Albiceleste Hearts of Kerala

അർജൻറ്റീന ആരാധകരുടെ കേരള കൂട്ടായ്മയിലേക്ക് ഏവർക്കും സ്വാഗതം
A FAN PAGE TOTALY DEDICATED FOR ARGENTINA FOOTBALL FANS. insta: @albicelestehk

The Argentina National Football Team also known as Selección de fútbol de Argentina represents Argentina in association football and is controlled by the Argentine Football Association (AFA), the governing body for football in Argentina. Argentina's home stadium is Estadio Antonio Vespucio Liberti and their head coach is Jorge Sampaoli. The team is currently third in the FIFA World Rankings. Nickn

21/12/2022

Spider

Julian 🕸🥰

13/12/2022

ഫുട്ബോൾ ചരിത്രത്തിലെ ക്ലാസ്സിക്കുകളിൽ ഒന്നായ അർജൻറീന നെതർലാൻഡ്സ് പോരാട്ടത്തിന് ഒരിക്കൽ കൂടി ലോകകപ്പ് വേദിയായപ്പോൾ ഉയർന്ന പ്രതീക്ഷകളോട് നീതിപുലർത്തുന്നതോ അതിനപ്പുറമോ ആയ രീതിയിൽ ഈ ലോകകപ്പിലെ ഏറ്റവും മികച്ചതും ചരിത്രത്തിൽ തന്നെ ഓർത്തിരിക്കപ്പെടുന്നതുമായ ഒരു മത്സരത്തിനാണ് ലുസെയിൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇരു ടീമുകളുടെയും കളിയുടെ ശൈലി അനുസരിച്ച് വളരെ സ്ലോയും സേഫുമായ രീതിയിൽ അരങ്ങേറാൻ സാധ്യതയുള്ള ഒരു ടാക്ടിക്കൽ മാസ്റ്റർക്ലാസ് ആയിരുന്നു പ്രതീക്ഷച്ചതെങ്കിലും കളിയുടെ അവസാന ഘട്ടങ്ങളിൽ അരങ്ങേറിയ നാടകീയതയും കയ്യാങ്കളിയും പെനാൽറ്റി ഷൂട്ടൗട്ടും മത്സരത്തെ ഏതൊരു ഫുട്ബോൾ ആരാധകനും മറക്കാനാകാത്ത എല്ലാം ഒത്തുചേർന്ന ഒരു ത്രില്ലർ ആണ് സമ്മാനിച്ചത്. അർജൻറീനയുടെ ടാക്ടിക്കൽ ഫ്ലെക്സ്ബിലിറ്റിയും മെസ്സി മാജിക്കും വാൻഗാലിന്റെ വജ്രായുധവും കളിക്കാർ തമ്മിലുള്ള ഏറ്റുമുട്ടലുകളും ഇരു ടീമുകളെയും നിരാശരാക്കിയ റഫറിയുടെ പ്രകടനവും അർജൻറീനയുടെ പതർച്ചയും നിരാശയും ദൗർഭാഗ്യവും ഒടുവിൽ വിജയാരവവും മാറ്റൊലി കൊണ്ട, പറഞ്ഞാൽ ഒടുങ്ങാത്ത അത്ര സംഭവ ബഹുലമായിരുന്നു ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ രണ്ടാം ക്വാർട്ടർ ഫൈനൽ.

കളിക്കുമുമ്പ് അർജൻറീനയെ ഏറ്റവും കുഴക്കിയ പ്രശ്നം ഡി മരിയയുടെയും ഡീപോളിന്റെയും ഫിറ്റ്നസ് പ്രശ്നങ്ങളായിരുന്നു. ഡി മരിയ ഇല്ലാത്തപക്ഷം തങ്ങളുടെ സ്വതസിദ്ധമായ 433 കളിക്കുന്നത് അർജൻറീനയെ സഹായിക്കില്ല എന്നുള്ളത് വ്യക്തമായിരുന്നു. ഈയൊരു സാഹചര്യത്തിൽ അർജൻറീന 532 കളിക്കുമെന്ന സാധ്യത ലോകകപ്പിന് മുമ്പുള്ള സന്നാഹ മത്സരത്തിനു ശേഷം തന്നെ നാം ചർച്ച ചെയ്തതാണ്. ഇതോടൊപ്പം തന്നെ നെതർലാൻഡ്സ് പരിശീലകനായ ലൂയി വാൻഗാൽ 5 മാൻ ബാക്ക് കളിക്കുമെന്ന് അറിയാവുന്നതിനാൽ ഡി മരിയ പൂർണ്ണമായി ഫിറ്റ്നസ് വീണ്ടെടുക്കാത്ത പക്ഷം 532 കളിക്കുക സ്വാഭാവികമായിരുന്നു. ഇത് കൂടാതെ മത്സരത്തിനു മുമ്പ് നടന്ന പ്രസ് കോൺഫറൻസുകളിൽ അർജൻറീനയെയും മെസ്സിയെയും വിമർശിച്ചുകൊണ്ട് വാൻഗാൽ നടത്തിയ പരാമർശങ്ങൾ നീലപ്പടയുടെ വീര്യം കൂടുതൽ കൂട്ടി. കളി ആരംഭിച്ചപ്പോൾ വിചാരിച്ചത് പോലെ 3412 ഫോർമേഷനിൽ ഡച്ചുകാർ അണി നിരന്നന്നെങ്കിലും അവർ വരുത്തി ഒരു പ്രധാന മാറ്റം ഒരു അറ്റാക്കിങ് മിഡ്ഫീൽഡറിന് പകരം ഫോർവേഡ് ആയ സ്റ്റീവൻ ബർഗ്വെയിനെ കളിപ്പിച്ചു എന്നുള്ളതാണ്. ഡിപെയ്ക്കും ബർഗ്വെയിനും പിന്നിലായി ഗാക്പോ സ്ഥാനം ഉറപ്പിച്ചപ്പോൾ മധ്യനിര കൺട്രോൾ ചെയ്യാൻ അല്ല മറിച്ച് ഡയറക്റ്റായി ആക്രമിക്കുക എന്നതാണ് ഡച്ച് പടയുടെ ഉദ്ദേശം എന്നത് വ്യക്തമായി. 90 മിനിറ്റ് തികച്ച് കളിക്കാൻ കഴിഞ്ഞേക്കില്ല എന്നിരിക്കിലും മധ്യനിരയുടെ എഞ്ചിൻ ആയ ഡി പോൾ സ്റ്റാർട്ടിങ് ഇലവനിൽ ഇടം പിടിച്ചപ്പോൾ സ്കലോണി വരുത്തിയ ഏക മാറ്റം ഡി മരിയയ്ക്ക് പകരം സ്റ്റാർട്ടിങ് ഇലവനിൽ എത്തിയ ലിച്ചയെ ഒട്ടാമണ്ടിക്കും റൊമെറോയ്ക്കും ഒപ്പം സെൻറർ ബാക്കിൽ കളിപ്പിച്ചതാണ്.

പ്രതീക്ഷിച്ചതു പോലെ ഇരു ടീമുകളും വളരെ ശ്രദ്ധയോടെയാണ് കളി ആരംഭിച്ചത്. ഗോളടിക്കുന്നതിനേക്കാൾ ഗോൾ വഴങ്ങാതിരിക്കുക എന്നതായിരുന്നു ഉദ്ദേശം. അതുകൊണ്ടുതന്നെ ക്ലിയർ കട്ട് ചാൻസസ് രണ്ട് ടീമുകൾക്കും ലഭിച്ചില്ല. 5 മാൻ ബാക്ക് സിസ്റ്റം കളിച്ച് പരിചയസമ്പത്ത് ഉള്ളതിനാൽ നെതർലൻഡ്സിനാണ് പാസിംഗ് ലേനുകൾ കുറച്ചുകൂടി സൃഷ്ടിക്കാൻ ആയത്. കളിയുടെ തുടക്കം തൊട്ട് തന്നെ മെസ്സിയെ ഡി ജോങ്ങ്, നതാനിയൽ അക്കെ എന്നിവരാൽ ഷീൽഡ് ചെയ്തെതിനാൽ ഒരു മൊമെന്‍റ് ഓഫ് ബ്രില്ല്യൻസ് ആരിൽ നിന്ന് ഉണ്ടാവും എന്നാണ് പതിയെ തുടങ്ങിയ മത്സരത്തിൽ ഏവരും ഉറ്റുനോക്കിയത്. ഒരിക്കൽ കൂടി എതിരാളികളുടെ പ്രതിരോധ തന്ത്രങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ട് മെസ്സി നടത്തിയ ഒരു ജീനിയസ് മൂവാണ് അർജൻറീനക്ക് കളിയിൽ ആധിപത്യം നേടിതന്നത്. റൈറ്റ് വിങ്ങ്ബാക്ക് റോളിൽ കളിച്ചിരുന്ന മൊളീനയിൽ നിന്ന് ലഭിച്ച പന്ത് ഡി ജോങ്ങിനെ ഷോൾഡർ ഡ്രോപ്പ് ചെയ്ത് അക്കെയുടെ കാലുകൾക്കിടയിലൂടെ പ്രതിരോധത്തെ കീറിമുറിച്ചു കൊണ്ട് നൽകിയ ത്രൂ ബോൾ ഈ ലോകകപ്പിൽ ഏറ്റവും മികച്ച പാസ്സാണ്. ഈ സമയം വിങ്ങിൽ നിന്ന് റൺ തുടർന്ന മൊളീന മികച്ച ഒരു ടച്ചിനുശേഷം വളരെ നല്ല രീതിയിൽ ഗോൾകീപ്പറിനെ മറികടന്ന് പന്ത് വലയിൽ എത്തിച്ചു. ടൂർണമെന്റിൽ ആദ്യമായി ഒരു ഗോളിന് പിന്നിലായ നെതർലാൻഡ്സ് ഗോൾ വഴങ്ങിയതോടെ തങ്ങളുടെ ഗെയിം പ്ലാനിന് ലഭിച്ച തിരിച്ചടിയിൽ പതറി. തുടർന്ന് കൂടുതൽ പൊസഷൻ വെക്കാൻ അവർക്ക് ആയെങ്കിലും കളി കണ്ട്രോൾ ചെയ്തത് അർജൻറീനയാണ്. രണ്ടാം പകുതിയുടെ തുടക്കത്തിൽ കളിയുടെ നിയന്ത്രണം വീണ്ടെടുക്കാൻ ബെർഗ്വെന് പകരം ബെർഗുയ്സും ഡി റൂണിന് പകരം കൂപ്പ്മെയ്നേഴ്സും എത്തിയെങ്കിലും കളിയുടെ ഗതിയെ അത് സാരമായി ബാധിച്ചില്ല. അതുകൊണ്ടുതന്നെ ലീഡ് ഡിഫൻഡ് ചെയ്യാൻ മടി കാണിക്കാത്ത സ്കലോണി ഫിറ്റ്നസ് പ്രശ്നങ്ങൾ അലട്ടിയിരുന്ന ഡി പോളിന് പകരം പരേഡസിനെ കൊണ്ടുവന്നു. ഡി പോൾ പോലൊരു എഞ്ചിൻ പോകുമ്പോൾ മധ്യനിരക്ക് നഷ്ടപ്പെടുന്ന എനർജി നെതർലാൻസിന് അല്പം സഹായകം ആയി. എന്നിരുന്നാലും അർജൻറീന ഒട്ടും തന്നെ പതറിയില്ല. കൂടാതെ അക്യുനക്കെതിരെ പെനാൽറ്റി ബോക്സിനുള്ളിൽ ഡംഫ്രിസ് നടത്തിയ ഒരു അനാവശ്യ ഫൗൾ മൂലം ലഭിച്ച പെനാൽറ്റി മെസ്സി ലക്ഷ്യത്തിലെത്തിച്ചതോടെ അർജൻറീന രണ്ട് ഗോൾ ലീഡ് നേടി. എന്നാൽ ഓസ്ട്രേലിയക്ക് എതിരെ അവസാന നിമിഷങ്ങളിൽ സംഭവിച്ച നാടകീയത ഇരു ടീമുകളുടെയും മനസ്സിൽ ഉണ്ടായിരുന്നു. ഈ അവസരത്തിലാണ് വാൻഗാൽ തൻറെ ഫിലോസഫി ഉപേക്ഷിച്ച് ഉയരം കൂടിയ ഫിസിക്കൽ ആയ ലൂക് ഡി ജോങ്ങ്, വൗട്ട് വെഹോർസ്റ്റ് എന്നിവരെ ടാർഗറ്റ് സ്ട്രൈക്കേഴ്സ് ആക്കി 424 ഫോർമേഷനിൽ ലോങ്ങ് ബോൾസ് കളിക്കാൻ തുടങ്ങി. മികച്ച ക്രോസുകൾ ഇടാൻ കഴിവുള്ള താരങ്ങൾ ഉണ്ട് എന്നതിനാൽ ആറര അടിയോളം പൊക്കമുള്ള സ്ട്രൈക്കേഴ്സിനൊപ്പം വാൻ ഡൈക്കും കൂടി ചേർന്നതോടെ ലോകത്തിലെ ഏതൊരു ടീമിനെയും കുഴക്കുന്ന അവസ്ഥ തന്നെയാണ് അർജൻറീനക്ക് നേരിടേണ്ടിവന്നത്. ഇതിൻറെ ഭാഗമായി അവർ ഒരു ഗോൾ തിരിച്ചടിക്കുകയും ചെയ്തു. തുടർച്ചയായ ഫൗളുകളും ടച്ച് ലൈനിൽ നിന്നുള്ള പ്രതിഷേധങ്ങളും താരങ്ങൾ തമ്മിലുള്ള തർക്കങ്ങളും കയ്യാങ്കളിയും മത്സരത്തെ ചൂട് പിടിപ്പിച്ചപ്പോൾ അനാവശ്യമായി കാർഡ് വാരിയെറിഞ്ഞ റഫറി അവസ്ഥ കൂടുതൽ വഷളാക്കി. തുടർന്ന് റഫറി 10 മിനിറ്റ് ഇഞ്ച്വറി ടൈം അനുവദിച്ചത് വളരെ അത്ഭുതപ്പെടുത്തി. 101 മിനിറ്റിന്റെ അവസാന നിമിഷങ്ങളിൽ ലഭിച്ച ഫ്രീ കിക്ക് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഒരു ട്രെയിനിങ് ഗ്രൗണ്ട് ഡ്രില്ലിന് സമാനാമായി നെതർലൻഡ്സ് സമനില പിടിച്ചത് അർജൻറീന ടീമിനെയും ആരാധകരെയും ഒരുപോലെ മാനസികമായി തകർത്തു. അതുകൊണ്ടുതന്നെ റഫറിയോടും ഏതൊരു അവസരത്തിനും ഫൗളുകൾ നേടാൻ ശ്രമിച്ച നെതർലാൻഡ്സ് കളിക്കാരോടും ഉള്ള കടുത്ത അമർഷത്തിലാണ് അർജൻറീന എക്സ്ട്രാ ടൈം തുടങ്ങിയത്. സാധാരണ സമയത്തിന്റെ അവസാന നിമിഷങ്ങളിൽ കാണിച്ച വീറും വാശിയും നെതർലൻസിന് പക്ഷേ എക്സ്ട്രാ ടൈമിൽ പുറത്തെടുക്കാനായില്ല. എക്സ്ട്രാ ടൈമിൽ അർജൻറീനക്ക് തന്നെയായിരുന്നു പൂർണ്ണ കൺട്രോൾ. ഇതോടൊപ്പം അവസാന 10 മിനിറ്റിൽ ഡി മരിയ കളത്തിലിറങ്ങിയതോടെ അർജൻറീന നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും പെനാൽറ്റി ഷൂട്ടൗട്ട് ഒഴിവാക്കുന്നതിൽ വിജയിച്ചില്ല. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കളി എത്തിയാൽ നിശ്ചയമായും തങ്ങൾ ജയിക്കും എന്ന് വാൻഗാൽ കളിക്കു മുമ്പ് പറഞ്ഞത് തെല്ലൊന്നുമല്ല അർജൻറീന കളിക്കാരെ പ്രകോപിപ്പിച്ചത്. അതിന്റെ ഫലമെന്നോണം എമിലിയാനോ മാർട്ടിനസ് നടത്തിയ ആദ്യ രണ്ട് സേവുകൾ അർജൻറീനക്ക് ക്രൊയേഷ്യയുമായുള്ള സെമിഫൈനൽ സമ്മാനിച്ചു.

