CPIM Kannadi LC
CPIM KANNADI LOCAL COMMITTEE OFFICIAL ACCOUNT
പൗരന്മാരുടെ മേൽ സദാ ഒളിഞ്ഞു നോട്ടം നടത്താനുള്ള പെഗാസിസ് എന്ന ഇസ്രായേലി ചാര സോഫ്റ്റ്‌വെയറിന്റെ കാര്യത്തിൽ സുപ്രീം കോടതി നടത്തിയ വിധി അതിപ്രധാനമാണ്. ഇന്ത്യയിലെ നിരവധി പത്രപ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, മറ്റു പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നു തുടങ്ങി ജഡ്ജിമാരുടെ ഫോണുകളിൽ പോലും ഈ ചാര സോഫ്റ്റ്‌വെയർ കടത്തി വിട്ട് ഒളിഞ്ഞു നോക്കുകയായിരുന്നു എന്നത് വെളിച്ചത്ത് കൊണ്ടുവന്നത് ഒരു സംഘം പ്രതിബദ്ധ പത്രങ്ങൾ ആയിരുന്നു.
മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആർ വി രവീന്ദ്രൻറെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചു കൊണ്ട് സർക്കാർ ഇക്കാര്യം അന്വേഷിക്കാം എന്ന് വാഗ്ദാനം ചെയ്തത് സുപ്രീം കോടതി തള്ളിക്കളഞ്ഞത് നിർണായകമാണ്. ഈ ഒളിഞ്ഞു നോട്ടം അതിഭീകരമായ ഫലം ഉണ്ടാക്കാം എന്നാണ് ഈ സമിതിയെ നിയോഗിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചത്. ഒളിഞ്ഞു നോട്ടം നടക്കുന്നില്ല എന്ന് സർക്കാർ വെറുതെ പറയുന്നത് മതിയാവില്ല എന്നും കോടതി പറഞ്ഞത് രൂക്ഷമായ പ്രതികരണമാണ്. ദേശീയ സുരക്ഷ എന്ന പേരിൽ സർക്കാരിന് എപ്പോഴും എന്തും ചെയ്യാനാവില്ല എന്നും കോടതി പൊതുവായി നിരീക്ഷിച്ചു.
നരേന്ദ്ര മോദി സർക്കാർ കവർന്നെടുക്കുന്ന അടിസ്ഥാന മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിലെ ഒരു നിർണായക നിമിഷം ആണിത്. പത്രപ്രവർത്തകരായ എൻ റാം, ശശി കുമാർ, ജോൺ ബ്രിട്ടാസ് എം പി തുടങ്ങിയവരാണ് ഇക്കാര്യത്തിനായി കോടതിയെ സമീപിച്ചത്.
- സ. എം എ ബേബി
കാശ്മീരിലെ പൂഞ്ചിൽ ഭീകരവാദികളുടെ വെടിയേറ്റ് വീരമൃത്യു വരിച്ച മലയാളിയായ ധീര സൈനികൻ വൈശാഖിന്റെ സഹോദരിക്ക് സർക്കാർ ജോലി നൽകാനും, വീടു വയ്ക്കുന്നതിനും മറ്റുമായി വിവിധ ബാങ്കുകളിൽ നിന്നും വൈശാഖ് എടുത്തിട്ടുള്ള വായ്പകൾ അടച്ചു തീർക്കാൻ വേണ്ടിവരുന്ന തുകയായ 27 ലക്ഷത്തിലധികം രൂപ അനുവദിച്ചു നൽകാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഐതിഹാസികമായ ഏട് എഴുതിച്ചേർത്ത പുന്നപ്ര-വയലാർ ജനകീയമുന്നേറ്റത്തിന് 75 വർഷം. ആധുനിക കേരളത്തിന്റെ രാഷ്ട്രീയ അജൻഡയ്‌ക്കു രൂപംനൽകിയ ജനകീയവിപ്ലവങ്ങളിൽ എന്തുകൊണ്ടും പ്രഥമസ്ഥാനമാണ് പുന്നപ്ര-വയലാറിന്റേത്. 75-ാം വാർഷിക വാരാചരണത്തിന് സമാപനംകുറിച്ച് ഇന്ന് രണശൂരന്മാരായ വയലാർ രക്തസാക്ഷികൾക്ക് നാട് പ്രണാമം അർപ്പിക്കും. സി എച്ച് കണാരൻ ദിനമായ ഒക്‌ടോബർ 20ന് തുടങ്ങിയ വാരാചരണം വയലാർ രക്തസാക്ഷി ദിനത്തോടെയാണ് സമാപിക്കുക. ചരിത്രത്തിൽ ആദ്യമായി എൽഡിഎഫ് കേരളത്തിൽ ഭരണത്തുടർച്ച നേടിയതിന്റെ ആവേശം സൃഷ്‌ടിച്ച അന്തരീക്ഷത്തിലാണ് ഇക്കുറി വാരാചരണം നടക്കുന്നത്.
അടിച്ചമർത്തലുകൾക്കും അവകാശ നിഷേധങ്ങൾക്കുമെതിരെ, സ്വാതന്ത്ര്യ കുതുകികളായ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ കയർ തൊഴിലാളികളുടെ മനസ്സിൽ ഉടലെടുത്ത തീപ്പൊരി ആളിപ്പടർന്നാണ്, കേരളചരിത്രത്തെ ചുവപ്പിച്ച ഈ ജനകീയമുന്നറ്റം സാധ്യമായത്. സമരത്തെ രാഷ്‌ട്രീയമായി ശ്രദ്ധേയമാക്കിയ മറ്റൊരു ഘടകം അതിന്റെ സാമ്രാജ്യത്വ വിരുദ്ധതയാണ്.
രാവന്തിയോളം പണിയെടുത്താലും കൂലി നൽകാതെ പലചരക്ക് കടകളിലേക്ക് ചിറ്റ് നൽകുകയായിരുന്നു കയർഫാക്‌ടറി ഉടമകൾ അക്കാലത്ത് ചെയ്‌തിരുന്നത്. കൂലി ചോദിച്ചാൽ ക്രൂരമർദനവും പിരിച്ചുവിടലും. ഒടുവിൽ സംഘടിതമായി പോരാടാൻതന്നെ തൊഴിലാളികൾ നിശ്ചയിച്ചു. 1922ൽ ആലപ്പുഴയിലെ കയർ ഫാക്‌ടറി തൊഴിലാളികൾ രഹസ്യയോഗം ചേർന്ന് "തിരുവിതാംകൂർ ലേബർ അസോസിയേഷൻ' എന്ന സംഘടനയ്‌ക്ക് രൂപം നൽകി. ഇതറിഞ്ഞ മുതലാളിമാർ സംഘടന ഇല്ലാതാക്കാൻ ശ്രമമാരംഭിച്ചു. നിരവധി പേരെ മർദിച്ച് ജീവച്ഛവങ്ങളാക്കി. നിരവധി പേരെ തുറുങ്കിലടച്ചു. ചെറുത്തുനിൽപ്പിന് തയ്യാറായ തൊഴിലാളികൾക്ക് സംഘടന കരുത്തേകി. ഈ സംഘടന ക്രമേണ തൊഴിലാളികളുടെ വർഗസംഘടനയായി മാറുകയും അവകാശപ്പോരാട്ടങ്ങൾക്ക് നടുനായകത്വം വഹിക്കുകയും ചെയ്‌തു.
നിരവധി പോരാട്ടങ്ങളുടെ അഗ്നിജ്വാലകളിലൂടെ കടന്നുപോയ തൊഴിലാളിവർഗം, അടിച്ചമർത്തലുകൾക്കും സ്വാതന്ത്ര്യ നിഷേധത്തിനുമെതിരെ സന്ധിയില്ലാസമരത്തിന് തയ്യാറായി. 1122 കന്നി 27ന് ചേർന്ന തിരുവിതാംകൂർ ട്രേഡ് യൂണിയൻ സമ്മേളനമാണ് നിർണായക തീരുമാനമെടുത്തത്. അമേരിക്കൻ മോഡൽ പിൻവലിക്കുക, ദിവാൻ ഭരണം അവസാനിപ്പിക്കുക, ഉത്തരവാദിത്വ ഭരണവും പ്രായപൂർത്തി വോട്ടവകാശവും ഏർപ്പെടുത്തുക, പൊലീസ് ക്യാമ്പുകൾ പിൻവലിക്കുക, രാഷ്‌ട്രീയത്തടവുകാരെ വിട്ടയക്കുക തുടങ്ങി 26 ആവശ്യം ഉന്നയിച്ച് പണിമുടക്കാൻ സമ്മേളനം നിശ്ചയിച്ചു.
