല്ലാവർക്കും യാത്ര ചെയ്യാൻ സാധിക്കുമായിരിക്കും എന്നു കരുതാം. ഏതായാലും രാജസ്ഥാനിൽ ഒത്തിരി സ്ഥലങ്ങൾ എനിക്കു സന്ദർശിക്കാൻ ബാക്കി കിടപ്പുള്ളതിനാൽ കൂടുതൽ റിസ്ക് എടുക്കാൻ ഞാൻ മിതിർന്നില്ല. ആ ട്രെയിൻ യാത്രയും അതിർത്തി ഗ്രാമവും മാറ്റി നിറുത്തി ബാഡ്മേറിൽ നിന്ന് ജെയ്സാൽമേറിലേക്ക് മനസ്സില്ലാ മനസ്സോടെ യാത്ര തിരിച്ചു.
രാജസ്ഥാൻ ട്രാൻസ്‌പോട് ബസ്സിൽ 170 രൂപ ടിക്കറ്റ് എടുത്തു ബാഡ്മേറിൽ നിന്ന് ജൈസൽമേറിലേക്ക് ഏകദേശം 180 കിലോമീറ്റർ യാത്രാ ദൂരമുണ്ട്. വൈകിട്ട് ഏഴുമണിക്ക് ജൈസൽമീർ പട്ടണത്തിൽ കൊണ്ടെത്തിക്കാമെന്ന് ബസ് ഡ്രൈവർ വാക്ക് തന്നു.
നീണ്ടു നിവർന്നു കിടക്കുന്ന റോഡ്, ഇടയ്ക്കിടെ കുന്നുകളും സമതലങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങും.... മണൽക്കൂനകളുയർന്നു പൊങ്ങി വരുന്ന ഇടങ്ങളിലൊക്കെ തോൽക്കാൻ മനസ്സില്ലാത്തവരെ പോലെ കൃഷി കൊണ്ട് പച്ചപ്പ് പിടിച്ചു നിർത്താൻ ശ്രമിക്കുന്ന മനുഷ്യരുടെ കാഴ്ച്ചകൾ മനസ്സിനെ സന്തോഷിപ്പിക്കുന്നുണ്ട്......ഞാനാ സുവർണ നഗരത്തിൽ കാലു കുത്തിയപ്പഴേക്കും അസ്തമയ സൂര്യന്റെ കിരണങ്ങൾ ഥാർ മരുഭൂമിയെ പൊന്നാട ഉടുപ്പിച്ചു കഴിഞ്ഞിരുന്നു.
ഓൺലൈനിൽ ഹോസ്റ്റൽ ബുക്ക് ചെയ്തിരുന്ന ലോക്കേഷനിലേക്ക് മാപ്പ് കണക്ട് ചെയ്തു നടക്കാൻ തുടങ്ങി, ഒന്നര കിലോമീറ്റർ നടത്തതിന് ശേഷം ഹോസ്റ്റൽ ലൊക്കേഷനിലെത്തി. അവിടെ എത്തിയപ്പോഴാണ് അറിയുന്നത് ഞാൻ ബുക്ക് ചെയ്ത അങ്ങനെ ഒരു ഹോസ്റ്റൽ സംഭവം തന്നെ അവിടെ ഇല്ലെന്ന്.........
ഓൺലൈൻ ചതിച്ചാലും ഓഫ് ലൈനിലൂടെ അവിടെ വെച്ച് പരിചയപ്പെട്ട രണ്ട് ജൈസൽമീർ സ്വദേശികൾ അവരുടെ ഹോസ്റ്റലിലേക്ക് എന്നെ ക്ഷണിക്കുകയും അവരുടെ അതിഥിയായി അവിടെ താമസിച്ചു കൊണ്ട് അവരുടെ കൂടെ തുടർന്നുള്ള ദിനങ്ങൾ മനോഹരമാകുന്നതും ജൈസൽമീരിൽ കണ്ട കാഴ്‌ചകളെക്കാൾ മനോഹരമായതും ഈ സൗഹൃദങ്ങളായിരുന്നു.. അതെല്ലാം വഴിയെ പറയാം. ആദ്യം ജൈസൽമേർ കാഴ്ചകളിലേക്ക് കടക്കാം.