ഈ കളിയിൽ നിന്നും പല കാര്യങ്ങൾ മനസ്സിലാക്കാം. ഡിപോൾ, ഡി മരിയ എന്നിവർ എത്രമാത്രം അർജൻറീനയുടെ പദ്ധതികൾക്ക് അനിവാര്യമാണ് എന്നുള്ളതാണ് ഒരു പ്രധാന കാര്യം. ഡിപോൾ പോയതോടെ മധ്യനിരക്ക് നഷ്ടപ്പെട്ട പ്രസ്സിംഗ് എബിലിറ്റി വളരെ വ്യക്തമായിരുന്നു. ഡി മരിയ വന്നതോടുകൂടി അർജൻറീന എത്രമാത്രം അപകടകാരികളായി എന്നുള്ളതും വ്യക്തമായിരുന്നു. അതുകൊണ്ട് ഇരുവരുടെയും ഫിറ്റ്നസ് ക്രൊയേഷ്യക്കെതിരെയുള്ള മത്സരത്തിൽ നിർണായകമാകും. ഏറ്റവും കൂടുതൽ ആശ്വാസം നൽകുന്നത് മെസ്സിയുടെ ഫോമാണ്. വാൻഗാലിന്റെ തന്ത്രങ്ങളിൽ വാൻ ഡൈക്ക്, ഡി ജോങ്ങ്, അക്കെ എന്നിവർ ഒരുക്കിയ പ്രതിരോധ കൂടിനുള്ളിൽ മെസ്സിക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിക്കുമെന്ന് കരുതിയതേയില്ല. എന്നാൽ വീണ്ടും ഒരു മെസ്സി മാസ്റ്റർ ക്ലാസ് നമുക്ക് കാണാൻ സാധിച്ചു. മെസ്സി അല്ലാതെ ഒരു കളിക്കാരന് പോലും അയാൾ പുറത്തെടുത്ത പ്രകടനത്തിന്റെ ഒരംശം പോലും ചെയ്യാൻ കഴിയില്ല എന്ന് നിസ്സംശയം പറയാം. മെസ്സിയോടൊപ്പം മുന്നേറ്റ നിരയിൽ കളിക്കുന്ന ജൂലിയൻ ആൽവരസ് മികച്ച മൂവ്മെന്റുകളും റണ്ണുകളും പ്രസ്സിങ്ങും നടത്തുന്നത് എതിരാളികൾക്ക് തലവേദനയാണ്. പരിക്കുകളുടെ പേരിൽ മാത്രം ടീമിലെത്തിയ മക്കാലിസ്റ്റർ, എൻസോ ഫെർണാണ്ടസ് എന്നിവരുടെ പ്രകടനങ്ങൾ പ്രശംസാവഹമാണ്. ഓരോ കളി കഴിയുമ്പോഴും അവർ മെച്ചപ്പെട്ടു വരുന്നു. പ്രതിരോധ നിരയിൽ ഏവരും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. പെനാൽറ്റി ഷൂട്ടൗട്ട് എമിലിയാനോ മാർട്ടിനസിനും ലൗട്ടാറോ മാർട്ടിനസിനും നൽകിയ ആത്മവിശ്വാസം ചെറുതല്ല. ഈ വസ്തുതകളെല്ലാം ശുഭകരം ആണെങ്കിലും അർജൻറീനയുടെ ഏറ്റവും പ്രധാന പ്രശ്നം കളിയുടെ അവസാനം നിമിഷങ്ങളിൽ ലീഡ് വേണ്ടവിധേന സംരക്ഷിക്കാൻ കഴിയാത്തതാണ്. ഒരിക്കൽ കൂടി കളിയുടെ ഒട്ടുമുക്കാൽ സമയത്തും എതിരാളികളുടെ ആക്രമണങ്ങളെ പൂർണമായി തടുത്ത അർജൻറീന 75 മിനിറ്റിനു ശേഷം പതറുന്നത് കഴിഞ്ഞ രണ്ടു കളികളിലും ആവർത്തിച്ചു. പക്ഷേ ഇതിലെ ഒരു വസ്തുത എന്തെന്നാൽ ഓസ്ട്രേലിക്കും നെതർലൻഡ്സിനും മറ്റേത് ടീമുകളെയും അപേക്ഷിച്ച് ഏരിയൻ ബോളുകൾ ജയിക്കാൻ കെൽപ്പുള്ള കളിക്കാർ ഉണ്ട്. ആ നിലയിൽ കിട്ടിയ രണ്ട് എതിരാളികളും ഏതൊരു ടീമിനെയും ആശങ്കപ്പെടുത്താൻ കെൽപ്പുള്ളവരാണ്. പക്ഷേ ഇതിൻറെ പ്രശ്നം ഇത് അർജൻറീനയെ മാനസികമായി എങ്ങനെ ബാധിക്കുന്നു എന്നുള്ളതാണ്. അവസാന നിമിഷങ്ങളിൽ ഒരു ലീഡ് സംരക്ഷിക്കാൻ ടീം മാനസികമായി സജ്ജമാണോ എന്നാണ് അറിയാനുള്ളത്. ഇതിനോടൊപ്പം ഉള്ള ഒരു പ്രശ്നം ക്രൊയേഷ്യ ജപ്പാനെതിരെയും ബ്രസീലിനെതിരെയും തിരിച്ചുവരവുകൾ നടത്തി മുന്നേറി വന്നവരാണ്. അവർ അവസാന നിമിഷം വരെ പൊരുതും. അതുകൊണ്ടുതന്നെ കാര്യങ്ങൾ എളുപ്പമാവില്ല. കൂടാതെ മോഡ്രിച്ച്, കൊവാസിച്ച്, ബ്രോസോവിച്ച് എന്നിവരടങ്ങുന്ന മധ്യനിര കളി നിയന്ത്രിക്കാൻ കഴിവുള്ള പൊസഷൻ സൂക്ഷിക്കുന്നത് ആണ്. അതുകൊണ്ടുതന്നെ വേണ്ടത്ര സ്വാതന്ത്ര്യം അർജൻറീനയുടെ മധ്യനിരക്ക് ലഭിച്ചു എന്ന് വരില്ല. ഓരോ കളി കഴിയുമ്പോഴും എതിരാളികൾ കൂടുതൽ അപകടകാരികൾ ആകുന്നത് സ്വാഭാവികമാണ്. എന്നാൽ ഈ വെല്ലുവിളികൾ അതിജീവിക്കുക എന്നതാണ് ഒരു ടീമിനെ ചാമ്പ്യന്മാർ ആക്കുന്നത്. സെമിഫൈനലിൽ അർജൻറീനയ്ക്ക് അതിന് സാധിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
വാമോസ്....

26/11/2022

ഖത്തറിലെ മണലാരണ്യങ്ങളിൽ വീണ്ടും പന്തുരുളുന്നു. കാറ്റ് നിറച്ച തുകൽ പന്തിന് പിന്നാലെ ലോകം മുഴുവൻ ഓടാനാരംഭിച്ചിരിക്കുന്നു. ഇനി ഒരു മാസക്കാലം ലോകം മുഴുവൻ ആ
കറങ്ങുന്ന പന്തിന് പിന്നാലെയാണ്. ഗോളുകളും വിജയങ്ങളും ആഹ്ലാദവും പരാജയത്തിന്റെ തേങ്ങലുകളും കണ്ട് കൊണ്ടുള്ള കാണാനുള്ള ഒരു യാത്ര. ലോകം മുഴുവൻ ആ യാത്രക്കായി സീറ്റ്‌ ബെൽറ്റ് മുറുക്കി ഇരിപ്പാണ്. എന്നാൽ നമുക്ക് ഈ യാത്ര കുറേ കൂടി വൈകാരികമാണ്. കേവലം ഒരു ലോകകപ്പ് എന്നതിന് അപ്പുറം പല മാനങ്ങളും നമുക്ക് ഈ ലോകകപ്പിന് ഉണ്ട്. കത്തി എരിഞ്ഞു തീരാറായ ഒരു സൂര്യന്റെ അവസാന ആളിക്കത്തൽ പോലെ ഒരു മനുഷ്യന്റെ കരിയറിലെ അവസാന അങ്കത്തിന് ഇറങ്ങുമ്പോൾ നമുക്ക് അത് ഒരു സാധാരണ ലോകകപ്പ് ആവുന്നതെങ്ങിനെ? തന്റെ രാജ്യത്തെക്കാൾ ഉപരി ലോകം മുഴുവനുമുള്ള ആരാധകരുടെ സകല പ്രതീക്ഷകളും തോളിലേറ്റി ആ അഞ്ചടി ഏഴിഞ്ചുകാരൻ പോരാടാൻ വരുമ്പോൾ കേവലം ഒരു ലോകകപ്പ് എന്ന് പറഞ്ഞ് തള്ളിക്കളയുന്നതെങ്ങിനെ? ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരന്റെ, ലോകാകിരീടത്തിനായുള്ള അവസാന പോരാട്ടം നമ്മളെ ആവേശത്തിലാക്കാതിരിക്കുന്നതെങ്ങിനെ?