പണിമുടക്കിനെ അടിച്ചമർത്താൻ ആകുന്നതെല്ലാം സർ സി പിയും പൊലീസും ചെയ്‌തു. പാർടി ഓഫീസുകളും തൊഴിലാളികളുടെ വീടുകളുമെല്ലാം തല്ലിത്തകർത്തു. ജാഥകൾക്ക് നേരെ ലാത്തിച്ചാർജും വെടിവയ്‌പും നടത്തി. നിരവധി പേർ മരിച്ചുവീണു. തിരിച്ചടിക്കാൻതന്നെ തൊഴിലാളികൾ നിശ്ചയിച്ചു. പല സ്ഥലത്തും തൊഴിലാളികൾ പൊലീസും പട്ടാളവുമായി ഏറ്റുമുട്ടി. നിരവധി പേർ രക്തസാക്ഷികളായി. ഒടുവിൽ പുന്നപ്ര പട്ടാള ക്യാമ്പിലേക്ക് തൊഴിലാളികൾ മാർച്ചു ചെയ്‌തു. യന്ത്രത്തോക്കുകളെ വാരിക്കുന്തവുമായി നേരിട്ട ധീരതയുടെ പേരാണ് പുന്നപ്ര-വയലാർ. പുന്നപ്രയിലും വയലാറിലും മാരാരിക്കുളത്തും മേനാശേരിയിലുമായി നൂറുകണക്കിന് വളന്റിയർമാർ രക്തസാക്ഷിത്വം വരിച്ചു. ഒടുവിൽ തൊഴിലാളിവർഗം വിജയിക്കുകതന്നെ ചെയ്‌തു. ആ സമരവും വിജയവുമാണ് ഇന്ത്യൻ തൊഴിലാളിവർഗത്തിന് ദിശാബോധം നൽകിയത്. ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതിൽ ഈ മുന്നേറ്റവും വലിയ പങ്കുവഹിച്ചു. ബ്രിട്ടീഷുകാരുടെ പിണിയാളൻമാരുടെ പിൻമുറക്കാർ ഇപ്പോഴും പുന്നപ്ര-വയലാർ സമരത്തെ സ്വാതന്ത്ര്യസമരമായി കാണാൻ മടിക്കുകയാണ്.
രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും ഇല്ലാതാക്കുകയാണ് ഇപ്പോൾ രാജ്യം ഭരിക്കുന്ന ബിജെപി. പുന്നപ്ര-വയലാർ സമരസേനാനികൾ ഉയർത്തിയ മുദ്രാവാക്യങ്ങൾ 75 വർഷം തികഞ്ഞിട്ടും പ്രസക്തമാണെന്ന് ഇത് തെളിയിക്കുന്നു. പൗരത്വഭേദഗതിനിയമം, തൊഴിൽനിയമ ഭേദഗതി, രാമക്ഷേത്രനിർമാണം, കാർഷികമേഖലയെ തകർക്കുന്ന നിയമം, കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര ബിജെപി സർക്കാർ കാട്ടുന്ന അലംഭാവം തുടങ്ങിയവയൊക്കെ ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്.
തൊഴിൽനിയമങ്ങൾ കാറ്റിൽ പറത്തുന്ന കേന്ദ്ര സർക്കാർ കോർപറേറ്റുകൾക്ക് കൂടുതൽ വളരാൻ ഒത്താശ ചെയ്യുകയാണ്. മോദി ഭരണത്തിൽ തൊഴിലില്ലായ്‌മയും വിലക്കയറ്റവും രൂക്ഷമാകുകയാണ്. ഇന്ധനവില അനുദിനം വർധിക്കുന്നു. കോവിഡ് പ്രതിരോധം വാചകക്കസർത്തിലൊതുങ്ങുന്നു. ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നില്ല. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലും മധ്യപ്രദേശിലും ദളിത്-സ്‌ത്രീ വേട്ട തുടരുന്നു. തൊഴിലാളികളെ ഭിന്നിപ്പിച്ച് ഭരണം നിലനിർത്താൻ ശ്രമിച്ച ബ്രിട്ടീഷുകാർ പയറ്റിയ ഭിന്നിപ്പിച്ച് ഭരിക്കൽ തന്ത്രംതന്നെയാണ് ബിജെപിയും പരീക്ഷിക്കുന്നത്.
പുന്നപ്ര-വയലാർ കാട്ടിയ വഴിയിലൂടെ മുന്നേറി 1957ൽ അധികാരത്തിൽ വന്ന, ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്‌റ്റ് മന്ത്രിസഭയുടെ പിന്തുടർച്ചയായാണ് 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയത്. 2021ൽ പിണറായി സർക്കാർ തുടർഭരണം നേടിയത് ഇക്കാലത്തെ രാഷ്‌ട്രീയസവിശേഷത. കേരള ചരിത്രത്തിൽ ആദ്യമായാണ് ഇടതുപക്ഷം ഭരണത്തുടർച്ച നേടിയത്. കേരളത്തിൽ മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണയും വിശ്വാസവുമാർജിച്ചതാണ് പിണറായി സർക്കാരിന്റെ തുടർച്ചയ്‌ക്ക് വഴിയൊരുക്കിയത്. എൽഡിഎഫ് സർക്കാരിന് കൂടുതൽ ശക്തി പകരേണ്ടതുണ്ട്. രാജ്യത്തെ മതനിരപേക്ഷ മുന്നേറ്റങ്ങൾക്ക് കരുത്തുപകരാൻ എൽഡിഎഫ് ഭരണം നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. രാഷ്‌ട്രീയ എതിരാളികളുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും കള്ളപ്രചാരവേലയെ അതിജീവിച്ച് എൽഡിഎഫിന് കൂടുതൽ മുന്നേറ്റമുണ്ടാക്കാൻ പുന്നപ്ര‐വയലാർ രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്‌മരണ നമുക്ക് കരുത്തുപകരും.
പുന്നപ്ര-വയലാർ വാരാചാരണത്തോടനുബന്ധിച്ചുള്ള ദീപശിഖാ പ്രയാണം.
സ. ജി സുധാകരൻ ദീപശിഖ കൈമാറുന്നു. സി പി ഐ എം കേന്ദ്രക്കമ്മിറ്റി അംഗം സ. തോമസ് ഐസക്, സി പി ഐ സംസ്ഥാന സെക്രട്ടറി സ. കാനം രാജേന്ദ്രൻ, ഇരുകമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും നേതാക്കൾ എന്നിവർ പങ്കെടുത്തു.
'വിദ്യാകിരണം' പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈന്‍ പഠനത്തിന് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആവശ്യമുള്ള ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന മുഴുവന്‍ പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും പുതിയ ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് ഇന്ന് തുടക്കം കുറിച്ചു. ഇതോടൊപ്പം 10, 12 ക്ലാസുകളില്‍ പഠിക്കുന്ന ഉപകരണങ്ങള്‍ ആവശ്യമുള്ള മുഴുവന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും ഈ ഘട്ടത്തില്‍ത്തന്നെ സാമൂഹ്യ പങ്കാളിത്തത്തോടെ ഉപകരണങ്ങള്‍ നല്‍കും.
പതിനാല് ജില്ലകളിലുമായി 45,313 കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ മുഴുവന്‍ പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ലാപ്‍ടോപ്പുകള്‍ ഉറപ്പാക്കി ഓണ്‍ലൈന്‍ പഠനം ആരംഭിക്കുന്ന സംവിധാനത്തിന് കേരളത്തില്‍ തുടക്കമിടുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് കൂടുതൽ പരിഗണന നല്‍കി ഡിജിറ്റല്‍ വിഭജനത്തെ ഇല്ലാതാക്കുന്നതിനായി സംസ്ഥാന സർക്കാർ നടത്തി വരുന്ന പ്രവർത്തനങ്ങൾക്ക് ഈ പദ്ധതി കൂടുതൽ ഊർജ്ജം പകരും. ഒരു ലാപ്‍ടോപ്പിന് നികുതിയുള്‍പ്പെടെ 18,000/- രൂപ എന്ന നിരക്കില്‍ 81.56 കോടി രൂപയ്ക്കുള്ള ലാപ്‍ടോപ്പുകളാണ് ഒരു മാസത്തിനകം വിതരണം പൂര്‍ത്തിയാക്കുക. നവംബര്‍ മാസത്തില്‍ത്തന്നെ വിതരണം പൂര്‍ത്തിയാക്കും.
കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള 'സിറ്റി വിത്ത് ദി മോസ്റ്റ് സസ്റ്റെയിനബിള്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം' അവാര്‍ഡ് കേരളത്തിന് ലഭിച്ചു.
നഗര ഗതാഗത മേഖലയിലെ മികവിന് കേന്ദ്ര സര്‍ക്കാരിന്റെ ഭവന-നഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്. കൊച്ചിമെട്രോ, വാട്ടര്‍മെട്രോ, ഇ-മൊബിലിറ്റി തുടങ്ങിയ സംവിധാനങ്ങളിലൂടെ കൊച്ചി നഗരത്തിലെ ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുവാന്‍ നടപ്പിലാക്കിയ പദ്ധതികള്‍ കണക്കിലെടുത്താണ് പുരസ്‌കാരം ലഭിച്ചത്. വിവിധ ഗതാഗത സൗകര്യങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് സംയോജിപ്പിച്ച കൊച്ചി ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്കിന്റെ രൂപീകരണം പുരസ്‌കാരം ലഭിക്കുന്നതിന് സഹായകരമായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ഗതാഗത സൗകര്യം വിലയിരുത്തിയാണ് ഈ അവാര്‍ഡ് നല്‍കുന്നത്.