👉 ജൈസൽമർ കൊട്ട
ലോകത്തിലെ തന്നെ ആൾ താമസമുള്ള കോട്ടകളിൽ വെച്ച് ഏറ്റവും
വലിയ കോട്ടകളിലൊന്നാണ് ജയ്‌സാല്‍മീര്‍ കോട്ട, ( ഗോൾഡൻ ഫോർട്ട്, സുവര്‍ണ കോട്ട, സോനാര്‍ ഖില ) എന്നൊക്കെ ഇതറിയപ്പെടുന്നു. പൊതുവെ
കോട്ടയുടെ സ്വര്‍ണനിറമാണ് ഈ പേരുകളൊക്കെ വരാന്‍ കാരണമായത്.
ഒരു കാലത്ത് ശത്രുക്കളില്‍ നിന്നുള്ള ആക്രമണത്തെ പ്രതിരോധിക്കാനായിരുന്നു ഓരോ രാജാക്കന്‍മാരും കോട്ടകള്‍ നിർമ്മിച്ചിരുന്നത് . എന്നാൽ രാജസ്ഥാനിലെ ജൈസൽമീർ കോട്ടയുടെ നിര്‍മ്മാണത്തിന് പിന്നിലും അതേ ഉദ്ദേശ്യം തന്നെയായിരുന്നു. എന്നാല്‍ പിന്നീട് ആ കോട്ട പ്രജകള്‍ക്ക് താമസിക്കാനായി വിട്ടുകൊടുക്കുകയായിരുന്നു.
1156 ല്‍ രജപുത്തനായ "റാവല്‍ ജെയ്‌സലാണ് " ജൈസൽമീർ കോട്ട നിർമിച്ചത്. ജൈസൽമീർ കോട്ട പണിയുന്നതിനും മുമ്പ് ജൈസൽമീർ പട്ടണത്തിന് ഏകദേശം 13 കിലോമീറ്റർ അപ്പുറത്ത് ലോധുര്‍വ എന്ന സ്ഥലത്ത് മറ്റൊരു കോട്ട ഉണ്ടായിരുന്നു. ആ കോട്ടയിൽ തൃപ്തനല്ലാതിരുന്ന റാവൽ ജെയ്‌സല്‍ പുതിയൊരു കോട്ട കെട്ടിപ്പടുക്കുകയായിരുന്നു ഈ കോട്ടയാണ് ജൈസൽമീർ പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള നിലവിലെ പ്രസിദ്ധമായ ജൈസമീർ കോട്ട.
ഒത്തിരി കഥകൾ ഉറങ്ങിക്കിടക്കുന്ന ജൈസൽമീർ കോട്ടയിൽ ഒരുകാലത്ത്
സില്‍ക്ക് റൂട്ടിലൂടെ യാത്ര ചെയ്തിരുന്ന വാണിജ്യസംഘങ്ങള്‍ ഏഷ്യയില്‍ നിന്നും പടിഞ്ഞാറോട്ടും തിരിച്ചുമുള്ള യാത്രയില്‍ ജയ്‌സാല്‍മീര്‍ കോട്ടയില്‍ വിശ്രമിക്കുക പതിവായിരുന്നു. ഈ യാത്രാ സംഘങ്ങളുടെ കയ്യിലുള്ള പട്ടും സുഗന്ധദ്രവ്യങ്ങളുമെല്ലാം ഇവിടെയിറക്കിവെച്ചു വിശ്രമിച്ച ശേഷം അടുത്ത ദിവസം വീണ്ടും ഈ സംഘങ്ങൾ യാത്ര തിരിക്കും . കാലം കടന്നു പോയി.....നിരവധി രാജാക്കന്‍മാരുടെ കൈകളിലൂടെ ഈ കോട്ടയുടെ കൈമാറ്റവും നടന്നു.... ഒടുവില്‍ മുഗള്‍ രാജാക്കന്‍മാരുടെ കൈകളുമെത്തി ഈ കൊട്ട.1762 വരെ മുഗളന്‍മാരുടെ കൈവശമായിരുന്നു കൊട്ട. പിന്നീട് ബ്രിട്ടീഷുകാരുടെ ആഗമനത്തോടെ കോട്ടയ്ക്ക് ക്ഷീണം സംഭവിച്ചു തുടങ്ങി.... സ്വാതന്ത്ര്യത്തിന് ശേഷം പുരാതന കച്ചവട പാതയായ സിൽക്ക് റൂട്ട് അടച്ചുപൂട്ടകയും, ബോംബെ തുറമുഖം വളര്‍ന്നതിനനുസരിച്ച് ജയ്‌സീല്‍മീർ കോട്ടയുടെ പ്രാധാന്യവും കുറഞ്ഞു തുടങ്ങി. ഇതൊക്കെ ജയ്‌സാല്‍മീർ കോട്ടയുടെ സാമ്പത്തിക പ്രതിസന്ധിക്കും കാരണമായി. എങ്കിലും 1965ലും 71ലും നടന്ന ഇന്ത്യ പാക് യുദ്ധത്തില്‍ ജയ്‌സാല്‍മീര്‍ കോട്ട തന്ത്രപ്രധാനമായ പങ്കു വഹിക്കുകയുണ്ടായി.ഇന്ന് ജയ്‌സാല്‍മീർ കോട്ടക്ക് വാണിജ്യ മേഖലയിലും സൈന്യമേഖലയിലും തന്ത്രപ്രധാനമായ സ്ഥാനമില്ലെങ്കിലും ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി ഉയര്‍ന്നു കഴിഞ്ഞു.