എന്നായിരുന്നു നമ്മൾ അയാളെ ആദ്യമായി ലോകകപ്പ് വേദിയിൽ കണ്ടതെന്ന് ഓർമ്മയുണ്ടോ? ജർമനിയിൽ ആയിരുന്നു അത്. അന്ന് അയാൾ ഇത്രമേൽ വലിയ ഇതിഹാസം ആയിരുന്നില്ല. മുടി നീട്ടി വളർത്തിയ ഒരു കൊച്ച് പയ്യൻ. പക്ഷെ ഹിറ്റ്ലറുടെ നാട്ടിൽ ആയാൽ കാല് കുത്തുന്നതിനു മുൻപേ തന്നെ അയാളെ പറ്റി ലോകം കേട്ടിരുന്നു. നാളത്തെ താരമാവാൻ പോന്ന ഒരുവൻ അർജന്റീനയുടെ ടീമിൽ എത്തിപ്പെട്ടിട്ടുണ്ട് എന്ന്. ആ ലോകകപ്പിൽ സെർബിയക്കെതിരെ കളിക്കാനിറങ്ങുമ്പോൾ ആയാൾ അർജന്റീനയുടെ എക്കാലത്തെയും പ്രായം കുറഞ്ഞ വേൾഡ് കപ്പ് കളിക്കാരൻ ആയിരുന്നു. പക്ഷെ ആ പയ്യന്റെ കഴിവിൽ വിശ്വാസം അർപ്പിക്കാതിരുന്ന കോച് പെക്കർമാൻ അവന് അധികം അവസരങ്ങൾ നൽകിയില്ല. അന്ന് ജർമനിക്കെതിരെ ക്വാർട്ടർ ഫൈനലിൽ തോറ്റു പുറത്താകുമ്പോൾ ബെഞ്ചിൽ ഇരുന്ന അവന്റെ കണ്ണിൽ കണ്ണ്നീരായിരുന്നു. ആ മത്സരത്തിൽ പെക്കർമാൻ കാണിച്ച രണ്ടാമത്തെ അബദ്ധം.

പിന്നീട് ദക്ഷിണാഫ്രിക്കൻ ലോകകപ്പിലേക്ക് വരുമ്പോഴേക്കും അയാൾ ഒരു പയ്യനിൽ നിന്നും ഒരു യുവാവിലേക്ക് പരിണമിച്ചിരുന്നു. ഒരു ജനതയുടെ പ്രതീക്ഷകൾ തോളിലേറ്റി അയാൾ വന്നത് വിഖ്യാത താരം മറഡോണയുടെ പരിശീലനത്തിലും. എന്നാൽ മികച്ച കളിക്കാരൻ ആയിരുന്നത് ഒരു മികച്ച പരിശീലകൻ ആവുക എന്നതിന് ഒരു മാനദണ്ഡം അല്ല എന്ന് ലോകത്തെ മനസിലാക്കി ഡോണയുടെ സംഘം ആ ലോകകപ്പിൽ പരാജിതരായി. വിമർശങ്ങളുടെ കൂരമ്പുകൾ ആ യുവാവിലേക്ക് ലക്ഷ്യം വെക്കാൻ അതിനോടകം ആരംഭിച്ചിരുന്നു.

പിന്നീട് അയാൾ എത്തുന്നത് ചിരവൈരികളായ ബ്രസീലിന്റെ മണ്ണിലേക്കാണ്. ആ കാനറി ലോകകപ്പിൽ സാധ്യത കൽപ്പിച്ചിരുന്ന മികച്ച ടീമുകളിൽ ഒന്നിന്റെ നായകനായി അയാൾ എത്തി. സാബെല്ല എന്ന മികച്ച പരിശീലകന്റെ നേതൃത്വത്തിൽ ഒരു സംഘമായി, ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് എങ്ങനെ മുന്നേറാം എന്ന് അവർ കാണിച്ച് തന്നു. പതിവിൽ നിന്നും വിപരീതമായി ആക്രമണത്തെക്കാൾ മികച്ച പ്രതിരോധം സൃഷ്ടിച്ചു അവർ മുന്നേറി എത്തിയത് ആ ലോകകപ്പിന്റെ ഫൈനൽ മത്സരത്തിലേക്കാണ്. എന്നാൽ വിധി അവിടെയും അയാൾക്ക് എതിരായിരുന്നു. എണ്ണമറ്റ അവസരങ്ങൾ നഷ്ടപ്പെടുത്തിയ ആ സംഘം ഒടുവിൽ ഒരൊറ്റ പിഴവിൽ എതിരാളികൾ നേടിയ ഗോളിൽ ആ കനകകിരീടം നഷ്ടപ്പെടുത്തി. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നിന്ന അയാൾ, ലോകത്തിനു മുഴുവൻ ഒരു നൊമ്പരമായി.

അയാളുടെ നാലാമത്തെ ലോകകപ്പ് തണുത്തുറഞ്ഞ റഷ്യൻ മണ്ണിലായിരുന്നു. ഒരുവേള ലോകകപ്പ് യോഗ്യത നേടുമോ എന്ന ശങ്ക ഉയർന്നപ്പോൾ, അത് നേടാനായി അയാൾ പോരാടിയത് ഒൻപതിനായിരം അടി ഉയരത്തിൽ ക്വിറ്റോ മലനിരകളിൽ ആയിരുന്നു. ശ്വാസം പോലും കിട്ടാത്ത ആ ഊഷര മണ്ണിൽ നേടിയ ഹാട്രീക്കിലൂടെ അയാൾ തന്റെ രാജ്യത്തെ റഷ്യയിലേക്ക് പിടിച്ചു വലിച്ചു. എന്നാൽ അയാളുടെ ആ ശ്രമങ്ങളെ എല്ലാം പാഴാക്കി ആ ടീം അവിടെയും തകർന്നു. കെട്ടുറപ്പില്ലാത്ത ടീമും, പോരാട്ടവീര്യമില്ലാത്ത മനസും ആ ടീമിനെ അധികം മുന്നേറാൻ അവസരം നൽകിയില്ല. ഫ്രാൻസിന് മുൻപിൽ അവർ അടിയറവ് പറഞ്ഞു. പ്രതീക്ഷിച്ചത് പോലെ വിമർശനങ്ങളുടെ കൂരമ്പുകൾ അയാളിൽ തന്നെ തറച്ചു. ഒരു ദയാദക്ഷിണ്യവുമില്ലാതെ ലോകം അയാളെ പ്രഹരിച്ചു കൊണ്ടിരുന്നു. രാജ്യത്തിനായി ഒന്നും നേടാനാകാത്ത കോമാളിയാണ് അയാൾ എന്ന് എതിരാളികൾ പരിഹസിച്ചു.ഒന്നും മിണ്ടാതെ അയാൾ അതെല്ലാം നെഞ്ചിൽ ഏറ്റുവാങ്ങി.

എന്നാൽ കുരിശിലേറ്റവന്റെ ഉയിർത്തെഴുന്നേൽപ്പിനാണ് ലോകം പിന്നീട് സാക്ഷ്യം വായിച്ചത്. രാജ്യത്തിനായി എന്തെങ്കിലും നേടിയേ പറ്റൂ എന്ന വാശിയിൽ അയാൾ ഒരിക്കൽ കൂടി പോരാട്ടത്തിന് ഇറങ്ങി. തനിക്കായി എന്തും ചെയ്യാൻ തയ്യാറായ ഒരു ചാവേർ പടയെ ഒപ്പം നിർത്തി അയാൾ തന്റെ യുദ്ധം വീണ്ടും ആരംഭിച്ചു. ആ യാത്രയിൽ അവർ ആദ്യം അരിഞ്ഞത് ചിരവൈരികളായ ബ്രസീലിനെ തന്നെ ആയിരുന്നു. അവരുടെ മണ്ണിൽ നടന്ന കോപ അമേരിക്ക ഫൈനലിൽ അവരെ തന്നെ പരാജിതരാക്കി, ഏഴ് കൊല്ലം മുൻപ് നഷ്ടമായ കനകക്കിരീടത്തിലേക്കുള്ള യാത്ര അവൻ ആരംഭിച്ചു. പിന്നീട് മുൻപിൽ വന്ന യൂറോ കപ് ജേതാക്കളായ ഇറ്റലിയെയും നിഷ്പ്രഭരാക്കി അവർ ലോകത്തെ ഞെട്ടിച്ചു.

ഖത്തറിൽ അവർ ഏറ്റവും സാധ്യത കൽപ്പിച്ചിരുന്ന ടീമാണ്. അതിന് വേണ്ടതെല്ലാം അവരുടെ ആവനാഴിയിൽ ഉണ്ട് താനും. എന്നാൽ അപ്രതീക്ഷിതമായ ഒരു പരാജയം എല്ലാവരെയും ഞെട്ടിച്ചു എന്ന് വേണം പറയാൻ. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് ഏറ്റ പ്രഹരം ലോകത്തെ വീണ്ടും അയാളെ ഒരു പരിഹാസപാത്രമാക്കാൻ മുതിർന്നു. എങ്ങു നിന്നും വിമർശനങ്ങളുടെയും പരിഹാസത്തിന്റെയും ശരങ്ങൾ. എന്നാൽ എതിരാളികൾ ഇപ്പോഴും ഏറ്റവും ഭയക്കുന്നത് അയാളെയാണ്. കാരണം ഒരു ജീവിതത്തിൽ ഏറ്റുവാങ്ങാൻ കഴിയുന്ന സകല പരിഹാസങ്ങളും വിമർശനങ്ങളും കൂരമ്പുകളും നേരിട്ടാണ് അയാൾ വരുന്നത്. മരിച്ച ഒരാൾ പുനർജീവിച്ചു വരുമ്പോൾ അയാൾക്ക് ഇനി മരണത്തെ ഭയമില്ല. അയാൾക്ക് മുൻപിലുള്ളത് ഒരേ ഒരു ലക്ഷ്യം മാത്രമാണ്. അതിനായി അയാൾ ഏതറ്റം വരെ പോവുകയും ചെയ്യും. അയാളിലെ കണ്ണുകളിൽ തെളിയുന്ന അഗ്നി ഏത് ടീമിനെയും ചുടു ചാമ്പലാക്കാൻ പോന്നതാണ്. എതിരാളികൾ ഭയക്കുന്നതും അത് തന്നെയാണ്. ഇനിയുള്ള മത്സരങ്ങൾ ഫൈനലുകൾ ആക്കി അയാൾ വരുമ്പോൾ എതിരാളികൾ ഭയന്നേ പറ്റൂ.

ലോകം കാത്തിരിക്കുകയാണ്. അയാളുടെ കിരീടധാരണത്തിനായി. കിരീടം കൈകളിലേന്തി അയാൾ ലോകത്തിന്റെ നെറുകയിൽ അയാൾ നിൽക്കുന്നത് കാണാൻ. റൊസാരിയോ തെരുവുകളിലെ മുത്തശ്ശിമാർ നാളെ തങ്ങളുടെ പേരക്കുട്ടികളോട് പറയാൻ പോകുന്ന കഥയിലെ നായകൻ ഇവിടെ ജനിക്കാൻ പോവുകയാണ്. ആ കഥ തുടങ്ങുന്നത് ഇങ്ങനെ ആയിരിക്കും...