കോട്ടയം ജില്ലയിൽ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും കിടപ്പാടം നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് സിപിഐ എം കോട്ടയം ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമിച്ച് നൽകുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ പ്രകൃതി ക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്കാണ് സിപിഐ എം പുതിയ വീട് നിർമിച്ചു നൽകുന്നത്. പാർട്ടിയുടെ ജില്ലയിലെ എല്ലാ ഘടകങ്ങളും വർഗ ബഹുജന സംഘടനകളും ഇതിനുള്ള പണം കണ്ടെത്തും. ബഹുജനങ്ങളുടെ കൂടി സഹകരണത്തോടെയാണ് പാർടി സമാനതകളില്ലാത്ത ഈ ഉദ്യമം പാർടി ഏറ്റെടുക്കുന്നത്. സമീപ പതിറ്റാണ്ടുകളിലൊന്നുമില്ലാത്ത വിധത്തിലുള്ള മഹാദുരന്തമാണ് കോട്ടയം ജില്ല അഭിമുഖീകരിക്കേണ്ടിവന്നത്. കൂട്ടിക്കല്‍, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, മണിമല എന്നീ മേഖലകളിൽ വലിയ നഷ്ടങ്ങളും ദുരിതങ്ങളുമുണ്ടായി. വിലപ്പെട്ട 14 ജീവനുകൾ നഷ്ടമായി. ഒരു പുരുഷായുസ്സിലെ സമ്പാദ്യമാകെ മലവെള്ളപ്പാച്ചിൽ കവർന്നതിൻ്റെ തീരാ ദുഃഖത്തിലാണ് ഈ പ്രദേശത്തുള്ളവർ . അവർക്ക് കൈത്താങ്ങേകാൻ ഈ നാടുണ്ടെന്ന പ്രഖ്യാപനമാണ് സിപിഐ എം നടത്തുന്നത്.
'മാധ്യമപ്രവർത്തനവും വകതിരിവും'
തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം പരിപാടിയിൽ ഇന്ന് ( ഒക്ടോബർ 24) രാത്രി 7 മണിക്ക് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സ. എം സ്വരാജ് സംസാരിക്കുന്നു.
ജില്ലയിലെ സംഘടനാ രംഗത്ത് ഒഴിച്ചുകൂടാൻ കഴിയാത്ത നേതാവായ സഖാവ് ടി.എം അബൂബക്കർ അന്തരിച്ചു എകെജി നയിച്ച പട്ടിണിജാഥയുടെ ജില്ലയിലെ സംഘാടകൻ, വാളയാർ വരെ ജാഥയെ അനുഗമിച്ചു. എകെജിക്കൊപ്പം 15 ദിവസം സേലം ജയിലിലും കിടന്നിട്ടുണ്ട്. തോട്ടിപ്പണി നിർത്തലാക്കാൻ അവരെ സംഘടിപ്പിച്ച് സമരത്തിനിറങ്ങിയ സഖാവ് 1980 ൽ പാലക്കാട് നഗരസഭയിൽ തോട്ടിപ്പണി നിർത്തിക്കുകയും അവരെയെല്ലാം കണ്ടിജന്റ് ജീവനക്കാരായി അംഗീകരിക്കുകയും ചെയ്‌തു. 1946-ൽ കമ്യൂണിസ്‌റ്റ് പാർടി അംഗമായി മുഴുവൻ സമയ പ്രവർത്തകനായി. കുഞ്ഞിരാമൻ മാസ്റ്റർക്കൊപ്പം മൂത്താൻതറയിൽവെച്ച് മർദ്ദനമേറ്റു. അവിഭക്ത കമ്യൂണിസ്‌റ്റ് പാർടിയിൽ തന്നെ നിരവധി സംഘടനകൾക്ക് രൂപം കൊടുത്ത് നേതൃത്വം നൽകി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും സി.ഐ.ടി യു രൂപീകരിച്ചപ്പോൾ ആദ്യ ജില്ലാ പ്രസിഡന്റ് ആയും പ്രവർത്തിച്ചു. പിന്നീട് വളരെക്കാലം പാർട്ടി പാലക്കാട് ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചു.
പാലക്കാട് മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥികളുടെ ഇലക്ഷൻ സെക്രട്ടറിയായും പ്രവർത്തിച്ചു. ബീഡി തൊഴിലാളി രംഗത്ത് അവസാന കാലം വരെയും നിറസാന്നിധ്യമായി പ്രവർത്തിച്ചു.
ഓടു വ്യവസായ തൊഴിലാളി, പീടിക തൊഴിലാളി, ചുമട്ട് തൊഴിലാളി, ചെത്ത് തൊഴിലാളി, ബീഡി തൊഴിലാളി, മുനിസിപ്പൽ വർക്കർ, എനിങ്ങനെ നിരവധി തൊഴിലാളി സംഘടനകളെ ഏഴു പതിറ്റാണ്ടിലധികം കാലം നയിക്കുകയും ചെയ്‌ത നേതാവാണ് വിടപറഞ്ഞത്.
സഖാവിന് ആദരാജ്ഞലികൾ.
ഐതിഹാസികമായ പുന്നപ്ര വയലാർ സമരത്തിൻ്റെ 75ആമത് വാർഷികവുമായി ബന്ധപ്പെട്ടുള്ള പരിപാടികൾ നടന്നുകൊണ്ടിരിക്കുകയാണ്. 1946 ഒക്ടോബർ മാസത്തിലാണ് പുന്നപ്ര, വയലാർ പ്രദേശങ്ങളിൽ തിരുവിതാംകൂർ രാജ ഭരണത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുമെതിരായ തൊഴിലാളി വർഗത്തിൻ്റെ പോരാട്ടത്തിനു നേർക്ക് ക്രൂരമായ മർദ്ദനമുറകളും വെടിവയ്പ്പും നടന്നത്. ഈ വെടിവെപ്പുകളിൽ നിരവധി സഖാക്കളാണ് രക്തസാക്ഷികളായി. ആലപ്പുഴ ജില്ലയിലുടനീളം ഒക്ടോബർ 20 മുതൽ 27 വരെ വിവിധ അനുസ്‌മരണ പരിപാടികൾ സംഘടിപ്പിച്ചുവരികയാണ്. പരിപാടികളുടെ ഭാഗമായി നടക്കുന്ന അനുസ്‌മരണ പ്രഭാഷണങ്ങൾ പാർടി ഫേസ്ബുക്ക് പേജിൽ പ്രക്ഷേപണം ചെയ്യും. ഒക്ടോബർ 23ന് സ. എ വിജയരാഘവനും 25ന് സ. എം എ ബേബിയും 26ന് സ. കോടിയേരി ബാലകൃഷ്ണനും 27ന് സ. പിണറായി വിജയനും സംസാരിക്കും.
ചരിത്രപരമായ കാരണങ്ങളാൽ പൊതുസമൂഹത്തിൽനിന്ന് ബോധപൂർവം അകറ്റി നിർത്തപ്പെട്ട വിഭാഗങ്ങളുടെ പുരോഗതിക്കായി വൈവിധ്യമാർന്ന പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കുന്നുണ്ട്. ഇവർക്കായി ഉന്നതവിദ്യാഭ്യാസവും തൊഴിലും സാമൂഹ്യസുരക്ഷയും ഉറപ്പുവരുത്തുന്ന പരിപാടികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഈ വിഭാഗങ്ങളുടെ സംസ്കാരവും അറിവുകളും അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് സാമൂഹ്യമായും സാമ്പത്തികമായും അവരെ മുഖ്യധാരയിലേക്ക് നയിക്കണം. ഭൂരഹിതരും ഭവനരഹിതരുമായി ഇനിയും ഒന്നേകാൽ ലക്ഷത്തോളം പട്ടികവിഭാഗക്കാർ കേരളത്തിൽ ഉണ്ടെന്നാണ് കണക്കുകൾ. എല്ലാ പട്ടികവിഭാഗക്കാർക്കും ഭൂമിയും വാസയോഗ്യമായ പാർപ്പിടവും ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കൂടാതെ കുടുംബത്തിലെ ഒരു അംഗത്തിനെങ്കിലും സ്ഥിര വരുമാനം ഉറപ്പിക്കുന്നതിന് സർക്കാർ ലക്ഷ്യമിടുന്നു.
വിദ്യാഭ്യാസരംഗത്ത് ക്രിയാത്മക ഇടപെടലുകളാണ് നടത്തിവരുന്നത്. എൽഡിഎഫ് സർക്കാരിന്റെ ഈ ഇടപെടലിന്റെ ഗുണഫലങ്ങൾ വരുംകാലത്ത് പ്രകടമാകുമെന്ന് ഉറപ്പുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നു. 46 വ്യാവസായിക പരിശീലനകേന്ദ്രങ്ങളും വകുപ്പിനു കീഴിൽ പ്രവർത്തിച്ചുവരുന്നു. പട്ടികവർഗ വിദ്യാർഥികളുടെ ഭാഷാപരമായ വിടവ് നികത്തുന്നതിന് വയനാട്ടിലും അട്ടപ്പാടിയിലും മെന്റർ ടീച്ചർമാരെ നിയമിച്ചു.
അച്ഛനമ്മമാർ നഷ്ടപ്പെട്ട കുട്ടികൾക്ക് 18 വയസ്സുവരെ പ്രതിമാസം 1500 രൂപ നൽകുന്ന "കൈത്താങ്ങ് പദ്ധതി’, ട്യൂട്ടോറിയൽ ഗ്രാൻ്റ്, പാരലൽ കോളേജുകളിലും ട്യൂഷൻ സെൻ്ററുകളിലും പഠിക്കുന്നതിന് ഫീസ്, പ്രൊഫഷണൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ലാപ്ടോപ്, സമർഥരായ വിദ്യാർഥികൾക്ക് അയ്യൻകാളി ടാലന്റ് സെർച്ച് വഴി സ്കോളർഷിപ്, വിദ്യാർഥികൾക്ക് വിദേശത്ത് ഉപരിപഠനത്തിന് 25 ലക്ഷം രൂപവരെ സഹായധനം, ഇ - ഗ്രാൻ്റ് എന്നിവയും സംസ്ഥാന സർക്കാർ നൽകിവരുന്നു.
ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്) ഇന്ത്യയുടെ സ്ഥാനം പിറകിലായതിനെക്കുറിച്ച് ഗൗരവ ചർച്ചകൾ നടക്കുകയാണ്. ആകെ 116 രാജ്യത്തിന്റെ പട്ടിക തയ്യാറാക്കിയപ്പോൾ ഇന്ത്യ 101–ാം സ്ഥാനത്താണ്. ഈ പട്ടികയിൽ ഇന്ത്യയിലെ യഥാർഥസ്ഥിതി പ്രതിഫലിപ്പിക്കുന്നില്ലെന്നു പറഞ്ഞ് ഇന്ത്യാ ഗവൺമെന്റ് ഇതിനെ ചോദ്യം ചെയ്യുകയാണ്. സൂചിക തയ്യാറാക്കാൻ ഉപയോഗിച്ച രീതിശാസ്ത്രം ശരിയല്ലെന്നാണ് സർക്കാർ വക്താക്കൾ വാദിക്കുന്നത്. എന്നാൽ, ഈ വാദത്തിന് വസ്തുതകളുടെ പിൻബലമില്ല. കഴിഞ്ഞവർഷം 107ൽ 94 ആയിരുന്നു നമ്മുടെ സ്ഥാനം. ഇതൊഴിച്ചു നിർത്തിയാൽ 2017നുശേഷം 100നും 103നും ഇടയ്ക്കായിരുന്നു ഇന്ത്യ. ഇതിനർഥം സൂചികയിൽ വലിയ മാറ്റമൊന്നും വന്നില്ലെന്നാണ്.
ശാസ്ത്രീയമായ രീതികളും മാനദണ്ഡങ്ങളും ആധികാരികമായ സ്ഥിതിവിവരക്കണക്കുകളും ഉപയോഗിച്ചാണ് ആഗോളപട്ടിണി സൂചിക ഓരോ വർഷവും തയ്യാറാക്കുന്നത്. ഭക്ഷണത്തിലൂടെ ആവശ്യത്തിന് കലോറി ലഭിക്കാത്തത്, അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളുടെ ഭാരക്കുറവ്, പ്രായത്തിനൊത്ത് ഉയരമില്ലാത്ത പ്രശ്നം, ശിശുമരണ നിരക്ക് എന്നീ ഘടകങ്ങളാണ് പട്ടിണി സൂചിക തയ്യാറാക്കാൻ അവലംബിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ രണ്ടു പ്രധാന ഏജൻസിയുടെ വിവരങ്ങൾ പ്രധാനമായും അടിസ്ഥാനമാക്കുന്നു. യൂണിസെഫും ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനുമാണ് ഈ ഏജൻസികൾ. കലോറിയുടെ കാര്യത്തിൽ ഇന്ത്യയുടെ നാഷണൽ സാമ്പിൾ സർവേ ഓഫീസിന്റെ (എൻഎസ്എസ്ഒ) റിപ്പോർട്ട് കണക്കിലെടുത്തിരുന്നുവെങ്കിൽ ഇന്ത്യയുടെ സ്ഥാനം ഇതിലും പിറകിലാകുമായിരുന്നു എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നതുകൊണ്ടാകാം എൻഎസ്എസ്ഒയുടേതടക്കം കണക്കുകൾ കേന്ദ്രം ഒളിപ്പിച്ചുവയ്‌ക്കുന്നത്. അത് മറ്റൊരു പ്രശ്നം.
നോട്ട് നിരോധനം, മുന്നൊരുക്കമില്ലാതെയും സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാതെയും ജിഎസ്ടി നടപ്പാക്കിയത്, മഹാമാരിക്കാലത്തെ അടച്ചിടൽ എന്നിവയും തീവ്രമായി നടപ്പാക്കുന്ന ഉദാരവൽക്കരണ നയങ്ങളുംമൂലം രാജ്യത്തിന്റെ സാമ്പത്തിക മേഖലയാകെ തകർച്ച നേരിടുകയാണ്. മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ച അടച്ചിടൽ കാരണം പ്രധാന സാമ്പത്തികപ്രക്രിയയെല്ലാം നിശ്ചലമായി. ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽനഷ്ടമായി. മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ നേരിട്ട ദുരിതം വിവരിക്കാൻ പ്രയാസം. ഇങ്ങനെ കഷ്ടപ്പെട്ട ജനങ്ങൾക്ക് ഒരു സഹായവും കേന്ദ്രസർക്കാർ ചെയ്തില്ല. ഒരാൾക്ക് അഞ്ചുകിലോ ഭക്ഷ്യധാന്യം അധികമായി നൽകുമെന്നും ഇത് ജനസംഖ്യയുടെ 80 ശതമാനത്തിന് ലഭിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വളരെ കുറച്ചുപേർക്ക് മാത്രമാണ് ലഭിച്ചത്. എല്ലാ വഴിയും അടഞ്ഞ ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും എടുത്തെറിയപ്പെട്ടു.
മഹാമാരി നേരിടാൻ അമേരിക്ക ജിഡിപിയുടെ 10 ശതമാനമാണ് നീക്കിവച്ചത്. ജർമനി അഞ്ച് ശതമാനവും. എന്നാൽ, ഇന്ത്യ വകയിരുത്തിയത് ജിഡിപിയുടെ ഒരു ശതമാനംപോലും വരില്ല. മുൻ ബജറ്റുകളിലെ വാഗ്ദാനങ്ങൾ ആവർത്തിച്ച് ജനങ്ങളെ കബളിപ്പിക്കാനാണ് മോദി സർക്കാർ ശ്രമിച്ചത്. ദാരിദ്ര്യം ലഘൂകരിക്കാനും പട്ടിണി മാറ്റാനും ഉതകുന്ന നയങ്ങൾ ആവിഷ്കരിക്കാനോ പദ്ധതികൾ നടപ്പാക്കാനോ മോദി സർക്കാർ തയ്യാറല്ല. ആഗോള പട്ടിണിസൂചികയിൽ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ പരിഹരിക്കാൻ തുറന്ന മനസ്സോടെ ഇടപെടുന്നതിനുപകരം സൂചികയുടെ ആധികാരികത ചോദ്യം ചെയ്യുകയാണ് സർക്കാർ. സാമ്പത്തികത്തകർച്ചയിൽനിന്ന് കരകയറാൻ വിപണിയിലെ ഡിമാൻഡ് വലിയതോതിൽ വർധിപ്പിക്കണം. പാവപ്പെട്ടവരുടെ കൈകളിലേക്ക് നേരിട്ട് പണമെത്തിക്കുകയാണ് ഇതിനുള്ള ഒരു വഴി. രണ്ടാമത്, മോദിസർക്കാർ അതിന്റെ ചെലവുകൾ വർധിപ്പിക്കണം. ആദായനികുതി പരിധിയിൽ വരാത്ത കുടുംബങ്ങൾക്ക് മഹാമാരിയുടെ ആഘാതം മാറുന്നതുവരെ 7500 രൂപവരെ പ്രതിമാസം നൽകണമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഒന്നും നൽകാൻ കേന്ദ്രം തയ്യാറായില്ല.
മിക്കവാറും സംസ്ഥാനങ്ങളിൽ അടച്ചിടൽ പിൻവലിക്കപ്പെട്ടുവെങ്കിലും ഉൽപ്പാദനം മുമ്പുള്ള നിലയിലേക്ക് എത്താൻ സമയമെടുക്കും. കാരണം, അടച്ചിടൽ സൃഷ്ടിച്ച ദുരിതത്തിൽനിന്ന് ജനങ്ങൾ കരകയറിയിട്ടില്ല. അക്കാലത്തെ കടങ്ങളിൽനിന്ന് മോചിതരായിട്ടില്ല. വിപണിയിൽ മാന്ദ്യം നിലനിൽക്കുകയാണ്. സാധനങ്ങൾക്കുള്ള ഡിമാൻഡ് പഴയ നിലയിലേക്ക് എത്തിയിട്ടില്ല. തൊഴിലില്ലായ്മ അപകടകരമായ നിലയിൽ വർധിക്കുകയാണ്. ഇതു പുറത്തുവരാതിരിക്കാനാണ് നാഷണൽ സാമ്പിൾ സർവേയുടെ കണക്കുകൾ സർക്കാർ ഇടപെട്ട് പൂഴ്‌ത്തിവച്ചത്. ദശാബ്ദംമുമ്പ് രണ്ട് ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. 2017-18ൽ 6.1 ശതമാനമായി വളർന്നുവെന്ന് എൻഎസ്എസ്ഒ കണക്ക് സൂചിപ്പിക്കുന്നു. 2017-18നുശേഷം തൊഴിലില്ലായ്മ വൻതോതിൽ വർധിച്ചിട്ടുണ്ട്. എന്നാൽ, സർക്കാർ കണക്കുകൾ പുറത്തുവിടുന്നില്ല. 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് തൊഴിലില്ലായ്മ. യുവാക്കളുടെ തൊഴിലില്ലായ്മ 17 ശതമാനത്തിൽ കൂടുതലാണ്. നഗരങ്ങളിൽ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 27 ശതമാനത്തിന് മുകളിലാണെന്ന് പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നു.