രാജസ്ഥാനിലെ മറ്റ് പല കോട്ടകളും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാണുന്നതെങ്കിൽ ജൈസൽമീർ കോട്ട അതിൽ നിന്നും വിത്യസ്തമാണ്.
ഇന്ത്യയിലെ ഒരേയൊരു ജീവിക്കുന്ന (ആൾ താമസമുള്ള ) കോട്ടയായ ജയ്‌സാല്‍മീര്‍ കോട്ടയെ യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ കോട്ടയിൽ ജീവിച്ചിരുന്നവരുടെ മക്കളും അവരുടെ മക്കളുടെ മക്കളും ഇന്നിവിടെ തന്നെ താമിസിച്ചു പോരുന്നു . ഏകദേശം നാലായിരത്തോളം പേര്‍ ഇന്നിവിടെ താമസിക്കുന്നുണ്ട്. ഇവരുടെയൊക്കെ പ്രധാന വരുമാനമാര്‍ഗ്ഗവും ടൂറിസം തന്നെയാണ്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് കോട്ടയുടെ പാതയിലൂടെ നടന്ന് കാണാം. വാസ്തുവിദ്യയും ചരിത്ര ശേഷിപ്പുകളും രജപുത്ത-മുഗള്‍ ശൈലിയിലുള്ള നിര്‍മ്മിതികളുമെല്ലാം ഈ കോട്ടക്ക് അകത്തു കാണാനാകും.
നല്ല ഉയരത്തിലാണ് കോട്ട പണികഴിപ്പിച്ചിരിക്കുന്നത് മഞ്ഞ നിറത്തിലുള്ള കല്ലുകൾ കൊണ്ട് കെട്ടിപ്പൊക്കിയ കോട്ടയിൽ സൂര്യ പ്രകാശമേല്‍ക്കുമ്പോള്‍ സ്വര്‍ണം പോലെ തിളങ്ങുന്ന കാഴ്ചയും. കോട്ടയ്ക്കകത്തെ വാസ്തുവിദ്യയും മാളികകളും അമ്പലങ്ങളും വീടുകളുമൊക്കെ അതിശയിപ്പിക്കുന്നതാണ്. ഇന്നീ നഗരത്തിൽ താമസിക്കുന്ന ജനസംഖ്യയുടെ കാൽ ഭാഗവും കോട്ടയ്ക്ക് അകത്തു താമസിക്കുന്നവരാണ്. അതുകൊണ്ടുതന്നെ കോട്ട വിട്ട് പുറത്തേക്ക് പോകേണ്ട ആവശ്യം ആര്‍ക്കും വരുന്നില്ല വെള്ളത്തിനും കുടിവെള്ളത്തിനും ഒരിക്കലും ഇതിനകത്ത് ക്ഷാമം വരില്ല, യഥേഷ്ടം കിണറുകളുണ്ട്. അതുപോലെ വ്യാപാര സ്ഥാപനങ്ങളും
ഭക്ഷണശാലകളും എല്ലാം ഇതിനകത്തു തന്നെയുണ്ട്. ശെരിക്കും അത്ഭുതപ്പെടുത്തുന്ന ഒരു കോട്ടയാണ് ജൈസൽമേർ കോട്ട. ജൈസൽമീർ കോട്ടയുടെ ഒരേകദേശ ചിത്രം ഇതൊക്കെയാണ്.