"പണ്ട് പണ്ട് ഒരു ഇതിഹാസം ജീവിച്ചിരുന്നു. ലോകം കീഴടക്കിയ ഒരു അതിമാനുഷൻ. അവൻ ലോകമെമ്പാടും ആരാധകരെ ഉണ്ടാക്കിയിരുന്നു. അവന്റെ ഒരു ദർശനത്തിനായി ലോകം കാത്തിരുന്നിരുന്നു. അവൻ കീഴടക്കാത്ത കോട്ടകളും കിരീടങ്ങളും ഈ ലോകത്തിൽ ഉണ്ടായിരുന്നില്ല. അവന്റെ പേരായിരുന്നു

"ലിയോണൽ മെസ്സി"

26/11/2022

𝗠𝗔𝗧𝗖𝗛 𝗗𝗔𝗬 🤍💙

🏆| വേൾഡ് കപ്പ് | റൗണ്ട് 2
🆚️| മെക്സിക്കോ
⌚| 12:30 AM IST
📅| 27.11.2022
🏟| ലുസൈൽ സ്റ്റേഡിയം, ഖത്തർ
📺| സ്പോർട്സ് 18 | ജിയോ സിനിമാസ്

24/11/2022

മാച്ച് റിവ്യൂ
ARG 1-2 KSA

ഫുട്ബോൾ ലോകത്തെ മുഴുവൻ ഞെട്ടിക്കുന്ന ഒരു അട്ടിമറി എന്നത് ലോകകപ്പിന്റെ സവിശേഷതയും അനിവാര്യതയുമാണ്. ലോകകപ്പ് ഫേവറിറ്റുകൾ ഒരു കുഞ്ഞൻ ടീമിന് മുന്നിൽ അടിപതറുന്ന നിമിഷം. നിർഭാഗ്യവശാൽ ഇത്തവണ അർജൻറീന ആയിരുന്നു സൗദി അറേബ്യ എന്ന ദാവീദിന് മുന്നിൽ മുട്ടുകുത്തിയ ഗോലിയാത്ത്. അപരാജിതരായി 36 കളിക്കുശേഷം അർജൻറീന ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ സൗദിയെ നിഷ്പ്രഭമാക്കി തങ്ങളുടെ വരവ് അറിയിക്കും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ എല്ലാ പ്രതീക്ഷകളെയും പ്രവചനങ്ങളെയും തെറ്റിച്ചുകൊണ്ടാണ് 2012 ൽ സാമ്പിയയെയും 2015 ൽ ഐവറി കോസ്റ്റിനെയും ആഫ്രിക്കൻ ചാമ്പ്യന്മാർ ആക്കിയ ഹെർവെ റെനാർഡ് എന്ന പരിശീലകന്റെ തന്ത്രങ്ങളുടെ കരുത്തിൽ സൗദി ഗ്രൂപ്പ് സിയിലെ ആദ്യ വിജയം സ്വന്തമാക്കിയത്. തീർത്തും നിരാശയിൽ ആക്കുകയും പ്രതീക്ഷകളെ തകർക്കുകയും ചെയ്യുന്ന ഒരു ഫലം ആണെങ്കിൽ കൂടി കളിയെ വിശകലനം ചെയ്തു കഴിഞ്ഞാൽ അത്രയും നിരാശപ്പെടേണ്ടതില്ല എന്ന് നമുക്ക് കാണാനാകും. കാരണം ഈ മത്സരത്തിൽ അർജൻറീനയുടെ കഴിവുകേടിനേക്കാൾ സൗദിയുടെ പോരാട്ടവീര്യമാണെടുത്ത് പറയേണ്ടത്.

സ്കലോണി സ്ഥിരമായി ഉപയോഗിക്കുന്ന 4231 ഫോർമേഷനിൽ തന്നെയാണ് അർജൻറീന കളിക്കാൻ ഇറങ്ങിയത്. ലോ സെൽസോയ്ക്ക് പകരമായി പാപ്പു ഗോമസ് ഇടതുവിങ്ങിലിറങ്ങി. പൊതുവേ എതിരാളികളെ ഹൈ പ്രസ് ചെയ്യുകയും എതിരാളികളുടെ പെനാൽറ്റി ബോക്സിന് സമീപം പൊസഷൻ നിലനിർത്തി അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതായിരുന്നു അർജൻറീനയുടെ ശൈലി. എന്നാൽ വളരെ അപ്രതീക്ഷിതമായ സൗദിയുടെ ടാക്ടിക്സ് ആണ് അർജൻറീനയെ ഞെട്ടിച്ചത്.

കളി തുടങ്ങിയപ്പോൾ തന്നെ ഏവരെയും ഞെട്ടിച്ചുകൊണ്ട് വളരെ ഉയർന്ന ഒരു ഡിഫൻസ് ലൈനും അതിനോട് വളരെ ചേർന്ന് തന്നെ മധ്യനിരയും ആക്രമണനിരയും അണിനിരന്ന് വളരെ കോംപാക്ട് ആയ ഒരു ഡിഫൻസീവ് ബ്ലോക്കും ആയാണ് സൗദി അർജൻറീനക്ക് മുമ്പിൽ നിലകൊണ്ടത്. യാതൊരു കാരണവശാലും തങ്ങളുടെ ഡിഫൻസിവ് തേർഡിൽ അർജൻറീന കളിക്കാർക്ക് പന്ത് കൈവശം വയ്ക്കാനോ അവസരങ്ങൾ സൃഷ്ടിക്കാനോ ഉള്ള സാഹചര്യം കൊടുക്കരുത് എന്നതായിരുന്നു അവരുടെ ഉദ്ദേശം. ഇത്രയും ഉയർന്ന ഹൈലൈൻ സൂക്ഷിക്കുമ്പോൾ ഓഫ്സൈഡ് ട്രാപ്പ് വളരെ സൂക്ഷ്മമായി തന്നെ സൂക്ഷിക്കേണ്ടതാണ്. ഏതൊരു ലോകോത്തര ടീമിനോടും കിടപിടിക്കാൻ ആകുന്ന തരത്തിൽ വളരെയധികം ഉത്തരവാദിത്വത്തോടെയും പക്വതയോടെയും സൗദി പ്രതിരോധനിര അത് സൂക്ഷിച്ചു. അതിൻറെ ഏറ്റവും നല്ല ഉദാഹരണം ഫസ്റ്റ് ഹാഫിൽ അർജൻറീന അടിച്ച് മൂന്ന് ഓഫ് സൈഡ് ഗോളുകൾ ആയിരുന്നു. കളിയിൽ ഉടനീളം 10 തവണ അർജൻറീന കളിക്കാർ ഓഫ് സൈഡ് ആയത് വാർ നിലവിൽ വന്നതിനു ശേഷം (2018 ലോകകപ്പിന് ശേഷം) ഒരു ലോകകപ്പ് മത്സരത്തിലെ ഏറ്റവും ഉയർന്ന കണക്കാണ്. സൗദി പ്രതിരോധ നിരയുടെ മികവിനോടൊപ്പം തന്നെ അർജൻറീന കളിക്കാർ ഈയൊരു അപ്രതീക്ഷിത നീക്കത്തിൽ അല്പം പതറി അശ്രദ്ധമായി ഡിഫൻസിന് പുറകിലായി നടത്തിയ മോശം ടൈമിംഗ് റണ്ണുകളും മധ്യനിരയിൽ നിന്നുള്ള സ്ലോ റിലീസിങ്ങും ഇതിന് കാരണമായി. ഡി മരിയ, പാപ്പുഗോമസ് എന്നിവർക്ക് വേണ്ട സമയങ്ങളിൽ പന്തെത്തിക്കാൻ സാധിക്കാതിരുന്നതും ചില സമയങ്ങളിൽ അവർക്ക് പന്ത് ലഭിച്ചപ്പോൾ അത് വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കാതിരുന്നതും തിരിച്ചടിയായി. ഫസ്റ്റ് ഹാഫിൽ സൗദിയിൽ നിന്ന് ഭീഷണികൾ കാര്യമായി ഉണ്ടാകാത്തതിനാലും വളരെ നേരിയ മാർജിനുകളിൽ ഉള്ള പ്രശ്നങ്ങൾ പരിഹരിച്ചാൽ ഗോളുകൾ നേടാൻ കഴിഞ്ഞേക്കും എന്ന വിശ്വാസവും ആയാണ് അർജൻറീന സെക്കൻഡ് ഹാഫിന് ഇറങ്ങുന്നത്.

ഈ അവസരത്തിലാണ് കളിയുടെ ഗതിക്ക് വിപരീതമായി സൗദി ഒരു ഗോൾ തിരിച്ചടിക്കുന്നത്. ഇതിൽനിന്ന് കരകയറുന്നതിന് തൊട്ടുമുമ്പ് തന്നെ രണ്ടാമത്തെ പ്രഹരവും ടീമിൻറെ ആത്മവിശ്വാസത്തെ തകർത്തു കളഞ്ഞു. ഇതോടുകൂടി സൗദി കൂടുതൽ ഡിഫൻസീവ് ആകും എന്നതിനാലും മിഡ്ഫീൽഡ് അധികം നിയന്ത്രിക്കാൻ ആവശ്യമായി വരില്ല എന്നതിനാലും കൂടുതൽ അഗ്രസീവ് ആയി കളിക്കുന്നതിന് മാച്ച് ഫിറ്റ്നസ് പൂർണമായും വീണ്ടെടുക്കാത്ത ക്രിസ്റ്റ്യൻ റൊമേറോയ്ക്ക് പകരക്കാരൻ ആയി ലിസാൻഡ്രോ മാട്ടിനെസും പരേഡസിനു പകരക്കാരനായി എൻസോ ഫെർണാണ്ടസും പാപ്പു ഗോമസിന് പകരക്കാരനായി ജൂലിയൻ ആൽവരസും ഇറങ്ങി. ആൽവരസ് പെനാൽറ്റി ബോക്സിൽ ചില നല്ല നീക്കങ്ങൾ നടത്തിയെങ്കിലും ഒരു ഒരു സ്പെഷ്യലൈസ്ഡ് വിങ്ങർ അല്ല എന്ന വസ്തുത പ്രകടമായിരുന്നു. കൂടാതെ നല്ല രീതിയിൽ പന്ത് റൊട്ടേറ്റ് ചെയ്യാൻ സാധിക്കാതിരുന്നതും വിങ്ങുകളിലേക്കുള്ള മോശം പാസ് ആക്യുറസ്സിയും സൗദിയുടെ ഏരിയൽ സുപ്പീരിയോരട്ടിയും അർജൻറീനക്ക് വിലങ്ങു തടിയായി. ചില അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചെങ്കിലും തോൽവി അർഹിച്ചിരുന്നില്ല എന്ന് തീർത്തും പറയാൻ ബുദ്ധിമുട്ടാണ്. കാരണം സൗദി കളിക്കാർ എന്തുകൊണ്ടും ഒരു വിജയം അർഹിച്ചിരുന്നു.

സൗദിയുടെ ഹൈ റിസ്ക് ഹൈ റിവാർഡ് സ്വഭാവമുള്ള ധീരമായ ടാക്ടിക്സ് മാത്രമല്ല കളിക്കാരുടെ പ്രകടനവും ആരാധകരുടെ പിൻബലവും എടുത്തുപറയേണ്ടതാണ്. സൗദിയുടെ ഫിസിക്കൽ ഗെയിം ഇതിൽ എടുത്തു പറയേണ്ടതാണ്. പല അവസരങ്ങളിലും അർജൻറീന കളിക്കാരെ വേഗത്തിലും ശക്തിയിലും ഉയരത്തിലും അവർ രണ്ടാമതാക്കി. ഡ്യൂവൽസിൽ തന്നെ ലാറ്റിനമേരിക്കൻ പോരാട്ടവീര്യത്തോട് കിടപിടിക്കാനും അവർക്കായി. കിട്ടിയ അവസരങ്ങൾ വളരെ ക്ലിനിക്കൽ ആയി ഫിനിഷ് ചെയ്യുകയും ജീവൻ വരെ ത്യജിച്ച് പെനാൽറ്റി ബോക്സ് സംരക്ഷിക്കാൻ തയ്യാറാവുകയും ചെയ്തപ്പോൾ അതിനോട് നീതിപുലർത്തുന്ന വർക്ക് റേറ്റ് കളിക്കാരിൽ കാണാനായി. ഒരു ഹോം സപ്പോർട്ട് എന്ന പോലെ ആരാധകരുടെ പിന്തുണ അവർക്ക് ആത്മവിശ്വാസവും ധൈര്യവും സമ്മാനിച്ചു.