2017-18ൽ വൻതോതിൽ തൊഴിൽനഷ്ടമുണ്ടായതിന് കാരണം നോട്ട് നിരോധനമായിരുന്നു. ചെറുകിടകൃഷി, ചെറുകിട വ്യാപാരം, ചെറുകിട വ്യവസായങ്ങൾ എന്നിവയെ നോട്ട് നിരോധനം വല്ലാതെ ബാധിച്ചു. കൃഷിക്കാർ വലിയ കടക്കാരായി എന്നുമാത്രമല്ല, കടമെടുത്തുണ്ടാക്കിയ ഉൽപ്പന്നങ്ങൾക്ക് വിലയും കിട്ടിയില്ല. കാരണം, വാങ്ങേണ്ടവരുടെ കൈകളിൽ പണമില്ലായിരുന്നു. ചെറുകിട വ്യാപാര-വ്യവസായ മേഖലകളിൽ തൊഴിലെടുക്കുന്നവരും ദുരിതത്തിലായി. നോട്ട് നിരോധനമെന്ന മഹാവങ്കത്തത്തിന്റെ ആഘാതത്തിൽനിന്ന് കരകയറും മുമ്പാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടത്. അതുമൂലം പ്രതിവർഷം രണ്ടുകോടി തൊഴിലാണ് നഷ്ടപ്പെടുന്നത്.
തൊഴിൽമേഖലയിലെ ഈ ഗുരുതര സാഹചര്യം കേന്ദ്രം കണ്ടില്ലെന്നു നടിക്കുകയാണ്. ഇന്ത്യയിൽ തൊഴിലില്ലായ്മ സംബന്ധിച്ച കണക്കുകളൊന്നും യഥാർഥസ്ഥിതി പ്രതിഫലിപ്പിക്കുന്നതല്ല. കാരണം, സ്ഥിരം ജോലിയുള്ളവർ വളരെ കുറച്ചേയുള്ളൂ. അധികംപേരും സ്വയം തൊഴിൽ കണ്ടെത്തി ജീവിക്കുന്നവരാണ്. ഉദാഹരണം ചെറിയ കച്ചവടക്കാർ. താൽക്കാലിക ജോലിക്കാരുടെ തൊഴിലില്ലായ്മയും വേണ്ട രീതിയിൽ കണക്കുകളിൽ വരുന്നില്ല. തൊഴിൽനഷ്ടമുണ്ടാകുമ്പോഴുള്ള തൊഴിലുകൾ വീതിക്കപ്പെടുകയാണ്. വർഷത്തിൽ കുറച്ചുദിവസമേ ജോലിയുണ്ടാകൂ. തൊഴിലില്ലായ്മയുടെ കണക്കെടുക്കുമ്പോൾ ഇതൊന്നും പരിഗണിക്കപ്പെടുന്നില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. തൊഴിലില്ലായ്മ കുറയണമെങ്കിൽ ആഭ്യന്തരവരുമാനം (ജിഡിപി) വർധിക്കണമെന്ന വാദം പ്രൊഫ. പ്രഭാത് പട്നായിക്കിനെപ്പോലുള്ള സാമ്പത്തികവിദഗ്ധർ ശരിവയ്ക്കുന്നില്ല. ജിഡിപി നിരക്ക് കൂടുമ്പോഴും തൊഴിലില്ലായ്മ വർധിപ്പിക്കും. കാരണം, നവ ഉദാരവൽക്കരണത്തിന്റെ ഭാഗമായി വന്ന സാമൂഹ്യബന്ധങ്ങൾ തൊഴിലില്ലായ്മ വർധിപ്പിക്കുന്നതാണ്. ഉദാരവൽക്കരണം ചെറുകിട ഉൽപ്പാദകരെ തളർത്തുന്നു എന്നത് ഇതിന് ഉദാഹരണം. എന്നാൽ, ജിഡിപി കുറയുമ്പോൾ തൊഴിലില്ലായ്മ നിരക്കിന്റെ വർധന വേഗത്തിലാകും എന്നത് ശരിയാണ്.
അടച്ചിടൽ കാലഘട്ടത്തിൽ നമ്മുടെ ജിഡിപി മൂക്കുകുത്തുകയാണുണ്ടായത്. 2020ലെ ആദ്യ പാദത്തിൽ ജിഡിപി ചുരുങ്ങിയത് 24 ശതമാനമാണ്. ഇത് ഔദ്യോഗിക കണക്ക്. എന്നാൽ, ജിഡിപിയിലെ കുറവ് 32 ശതമാനത്തിൽ കൂടുതലാണെന്നാണ് സാമ്പത്തികവിദഗ്ധർ കരുതുന്നത്. തൊഴിലില്ലായ്മ കുറയ്ക്കാനോ ദാരിദ്ര്യം ലഘൂകരിക്കാനോ പട്ടിണിയില്ലാതാക്കാനോ ഉള്ള ഒരു പരിപാടിയും മോദി സർക്കാരിനില്ല. കാർഷികത്തകർച്ച നമ്മുടെ ഭക്ഷ്യസുരക്ഷതന്നെ അപകടത്തിലാക്കും. ആളോഹരി ഭക്ഷ്യധാന്യ ലഭ്യത കുറയുകയാണ്. ഉദാരവൽക്കരണത്തിന്റെ ഭാഗമായി കൃഷിക്കുള്ള സബ്സിഡി കുറച്ചു. നാണ്യവിളകൾക്കുള്ള താങ്ങുവില സംവിധാനം ഇല്ലാതാക്കി. നാണ്യവിളകളുടെ ഇറക്കുമതി വർധിച്ചു. അതുമൂലം കൃഷിപ്പണിയിൽനിന്ന് ധാരാളമാളുകൾ പുറത്തായി. ജിഡിപി കൂടിയാലും തൊഴിൽ വർധിക്കണമെന്നില്ല എന്നു പറയുന്നത് ഇതെല്ലാം കണക്കിലെടുത്താണ്.
നമ്മുടെ ഗ്രാമീണമേഖലയിൽ പട്ടിണി മാറ്റാൻ ഏറ്റവും ഉപകരിക്കുന്ന പരിപാടിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. 2006ൽ യുപിഎ സർക്കാരാണ് ഇടതുപക്ഷത്തിന്റെ സമ്മർദത്തിന്റെ ഫലമായി ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്. എന്നാൽ, നൂറുദിവസംപോലും ഇതനുസരിച്ച് തൊഴിൽ നൽകാനുള്ള പണം സർക്കാർ വകയിരുത്തുന്നില്ല. 2021-22 ലെ ബജറ്റിൽ 73,000 കോടിയാണ് തൊഴിലുറപ്പുപദ്ധതിക്കുവേണ്ടി വകയിരുത്തിയത്. 2020-21ൽ 1,11,500 കോടി ചെലവിട്ട സ്ഥാനത്താണ് 73,000 കോടി. ഗ്രാമീണമേഖലയിലെ രൂക്ഷമായ തൊഴിലില്ലായ്മ സർക്കാർ അവഗണിക്കുകയാണ് എന്നാണ് ഇതു വ്യക്തമാക്കുന്നത്.
ഗ്രാമീണമേഖലയിൽ ജനങ്ങൾ മുഖ്യആഹാരത്തിന് ചെലവാക്കുന്ന തുകയിൽ വലിയ കുറവു വന്നിട്ടുണ്ടെന്നാണ് നാഷണൽ സാമ്പിൾ സർവേയുടെ കണക്കുകളിൽ കാണുന്നത്. 2017-18ലെ കണക്കുപ്രകാരം ഒമ്പതുശതമാനത്തിലേറെ കുറവ്. മഹാമാരി സ്ഥിതി കൂടുതൽ ഗുരുതരമാക്കി. സാമൂഹ്യസുരക്ഷാ പദ്ധതികളിൽ സർക്കാർ വെള്ളം ചേർക്കുകകൂടി ചെയ്തപ്പോൾ പട്ടിണി വർധിച്ചു. പൊതുവിതരണ സംവിധാനവും കേന്ദ്രസർക്കാർ ഫലത്തിൽ ഇല്ലാതാക്കുകയാണ്. കേരളത്തിൽ മാത്രമാണ് ഫലപ്രദവും ശക്തവുമായ പൊതുവിതരണമുള്ളത്. സംസ്ഥാന സർക്കാർ വൻതോതിൽ പണം ചെലവഴിച്ചാണ് കേരളത്തിൽ ഇതുനിലനിർത്തുന്നതെന്ന് നമുക്കറിയാം.
ഇന്ധനവിലവർധനയുടെ ഫലമായുണ്ടാകുന്ന വിലക്കയറ്റവും പാവപ്പെട്ടവരെ പട്ടിണിയിലേക്ക് തള്ളിവിടുന്നതാണ്. രാജ്യത്ത് ദരിദ്രർ ഉണ്ടെന്നതുപോലും അംഗീകരിക്കാതെയാണ് സർക്കാർ നീങ്ങുന്നത്. മോദി സർക്കാരിന്റെ ഒന്നാമത്തെ പരിഗണന കോർപറേറ്റുകളുടെ ഉന്നതിയാണ്. കേന്ദ്രത്തിന്റെ നയങ്ങൾ രൂപപ്പെടുത്തുന്നതും കോർപറേറ്റുകളാണ്. കർഷക സമരത്തിന് കാരണമായ മൂന്ന് കാർഷികനിയമം ഉദാഹരണം. കേന്ദ്രം ഈ നയങ്ങളാണ് തുടരുന്നതെങ്കിൽ പട്ടിണിയിൽനിന്ന് ക്ഷാമത്തിലേക്കാണ് രാജ്യം നീങ്ങുക. ഈ അപകടം തടയണമെങ്കിൽ ഉദാരവൽക്കരണ-സാമ്പത്തിക നയങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടണം. കർഷകരും തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമെല്ലാം ഒന്നിച്ചുനീങ്ങണം. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടമാണിതെന്ന് എല്ലാവരും തിരിച്ചറിയണം. മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ഭരണകൂടവും സംഘപരിവാറും നടത്തുന്ന ശ്രമങ്ങളെ നേരിടുകയും പ്രധാനമാണ്.