ഒരു പകൽ മുഴുവൻ കോട്ടയിലെ കാഴ്ചകളളും തൊട്ടടുത്തു കിടക്കുന്ന #പാത്വൻ_ഹവേലി ( വീടുകൾ ) #നത്മൽ_കി_ഹവേലി ഒക്കെ നടന്നു കണ്ടു തീർത്തതിന് ശേഷം തിരികെ റഹീം ഭായിയും ഹസൻ ഭായിയും നടത്തുന്ന റോസ്‌റ്റിംഗ് ലവ് ഹോസ്റ്റലിലേക്ക് മടങ്ങാൻ തുടങ്ങുമ്പോഴാണ് തൊട്ടടുത്തു കിടക്കുന്ന
ഗാഡിസർ തടാകക്കരയിലേക്ക് നീങ്ങാമെന്ന് വിചാരിച്ചത്.
👉 ഗാഡിസർ തടാകം
മരുപ്പച്ച പോലെ ജയ്‌സാൽമീറിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു തടാകം ആണ് ഗാഡിസർ തടാകം.
മധ്യകാലഘട്ടത്തിൽ രാജസ്ഥാനിലെ വരണ്ട പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കാൻ കനാലുകളോ ജലസേചന സംവിധാനങ്ങളോ മറ്റ് ശാസ്ത്രീയ രീതികളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ജയ്‌സാൽമീറിലെ ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് അന്നത്തെ രാജാവ് ആയിരുന്ന ജൈസൽ കോട്ട നിർമിച്ച അതേ രാജാവ്
ആണ് ഈ തടാകവും നിർമ്മിച്ചത്,
ജയ്സാൽമീർ കോട്ടയോട് ചേർന്ന് ഏകദേശം ഒരു കിലോമീറ്റർ പരിധിയിൽ സ്ഥിതി ചെയ്യുന്ന തടാകം ചൂടുള്ള വരണ്ട മരുഭൂമിയിലെ കാലാവസ്ഥയിൽ നിന്ന് ഒരല്പം ആശ്വാസം നൽകുന്നതാണ്.
ഗാഡിസർ തടാകത്തിന്റെയും
തൊട്ടടുത്തുള്ള കോട്ടയുടെയും
മനോഹരമായ ഒരു കാഴ്ച ഉണ്ട്.
പ്രത്യേകിച്ചും കിഴക്കൻ ആകാശത്തിൽ
സൂര്യൻ ഉദിക്കുമ്പോൾ സൂര്യകിരണങ്ങൾ
ജയ്‌സാൽമീർ കോട്ടയുടെ മുകളിൽ പതിക്കുമ്പോഴുള്ള കാഴ്ചയും. അസ്തമയ പ്രഭയിൽ രക്തചുവപ്പ് നിറത്തിൽ മുങ്ങിനിൽക്കുന്ന തടാക കാഴ്ചകളും അവർണ്ണനീയമാണ്.
വിനോദ സഞ്ചാരികൾക്ക് വേണ്ടി ഈ താടാകത്തിൽ ഒരുക്കിയിരിക്കുന്ന ബോട്ടിംഗ്, കായലിനു ചുറ്റും സ്വസ്തമായി സഞ്ചരിക്കാനുള്ള പാതയുമെല്ലാം ഏതൊരു സഞ്ചരിയെയും ആകർഷിക്കാതിരിക്കില്ല.
പ്രത്യേകിച്ച് എടുത്തു പറയേണ്ട ഒരു കാര്യം ജൈസൽമീർ സന്ദർശിക്കുന്ന ഏതൊരാളും ഗാഡിസർ തടാകക്കരയിലെ സയാഹ്നവും പ്രഭാതവും ഒരിക്കലും മിസ്സ് ചെയ്യരുത്. ജൈസൽമീർ പട്ടണത്തിൽ ഞാൻ ചിലവഴിച്ച
നാല് ദിവസും ഈ തടാകക്കരയിലെ പ്രഭാതവും സായാഹ്നവും മതിവരുവോളം ആസ്വദിച്ചിട്ടുണ്ട്.