അർജൻറീന ആരാധകർ നിരാശരാണെങ്കിലും ഇതിൽ നാം നോക്കി കാണേണ്ടത് ഇന്നലത്തെ സൗദിയുടെ പ്രകടനം ഏതൊരു വമ്പനെയും അടിതെറ്റിക്കാൻ കഴിയുന്നതായിരുന്നു. നേരിയ വ്യത്യാസങ്ങൾ കൊണ്ടാണ് നാലുതവണ വലയിൽ പന്ത് എത്തിച്ചെങ്കിലും ഫസ്റ്റ് ഹാഫിൽ സ്കോർബോർഡ് ഒന്നിൽ തന്നെ നിന്നത്. ഈ മാനസിക നിലയിൽ കളത്തിൽ ഇറങ്ങുന്ന ഏതൊരു ടീമും തുടരയുള്ള രണ്ടു ഗോളുകളിൽ പതറാവുന്നതേയുള്ളൂ. പൂർണ്ണമായി ഫിറ്റ് അല്ലാത്ത റൊമേറോയും വേണ്ടരീതിയിൽ പന്ത് ഡിഫൻസിലൈൻ ക്ലിയർ ചെയ്യാതിരുന്നതും സൗദിക്ക് കളി മാറ്റിമറിക്കുന്നതിന് സഹായകമായി. അതുകഴിഞ്ഞ് അല്പം പരിഭ്രമിച്ചു എന്നുള്ളത് അർജൻറീനയുടെ പോരായ്മ തന്നെയാണ്. എന്നാൽ ഫുട്ബോൾ വളരെ സൈക്കോളജിക്കലി ബാധിക്കപ്പെടുന്ന ഒരു കളിയാണ്. പലപ്പോഴും രണ്ടാം പകുതിയുടെ തുടക്കത്തിൽ കിട്ടുന്ന തിരിച്ചടികളാണ് പിന്നീട് ഒരു തിരിച്ചു വരവിനെ ബാധിക്കുന്നത്. കാരണം കളിക്കു മുമ്പുള്ള ഫോമിനെ മാത്രമല്ല ആദ്യപകുതിയിൽ നിന്ന് ഉൾക്കൊണ്ട കാര്യങ്ങൾക്കും വിപരീതമായി സംഭവിക്കുന്ന കാര്യങ്ങൾ ദഹിക്കാൻ അല്പം ബുദ്ധിമുട്ടാണ്. ഒരു ശക്തനായ ടീമിനേക്കാൾ ദുർബലരായ എതിരാളികൾ എല്ലാ പ്രവചനങ്ങളെയും 5 മിനിറ്റ് വ്യത്യാസത്തിൽ മാറ്റിമറിക്കുമ്പോൾ അതാണ് ഏറ്റവും ബാധിക്കുക. കൂടാതെ തന്നെ സൗദി മത്സരിച്ചത് തങ്ങൾ ലോകകപ്പ് ഫൈനലിസ്റ്റുകളോട് കളിക്കുന്നു എന്ന വികാരത്തോടെയും അതിനു സഹായകമായ ആരാധക പിൻബലത്തോടെയുമാണ്. ഇന്നലത്തെ സ്ഥിതിവിശേഷത്തിൽ അർജൻറീന അല്ല മറിച്ച് ഏതൊരു വമ്പൻ ആയിരുന്നെങ്കിൽ കൂടി ഇതേ ഫലം സംഭവിക്കാവുന്നതേയുള്ളൂ. അതുകൊണ്ട് ഇത് അർജൻറീനയുടെ അന്ത്യമായി കണക്കാക്കേണ്ടതില്ല.

ഫുട്ബോൾ റിസൾട്ടുകളാൽ മാത്രം വിധി എഴുതപ്പെടുന്ന ഒരു വിനോദമാണ്. ആയതിനാൽ തന്നെ അർജൻറീനയുടെ സ്ക്വാഡ് ഡെപ്ത് ഇല്ലായ്മയും സ്കലോണിയുടെ പരിചയസമ്പത്ത് ഇല്ലായ്മയും പ്രതീക്ഷിച്ചതുപോലെ തന്നെ ചർച്ച ചെയ്യപ്പെടുന്നു. എന്നാൽ ഇതേ പരിശീലകന്റെ കീഴിൽ ഇതേ ഒത്തൊരുമയുള്ള ടീം തന്നെയാണ് 36 കളികൾ തോൽവി അറിയാതെ എത്തിയത്. ഒരു അപ്രതീക്ഷിത തിരിച്ചടി കിട്ടി എന്നുള്ളത് കൊണ്ട് ടീം മരിച്ചു എന്ന് വിധിയെഴുതാറായിട്ടില്ല. 2010 ൽ യൂറോ ചാമ്പ്യന്മാരും ഫേവറിറ്റുകളും ആയിരുന്ന സ്പെയിൻ സ്വിറ്റ്സർലാന്റിനോട് തോറ്റു തുടങ്ങിയപ്പോൾ പലരും അവരുടെ സാധ്യതകളെ തീർത്തും എഴുതി തള്ളിയതാണ്. എന്നാൽ അവർ ചാമ്പ്യൻ മെന്റാലിറ്റി കാണിക്കുകയും തുടർന്നുള്ള എല്ലാ മത്സരങ്ങളും ജയിച്ച് കപ്പ് സ്വന്തമാക്കുകയും ചെയ്തു. അർജൻറീന ഈ കപ്പ് അർഹിക്കുന്നുണ്ടെങ്കിൽ ഈ തിരിച്ചടികളിൽ നിന്ന് കരകയറാനുള്ള ആത്മവിശ്വാസം അവർക്കുണ്ടാവണം. തോൽക്കാതിരിക്കുന്നതല്ല മറിച്ച് തോൽവികളിൽ നിന്ന് തിരിച്ചു വരുന്നതാണ് ഒരു ചാമ്പ്യൻ ടീമിൻറെ ലക്ഷണം. ആ ആർജ്ജവമുള്ള ഒരു ടീം മാത്രമേ കിരീടം അർഹിക്കുന്നുള്ളൂ. ആയതിനാൽ ഈ ഫലത്തിനെ ഒരു റിയാലിറ്റി ചെക്ക് എന്ന രീതിയിൽ എടുക്കേണ്ട ആവശ്യമേയുള്ളൂ. 2018 ലോകകപ്പ് തുടങ്ങിയപ്പോൾ ഉള്ള അത്രയും നിർജീവമോ നിരാശകരമോ അല്ല അർജൻറീനയുടെ ഈ മത്സരത്തിലെ പ്രകടനവും ഇതിനുമുമ്പ് രണ്ടു കൊല്ലമായി കണ്ടുവരുന്ന പ്രകടനവും. അതുകൊണ്ടുതന്നെ അർജൻറീനയുടെ ലോകകപ്പ് സാധ്യതകളെ ഈ മത്സരം പൂർണ്ണമായും ബാധിച്ചു എന്ന് വിശ്വസിക്കുക പ്രയാസം. വരും മത്സരങ്ങൾ രണ്ടും മികച്ച രീതിയിൽ തന്നെ ജയിച്ച് കൂടുതൽ ശക്തമായി അവർ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം.
വാമോസ്....

22/11/2022

𝗠𝗔𝗧𝗖𝗛 𝗗𝗔𝗬 🤍💙

🏆| വേൾഡ് കപ്പ് | റൗണ്ട് 1
🆚️| സൗദി അറേബ്യ
⌚| 03:30PM IST
📅| 22.11.2022
🏟| ലുസൈൽ സ്റ്റേഡിയം, ഖത്തർ
📺| സ്പോർട്സ് 18 | ജിയോ സിനിമാസ്

21/11/2022

സൗദി അറേബ്യയുമായുള്ള ആദ്യ കളിക്ക് ഇറങ്ങാൻ ഏതാനും മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ അർജന്റീന ടീമിനെ നമുക്ക് ഒന്ന് ഓടിച്ചു നോക്കാം.

ടീമിലെ സ്ഥാനമുറപ്പായിരുന്ന ലോ ചെല്സോയുടെയും ആദ്യ ഓപ്ഷനുകളിൽ ഒന്നായ നിക്കോയുടെയും അഭാവത്തിൽ ആരായിരിക്കും സ്റ്റാർട്ട്‌ ചെയ്യുക എന്നത് കുഴപ്പിക്കുന്ന ചോദ്യമാണ്. അലക്സിസ് മക്കാലിസ്റ്ററോ അലഹാന്ദ്രോ ഗോമസോ ആയിരിക്കും പകരം എത്തുന്നത്. അതേ പോലെ തന്നെ ആദ്യ ചോയിസ് ലെഫ്റ്റ് ബാക്കായ അക്കൂന്യ പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്തോ എന്ന ചോദ്യവും അര്ജന്റീന ആരാധകരെ ശങ്കിപ്പിക്കുന്നുണ്ട്.

ഈ അവസരത്തിൽ ലോ ചെല്സൊയുടെ അഭാവം നികത്താൻ എന്തായിരിക്കും സ്കലോനി പ്ലാൻ ചെയ്യുന്നത്? എന്തായിരിക്കും നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന സ്റ്റാർട്ടിങ് 11?

18/11/2022

UAE 0-5 ARG
MATCH REVIEW & TACTICAL ANALYSIS

ലോകകപ്പിന് മുന്നോടിയായി ഉള്ള അവസാന സന്നാഹ മത്സരത്തിൽ ഫിഫ റാങ്കിങ്ങിൽ 70-ാം സ്ഥാനത്തുള്ള യുഎഇ യെ ന ഏകപക്ഷീയമായ 5 ഗോളുകൾക്കാണ് ലാറ്റിൻ അമേരിക്കൻ ചാമ്പ്യന്മാരും ലോകകപ്പ് ഫേവറിറ്റുകളിൽ ഒന്നുമായ അർജൻറീന തകർത്തിരിക്കുന്നത്. ഈ മത്സരത്തിൽ നിന്ന് ലോകകപ്പിന് ഇറങ്ങുന്ന അർജൻറീന ടീമിൻറെ തന്ത്രം എന്തായിരിക്കാം എന്നൊരു ഏകദേശ ധാരണ നമുക്ക് ലഭ്യമാണ്.

ലോകകപ്പിന് മുന്നോടിയായുള്ള ഒരു സന്നഹമത്സരം എന്നതിലുപരി ഈ മത്സരത്തിന്റെ പ്രാധാന്യം എന്തെന്നിരുന്നാൽ അർജൻറീന സ്റ്റാർട്ടിങ് ലൈനപ്പിലെ ഒരു അവിഭാജ്യ ഘടകമായിരുന്ന ലോ സെൽസോ ലോകകപ്പിൽ ഉണ്ടാവില്ല എന്നതിനാൽ ആ വിടവ് എങ്ങനെ നികത്തും എന്ന വസ്തുതയാണ്. 4231 ഫോർമേഷനിൽ ടീമിന് ലെഫ്റ്റ് വിങ്ങിൽ വിഡ്ത് നൽകുന്നതിനും എന്നാൽ അതോടൊപ്പം തന്നെ സെൻറർ മിഡ്ഫീൽഡിൽ ഡീ പോളിനും പരേഡിസിനും (അല്ലെങ്കിൽ ഗ്വൈഡോ റോഡ്രിഗസ്) ഒപ്പം മൂന്നാമനായി ഒരു ഡിഫൻസീവ് കവറും അയാൾ നൽകിയിരുന്നു. ലോ സെൽസോ പോലെ തന്നെയുള്ള ഒരു കളിക്കാരന്റെ അഭാവത്തോടൊപ്പം തന്നെ ഡി മരിയക്ക് സമാനമായി ഇടതുവിങ്ങിൽ കളിക്കാൻ ഒരു ലോകോത്തര അറ്റാക്കർ ഇല്ലാത്തതും അർജൻറീന എങ്ങനെ ഉൾക്കൊള്ളും എന്നതായിരുന്നു ആരാധകരെ ഏറ്റവും അധികം അലട്ടിയിരുന്നത്. കൂടാതെ ക്രിസ്റ്റ്യൻ റോമേറോയുടെ പരിക്കിന്റെ വ്യാപ്തി അറിയാത്തതിനാൽ ലിസാൻഡ്രോ മാർട്ടിനസ് ക്ലബ്ബ് തലത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കാഴ്ചവയ്ക്കുന്ന മികച്ച പ്രകടനം ഉപയോഗപ്പെടുത്തേണ്ടതും മെസ്സിയിൽ ആക്രമണത്തിന്റെ ഭാരം പൂർണമായി വരാതിരിക്കാൻ നോക്കേണ്ടതും ആവശ്യകതയായിരുന്നു. തോൽവി അറിയാതെ 35 കളികൾ പൂർത്തീകരിച്ച് ലോകകപ്പിന് എത്തുമ്പോൾ പൊസഷൻ ബേസ്ഡ് അറ്റാക്കിങ് ഫുട്ബോൾ കളിച്ചിരുന്ന നീലപ്പടയെ ഈ പുതിയ മാറ്റങ്ങൾ എങ്ങനെ ബാധിക്കും എന്നത് ഏവരും ഉറ്റുനോക്കുകയായിരുന്നു.

പരിശീലകർ പരിചയസമ്പത്തുള്ളവരോ ലോകോത്തര നിലവാരം ഉള്ളവരോ ആണെന്ന് അവകാശപ്പെടാൻ ആകില്ലെങ്കിൽ കൂടി കളിക്കാർക്ക് അനുയോജ്യമായ ഏറ്റവും മികച്ച തന്ത്രങ്ങൾ മെനയാൻ കെൽപ്പുള്ളവരാണ് തങ്ങൾ എന്ന് സ്കലോണിയും കൂട്ടരും കഴിഞ്ഞ കുറച്ചു മാസങ്ങളായി തെളിയിച്ചതാണ്. ആ വിശ്വാസത്തോട് നീതി പുലർത്തുന്ന ഒരു ടീമിനെ തന്നെയാണ് നമുക്ക് കാണാൻ സാധിച്ചതും. ഫ്ലൂയിഡ് ഫുട്ബോൾ കളിക്കുന്ന ഇന്നത്തെ കാലത്ത് ഒരു കൃത്യമായ ഫോർമേഷൻ പറയാൻ എളുപ്പമല്ല എന്നതാണ് ഒരു നല്ല ടാക്ടിക്കൽ ടീമിൻറെ സവിശേഷത. അതിനു സമാനമാണ് അർജൻറീനയിൽ നിന്നും കാണാൻ സാധിച്ചത്. എതിരാളികൾ അർജൻറീനയുടെ ഹാഫിൽ ആക്രമണം നടത്താൻ ശ്രമിക്കുന്ന അവസരങ്ങളിൽ 442 ഫോർമേഷനിലാണ് അർജൻറീന അതിനെ ചെറുത്തത്. മുൻപും അർജൻറീനയുടെ ഡിഫൻസീവ് ഫോർമേഷൻ 442 തന്നെയായിരുന്നു. ആയതിനാൽ പുതുമ ഉണ്ടായിരുന്നില്ല. എന്നാൽ ഏറ്റവും അധികം ശ്രദ്ധയാകർഷിച്ചതും മാറ്റം വന്നതും അർജൻറീന കളിയെ നിയന്ത്രിച്ച അവസരങ്ങളിൽ ആയിരുന്നു.