- സ. എ വിജയരാഘവൻ
പ്രകൃതിദുരന്തത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് ആ പദവിക്ക് ചേര്‍ന്നതല്ല. പ്രകൃതിക്ഷോഭം നേരിടുന്നതിന് സര്‍ക്കാര്‍ മികച്ച നിലയിലാണ് പ്രവര്‍ത്തിച്ചത്. ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ മന്ത്രിമാര്‍ നേരിട്ടാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. അവിടെയെങ്ങും പ്രതിപക്ഷ നേതാവിനെ ആരും കണ്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പോരായ്‌മ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. അതിന്റെ പേരില്‍ മുഖ്യമന്ത്രിക്കെതിരെ ആക്രോശിക്കുന്നതിന് പകരം ക്രിയാത്മക നിലപാട് സ്വീകരിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത്.
എന്തു പ്രശ്‌നമുണ്ടായാലും മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് കഴിഞ്ഞ കുറച്ചുനാളായി പ്രതിപക്ഷ നേതാവിന്റെ ശൈലി. രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തത് മൂലമാണ് ഈ അധഃപതനം. മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ മാത്രം സമയം ചെലവിടുന്ന വി ഡി സതീശന്‍ നരേന്ദ്ര മോദിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ്. ഉരുള്‍പൊട്ടലിന്റെ സമയവും സ്ഥലവും മുന്‍കൂട്ടി നിശ്ചയിക്കാനുള്ള സാങ്കേതിക വിദ്യ പ്രതിപക്ഷ നേതാവിന്റെ പക്കലുണ്ടോ?
മഴക്കെടുതി നേരിടാന്‍ കേരളം മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചതെന്ന് വിദഗ്‌ദ്ധരടക്കം അഭിപ്രായപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്‌താവന വസ്‌തുതാവിരുദ്ധമാണ്. മുന്‍ പ്രതിപക്ഷ നേതാവിനെക്കാളും മുന്നിലാണ് മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന കാര്യത്തില്‍ താന്‍ എന്ന് വരുത്താനുള്ള വ്യഗ്രതയില്‍ നിന്നാണ് ഈ പരാമര്‍ശങ്ങള്‍ വരുന്നത്. മാത്രവുമല്ല ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, വി ഡി സതീശന്‍ മുന്‍ പ്രതിപക്ഷ നേതാവിനെക്കാളും പിന്നിലാണെന്ന് കുറച്ച് ദിവസം മുമ്പ് ഒരു പരാമര്‍ശവും നടത്തിയിട്ടുണ്ട്. കൂടെയുള്ള സ്വന്തം എംഎല്‍എമാരുടെ പിന്തുണയില്ലാത്ത ഹൈക്കമാന്റിന്റെ പിന്തുണയുള്ള പ്രതിപക്ഷ നേതാവിന്റെ ജാള്യത മറയ്‌ക്കാനാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്. കണ്ണടച്ച് ഇരുട്ടാക്കാനുള്ള അപക്വനിലപാട് തിരുത്താന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകണം.
- സ. എ വിജയരാഘവൻ
ഇന്ത്യന്‍ ജനാധിപത്യത്തെ പിറകോട്ടടിപ്പിക്കുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങളിലൊന്നാണ് വര്‍ഗീയതയുടെ വളര്‍ച്ച. ഭൂരിപക്ഷ വര്‍ഗീയതയോടും ന്യൂനപക്ഷ വര്‍ഗീയതയോടും ഒരുപോലെ സ്വീകരിച്ചുവരുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിന്‍റെ ഫലമായാണ് രാജ്യത്തെ മറ്റു പലയിടങ്ങളില്‍ നിന്നും വ്യത്യസ്തമായി മതസാഹോദര്യത്തിന്‍റെ മാതൃകയായി വര്‍ത്തിക്കാന്‍ കേരളത്തിനു സാധിക്കുന്നത്. വര്‍ഗീയതയ്ക്കെതിരായുള്ള പൊതുവികാരം കേരളത്തില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. അത്തരത്തില്‍ മതേതര മനോഭാവം പുലര്‍ത്താന്‍ കേരളത്തെ പ്രാപ്തമാക്കുന്നതില്‍ ഏറ്റവും പ്രധാന പങ്കു വഹിക്കുന്നത് വര്‍ഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന സിപിഐ എമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയുമാണ്.
ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കേ മതനിരപേക്ഷത തകരാതെ സംരക്ഷിക്കാനാവൂ എന്ന് അനുഭവത്തില്‍ നിന്നു കേരള ജനത മനസ്സിലാക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള നിരവധി ആസൂത്രിത ശ്രമങ്ങള്‍ ഉണ്ടായിട്ടും ഒരു വര്‍ഗീയ സംഘട്ടനം പോലും ഉണ്ടാവാതെ നാടിന്‍റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞത് ഇടതുപക്ഷം പ്രദര്‍ശിപ്പിച്ച ജാഗ്രതയുടെ ഫലമായാണ്. സമാധാന അന്തരീക്ഷത്തില്‍ ജീവിക്കാനാണ് ആളുകള്‍ ആഗ്രഹിക്കുന്നത്. ആ ആഗ്രഹത്തിന്‍റെ പ്രതിഫലനമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധിയില്‍ കണ്ടത്.
വര്‍ഗീയതയുടെ വാളുചുഴറ്റി വന്നു കേരളം പിടിക്കുമെന്നും ഭരിക്കുമെന്നും പ്രഖ്യാപിച്ച ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. എങ്ങിനെയെങ്കിലും അധികാരം കൈക്കലാക്കണം എന്ന ദുഷ്ടലാക്കോടെ സങ്കുചിത വികാരങ്ങള്‍ ഉപയോഗിക്കാനും ഒളിഞ്ഞും തെളിഞ്ഞും വര്‍ഗീയതയുടെ സഹായം പറ്റാനും നോക്കിയവരാണ് യുഡിഎഫ്. അവര്‍ക്കും അര്‍ഹമായ തിരിച്ചടിയാണ് കേരളത്തിലെ ജനങ്ങള്‍ നല്‍കിയത്. വര്‍ഗീയതയ്ക്കും അവസരവാദത്തിനും കീഴടങ്ങിയ കോണ്‍ഗ്രസ്സിനെ ജനങ്ങള്‍ കയ്യൊഴിയുന്ന കാഴ്ചയാണ് കേരളമുള്‍പ്പെടെ ഇന്ത്യയില്‍ എല്ലായിടത്തും കാണുന്നത്.
സ്വാതന്ത്ര്യാനന്തരം കേന്ദ്രത്തിലും ഭൂരിഭാഗം സംസ്ഥാനങ്ങളിലും അധികാരം കുത്തകയാക്കി വച്ചിരുന്ന കോണ്‍ഗ്രസ് ഇന്നു ഏതാനും പോക്കറ്റുകളിലായി ചുരുങ്ങിയിരിക്കുന്നു. ഏഴു വര്‍ഷം മുന്‍പ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതോടെ ആരംഭിച്ച പ്രതിസന്ധി ഇന്ന് കൂടുതല്‍ രൂക്ഷമായിരിക്കുന്നു. 'ബിജെപിക്ക് ബദല്‍' എന്ന മുദ്രാവാക്യമാണുയര്‍ത്തുന്നതെങ്കിലും ദേശീയതലത്തിലെ പ്രമുഖരുള്‍പ്പെടെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നിന്നും അനവധിയാളുകള്‍ ബിജെപിയിലേക്ക് ഒഴുകുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്.
എന്തുകൊണ്ടാണ് കോണ്‍ഗ്രസ്സിന്‍റെ പ്രമുഖ നേതാക്കളെ അനായാസം പ്രലോഭിപ്പിക്കാന്‍ ബിജെപിക്കു സാധിക്കുന്നത്? തനിക്ക് തോന്നിയാല്‍ താന്‍ ബിജെപിയിലേക്ക് പോകും എന്ന് പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്സിന്‍റെ ചില നേതാക്കള്‍ക്ക് തോന്നുന്നത് എന്തുകൊണ്ടാണ്? അടിസ്ഥാനപരമായി അതവരുടെ പൊതുവായ രാഷ്ട്രീയനയത്തിന്‍റെ പ്രശ്നമാണ്.ബിജെപിയുടെ ഹിന്ദുത്വവര്‍ഗീയ ആശയങ്ങളോട് കോണ്‍ഗ്രസ് സമരസപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസിന്‍റെ മൃദുഹിന്ദുത്വവും ജനവിരുദ്ധ സാമ്പത്തികനയങ്ങളും അഴിമതിയുമാണ് ബിജെപിക്ക് വളരാനും അധികാരത്തിലേറാനും വളമായത്.