ജനുവരിയിലെ തണുപ്പും ഓമിക്ക്രോണിന്റെ കടന്നുവരുവുമെല്ലാം രാജസ്ഥാൻ യാത്രയ്ക്ക് ശെരിക്കും പണി കിട്ടിയിട്ടുണ്ട്.... മുന്നോട്ടുള്ള യാത്ര ശാരീരിക ബുദ്ധിമുട്ടുകൾ കാരണം പലപ്പോഴും യാത്ര സ്റ്റോപ്പ് ചെയ്തു തിരികെ നാട്ടിലേക്ക് മടങ്ങിയാലോ എന്നു വരെ ചിന്തിച്ചിട്ടുണ്ട്.... ഏതായാലും രണ്ടൂസം കൂടി ജൈസൽമീർ പട്ടണത്തിൽ ചിലവഴിച്ചു ജൈസൽമീർ കാഴ്ചകളൊക്കെ കണ്ടു തീർത്തിട്ടു വേണം യാത്ര തുടരണോ അതോ നാട്ടിലേക്ക് തിരിക്കണോ എന്നു തീരുമാനിക്കാൻ
കോട്ടയും താടാകവും വിശദമായി കണ്ടു തീർത്തിട്ട് രാത്രി നിശബ്‍ധമാകുന്ന ജൈസൽമീർ പട്ടണത്തിന്റെ തെരുവുകളിലൂടെ ഞാൻ ഹോസ്റ്റലിലേക്ക് നടന്നു... പട്ടണത്തിൽ രാത്രി ഏഴു മണി മുതൽ രാവിലെ ആറു മണി വരെ രാത്രി കർഫൂ ആണ്, കൂടാത്തതിന് ഞായറാഴ്ച്ച വരാന്ത ലോക്ക്ഡൌണും.
ഹോസ്റ്റലിൽ തിരികെ എത്തി റഹീം ഭായിയുടെ അമ്മാവൻ നടത്തുന്ന റെന്റ് ബൈക്ക് ഷോപ്പിലേക്ക് നടന്നു നാളെ കാലത്ത് ബാക്കി സ്ഥലങ്ങളൊക്ക സന്ദർശിക്കാൻ ഒരു റെന്റ് ബൈക്ക് 300 രൂപയ്ക്ക് അവൻ തരപ്പെടുത്തി തന്നു.
റെന്റ് ബൈക്ക് എടുത്തു ആദ്യം യാത്ര തിരിച്ചത് പൊക്രാൻ, ബികനെർ പോകുന്ന പ്രധാന ഹൈവേ വഴി 12 കിലോമീറ്റർ സഞ്ചാരിച്ചാൽ എത്തിപ്പെടുന്ന ജൈസൽമീർ വാർ മ്യൂസിയത്തിലേക്ക്.
👉 ജയ്സാൽമീർ യുദ്ധ മ്യൂസിയം
ഹൈവേയിലെ മിലിട്ടറി സ്‌റ്റേഷനു സമീപമാണ് ജയ്സാൽമീർ യുദ്ധ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
യുദ്ധവീരന്മാരുടെ സംഭാവനകളെയും ത്യാഗങ്ങളെയും ആദരിക്കുന്നതിനും അവരുടെ ധീരത ഉയർത്തിക്കാട്ടുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ മ്യൂസിയം.
മ്യൂസിയത്തിൻ പുറത്ത് രണ്ടു യുദ്ധ ടാങ്കുകൾ കിടപ്പുണ്ട്. ഗേറ്റ് കടന്നു അകത്തേക്ക് പ്രവേശിച്ചാൽ
രണ്ട് വലിയ പ്രദർശന ഹാളുകളും ഒരു ഓഡിയോ വിഷ്വൽ റൂമും ഒരു സുവനീർ ഷോപ്പും ഉണ്ട്. കൂടാതെ, ടാങ്കുകൾക്കും സൈനിക വാഹനങ്ങൾക്കുമൊപ്പം യുദ്ധ ട്രോഫികളും വിന്റേജ് ഉപകരണങ്ങളും ലോങ്കിവാല യുദ്ധത്തിൽ വിജയം നേടിയ സൈനികരുടെ ചുവർച്ചിത്രങ്ങളും നിരവധി ശത്രു ടാങ്കുകൾ തകർക്കാൻ ഉപയോഗിച്ച 106 എംഎം റീകോളെസ് തോക്കും 'ലൈറ്റ് ആൻഡ് സൗണ്ട് ഷോ'യുമെല്ലാം ഇതിനകത്തുണ്ട്....