പന്ത് കൈവശമുള്ള അറ്റാക്കിന്റെ സമയത്തോ എതിരാളിയെ ഹൈ പ്രസ് ചെയ്യുമ്പോഴോ 3232 എന്ന ഫോർമേഷനിൽ ആണ് അർജൻറീന അണിനിരന്നത്. എറിക് ടെൻ ഹാഗിന് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കുന്ന ഹൈ പ്രസിംഗ് ശൈലിക്ക് സമാനമാണ് ഈ ബാക്ക് 3. യുണൈറ്റഡിന് വേണ്ടി ഡിഫൻസ് ലൈനിന്റെ ഇടതുഭാഗത്ത് കളിക്കുന്ന അതേ ചുമതല തന്നെയാണ് ലിച്ചക്ക് ഉണ്ടായിരുന്നത്. വലതുവശത്ത് റൈറ്റ്ബാക്കായും സെന്റർബാക്കായും കളിച്ചു ശീലമുള്ള ജുവാൻ ഫോയിത് ആണിറങ്ങിയത്. ഡിഫൻസ് ലൈനിന്റെ മധ്യത്തിൽ ലാസ്റ്റ് മാൻ ആയി പരിചയ സമ്പന്നനായ ഒട്ടാമെണ്ടിയും കൂടി ഇറങ്ങിയതോടെ എതിരാളികളുടെ കൗണ്ടർ അറ്റാക്കിന്റെ മുന വളരെ സുഗമമായി തന്നെ അർജൻറീനക്ക് തകർക്കാൻ കഴിഞ്ഞു. ക്രിസ്റ്റ്യൻ റൊമേറൊയുടെ പരിക്കും ഈ പരീക്ഷണത്തിന് കാരണമായിരിക്കാം. പരിക്ക് മാറി അയാൾ ടീമിൽ തിരിച്ചെത്തിയാൽ പയറ്റി തെളിഞ്ഞ ഒട്ടാമെണ്ടി - റൊമേറൊ കൂട്ടുകെട്ട് തിരികെ വരിക തന്നെ ചെയ്യും. ടോട്ടൻഹാമിന് വേണ്ടി 3 മാൻ പ്രതിരോധത്തിന്റെ വലതു വശത്ത് കളിച്ചുള്ള റൊമേറൊയുടെ പരിചയവും മധ്യത്തിൽ ഒട്ടാമെണ്ടിയുടെ പരിചയ സമ്പത്തും മികച്ച ഫോമിലുള്ള ലിച്ചയും മാച്ച് ഫിറ്റ്നസ് ഇനിയും വീണ്ടെടുക്കേണ്ട ഫോയ്തിനെ ബെഞ്ചിലിരുത്താനാണ് സാധ്യത.

ഇവർക്ക് മുന്നിലായി ഡിഫൻസീവ് മിഡ്ഫീൽഡർ റോളിൽ പരേഡസും ബോക്സ് ടു ബോക്സ് ആയി ഡീ പോളും അവരിൽ അർപ്പിച്ച വിശ്വാസം കാത്തു. ഇവർക്ക് മുന്നിലായി ഇടതുവിങ്ങിൽ അക്യുന, വലതുവിങ്ങിൽ ഡി മരിയ, ഇവരുടെ മധ്യത്തിൽ മക്കാലിസ്റ്റർ എന്നിവർ അണിനിരന്നു. കളിയുടെ ഗതി അനുസരിച്ച് ആവശ്യമായ അവസരങ്ങളിൽ ഡി പോൾ ഇവർക്കൊപ്പം ചേരുകയും ചെയ്തു. ലൗട്ടാറോ മാർട്ടിനെസിന് പകരം ഇറങ്ങിയ ജൂലിയൻ ആൽവരസിന് ഒപ്പം ഒരു സെക്കൻഡ് സ്ട്രൈക്കർ റോൾ ആയിരുന്നു മെസ്സിയുടേത്. മെസ്സിക്കും ഫ്രീ റോൾ ആയിരുന്നു എന്ന വസ്തുത എടുത്തു പറയേണ്ട കാര്യമില്ലല്ലോ.

ഈ ഫോർമേഷന്റെ സവിശേഷത പലതാണ്. കൗണ്ടർ അറ്റാക്കുകളെ നന്നായി തടയാൻ ആകും എന്നതും മെസ്സിയെ അധികം ഉപയോഗിക്കാതെ തന്നെ ഹൈ പ്രസ് ചെയ്യാൻ ആകും എന്നതും ശ്രദ്ധേയമാണ്. അതോടൊപ്പം തന്നെ അവസരങ്ങൾ സൃഷ്ടിക്കാനുള്ള ചുമതല മെസ്സിക്ക് മാത്രമല്ല ടീമിന് മൊത്തം ആകുമെന്നതും, മെസ്സി സെൻട്രൽ പൊസിഷനിൽ കളിക്കുന്നതിനാൽ വിങ്ങുകളിൽ ആവശ്യത്തിന് സ്പേസ് കിട്ടുമെന്നതും ഇതിൻറെ നേട്ടമാണ്. ലോകോത്തര നിലവാരമുള്ള താരങ്ങൾ ഉണ്ടായിട്ട് കൂടി പല നാഷണൽ ടീമുകളും റിസ്ക് ഒഴിവാക്കുന്നതിനായി പ്രതിരോധത്തിലൂന്നി കളിക്കുമ്പോൾ ക്ലബ്ബ് ഫുട്ബോളിൽ മാത്രം കണ്ടുവരുന്ന അറ്റാക്കിങ് ഡൈനാമിക്സ് കുറഞ്ഞ സമയം കൊണ്ട് തന്നെ ടീമിൽ കൊണ്ടുവരാൻ ശ്രമിക്കുന്ന സ്കാലോണിയുടെ പാടവം അഭിനന്ദനാർഹമാണ്.

രണ്ടാം പകുതിയിൽ അർജൻറീന അല്പം കൂടി പ്രതിരോധപരമായി 532 ഫോർമേഷനിൽ ആണ് കളിച്ചത്. ഇടയ്ക്കിടയ്ക്ക് മാറി വന്ന സബ്സ്റ്റിറ്റ്യൂഷനുകളും അനാവശ്യ പരിക്കുകളോ പ്രശ്നങ്ങളോ ഒഴിവാക്കുന്നതിന് പ്രാധാന്യം കൊടുത്തതിനാലും ഒന്നാം പകുതിയിലെ ആധിപത്യമോ മികച്ച നീക്കങ്ങളോ രണ്ടാം പകുതിയിൽ കാര്യമായി ഉണ്ടായില്ല. ടീം ഒന്നായി ട്രെയിനിങ് ആരംഭിച്ചിട്ട് അധികമാകാത്തതിനാലും അല്പം ശ്രദ്ധാപൂർവ്വം കളിച്ചതിനാലും നീക്കങ്ങളും പാസുകളും പൂർണ്ണമായും ചടുലമല്ലായിരുന്നു. എങ്കിൽ കൂടി ചില നല്ല നീക്കങ്ങളും പാസിംഗ് പാറ്റേണുകളും കാണാൻ സാധിച്ചു. ചുരുക്കത്തിൽ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താൽ ഒട്ടും തന്നെ ആശങ്കയ്ക്ക് വക തരാത്ത ഒരു പ്രകടനം ആരാധകർക്ക് മുന്നിൽ കാഴ്ചവയ്ക്കാൻ നീലപ്പടക്കായി.

ഒരാഴ്ച പോലും അവശേഷിക്കുന്നില്ല അർജൻറീനയുടെ ആദ്യ പോരാട്ടത്തിന്. ഇക്കുറി ഖത്തറിന്റെ മണ്ണിൽ ആൽബിസെലസ്റ്റെ ഇറങ്ങുമ്പോൾ മറ്റു വമ്പൻമാരോളം കിടപിടിക്കാനുള്ള പേരുകൾ ടീം ഷീറ്റിൽ ഇല്ലെങ്കിൽ കൂടി ആരെയും നേരിടാൻ കെൽപ്പുള്ള ഒരു ടീം കളിക്കളത്തിൽ ഉണ്ട്. ആരാധകർക്ക് പ്രതീക്ഷിക്കാം. പ്രതീക്ഷകളോട് നീതി പുലർത്താൻ പറ്റുന്ന ഒരു ടീം നമുക്കുണ്ട്.

10/11/2022

അർജന്റീന നാഷണൽ ഫുട്ബോൾ ടീമിനെ സംബന്ധിച്ച ഏറ്റവും പുതുപുത്തൻ വിശേഷങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്ന നിങ്ങളുടെ സ്വന്തം ആൽബിസെലസ്റ്റ ഹാർട്സ് ഓഫ് കേരള ഇൻസ്റ്റാഗ്രാമിൽ 3000 ഫോളോവേഴ്സ് എന്ന മൈൽ സ്റ്റോൺ പൂർത്തിയാക്കിയ വിശേഷം സന്തോഷത്തോടുകൂടി നിങ്ങളുമായി പങ്കുവയ്ക്കുന്നു.

ഇക്കാലമത്രയും ഞങ്ങൾക്ക് മനസ്സറിഞ്ഞ് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നു. അർജന്റീന ടീമുമായി ബന്ധപ്പെട്ട വാർത്തകൾ അറിയുന്നതിന് ഈ പേജ് ഫോളോ ചെയ്യുക, സഹ ആൽബിസെലെസ്റ്റകളുമായി പങ്ക് വയ്ക്കുക.

https://instagram.com/albicelestehk?igshid=YmMyMTA2M2Y=

Photos from Albiceleste Hearts of Kerala's post 07/11/2022

നിങ്ങൾ ഇതിൽ ആരെയൊക്കെ ഒഴിവാക്കും? എന്തുകൊണ്ട്?

03/11/2022

കാവ്യനീതി തേടുന്ന മിശിഹ

കാവ്യനീതി എന്ന സങ്കല്പത്തിന് മനുഷ്യരാശിയോളം തന്നെ പഴക്കമുണ്ട്. പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും മുമ്പിൽ പകച്ചുനിന്ന പ്രാചീന മനുഷ്യന് പ്രതീക്ഷയും ആശ്രയവും ഏകിയത് ഈ വിശ്വാസമാണ്. മനുഷ്യന് സമാനമായ ഒരു നീതിബോധം പ്രപഞ്ച നിയമങ്ങൾക്കും ഉണ്ട് എന്ന ചിന്ത. ചരിത്രത്തിൻറെ ആരംഭം മുതൽ ഇന്ന് വരെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള വിശ്വാസപ്രമാണങ്ങളും ഐതിഹ്യങ്ങളും ഇതിഹാസങ്ങളും ഈ വിശ്വാസത്തിൻറെ പ്രതിഫലനങ്ങൾ ആണ്. നാം അറിഞ്ഞ ചരിത്രത്തിലും കഥകളിലും ഇതിൻറെ മാറ്റൊലി കേൾക്കാം. എന്തിനേറെ പറയുന്നു, കുപ്പ പെറുക്കുന്നവൻ മുതൽ കോടിയുടുക്കുന്നവൻ വരെ നീതിബോധത്തിന്റെ കണക്ക് പുസ്തകവുമായി ആരോ കാവലുണ്ട് എന്ന പ്രതീക്ഷയിലാണ് പ്രതിസന്ധികളെ നേരിടുന്നത്. അങ്ങനൊരു ജനതയുടെ ഹൃദയമിടിപ്പും പോരാട്ടവീര്യവും ആവേശവും ഉൾക്കൊണ്ട ഫുട്ബോൾ അതിൻറെ പാരമ്യത്തിൽ അരങ്ങേറുമ്പോൾ മറ്റേതൊരു ലോകകപ്പിനെക്കാളും വിശേഷപ്പെട്ടതാണ് ഇക്കുറി സംജാതമായിരിക്കുന്നത്. കാരണം ഒരു കൂട്ടം ഇതിഹാസങ്ങൾ ആണ് ഇവിടെ പടിയിറങ്ങുന്നത്. അതിൽ ഒരു മിശിഹയും ഉണ്ട് . അയാളുടെ കിരീടധാരണം നക്ഷത്രങ്ങളിൽ കുറിച്ചിട്ടുണ്ടോ എന്നതാണ് ഇതിൽ ഏറ്റവും ആകാംഷയോടെ നാം ഉറ്റു നോക്കുന്നത്.