കോണ്‍ഗ്രസ്സിന്‍റെ രൂപീകരണം മുതല്‍ക്കേ അതില്‍ മതനിരപേക്ഷതയുടെ ഉള്ളടക്കമുണ്ട് എന്നതില്‍ ആരും തര്‍ക്കം ഉന്നയിക്കുന്നില്ല. സ്വാതന്ത്ര്യസമര ഘട്ടത്തില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തിട്ടുള്ള ചരിത്രവും കോണ്‍ഗ്രസ്സിനുണ്ട്. അത്തരം പാരമ്പര്യം അവകാശപ്പെടാവുന്ന കോണ്‍ഗ്രസ്സ് ഇത്തരത്തില്‍ നശിച്ചു നാമാവശേഷമായിപ്പോകുന്നത് മതേതര ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഖേദകരമായ കാര്യമാണ്. എന്നാല്‍, സ്വയം നശിക്കാന്‍ ഉറപ്പിച്ചാല്‍ ആര്‍ക്കും തടയാന്‍ കഴിയില്ല. മതനിരപേക്ഷത സംരക്ഷിക്കുന്നതിലും ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിലും വലിയ വീഴ്ച ഉണ്ടാകുന്നു എന്നാണ് കോണ്‍ഗ്രസ്സിനകത്തുള്ളവരില്‍ തന്നെ പലരും ആരോപിക്കുന്നത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ജഗദംബികാ പാല്‍ മുതല്‍ യുപിഎ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ വരെ ദേശീയ നേതാക്കളുടെ വലിയ നിരയാണ് ബിജെപിയില്‍ ചേര്‍ന്നത്. എന്‍ ഡി തിവാരി, നജ്മ ഹെപ്തുള്ള, നാരായണ്‍ റാണെ, എസ് എം കൃഷ്ണ, ചൗധരി വീരേന്ദ്ര സിങ്, റാവു ഇന്ദ്രജിത് സിംങ്, റിത്ത ബഹുഗുണ ജോഷി, വിജയ് ബഹുഗുണ, സത്പാല്‍ മഹാരാജ്, ഹിമാന്ത ബിശ്വ ശര്‍മ്മ, ബൈറണ്‍ സിംഗ് തുടങ്ങി കോണ്‍ഗ്രസ്സിന്‍റെ മുഖ്യമന്ത്രിമാരോ കേന്ദ്ര മന്ത്രിമാരോ ഉയര്‍ന്ന ഭാരവാഹിത്വം വഹിച്ചവരോ ആയിരുന്ന നിരവധിയാളുകള്‍ ബിജെപിയില്‍ ചേക്കേറി. കര്‍ണ്ണാടകത്തില്‍ റിസോര്‍ട്ടില്‍ ഒളിപ്പിക്കേണ്ടിവന്ന പല കോണ്‍ഗ്രസ്സ് എംഎല്‍എ മാരും നിലവില്‍ ബിജെപി എംഎല്‍എമാരാണ്. കോണ്‍ഗ്രസ്സിന്‍റെ 17 എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോയതുകൊണ്ടാണ് അവിടെ ഭരണം ബിജെപി പിടിച്ചത്.
ഗോവയില്‍ കോണ്‍ഗ്രസ്സ് ജയിച്ചു കഴിഞ്ഞ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് രണ്ടു കോണ്‍ഗ്രസ്സ് എംഎല്‍എ മാര്‍ ബിജെപിയിലേക്ക് ചാടിയതും തുടര്‍ന്ന് ബിജെപി നേതാവ് മനോഹര്‍ പരികര്‍ മുഖ്യമന്ത്രി ആകുകയും ചെയ്തത്. അരുണാചല്‍ പ്രദേശില്‍ 44 കോണ്‍ഗ്രസ്സ് എംഎല്‍എമാരില്‍ മുഖ്യമന്ത്രി പേമ ഖണ്ടു 43 എംഎല്‍എമാരെയും കൂട്ടി നേരെ ബിജെപിയില്‍ പോയി ചേര്‍ന്നു. ത്രിപുരയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുന്‍പ് പ്രതിപക്ഷത്തുണ്ടായിരുന്ന ആറു കോണ്‍ഗ്രസ് എം എല്‍ എ മാരും തൃണമൂല്‍ വഴി ബിജെപിയില്‍ എത്തുകയാണുണ്ടായത്.
വര്‍ഗീയതയോട് ഐക്യപ്പെടാന്‍ വിമുഖതയില്ലാത്തവര്‍ ബിജെപിയിലേയ്ക്കു പോകുന്നു. മതനിരപേക്ഷ മനസ്സുള്ളവര്‍ സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളിലേക്കു വരുന്നു. വര്‍ഗീയശക്തികളോടു പൊരുതാനും ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കാനും ആഗ്രഹിക്കുന്നവരെ ഒപ്പം ചേര്‍ത്തുകൊണ്ട് വര്‍ഗീയതയ്ക്കെതിരായ രാഷ്ട്രീയ സമരം ശക്തമാക്കുക എന്നതാണ് സിപിഐ എമ്മിന്‍റെ നയം. കേരളം ശാന്തിയുടെയും സമാധാനത്തിന്‍റെയും വിളനിലമായി തുടരണമെന്നും ഇവിടെ ഏതു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും സഹോദരങ്ങളെപ്പോലെ ജീവിക്കാന്‍ കഴിയണമെന്നുമാണ് സി.പി.ഐ.എമ്മും എല്‍ഡിഎഫും ആഗ്രഹിക്കുന്നത്. അതിനുള്ള ശ്രമങ്ങളാണ് കേരളത്തിലെ പാര്‍ടിയും മുന്നണിയും നടത്തുന്നത്.
മറ്റു പല സംസ്ഥാനങ്ങളിലേയും സ്ഥിതിവിശേഷത്തില്‍ നിന്നും വിഭിന്നമായി കോണ്‍ഗ്രസ്സില്‍ നിന്ന് നേരെ വര്‍ഗീയതയുടെ പാളയത്തിലേക്ക് ചാടാന്‍ കേരളത്തിലെ മഹാഭൂരിപക്ഷം കോണ്‍ഗ്രസ്സുകാരും തയാറാകുന്നില്ല. അവര്‍ മതനിരപേക്ഷതയുടെ വഴിയാണ് തെരഞ്ഞെടുക്കുന്നത്. കോണ്‍ഗ്രസ്സുമായുള്ള ബന്ധം വേര്‍പെടുത്തി സിപിഐ എമ്മിനോടൊപ്പം നേതാക്കളും അണികളും വരുന്ന അനുഭവമാണ് കേരളത്തിലുള്ളത്.
യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന പ്രസിഡന്‍റും കോണ്‍ഗ്രസ്സ് മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയുമായ കെ പി അനില്‍ കുമാര്‍ കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്നത് സംഘപരിവാറിന്‍റെ മനസുള്ളവരാണെന്ന് തുറന്നു പറഞ്ഞും മതനിരപേക്ഷ രാഷ്ട്രീയത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് സിപിഐ എമ്മില്‍ ചേര്‍ന്നത്. മുന്‍ കെപിസിസി സെക്രട്ടറി പി എസ് പ്രശാന്ത്, മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ തുടങ്ങിയ പ്രമുഖരായ കോണ്‍ഗ്രസ്സ് നേതാക്കള്‍ സിപിഐ എമ്മിലേക്ക് വന്നുകഴിഞ്ഞു. കെപിസിസി വൈസ് പ്രസിഡന്‍റായിരുന്ന കെ സി റോസക്കുട്ടി ഇന്ന് ആ പാര്‍ടിയിലില്ല. വയനാട്ടില്‍ നിന്നുള്ള കെപിസിസി നിര്‍വാഹക സമിതി അംഗവും മുന്‍ ഡിസിസി പ്രസിഡന്‍റുമായ പി വി ബാലചന്ദ്രനും രാജി വച്ചിരിക്കുന്നു.
കോണ്‍ഗ്രസ്സിന്‍റെ അസ്തിത്വം നഷ്ടപ്പെടുന്നതില്‍ പരിതപിച്ചുകൊണ്ട് മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കപ്പെടണം എന്നാഗ്രഹിച്ച് എന്‍സിപിയില്‍ചേര്‍ന്ന് ഇടതുപക്ഷത്തോടൊപ്പം സഹകരിക്കുന്ന പി സി ചാക്കോയെ പോലുള്ളവരുമുണ്ട്. ഒരുകാലത്ത് കോണ്‍ഗ്രസ്സിന്‍റെ ജനാധിപത്യ വിരുദ്ധതയ്ക്കെതിരെ നിലപാടെടുത്ത് എ കെ ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും വരെ കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പം നിന്നിരുന്നു എന്നോര്‍ക്കണം. ശരിയായ രാഷ്ട്രീയ നിലപാടുകളെയും അതുയര്‍ത്തിപ്പിടിക്കുന്നവരെയും സിപിഐ എമ്മും ഇടതുപക്ഷവും എന്നും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യും.