നിർഭാഗ്യമെന്നോണം പന്ത്രണ്ട് കിലോമീറ്റർ ഓടിയെത്തിയത് വെറുതെ ആയിപോയി. നാഷണൽ ആർമി ഡേ ആണെന്നറിയാതെ ലോങ്കിവാലയും ജൈസൽമീർ വാർ മ്യൂസിയുവും പ്ലാൻ ചെയ്തു ബൈക്ക് എടുത്ത എന്റെ പ്ലാൻ ശെരിക്കും മൂഞ്ജി. ഇന്ന് യുദ്ധ മ്യൂസിയം അവധിയാണ്. അകത്തു കേറി കാണാൻ കഴിയില്ല. നിരാശയോടെ ഞാൻ അവിടെ നിന്നും മടങ്ങി.
ഇനി ലോങ്കിവാലയും തനോട്ടും ഇന്നിനി ഓടി പിടിക്കാൻ കഴിയില്ല... ചെറിയ തോതിൽ പനിയും ചുമയുമൊക്കെ ആയിട്ട് യാത്ര ചെയ്യാനുള്ള മൂഡില്ല.. ഏതായാലും ബൈക്ക് റെന്റ് വെറുതെ കൊടുക്കേണ്ടന്ന് കരുതി അടുത്ത ലക്ഷ്യസ്ഥാനമായ ബാഡാബാഗിലേക്ക് നീങ്ങി.
👉 ബഡാ ബാഗ്
ജൈസൽമീറിൽ സന്ദർശിച്ചിരിക്കേണ്ട പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ബഡാ ബാഗ്.
ബഡാ ബാഗ് എന്നാൽ വലിയ പൂന്തോട്ടം എന്നാണ് അർത്ഥം. പക്ഷെ ഇന്നവിടെ പൂന്തോട്ടം കാണാൻ കഴിയില്ല, പകരം, ഒത്തിരി ശ്മശാനങ്ങളുടെ ഒരു കേന്ദ്രമാണത്.
ഒരുപാട് കഥകൾ പറയുന്ന രജപുത്താന സാമ്രാജ്യത്തിന്റെയും ഇന്ത്യയിൽ നടമാടിയിരുന്ന അന്ധവിശ്വാസങ്ങളുടെയും ചെറിയൊരു പതിപ്പ് ഇന്നീ സ്മശാന കുടിരങ്ങൾ നമ്മളോട് വിളിച്ചു പറയുന്നുണ്ട്....
കറ്റാടി പാടങ്ങൾക്ക് നടുവിൽ തല ഉയർത്തി നിൽക്കുന്ന കുടീരങ്ങൾക്ക് അകത്തു നിന്നും വിലപിക്കുന്ന ഓരോ അസ്ഥി പഞ്ചങ്ങളുടെയും ശബ്ദം നാം കേൾക്കാതെ പോകുന്നത്.... മൗനം വെടിഞ്ഞ ഒരു യുഗത്തിലെ നിർമിതികളുടെ സൗന്ദര്യവും മണലാരുണ്യത്തിലൂടെ തഴുകി വരുന്ന കാറ്റിന്റെ സുഖങ്ങളൊക്കെ അനുഭവവിക്കുന്നത് കൊണ്ടാകും.
നാം മൗനമായി നിക്കുമ്പോഴും നമ്മോട് സംവദിക്കാനും കഥകൾ പറയാനും കാത്തിരിക്കുന്ന ഒത്തിരി കൽകുടീരങ്ങൾ നമ്മുക്ക് മുമ്പിലിവിടെ നിരന്നു കിടക്കുകയാണ്.... ഒന്നും കേൾക്കാനും കാണാനും നമുക്ക് സമയമില്ല,
കാറ്റാടികൾക്ക് ഇടയിലൂടെ ഉദിച്ചു ഉയരുന്ന തങ്ക സൂര്യോദയത്തിൽ പൊതിഞ്ഞു കിടക്കുന്ന ഈ ശവകുടീരങ്ങളും ഇവിടുത്തെ കൃഷിയിടങ്ങളുമെല്ലാം ഇടയ്ക്കു മനസ്സിനെ വേദനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്.