ലയണൽ ആന്ദ്രെസ് മെസ്സി എന്ന കളിക്കാരനെ പറ്റി ഇനി എഴുതാൻ വാക്കുകളില്ല. ഏതൊരു കവിക്കും വർണ്ണിക്കാൻ കഴിയുന്നതിനുമപ്പുറം ഭംഗിയിൽ, മേന്മയിൽ മഹാകാവ്യങ്ങൾ അയാൾ പച്ചപ്പുൽ മൈതാനിയിൽ ഒരു തുകൽ പന്തുകൊണ്ട് നടത്തിക്കഴിഞ്ഞിരിക്കുന്നു. പെപ്പ് ഗാർഡിയോള പറഞ്ഞതുപോലെ "don't write about him, don't try to describe him, just watch him". കാൽപന്ത് കളിയിൽ അസാധ്യമായതും മനുഷ്യപരിമിതമായതും അയാൾ അനായാസം മറികടന്നിരിക്കുന്നു. ഒരു കമ്പ്ലീറ്റ് പാക്കേജ് എന്ന നിലയിൽ ഫുട്ബോളിൽ പല മേഖലകളിൽ ലോകോത്തര നിലവാരം കാഴ്ചവയ്ക്കുന്ന അപൂർവം ചില പ്രതിഭകൾ ഉണ്ട്, ഒന്നിലേറെ പൊസിഷനുകളിൽ മാറ്റുരയ്ക്കുന്നവർ. അതുപോലെ ഓരോ പൊസിഷനിലും എക്കാലത്തെയും മികച്ചത് എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ചില അഗ്രഗണ്യരുമുണ്ട്. എന്നാൽ ഡ്രിബ്ലിംഗ്, പാസ്സിംഗ്, സ്കോറിംഗ് , ചാൻസ് ക്രിയേഷൻ, വിഷൻ, ബോൾ കണ്ട്രോൾ, പ്രസ്സ് റസിസ്റ്റൻറ്, സ്പേസ് ക്രിയേഷൻ എന്നിങ്ങനെ എല്ലാ മേഖലകളിലും തന്റേതായ ആധിപത്യം അരക്കിട്ട് ഉറപ്പിച്ച ഒരു പ്രതിഭാസം ചരിത്രത്തിൽ മെസ്സി അല്ലാതെ ആരെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നുള്ളത് സംശയകരമാണ്. ഫുട്ബോൾ ചരിത്രത്തിൽ അസംഭവ്യവും അസാധ്യവും ആയ കൊടുമുടികൾ കീഴ്പ്പെടുത്തിയ അദ്ദേഹത്തിന് പക്ഷേ എന്നും അന്യം നിന്നു പോയത് ഫുട്ബോളിലെ ഏറ്റവും അമൂല്യമായ ആ നിധിയാണ് - വേൾഡ് കപ്പ്.

ഫുട്ബോൾ എന്ന ലഹരി നുകർന്ന ആരും തന്നെ ലോകകപ്പിനെ സ്വപ്നം കാണാതിരുന്നിട്ടില്ല. തൻറെ പാദങ്ങളാൽ പന്തിനെ ചുംബിച്ച ഒരു വ്യക്തി പോലും അതിനെ കൊതിക്കാതെയും ഇരുന്നിട്ടില്ല. ഒരു ഫുട്ബോളർ, അയാൾ എത്ര വലിയവൻ ആയിരുന്നു എന്നിരുന്നാൽ കൂടി ലോകകപ്പിനെ സ്വന്തം കയ്യാൽ സ്പർശിക്കാൻ ആയില്ലെങ്കിൽ തന്റെ കരിയറിൽ ഒരു അപൂർണ്ണത, ഒരു നഷ്ടബോധം, അത് എക്കാലവും അവശേഷിക്കും. ആരും കൊതിക്കുന്ന നേട്ടങ്ങളെല്ലാം നേടിയെടുത്ത മെസ്സി താനിതുവരെ നേടിയെടുത്ത എല്ലാ നേട്ടങ്ങളെക്കാൾ വിലമതിക്കുന്നതും തൻറെ കരിയറിലെ ഏറ്റവും വലിയ നഷ്ടബോധമായി പറയുന്നതും തന്റെ മാതൃരാജ്യത്തിനുവേണ്ടി അയാൾക്ക് സമ്മാനിക്കാൻ സാധിക്കാതിരുന്ന ലോകകപ്പിനെയാണ്. എട്ടു വർഷങ്ങൾക്കു മുമ്പ് അന്ന് അയാൾ അത് സാക്ഷാത്കരിച്ചിരുന്നെങ്കിൽ ഫുട്ബോൾ ചരിത്രത്തിൽ മെസ്സിയുടെ കിരീടവകാശത്തെ സംബന്ധിച്ച് ഇന്ന് നാം കാണുന്ന ചർച്ചകൾ അപ്രസക്തമായേനെ. അന്ന് അയാൾ ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള പുരസ്കാരവുമായി പടിയിറങ്ങിയത് അഭിമാനത്തോടെ അല്ല, മറിച്ച് ഹൃദയം നുറുങ്ങി ഒരു പരാജിതനെ പോലെ ആയിരുന്നു. അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് അവിടെ പൊലിഞ്ഞത്.

എന്നാൽ ഒരുപക്ഷേ 2014 ലോകകപ്പിലെ പരാജയമാകാം മെസ്സി എന്ന കളിക്കാരനെ ഇന്നിത്രയും ഔന്നിത്യത്തിൽ എത്തിച്ചത്. വീഴ്ചകളിൽ നിന്ന് മാത്രമേ നമുക്ക് പരിമിതികൾ മനസ്സിലാക്കാനും പുതിയ ഉയരങ്ങൾ കീഴടക്കാൻ ആവശ്യമായ കഴിവുകൾ മെച്ചപ്പെടുത്താനും സാധ്യമാകുകയുള്ളു. അതിനുത്തമ ഉദാഹരണമാണ് മെസ്സിയുടെ കരിയർ. മെസ്സി എന്ന പ്രതിഭയുടെ വേറൊരു തലം നമുക്ക് കാണാൻ സാധിച്ചത് 2014 ലോകകപ്പിന് ശേഷം ആണ്. മെസ്സി എന്ന ലീതൽ ഫോർവേഡിനെ കണ്ടു ശീലിച്ച നമുക്ക് ഒരു ക്രിയേറ്റീവ് ജീനിയസ് അയാളിൽ ഉറങ്ങി കിടപ്പുണ്ട് എന്ന് തിരിച്ചറിഞ്ഞത് 2014 ന് ശേഷമാണ്. എതിരാളികളെ നിഷ്പ്രഭം ആക്കുന്ന തന്റെ ഇടം കാലിനെ തന്റെ അതുല്യമായ ഫുട്ബോളിംഗ് ഇൻറലിജൻസ് നിയന്ത്രിക്കാൻ തുടങ്ങിയതോടുകൂടി ഫൈനൽ വൺ തേർഡിൽ മാൻ മാർക്കിങ്ങിനെ അതിജീവിക്കുന്ന ഫിനോമിനൽ അറ്റാക്കർ എന്നതിലുപരി കളിക്കളത്തിന്റെ ഏതു ഭാഗത്തുനിന്നും കളിയെ മാറ്റിമറിക്കാൻ കഴിയുന്ന സോണൽ മാർക്കിങ്ങിനു പോലും സ്പർശിക്കാൻ ആകാത്ത ദി മോസ്റ്റ് കംപ്ലീറ്റ് പ്ലെയർ എന്ന വിശേഷണത്തിന് അയാൾ അർഹനായി. എന്നിരുന്നാലും ആ ലോകകപ്പ് പരാജയം അദ്ദേഹത്തെയും അർജൻറീന ആരാധകരെയും എല്ലാകാലവും അലട്ടിക്കൊണ്ടിരുന്നു. പിന്നീട് ക്ലബ് ഫുട്ബോളിൽ നേട്ടങ്ങൾ കൊയ്തപ്പോഴും അർജൻറീനക്കായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും തുടരെ സംഭവിച്ച കോപ്പ അമേരിക്ക ഫൈനലുകളിലെ പരാജയം അയാൾക്ക് താൻ ഏറ്റവും അധികം സ്നേഹിച്ച അർജൻറീനയുടെ ജേഴ്സിയിൽ ഒരു ദുരന്ത നായകൻറെ പരിവേഷമാണ് നൽകിയത്. അതേ തുടർന്നുണ്ടായ റിട്ടയർമെന്റും അതിനുശേഷം ഒരു നേരിയ പ്രതീക്ഷ നൽകിയ തിരിച്ചുവരവും ഒരു നല്ല കാലമല്ല അയാൾക്ക് സമ്മാനിച്ചത്. പിന്നീട് അർജൻറീന ടീമിന് വന്ന തകർച്ചയും അർജൻറീന ഗോൾഡൻ ജനറേഷന്റെ അവസാനവും എല്ലാം അയാൾക്ക് ഇനി ഒരിക്കലും ലോകകപ്പ് കിരീടം സ്വപ്നം കാണാൻ സാധിക്കില്ല എന്ന നിലയിലേക്കാണ് കാര്യങ്ങളെ കൊണ്ട് എത്തിച്ചത്.

ഈയൊരു അവസരത്തിലാണ് 2018 ലോകകപ്പിന് ശേഷം ലയണൽ സ്കലോണി അർജൻറീന നാഷണൽ ടീമിൻറെ പരിശീലകനാവുന്നത്. ഒരു തുടക്കക്കാരന്റെ യാതൊരു പകപ്പും കൂടാതെ സ്കലോണി തന്റെ സഹപ്രവർത്തകരും മുൻ അർജൻറീന താരങ്ങളും ആയ പാബ്ലോ അയ്മർ, റോബർട്ടോ അയാള, വാൾട്ടർ സാമുവൽ എന്നിവരടങ്ങുന്ന ഒരു ശക്തമായ ബാക്ക്റൂം കെട്ടിപ്പടുക്കുകയും അതോടൊപ്പം തന്നെ യുവത്വവും എക്സ്പീരിയൻസും ഒരേ പോലെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ടീം വാർത്ത് എടുക്കുകയും ചെയ്തു. വർഷങ്ങളായി നാം കണ്ടുവന്നിരുന്ന അർജൻറീന സ്ക്വാഡിന് വിപരീതമായി ഇത്തവണ പ്രതീക്ഷക്കു വക നൽകുന്ന ഒരുപാട് കാര്യങ്ങൾ നമുക്ക് കാണാനാകും. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അർജൻറീന ഒരു പ്രോപ്പർ ബാലൻസ്ഡ് ഫുട്ബോൾ ടീമാണ് എന്നുള്ളതാണ്. ഇതിനുമുമ്പ് നടന്ന എല്ലാ ടൂർണമെന്റുകളിലും ഒരേ പൊസിഷനിൽ കളിക്കുന്ന ഒന്നിലധികം വേൾഡ് ക്ലാസ് പ്ലെയേഴ്സ് ആണ് ഉണ്ടായിരുന്നത്. ഡിഫൻസ്, മിഡ്ഫീൽഡ്, ഗോൾ കീപ്പർ എന്നീ മേഖലകളെല്ലാം തീർത്തും ശരാശരി ആയിരുന്നു. 2014 വേൾഡ് കപ്പിൽ അർജൻറീനയുടെ ഗോൾഡൻ ജനറേഷനിൽ മെസ്സി യോടൊപ്പം മുൻ നിരയിൽ ബാക്കി രണ്ട് പൊസിസിൽ ഡി മരിയ, അഗ്വേറോ, ഹിഗ്വെയ്ൻ, ലവേസ്സി എന്നിവർ ഉണ്ടായിരുന്നപ്പോൾ മറ്റു പൊസിഷനുകളിൽ വേൾഡ് ക്ലാസ് എന്ന് പറയാൻ മഷറാണോ, സബലേറ്റ എന്നിവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫെർണാണ്ടൊ ഗാഗോയും ഡെമിഷലീസും ടീമിൽ ഉണ്ടായിരുന്നു എങ്കിൽ കൂടി അവർ കരിയറിന്റെ നല്ലകാലം കഴിഞ്ഞ അവസ്ഥയിലായിരുന്നു. എന്നാൽ ഇന്ന് ആവട്ടെ മെസ്സിക്കും ഡി മരിയക്കും പുറമേ ലൗട്ടാറോ മാര്‍ട്ടിനെസ് മാത്രമേ വേൾഡ് ക്ലാസ് എന്ന വിശേഷണത്തിന് അർഹൻ ഉള്ളൂ. എന്നാൽ മറ്റു സ്ഥാനങ്ങളിൽ എല്ലാം തന്നെ എബൗവ് ആവറേജ് എന്ന് നമുക്ക് കരുതാവുന്ന ഡീ പോൾ, പരേഡസ്, ക്രിസ്ത്യൻ റോമേറോ, ലിസാൻഡ്രോ മാർട്ടിനസ്, എമിലിയാനോ മാർട്ടിനസ് എന്നിവർ കളിക്കുന്നുണ്ട്. അതിൽ ഏറ്റവും നിർണായകം കളിക്കളത്തിൽ ഇറങ്ങുന്ന 11 പേരും പരസ്പരം പോരായ്മകൾ പരിഹരിച്ച് ഒരു യൂണിറ്റായി കളിക്കുന്നു എന്നതാണ്. എല്ലാ പൊസിഷനുകളിലും വേൾഡ് ക്ലാസ് പ്ലെയേഴ്സ് ഉണ്ടെങ്കിൽ കൂടിയും ടീം ബാലൻസ്ഡ് അല്ലെങ്കിൽ എതിരാളികൾ ഒത്തിണക്കത്തോടെ കളിക്കുന്ന ശരാശരിക്കാരുടെ ഒരു ടീമിനു മുന്നിൽ അടിയറവ് പറയേണ്ടിവരും എന്നുള്ളത് ഫുട്ബോളിന്റെ ഒരു സവിശേഷതയാണ്. മുൻ വർഷങ്ങൾക്കു വിപരീതമായി സ്ക്വാഡിൽ വേൾഡ് ക്ലാസ് പ്ലെയേഴ്സിന്റെ എണ്ണം കുറവാണെങ്കിലും ഉള്ളവർ ഒരൊറ്റ മനസ്സും ഹൃദയവുമായി പോരാടുന്നു എന്നുള്ളതാണ് അർജൻറീനയുടെ ഏറ്റവും വലിയ ശക്തി, അതാണ് അർജൻറീനയെ ലോകകപ്പ് ഫേവറേറ്റുകളിൽ ഒന്ന് ആക്കുന്നതും.