ഈ മാറ്റം നേതൃ തലത്തില്‍ മാത്രമാണെന്ന് ധരിക്കരുത്. കാലാകാലങ്ങളായി കോണ്‍ഗ്രസ്സിന്‍റെ കൊടി പിടിച്ച സാധാരണ ജനങ്ങള്‍ കൂട്ടത്തോടെ ഇടതുപക്ഷത്തേക്ക് വരികയാണ്. ഭരണത്തുടര്‍ച്ച അസംഭവ്യം എന്ന് പ്രഖ്യാപിച്ചു പുതിയ മന്ത്രിസഭാ രൂപീകരണ ചര്‍ച്ച തുടങ്ങിവെച്ചവര്‍ ഇവിടെ ഉണ്ടായിരുന്നല്ലോ. അവര്‍ക്കു തിരിച്ചടിയും നൈരാശ്യവും നല്‍കിക്കൊണ്ട് ജനങ്ങള്‍ അവരെ തിരസ്കരിച്ചു. അതിന്‍റെ തുടര്‍ച്ചയെന്നോണം സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും ഇന്ന് ഇടതുപക്ഷത്തേക്ക് നേരിട്ട് വരാന്‍ തയാറാകുന്നു. കോണ്‍ഗ്രസ്സില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് ബിജെപിയെയും വര്‍ഗീയ രാഷ്ട്രീയത്തെയും സഹായിക്കുന്നില്ല എന്നതാണ് കേരളത്തിന്‍റെ പ്രത്യേകത.
ദേശീയതലത്തിലെ നയങ്ങള്‍ കൊണ്ട് കേന്ദ്രഭരണത്തിനു തിരിച്ചടിയുണ്ടാവുമ്പോള്‍ വര്‍ഗീയതകൊണ്ടു മറ തീര്‍ത്ത് രക്ഷപ്പെടാന്‍ നോക്കുകയാണ് ബിജെപി. ജനകീയ പ്രക്ഷോഭങ്ങളെ ബലപ്രയോഗങ്ങളിലൂടെ അടിച്ചമര്‍ത്താം എന്നാണവര്‍ കരുതുന്നത്. അതിലൊന്നും തളരാതെ മുന്നോട്ടുപോകുന്ന ശക്തിയാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍, പ്രത്യേകിച്ച് സിപിഐഎം. അതിലേക്ക് കൂടുതല്‍ ആളുകള്‍ കടന്നു വരുന്നത് ജനകീയ പ്രക്ഷോഭങ്ങളെയാണ് യഥാര്‍ത്ഥത്തില്‍ ശക്തിപ്പെടുത്തുന്നത്. ബിജെപിക്കുള്ള ബദലായി കോണ്‍ഗ്രസ്സിനെയല്ല, മറിച്ച് സിപിഐഎമ്മിനെയും ഇടതുപക്ഷത്തെയുമാണ് ജനങ്ങള്‍ കാണുന്നത് എന്നതിനുള്ള തെളിവു കൂടിയാണ് ഇത്.
ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളില്‍പ്പെട്ട് സാധാരണ ജനങ്ങള്‍ വലയുമ്പോള്‍ അവയില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനെന്നോണമാണ് ചിലര്‍ വര്‍ഗീയ പ്രചരണങ്ങള്‍ അഴിച്ചുവിടുന്നത്. ഇതിനെക്കുറിച്ചും നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മുമ്പും ജനകീയ പ്രശ്നങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാനായി നമ്മുടെ നാട്ടില്‍ വര്‍ഗീയ പ്രചരണങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ജനങ്ങള്‍ക്കു അതിലൊന്നുമല്ല, മറിച്ച് വികസന ക്ഷേമ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലാണ് താല്പര്യം എന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ വ്യക്തമായിട്ടുണ്ട്. എന്നിരുന്നാലും, ആസൂത്രിത ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ നാം കരുതിയിരിക്കണം.
സമാധാന അന്തരീക്ഷത്തിലുള്ള ജനജീവിതത്തിന് വിഘാതം ഉണ്ടാക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുമ്പോള്‍ അതിനെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്. അതിനു മതനിരപേക്ഷതയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും അതു നടപ്പിലാക്കാനുള്ള സാമൂഹിക പ്രതിബദ്ധതയും കൃത്യമായ പദ്ധതിയും വേണം. കോണ്‍ഗ്രസ്സിന് ഇക്കാര്യത്തില്‍ യാതൊരു വിധ വ്യക്തതയും കൃത്യതയും ഇല്ലെന്നാണ് വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അവരുടെതന്നെ നിലപാടുകളില്‍നിന്നു മനസ്സിലാക്കാന്‍ കഴിയുന്നത്.
സാമ്പത്തിക വിദേശകാര്യ വിഷയങ്ങളിലെ നയരാഹിത്യവും ഒരു പ്രശ്നമായി കോണ്‍ഗ്രസ്സ് വിടുന്നവര്‍ ഇപ്പോള്‍ ഉന്നയിക്കുന്നുണ്ട്. ഇത് സിപിഐ എമ്മും ഇടതുപക്ഷവും എത്രയോ കാലം മുതല്‍ക്കേ പറയുന്ന കാര്യമാണ്. പൊതുമേഖല വിറ്റഴിക്കുന്നതിനെക്കുറിച്ച്, ഇന്ധനവില നിയന്ത്രണത്തെക്കുറിച്ച്, ജി.എസ്.ടി യെക്കുറിച്ച്, അന്താരാഷ്ട്ര വ്യാപാര കരാറുകളെക്കുറിച്ചു ഒക്കെ കോണ്‍ഗ്രസ്സിന്‍റെ നിലപാട് എന്താണ്? ചേരിചേരാ നയം ഇന്ന് കോണ്‍ഗ്രസ്സ് ഉയര്‍ത്തിപ്പിടിക്കുന്നുണ്ടോ? മുതലാളിത്തത്തെക്കുറിച്ചും സാമ്രാജ്യത്വത്തെക്കുറിച്ചും അവരുടെ നിലപാട് എന്താണ്? ഇക്കാര്യങ്ങളിലെല്ലാം ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് അനുകൂലമായ നിലപാടാണോ കോണ്‍ഗ്രസ്സിനുള്ളത്? ഒരു കാര്യത്തിലും കൃത്യതയുള്ള നയമില്ലാത്തവര്‍ എങ്ങനെയാണ് ജനങ്ങളെ ഈ പ്രശ്നങ്ങളില്‍ നിന്നും കരകയറ്റുക? അതിനാല്‍ മതനിരപേക്ഷത കടുത്ത ഭീഷണി നേരിടുന്ന ഇതുപോലൊരു സന്ദിഗ്ദ്ധ ഘട്ടത്തില്‍ സിപിഐ എമ്മിനെ പോലെയുള്ള മതനിരപേക്ഷ സംഘടനകള്‍ ശക്തിപ്പെടണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തിപ്പെടണം.
നാടിന്‍റെ മൂല്യങ്ങള്‍ക്കുമേലും സമ്പത്തിനുമേലും വലിയ ആക്രമണങ്ങള്‍ ഉണ്ടാകുന്ന കാലമാണിത്. അതുകൊണ്ടു തന്നെ അവയ്ക്കെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. അത്തരം ആക്രമണങ്ങളെ ചെറുക്കേണ്ടതുമുണ്ട്. അത് കമ്യൂണിസ്റ്റുകാരുടെ ഉത്തരവാദിത്തമാണ്. വര്‍ഗീയ മുതലെടുപ്പിനുള്ള നീക്കങ്ങള്‍ നടത്തി നമ്മുടെ നാട്ടിലെ സമാധാനാന്തരീക്ഷം കലുഷിതമാക്കാന്‍ നടത്തപ്പെടുന്ന ശ്രമങ്ങളെ നാം തിരിച്ചറിയണം. അവയുടെ സ്വാധീനത്തിലകപ്പെടാതിരിക്കാന്‍ നാമെല്ലാവരും ജാഗ്രത പുലര്‍ത്തണം. സ്വത്വ രാഷ്ട്രീയം വര്‍ഗ രാഷ്ട്രീയത്തിന്‍റെ ശക്തിയെ ചോര്‍ത്താനുള്ള ആയുധമാണെന്നും അത് നമ്മുടെ പൊതുവായ നേട്ടങ്ങളെ പിന്നോട്ടടിക്കാന്‍ കാരണമാകുമെന്നും മനസ്സിലാക്കണം.
കേരളത്തിലെ കോണ്‍ഗ്രസ് ദിവസേന ഛിന്നഭിന്നമായിക്കൊണ്ടിരിക്കുകയാണ്. സാധാരണ കോണ്‍ഗ്രസുകാര്‍ നേതൃത്വത്തെ അവിശ്വസിക്കുന്നു, ആ പാര്‍ടിയില്‍ നിന്നകലുന്നു. അവര്‍ക്കുള്ള സ്വാഭാവികമായ ഇടമായി ഇടതുപക്ഷം മാറുകയാണ്. കൂടുതല്‍ ആളുകള്‍ സിപിഐഎമ്മിലേക്ക് ആകര്‍ഷിക്കപ്പെട്ടാല്‍ അത് നാട്ടില്‍ നടക്കുന്ന പൊതുവായ വികസന - ക്ഷേമ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തും. കേരളത്തിന്‍റെ മതനിരപേക്ഷ സമാധാനാന്തരീക്ഷത്തെ ശക്തിപ്പെടുത്തും
- സ. പിണറായി വിജയൻ
Click here to claim your Sponsored Listing.
Videos (show all)
Category
Telephone
Website
Address
Palghat
678701
Mararji Bhavan, Karad , Vazhayoor
Palghat, 673633
The official page of BJP Vazhayur Grama Panchayat
Pirayiry
Palghat, 678014
Welfare Party of India was born 18th April 2011