തറയിൽ നിന്നു ഉയർന്നു വരുന്ന നാല് കല്തൂണുകളിൽ ഒരു കുട കണക്കെ ഉയർന്നു നിൽക്കുന്ന ഒട്ടനവധി സ്മാരകങ്ങൾ ആണ് ഇവിടെ പണിതു വെച്ചിരിക്കുന്നത്. കുടപോലെ ഇരിക്കുന്ന സ്മശാന കുടിരങ്ങളുടെ മുകൾ ഭാഗത്തിൽ ചിലതിൽ അമ്പലത്തിന്റ ശൈലിയിലും മുസ്ലിം പള്ളികളുടെ താഴികകുടം പോലുള്ള ശൈലിയിലൊക്കെയാണ് നിർമിച്ചു വെച്ചിരിക്കുന്നത്.
ഓരോ കുടീര നിർമ്മിതികൾക്കു കീഴിലും അതത് ആളുകളുടെ പ്രതിമയും കൊത്തി വെച്ചതായി കാണാം. രസകരമായ കാര്യം എന്തെന്നു വെച്ചാൽ രാജാക്കന്മാരുടേത്,
കുതിരപ്പുറത്ത് ഇരിക്കുന്ന രീതിയിലാണ് ഇവരുടെ പ്രതിമ കൊത്തിവച്ചിരിക്കുന്നത്. കൊത്തിവച്ചിരിക്കുന്ന പ്രതിമയിലെ കുതിരകളുടെ മുമ്പിലെ രണ്ടു കാലുകളും ഉയർന്നാണ് ഇരിക്കുന്നതെങ്കിൽ ആ രാജാവ് കൊല്ലപ്പെട്ടത് യുദ്ധത്തിലാണ്. മറിച്ച്, കുതിരയുടെ ഒരു കാൽ മാത്രമാണ് ഉയർന്നു നിൽക്കുന്നതെങ്കിൾ ആ രാജാവിന്റെ മരണം സ്വാഭാവിക മരണവുമായിരിക്കുമത്രെ. വേറെയൊരു കാര്യം റാണിമാരുടേത് ആണ്, രാജാവിന്റെ ചിത്രത്തോടൊപ്പം റാണിമാരുടെ ചിത്രവും കൊത്തിവെച്ചിട്ടുണ്ടെങ്കിൽ, അതിനർത്ഥം
ഇന്ത്യയിൽ സതി സമ്പ്രദായം ( ഭർത്താവിന്റെ മരണത്തിനു ശേഷം ഭാര്യയും അതെ ചിതയിൽ ചാടി ജീവനൊടുക്കുന്ന രീതി ) നിലനിന്നിരുന്ന 1829 വരെ. മരണമടഞ്ഞ റാണിമാരുടെയും കുടീരങ്ങൾ സതി അനുഷ്ടിച്ചതിനുള്ള തെളിവായി സതി നടമാടിയ ആ കാലഘട്ടത്തെ ഓർമ്മപ്പെടുത്തുകയാണ്.
ഒരുപാട് സിനിമൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. മലയാളവും ഹിന്ദിയും കൂടാതെ മറ്റു ഇതര ഇന്ത്യൻ ഭാഷകളിലുമായി ഒട്ടേറെ സിനിമകൾക്ക് ഇത് വേദിയായിട്ടുണ്ട്.
അങ്ങനെ ഒരുപാട് കഥകൾ പറയുന്ന ശവകുടീരത്തു നിന്നും ഞാൻ യാത്ര തിരിച്ചു..... ജൈന മതസ്ഥരുടെ ജൈന ക്ഷേത്രം കാണാനായി.
👉 ലോദുർവ ജൈന ക്ഷേത്രം
ജൈന ക്ഷേത്രങ്ങൾക്കും മറ്റു ചരിത്രസ്മാരകങ്ങൾക്കും പേരുകേട്ട
ജയ്‌സാൽമീർ ജില്ലയിലെ ഒരു ഗ്രാമമാണ്
ലോദുർവ.
1156 ൽ റാവൽ ജൈസൽ ജയ്സാൽമീർ തലസ്ഥാനം ജയ്സാൽമീറിലേക്ക്
( ഇന്നത്തെ ജൈസൽമേർ പട്ടണത്തിലേക്ക് ) സ്ഥാപിക്കുകന്നതിനും
വളരെ മുൻപ് ഭട്ടി രാജവംശത്തിന്റെ പുരാതന തലസ്ഥാനമായിരുന്നു ലോദുർവ. ലോദുർവ പട്ടണം ജയ്‌സാൽമീറിനേക്കാൾ വളരെ പഴക്കമുണ്ട്. ഈ പട്ടണം പിൽക്കാലത്തു പലതവണ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട് പ്രത്യേകിച്ചു പതിനൊന്നാം നൂറ്റാണ്ടിലെ ഗസ്‌നിയിലെ മഹ്മൂദും പിന്നീട് അടുത്ത നൂറ്റാണ്ടിൽ വന്ന മുഹമ്മദ് ഘോറിയുമൊക്കെ.