ഇതിൽ എടുത്തു പറയേണ്ടത് ഈ കളിക്കാർ എല്ലാം തന്നെ ഭ്രാന്തമായ മെസ്സി ഫാൻ ബോയ്സ് ആണെന്നുള്ളതാണ്. ഡി മരിയയും ഒട്ടാമണ്ടിയും ഒഴിച്ചുള്ള ടീമിലെ എല്ലാ കളിക്കാർക്കും മെസ്സി ഒരു ടീം മേറ്റ് മാത്രമല്ല, അവരുടെ ചൈൽഡ്ഹുഡ് ഹീറോ കൂടിയാണ്. അവർ ഈ ലോകകപ്പ് കളിക്കുന്നത് തങ്ങൾ ജയിക്കണമെന്ന ആഗ്രഹത്തെക്കാൾ ഉപരി തങ്ങളുടെ ഹീറോയുടെ സ്വപ്ന സാക്ഷാത്കരത്തിൽ പങ്കു വഹിക്കുക എന്ന ദൃഢ നിശ്ചയത്തിലാണ്. 2021 കോപ്പയിലും ജൂണിൽ നടന്ന ഫൈനലിസ്സിമയിലും നാം അത് നേരിട്ട് കണ്ടതാണ്. അവർ അവരുടെ മിശിഹായ്ക്കായി യുദ്ധത്തിനു വരെ പോകാൻ തയ്യാറാണ്. അതുകൊണ്ടുതന്നെ ലോകകപ്പ് കാണുന്ന ഓരോ മെസ്സി ആരാധകനും ആശ്വസിക്കാം, ഏതോ പത്ത് കളിക്കാർ അല്ല അയാളുടെ കൂടെ കളിക്കുന്നത്, അത് നമ്മെ പോലെ മെസ്സിയെക്കാൾ കൂടുതൽ മെസ്സി വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന അയാളുടെ ആരാധകർ തന്നെയാണ്. അതുകൊണ്ട് എല്ലാം തന്നെ കാലത്തിൻറെ കാവ്യനീതി മെസ്സിയോടൊപ്പം ആണെന്ന് തോന്നുന്നതിൽ തെല്ലും തെറ്റില്ല.

ഇതിനെല്ലാം പുറമേ ഒരു ഇന്ത്യൻ കായികപ്രേമി എന്ന നിലയിൽ നമുക്ക് കാണാൻ സാധിക്കുന്ന ചില സമാനതകൾ ഉണ്ട്. മെസ്സിക്ക് മുമ്പ് നമ്മൾ ഹൃദയത്തിൽ ഏറ്റിയ മറ്റൊരു നമ്പർ 10 ഉണ്ട്, തൻറെ സിദ്ധി കൊണ്ട് ഉയരത്തിന്റെ പരിമിതിയെ അതിജീവിച്ച മറ്റൊരു മഹാപ്രതിഭ - സച്ചിൻ ടെണ്ടുൽക്കർ. ക്രിക്കറ്റിൽ സച്ചിനും ഫുട്ബോളിൽ മെസ്സിയും തമ്മിൽ നമുക്ക് തോന്നുന്ന സമാനതകൾ ആകസ്മികമല്ല. ഇത്രയും അനായാസമായി കാവ്യാത്മകമായി ഇവരോളം ആരും തന്നെ കളിക്കളത്തിൽ വിസ്മയം തീർത്തിട്ടില്ല. Simplicity is genius എന്ന് ഐൻസ്റ്റീൻ പറഞ്ഞത് നിസ്സംശയം തെളിയിച്ചവർ. ബോത്ത് ആർ ജീനിയസസ്. ബോത്ത് ആർ ആർട്ടിസ്റ്റ്സ്. ഇവരുടെ കഴിവുകളിൽ മാത്രമല്ല കരിയറിനും ചില സമാനതകളുണ്ട്. 2014ൽ മെസ്സിക്ക് എന്ത് സംഭവിച്ചോ അതുതന്നെയാണ് 2003ൽ സച്ചിനും സംഭവിച്ചത്. രണ്ടുപേരും ടൂർണ്ണമെൻറിൽ എത്തിയത് ഗോൾഡൻ ജനറേഷനൊപ്പം. ടൂർണമെന്റിലെ ബെസ്റ്റ് പ്ലെയേഴ്സ് ആയിരുന്നിട്ടു കൂടി ഫൈനലിൽ നിരാശ. തൊട്ടടുത്ത ലോകകപ്പിൽ തിരിച്ചടി. ഗോൾഡൻ ജനറേഷന്റെ അവസാനവും പ്രായാധിക്യവും ലോകകപ്പിന്റെ സാധ്യതകളെല്ലാം എഴുതിത്തള്ളിയപ്പോഴാണ് ക്രിക്കറ്റിന്റെ ദൈവത്തിനെ ആരാധിച്ച ഒരു യുവനിര അദ്ദേഹത്തെ ലോകകപ്പ് എന്ന സ്വപ്നത്തിലേക്ക് നയിച്ചത്. ക്രിക്കറ്റിന്റെ ദൈവത്തിന് തൻറെ 29-ാം വയസ്സിൽ അയാൾക്ക് നഷ്ടമായ അയാൾ അർഹിച്ച കിരീടം എട്ടുവർഷത്തിനുശേഷം തൻറെ അനുയായികളുടെ സഹായത്താലാണ് നേടിയെടുക്കാൻ ആയത്. ഫുട്ബോളിന്റെ മിശിഹായ്ക്ക് അയാളെക്കാലവും കൊതിച്ച അയാൾ അർഹിച്ച നേട്ടം എട്ടു വർഷങ്ങൾക്ക് ശേഷം പിടിച്ചെടുക്കാൻ തന്റെ അപ്പോസ്തലന്മാരുടെ അകമ്പടിയോടെ അയാളെത്തുമ്പോൾ നിമിത്തങ്ങൾ കണ്ടില്ല എന്ന് നടിക്കുക അസാധ്യം. കാലം അയാൾക്കായി എന്തോ കാത്തു വെച്ചതുപോലെ.

കാവ്യനീതി എന്നത് ഒരു സത്യമാണോ എന്നതിലുപരി അത് ഏകുന്ന പ്രതീക്ഷയാണ് അതിനെ പ്രസക്തമാക്കുന്നത്. അത് സാക്ഷാത്കരിച്ച അപൂർവ്വം നിമിഷങ്ങളെ ഉണ്ടായിട്ടുള്ളൂ. എന്നാൽ ആ നിമിഷങ്ങളാണ് മനുഷ്യന് പ്രതീക്ഷയും ഊർജ്ജവും പകർന്നത്. എല്ലാ സഹനത്തിനും സങ്കടത്തിനും അറുതിയായി അർഹിക്കുന്നവനെ തേടി അവൻ അവകാശപ്പെട്ടത് അവനിൽ എത്തും എന്ന വിശ്വാസം. അത്തരം നിമിഷങ്ങൾക്ക് എന്തോ ദൈവികതയുണ്ട് എന്ന് മനുഷ്യന് തോന്നിയത് ഒരുപക്ഷേ വെറുതെയായിരിക്കില്ല. ക്രിക്കറ്റിന്റെ ദൈവത്തിന് തനിക്ക് അർഹിച്ചത് ലഭിച്ചു, ഫുട്ബോളിന്റെ മിശിഹായ്ക്ക് അതിനുള്ള ഭാഗ്യം ലഭിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ഒരു കാര്യം എന്തായാലും വ്യക്തമാണ്, മെസ്സിക്ക് ഫുട്ബോളിൽ ഇനി തെളിയിക്കാൻ ഒന്നും തന്നെ ബാക്കിയില്ല. എന്നാൽ ഫുട്ബോളിന് മെസ്സിയോടും ഫുട്ബോൾ ആരാധകരോടും ഒരു നീതി പുലർത്തേണ്ടതുണ്ട്. To not honor its greatest ever artist with its most coveted price, that's the failure of the art. ഫുട്ബോൾ എന്ന മഹാസൃഷ്ടി ഒരു നീതി നിഷേധത്തിന്റെ പേരിൽ അറിയപ്പെടുക എന്നുള്ളത് ഓരോ ആരാധകന്റെയും ഹൃദയത്തിലെ എക്കാലവും നീറുന്ന ഒരു മുറിവായിരിക്കും. ഡിയേഗോ മറഡോണയുടെ പിന്മുറക്കാർ ഈ ലോകകപ്പ് ഉയർത്തണം എന്നുള്ളത് അർജൻറീന ആരാധകരുടെ മാത്രമാഗ്രഹമല്ല, അത് മിശിഹായുടെ കിരീടധാരണം സ്വപ്നം കാണുന്ന ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരു ജനതയുടെ അനിവാര്യതയാണ്.

© Albiceleste Hearts of Kerala

Want your school to be the top-listed School/college in Calicut?
Click here to claim your Sponsored Listing.

Videos (show all)

Category

Address


Calicut
673004

Other Schools in Calicut (show all)
Hill Top Public School Hill Top Public School
Puthiyara
Calicut, 673004

Fashion Design school calicut Fashion Design school calicut
Arayaidaththuplam
Calicut, 673004

2005 batch ghss payambra 2005 batch ghss payambra
Payambra
Calicut, 673611

High school

NSS Presentation NSS Presentation
Calicut, 673001

Meppayur North M L P School Meppayur North M L P School
Calicut

മേപ്പയ്യൂർ നോർത്ത് എം.എൽ പി സ്കൂൾ

Govt Arts & Science College Kozhikode 96-98 1st grp PDC Batch Get together Govt Arts & Science College Kozhikode 96-98 1st grp PDC Batch Get together
Hyson Heritage
Calicut

This is a page created for the 1st group PDC group of Govt Arts and Science College , 96-98 batch to

Mushroom Folks Academy Mushroom Folks Academy
Aerosoft Plaza, English Palli, East Nadakkave
Calicut, 673006

i Maze i Maze
Team Waves, 2nd Floor, Opposite Mercedes Benz Showroom, West Hill, Kozhikode
Calicut, 673005

Read, Learn & Get amazed by our virtual Reality world

Top Till Education Top Till Education
3rd Floor, Thayyil Arcade, Panoli Road, Opposite Baby Memorial Hospital
Calicut, 673004

we provide the best distance learning services in calicut. Quality educational experience at afforda

Ramajayam UP School Ramajayam UP School
KANNUR
Calicut

Ganapat AUPB School Ganapat AUPB School
Ramanattukara
Calicut, 673633

update

Media mojo Media mojo
Velimanna
Calicut, 673582

it an advertising agency for learning