ഇന്ന് വാസ്തുവിദ്യാ അവശിഷ്ടങ്ങൾക്കും ജൈന ക്ഷേത്രങ്ങൾക്കും പേരുകേട്ട ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. ലോദുർവയിലെ ജൈന ക്ഷേത്രങ്ങളിൽ പ്രധാനി പാർശ്വനാഥ ക്ഷേത്രം. 23-ാം തീർത്ഥങ്കരനായ പാർശ്വനാഥിനാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്
പഴക്കമേറിയ മഞ്ഞ കല്ലിലും ചുവരുകളിലും കൊത്തിവച്ചിട്ടുള്ള
മൃഗങ്ങളുടെയും മനുഷ്യരുടെയും രൂപങ്ങളൊക്കെ ലോദുർവയെ മനോഹരമാക്കുന്നുണ്ട്.
👉അമർ സിംഗ് ജെയിൻ മന്ദിർ
ഒരു ചെറിയ ഗ്രാമത്തിലെ ഒരു കുളത്തിന്റെ മധ്യഭാഗത്തുള്ള ജയ്‌സാൽമീറിലെ പഞ്ച തീർത്ഥക്ഷേത്രങ്ങളിൽ ഒന്നാണ് അമർ സിംഗ് ജെയിൻ മന്ദിർ. ലോദുർവാ ജൈൻ ക്ഷേത്രത്ത് നിന്നും അമർസിംഗ് ജെയിൻ മന്ദിർലേക്ക് 5 കിലോമീറ്റർ ദൂരമുണ്ട്.
ഒരു വലിയ തടാകത്തിന്റെ നടുവിലുള്ള ഈ രണ്ട് നില ക്ഷേത്രം മനോഹരമാണ്
അകത്തേക്ക് പ്രവേശിക്കാൻ ചാർജ് ഒന്നും ഇല്ല, മൊബൈൽ ഫോൺ കയ്യിലുണ്ടെങ്കിൽ 50രൂപയുടെ ടിക്കറ്റ് എടുത്തു വേണം അകത്തോട്ടു കയറാൻ.
മഞ്ഞക്കല്ലുകൾ കൊണ്ട് നിർമ്മിച്ച വിവിധ വസ്തുക്കൾ ഇവിടെ കാണാനിടയാകും ക്ഷേത്രത്തിന് എതിർവശത്തുള്ള പൂന്തോട്ടം ഒരു പ്രത്യേക രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
ഈ ക്ഷേത്രത്തിൻ അകത്തുള്ള വിഗ്രഹത്തിൻ ഏകദേശം 1500 വർഷം പഴക്കമുണ്ടെന്നും ഇത് വിക്രംപൂരിൽ നിന്ന് കൊണ്ടുവന്നതാണെന്നും പറയപ്പെടുന്നു.
ക്ഷേത്രത്തിന്റെ ഹാളും കല്ലിൽ കൊത്തിയുണ്ടാക്കിയതും മനോഹരമാണ്, കൂടാതെ ശിലാഭിത്തികളിൽ കൊത്തിയെടുത്ത ഡിസൈനുകളും മനോഹരമാണ്.
അമർസിങ് മന്ദിരിലെ
കാഴ്ചകളൊക്കെ കണ്ടു പതിയെ
നിഗൂഡതകളും കെട്ടുകതകളും പിണഞ്ഞു കിടക്കുന്ന പൽവാൽ സമുദായത്തിന്റെ തകർന്നു കിടക്കുന്ന ഗ്രാമങ്ങൾ ലക്ഷ്യമാക്കി ബൈക്ക് കുതിച്ചു.
( തുടരും )
✍️ അബു വി കെ.
Click here to claim your Sponsored Listing.
Videos (show all)
Category
Contact the business
Telephone
Website
Address
Tirur
Tirur
Travel with KISMATH HOLIDAYS Marriage, education , visit to holy places and every type travellings